Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

യുഡിഎഫ് സര്‍ക്കാരിന്റെ .ഏകവര്‍ഷ സപ്തധാരാ പദ്ധതി പ്രഖ്യാപിച്ചു ...












അടിസ്ഥാന സൗകര്യവികസനത്തിനും സേവനത്തിനും ജനസുരക്ഷക്കും ഊന്നല്‍ നല്‍കുന്ന യു.ഡി. എഫ് സര്‍ക്കാറിന്റെ ഒരു വര്‍ഷ കര്‍മപരിപാടികള്‍ പ്രഖ്യാപിച്ചു. സുതാര്യം, സുന്ദരം, സമൃദ്ധം, സുദൃഢം, ആരോഗ്യകരം, വിവര വിജ്ഞാനാധിഷ്ഠിതം, സംതൃപ്തം എന്നീ സപ്തധാരകള്‍ക്കാണ് ഒരു വര്‍ഷ കര്‍മപരിപാടിയിലൂടെ രൂപം നല്‍കിയിരിക്കുന്നത്. വികസനവും കരുതലും ലക്ഷ്യമിട്ടുള്ള കര്‍മപദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രഖ്യാപിച്ചത്.
അഴിമതിരഹിതവും സുതാര്യവുമായ ഭരണമാണ് കര്‍മപരിപാടിയില്‍ പരമപ്രധാനം. മാലിന്യനിര്‍മാര്‍ജനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമൊപ്പം സാമ്പത്തികരംഗം അതിവേഗം വളരാനും തൊഴിലില്ലായ്മ പരിഹരിക്കാനുമുള്ള നടപടികള്‍ക്ക് ഒരു വര്‍ഷ കര്‍മപരിപാടിയില്‍ രൂപം നല്‍കിയിട്ടുണ്ട്. സുശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍, എല്ലാവര്‍ക്കും മികച്ച ചികിത്സാ സൗകര്യങ്ങള്‍ എന്നിവയും വിവരവിജ്ഞാന മേഖലയില്‍ കുതിപ്പും മാനവശേഷി വികസനവും സുരക്ഷയും ക്ഷേമവും കര്‍മപരിപാടിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു.
സംസ്ഥാനം നേരിടുന്ന അടിയന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാല് സിയാല്‍ മോഡല്‍ കമ്പനികള്‍ രൂപീകരിക്കുമെന്നതാണ് കര്‍മപരിപാടിയിലെ പ്രധാനപ്പെട്ട പ്രഖ്യാപനം. കേരള ബസ് ഷെല്‍ട്ടര്‍ കമ്പനി, കുടിവെള്ള വിതരണ കമ്പനി, പൊതു ടോയ്ലറ്റ് കമ്പനി, ക്ലീന്‍ സിറ്റി കമ്പനി എന്നിവയാണവ. ഈ കമ്പനികളില്‍ 26 ശതമാനം ഓഹരി സര്‍ക്കാറില്‍ നിക്ഷിപ്തമാക്കും. ഇത്തരം സ്ഥാപനങ്ങളെ പരസ്യത്തിന് ഉപയോഗിച്ചും അനുബന്ധ കടകള്‍ സ്ഥാപിച്ചും യൂസര്‍ ഫീ ഈടാക്കിയും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മഴയത്തും വെയിലത്തും ബസ് കാത്തുനില്‍ക്കുന്നവര്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിച്ച് പരിപാലിക്കുന്നതിനാണ് ബസ് ഷെല്‍ട്ടര്‍ കമ്പനി. കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായ സ്ഥലങ്ങളില്‍ ചെറുകിട കുടിവെള്ള ഫില്‍റ്ററേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാണ് കുടിവെള്ള വിതരണ കമ്പനി രൂപീകരിക്കുന്നത്. പൊതു ടോയ്ലറ്റുകളുടെ അഭാവവും നിലവിലുള്ളവയുടെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനാണ് പൊതു ടോയ്ലറ്റ് കമ്പനി. ക്ലീന്‍ സിറ്റി കമ്പനിയുടെ ലക്ഷ്യം നഗരങ്ങളിലെ അംബരചുംബികളായ കെട്ടിടങ്ങളിലെയും ഓഫീസ് കെട്ടിടങ്ങളിലെയും മാലിന്യനിര്‍മാര്‍ജനമാണ്. സി.ബി.എെയുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ ഒരു പുതിയ അന്വേണ ഏജന്‍സി സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എന്നായിരിക്കും പേര്. വൈദ്യുതി നിരക്ക്് കേരളത്തില്‍ എവിടെയും അടയ്ക്കാന്‍ സംവിധാനം ഏര്‍പെടുത്തുമെന്നും കര്‍മ പരിപാടിയില്‍ പറയുന്നു.
കര്‍മ പരിപാടിയിലെ മറ്റ് പ്രധാന പദ്ധതികള്‍ ഇവയാണ്: സേവനാവകാശ നിയമം നടപ്പിലാക്കും. ഇതോടെ ജനങ്ങള്‍ക്ക് സമയബന്ധിതമായി സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള സേവനം ഉറപ്പാകും. ഓണ്‍ലൈന്‍ സംവിധാനം ഏര്‍പെടുത്തി വ്യവസായങ്ങള്‍ക്ക് ഏകജാലക ക്ലിയറന്‍സ് നല്‍കും. സി.ബി.എസ്.ഇ, എെ.സി.എസ്.സി സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിന് കൃത്യമായ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കും. അഴിമതി വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിക്കുന്നവര്‍ക്ക് പാതിതോഷികം നല്‍കും. ഒരു വര്‍ഷം നീളുന്നതും ഇതിനകം തുടക്കം കുറിച്ചുകഴിഞ്ഞതുമായ ശുചിത്വകേരളം പരിപാടിക്ക് പ്രത്യേക ഊന്നല്‍ നല്‍കും. കൊച്ചികോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയുടെ സാധ്യതാ പഠനം പൂര്‍ത്തിയാക്കും. ഉത്തര കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന അഴീക്കല്‍ തുറമുഖത്തെ ബാര്‍ജിംഗ് പോര്‍ട്ടായി വികസിപ്പിക്കും.
കണ്ണൂര്‍ വിമാനത്താവള പദ്ധതി അടുത്ത വര്‍ഷം ടെന്‍ഡര്‍ ചെയ്യും. പതിനായിരം മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍സാധ്യത വര്‍ധനവിനായി ആറ് ശതമാനം പലിശനിരക്കില്‍ ഒരാള്‍ക്ക് 10,000 രൂപവീതം ഗ്രൂപ്പടിസ്ഥാനത്തില്‍ 60 കോടി രൂപയുടെ പദ്ധതി മത്സ്യഫെഡ് നടപ്പിലാക്കും. കൊച്ചി ആമ്പല്ലൂരില്‍ ഇലക്ട്രോണിക് ഹബ് സ്ഥാപിക്കും. തീരദേശ ജില്ലകളിലെ 337 റോഡുകളുടെ നിര്‍മാണവും നവീകരണവും പൂര്‍ത്തീകരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള 8570 കിലോമീറ്റര്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കും. ഇടുക്കി വാഗമണില്‍ ഓര്‍ക്കിഡ് ഉദ്യാനവും മൂന്നാറില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും നിര്‍മിക്കും.
പദ്ധതി ഫലപ്രദമായി നടപ്പിലാക്കുവാനുള്ള എല്ലാ നിയന്ത്രണാധികാരവും ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കും. ബി.പി.എല്‍ ജനവിഭാഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. സംസ്ഥാനത്തിന് പുറത്ത് മീറ്റുകളില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് ത്രീടയര്‍ ഏ.സി യാത്രാസൗകര്യം ഏര്‍പ്പെടുത്തും. നൂറുദിന കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ച കേരള വിഷന്‍ 2030 പരിപാടിയില്‍ കൂടുതല്‍ ആശയങ്ങള്‍ സ്വീകരിച്ച് വികസന അജണ്ടയില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഏക വര്‍ഷ കര്‍മപരിപാടിയില്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ