Search On Blog

x

2011, ഡിസംബർ 31, ശനിയാഴ്‌ച

ഹജ്ജ്: പാസ്പോര്‍ട്ടിന്റെ അസല്‍ അയക്കണമെന്ന വ്യവസ്ഥ മാറ്റണം




ഹജ്ജിന് പോകാനാഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ടിന്റെ അസല്‍ അടക്കം അപേക്ഷിക്കണമെന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പുതിയ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ, കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി, കേന്ദ്ര വിദേശകാര്യ, മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി ഇ.അഹമ്മദ്, ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്നിവര്‍ക്ക് കത്തയച്ചു.അപേക്ഷിക്കുമ്പോള്‍ പാസ്പോര്‍ട്ടിന്റെ അസലും ഒപ്പം വെക്കണമെന്ന വ്യവസ്ഥ ഗള്‍ഫ് രാജ്യങ്ങളിലടക്കം വിദേശങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ക്ക് പാലിക്കാനാവില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി കത്തില്‍ ചൂണ്ടിക്കാട്ടി. 2011 ല്‍ കേരളത്തില്‍ നിന്ന് ഹജ്ജിന് പോകാനായി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചത് 41,481 പേരാണ്. ഇവരില്‍ 14 ശതമാനം പേര്‍ക്കാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം ലഭിച്ചത്. അപേക്ഷിക്കുന്നവരില്‍ വളരെ കുറഞ്ഞ ശതമാനം പേര്‍ക്ക് നറുക്കെടുപ്പിലൂടെയാണ് ഹജ്ജിന് പോകാന്‍ അവസരം ലഭിക്കുക. ഇത്തരം സാഹചര്യത്തില്‍ അപേക്ഷിക്കുന്ന മുഴുവന്‍ പേരില്‍ നിന്നും അസല്‍ പാസ്പോര്‍ട്ട് ദീര്‍ഘകാലം വാങ്ങിവെക്കുന്നത് പ്രായോഗികമല്ല.
പാസ്പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ അല്ലെങ്കില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ മാത്രം അപേക്ഷക്കൊപ്പം സമര്‍പ്പിച്ചാല്‍ മതിയെന്ന തരത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും നറുക്കെടുപ്പിലൂടെ ഹജ്ജിന് അവസരം ലഭിക്കുന്ന മുറയ്ക്ക് പാസ്പോര്‍ട്ടിന്റെ അസല്‍ ഹാജരാക്കിയാല്‍ മതിയാകുമെന്നും കത്തില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ