കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണം സോവിയറ്റ് യൂണിയനില്‍ നടന്നിരുന്ന കാലത്ത് സഖാലിനില്‍ ഒരു ബഹുജന പ്രക്ഷോഭം പൊട്ടിപുറപ്പെട്ടു. അതുപോലെ മറ്റു പ്രദേശങ്ങളിലും ചെറുതും വലുതുമായ ജനകീയ സമരങ്ങളുടെ തുടക്കം കുറിക്കപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ഭരണകാലം അവസാനിക്കുന്നതിന്റെ നാന്ദിയായിരുന്നു അവയെല്ലാം. ഗോര്‍ബച്ചേവ് ഭരണം തുടങ്ങിയ സമയമായിരുന്നു. റഷ്യയുടെ കിഴക്കന്‍ പ്രദേശമാണ് സഖാലിന്‍. സമരക്കാരുടെ ആവശ്യം ലളിതമായിരുന്നു. പാര്‍ട്ടിയുടെ നേതാക്കള്‍ക്കു മാത്രമായി സോവിയറ്റ് യൂണിയന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന എല്ലാ സൗകര്യങ്ങളുമുള്ള ആസ്പത്രികള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, വിനോദ സഞ്ചാര സങ്കേതങ്ങള്‍ എന്നിവ നിര്‍ത്തലാക്കണം. സഖാലിനിലും അത്തരം സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഉണ്ടായിരുന്നു വെന്ന കാര്യം എത്ര പേര്‍ക്കറിയാം. അവിടം സ്വര്‍ഗ്ഗമായിരുന്നുവെന്ന പ്രചരണമാണല്ലോ, ഇവിടെ നടത്തിയിരുന്നത്. ഭൂമിയും സമ്പത്തും, കട കമ്പോളങ്ങളും ഒക്കെ സര്‍ക്കാരിന്റേതു മാത്രമായിരുന്നതിനാലും ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെ സകലതും റേഷനിംഗ് സമ്പ്രദായത്തിലൂടെ മാത്രം നല്‍കപ്പെട്ടിരുന്നതിനാലും മണിക്കൂറുകള്‍ ക്യൂ നിന്ന് കൊണ്ടാണ് ആളുകള്‍ അതെല്ലാം വാങ്ങിയിരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ ഒരു നിശ്ചിത നിലവാരം മുതലുള്ള സകല നേതാക്കള്‍ക്കും ക്യൂ നില്‍ക്കാതെ മുന്തിയ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രത്യേകം സൗകര്യം രാജ്യത്തുടനീളം ഏര്‍പ്പെടുത്തിയിരുന്നു. അവര്‍ ഒരു പുതിയ വരേണ്യ വര്‍ഗ്ഗമായിരുന്നു. അവര്‍ക്ക് ബുദ്ധിപരമായ അധ്വാനം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ജനങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനവും പാര്‍ട്ടിയെ ശക്തിപ്പെടുത്തലും ഭരണം നിലനിര്‍ത്തലും മാത്രമായിരുന്നു അവര്‍ക്കു പണി. അവരുടെ ശമ്പളത്തിനും കിമ്പളത്തിനും കണക്കില്ലായിരുന്നു. ഇതില്‍ വമ്പിച്ച അസംതൃപ്തി ജനങ്ങളില്‍ നിലനിന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബഹുജന സംഘടനകളുമല്ലാതെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ ആര്‍ക്കും മിണ്ടാന്‍ പാടില്ലായിരുന്നു. പത്രവും മാധ്യമങ്ങളും പാര്‍ട്ടിക്കും സര്‍ക്കാരിനും മാത്രമെ ഉണ്ടായിരുന്നുള്ളൂ. രണ്ടും പാര്‍ട്ടിയുടേത് തന്നെ. ജാഥകളും സമരങ്ങളും പാതയോര പൊതു യോഗങ്ങളും അനുവദിക്കപ്പെട്ടിരുന്നില്ല. അതെല്ലാം പോകട്ടെ കമ്മിറ്റികളില്‍ പോലും പാര്‍ട്ടിക്കാരായാലും വിമര്‍ശനം പാടില്ലായിരുന്നു. മേല്‍ ഘടകങ്ങളില്‍ അത്തരക്കാരെ കണ്ടുപിടിച്ച് ജയിലിലടക്കാനും വിചാരണ ചെയ്യാതെ കൊന്ന് കുഴിച്ച് മൂടുവാനും ശക്തമായ സംവിധാനങ്ങള്‍ നിലനിന്നിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ വരെ കൊലചെയ്യപ്പെട്ടിട്ടുണ്ട്. സിനോവീവ്, കാമനേവ്, ട്രോട്സ്കി ഒക്കെ അതിന്റെ ഇരകളായിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്ക് പ്രത്യേക സൗകര്യമെന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിന്റെ അനേകം അനീതികളില്‍ ചെറുതുമാത്രമായിരുന്നു. വളര്‍ന്നു വന്ന ഇത്തരം അസംതൃപ്തികള്‍ പൊട്ടിത്തെറിക്കാന്‍ 75 കൊല്ലമെടുത്തു. അതുവരെ ജനങ്ങളെ അടിമകളാക്കി വെക്കുന്നതിലും ജനാധിപത്യത്തിന്റെ ഒരു ചെടിയും കിളിര്‍ത്തു വരാതെ നോക്കാനും ഏകാധിപതികളായ ഭരണാധികാരികള്‍ക്ക് കഴിഞ്ഞു. സഖാവ് ലെനിന്‍, സ്റ്റാലിന്‍, ക്രൂഷേചവ്, ചെര്‍ണങ്കോ എന്നിവരിലൂടെ ഗോര്‍ബച്ചേവിലേക്ക് ഭരണം നീണ്ടു. ഇതര ലോകരാഷ്ട്രങ്ങളില്‍ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും ഇതേ രീതിയില്‍ പെരുമാറി. അസംതൃപ്തരായ
ജനങ്ങള്‍ സോവിയറ്റ് യൂണിയന് പുറത്ത് അത് പ്രകടിപ്പിച്ചപ്പോഴും റഷ്യ ഇടപെട്ട് അതിനെ തകര്‍ത്തു. ചെക്കോസ്ലാവാക്യയിലും, യൂഗോസ്ലാവിയയിലും ഉള്‍പ്പെടെ അത് നടന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്ക് പുറത്തുള്ള ലോക ജനത ജനാധിപത്യ രീതിയില്‍ മുന്നേറിക്കൊണ്ടിരുന്നു. ആ വളര്‍ച്ച ഇത്തരം സമഗ്രാധിപത്യ രാഷ്ട്രങ്ങളിലേക്കും കുറേശ്ശേ വെളിച്ചം പകര്‍ന്നു തുടങ്ങി. ശാസ്ത്ര സാങ്കേതിക വികാസവും ലോകത്തിന്റെ അഭൂതപൂര്‍വ്വമായ ഉയര്‍ത്തെഴുന്നേല്‍പ്പും മനുഷ്യരുടെ അവകാശ ബോധത്തെ ഉണര്‍ത്തി. മനുഷ്യ മനസ്സിലേക്ക് ഇഴഞ്ഞിറങ്ങിയ വെട്ടം തടയാന്‍ കമ്മ്യൂണിസ്റ്റ് സ്വോധിപതികള്‍ക്ക് കഴിഞ്ഞില്ല. അതാണ് സഖാലിന്‍ സമരത്തിനും ഇടയായത്. പക്ഷേ ഗോര്‍ബച്ചേവ് എന്ന ഭരണാധികാരിയുടെയും മനസ്സില്‍ സ്വാതന്ത്രyത്തിന്റെ സൂര്യന്‍ ഉദിച്ചുയരുകയായിരുന്നു. ലോകത്തെ കാണാതിരിക്കുന്നതിനായി പാര്‍ട്ടി കെട്ടിയ ഇരുട്ടിന്റെ പര്‍വ്വതങ്ങളെ ആ പ്രകാശം ഉരുക്കികളയുകയായിരുന്നു. ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയുമായി ആ വെളിച്ചം രാജ്യത്താകെ പടര്‍ന്നു കയറി. അതിനു മുമ്പ് തന്നെ പ്രാഗിലും ബല്‍ഗ്രേഡിലും, ബര്‍ളിലിനിലും ആ പ്രകാശം വിപ്ലവം സൃഷ്ടിച്ചിരുന്നു. യുറോപ്യന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ ആ അഗ്നിശലാകകള്‍ കാര്‍ന്നുതിന്നു കഴിഞ്ഞിരുന്നു. ഈ വാര്‍ത്ത കൊടുങ്കാറ്റുപോലെ ലോക രാജ്യങ്ങളിലുടെ ആഞ്ഞുവീശി. മിക്ക രാഷ്ട്രങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ നിദ്രയില്‍ നിന്നും സ്വപ്നത്തില്‍ നിന്നും ഉണര്‍ത്തുവാന്‍ ഈ പരിവര്‍ത്തനത്തിന്റെ മഹാകാഹളം ഇടയാക്കി. അപ്പോഴും നിദ്രയുടെ ആലസ്യം വിട്ടുമാറാതെ അഗാധ നിദ്രയിലാണ്ടു കിടന്നിരുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഒരു ഞെട്ടലോടെ എഴുന്നേറ്റുവെങ്കിലും ഒരു കോട്ടു വായിട്ട ശേഷം വീണ്ടും കാല്‍വണ്ണകള്‍ക്കിടയിലേക്ക് കൈകള്‍ ആഞ്ഞു തിരുകി ഉറങ്ങി. പാതയോരത്തെ പൊതുയോഗവും
ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളിയും അവരുടെ ഉറക്കത്തില്‍ മധുരമുള്ള സ്വപ്നങ്ങളായി. ബംഗാളിലേയും, കേരളത്തിലെയും തോല്‍വികളും സോമനാഥ ചാറ്റര്‍ജിയുടെയും ബുദ്ധദേവിന്റെയും കൂറുമാറ്റങ്ങളും ബേഡകത്തെ കരിങ്കൊടിയും അവരുടെ നിദ്രയെ അസ്വസ്ഥമാക്കിയെന്നുമാത്രം. ഇപ്പോഴിതാ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ കൊടിയുയര്‍ന്നിരിക്കുന്നു.
90 വയസ്സു പ്രായമുളള്ള പാര്‍ട്ടിയെ അതിനേക്കാള്‍ രണ്ടു വയസ്സു മാത്രം ഇളപ്പമുള്ള
മൂപ്പിലാന്‍ തട്ടിക്കളിക്കുന്നു. വാള്‍ സ്ട്രീറ്റിനും അറബ് വസന്തത്തിനും പിന്തുണ കൊടുക്കുന്നവര്‍ പ്രാഗ് വസന്തത്തിനും റഷ്യന്‍ ചൈനീസ് ബര്‍ളിന്‍ വസന്തങ്ങള്‍ക്കും ഒരിക്കലും പിന്തുണ നല്‍കിയില്ല. ആ പേരുകള്‍ പോലും അവര്‍ക്ക് ഞെട്ടലുണ്ടാക്കുന്നു. ഇന്ത്യന്‍ റയില്‍വേയുടെ നഷ്ടങ്ങള്‍ പാര്‍ട്ടി രേഖകളില്‍ ആലേഖനം ചെയ്യാന്‍ തിരക്കു കൂട്ടുന്നവര്‍ മൂന്ന് ലക്ഷം കോടി യു.എസ്. ഡോളര്‍ നഷ്ടമുള്ള ചൈനീസ് റെയില്‍വെയുടെ നഷ്ടം കുറഞ്ഞു കിട്ടാന്‍ വന്‍കിട മുതലാളിമാരെ തേടി അലയുന്ന കാഴ്ചകാണുന്നതേയില്ല. പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവരുന്ന പ്രതിനിധികളുടെ വായയില്‍ ഓരോ പ്രത്യയ ശാസ്ത്ര ലഡു
തിരുകിക്കയറ്റാനുള്ള തിരക്കിലാണ് സകല നേതാക്കളും ഇവിടെ ഏര്‍പ്പെട്ടിരിക്കുന്നത്. അതൊരു ജനിതക വഴുതനങ്ങയായാലും കയ്പ്പു കാണില്ലെന്നാണ് ഒരു മഹാ നേതാവിന്റെ
കണ്ടുപിടിത്തം. ലോകവും മനുഷ്യരും സഞ്ചരിക്കുന്ന ജനപഥങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന പാര്‍ട്ടിക്കെന്തിനാണൊരു പ്രത്യയ ശാസ്ത്രം. അല്ലെങ്കില്‍ തന്നെ ഈ പ്രത്യയ ശാസ്ത്രം അതി സൂക്ഷ്മതയോടെ മറ്റു രാജ്യങ്ങളില്‍ പ്രയോഗിച്ചു തോറ്റവരില്‍ നിന്നൊന്നും പഠിക്കാനില്ലേ. കാറല്‍ മാര്‍ക്സ്, ലെനിന്‍, സ്റ്റാലിന്‍, മാവോ തുടങ്ങിയ അനേകം മഹാ വിപ്ലവകാരികളുടെ ശവ കുടീരങ്ങളില്‍ നിന്നും ഒരു ഗന്ധവും കാരാട്ടിന്റെ മൂക്കില്‍ തുളച്ചു കയറുന്നില്ലേ? അടഞ്ഞു പോയ രാഷ്ട്രീയ പഞ്ചേന്ദ്രിയങ്ങളുമായി നടക്കുന്ന മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് ഒരു ആറാം ഇന്ദ്രിയം വേണമെന്ന് എന്നെപ്പോലുള്ളവര്‍ വാശിപിടിക്കുന്നതാണ് തെറ്റ് എന്ന് തോന്നുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ കെട്ടിപ്പടുത്ത സഖാവ് കൃഷ്ണപിള്ള സര്‍പ്പദംശനമേറ്റാണ് മരിച്ചത്. ഇപ്പോഴത്തെ ഇന്ത്യന്‍ പാര്‍ട്ടി നേതാക്കള്‍ക്കെല്ലാം
വിഷബാധയേറ്റിട്ടുണ്ട്. എങ്കിലും മരിച്ചത് അവരല്ല; തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയമാണ്. കൃഷ്ണപിള്ളയുടെ മരണം ശാരീരികമായിരുന്നു. പുതിയ നേതാക്കളുടെ മനസ്സാണ്
ചത്തത്. മാര്‍ക്സിയന്‍ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അതിജീവനം അവരെ അലട്ടുന്നില്ല. ഉപജീവനമാണ് അവരുടെ അജണ്ട.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ