Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

ഊതിവീര്‍പ്പിക്കപ്പെട്ട പ്രചാരണങ്ങളിലൂടെ പോകുന്ന സി.പി.എം






വിചാരണ ചെയ്യപ്പെടാതെ പോകുന്ന സി.പി.എം നിലപാടുകള്‍ 
 കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയുടെ മുഖ്യശില്‍പികളെന്ന് അവകാശ മുന്നയിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. 1957 മുതല്‍ പലതവണ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടും വികസന വളര്‍ച്ചയുടെ മാനദണ്ഡങ്ങളായ വ്യാവസായികകാര്‍ഷിക മേഖലകളില്‍ ഇതര സംസ്ഥാനങ്ങളില്‍ പലതിന്റെയും താഴെയാണ് കേരളത്തിന്റെ സ്ഥാനം. കേരളപിറവിക്കുശേഷം ഭൂപരിഷ്കരണമടക്കം ചില സാമൂഹിക ചലനങ്ങള്‍ക്ക് നേതൃത്വം കൊടുത്തെങ്കിലും തുടര്‍ന്നുള്ള കാലങ്ങളില്‍ ഊതിവീര്‍പ്പിക്കപ്പെട്ട പ്രചാരണങ്ങളിലൂടെ കേരളീയ സമൂഹത്തെ മയക്കികിടത്താനാണ് സി.പി.എം ശ്രമിച്ചത്. കൊട്ടിഘോഷിക്കപ്പെടുന്ന വിദ്യാഭ്യാസ ആരോഗ്യരംഗത്തെ വളര്‍ച്ചക്ക് മതസാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ നല്‍കിയ സംഭാവന വിലപ്പെട്ടതാണെന്ന് തിരിച്ചറിയണം. പാര്‍ട്ടിയും ഇടതുപക്ഷ സാംസ്കാരിക ബുദ്ധിജീവികളും സൃഷ്ടിച്ചെടുത്ത പൊതുബോധത്തെ ചോദ്യംചെയ്യാന്‍ ബദല്‍ രാഷ്ട്രീയ സാംസ്കാരിക ഇടമില്ലാത്തതാണ് തെറ്റായ ചില അവകാശവാദങ്ങള്‍ക്ക് ഇവിടെ അംഗീകാരം ലഭിക്കാന്‍ കാരണം. സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സാമൂഹിക രംഗത്ത് ശക്തിപ്പെടുത്തിയ മാനുഷിക നൈതികതക്ക് നിരക്കാത്ത രാഷ്ട്രീയ സംസ്കാരത്തെ ഒരിക്കലും വിചാരണചെയ്യപ്പെടാതെ പോവുകയാണ് ചെയ്തത്. പകരം അവരുടെ തെറ്റായ രാഷ്ട്രീയ സംസ്കാരമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ രീതിയെന്ന നിലക്ക് മറ്റുള്ളവര്‍ അനുകരിക്കുകയും ചെയ്തു. ഇസ്ലാമിക സംഘടനകളുടെവരെ ഭാഷയിലും പ്രവര്‍ത്തനത്തിലും ഇടതുപക്ഷ ടെര്‍മിനോളജിയുടെ സ്വാധീനം പരിശോധിച്ചാല്‍ ഇടതുപക്ഷ അധീശാധിപത്യത്തിന്റെ സ്വാധീനം പ്രകടമാണ്.
അക്രമ രാഷ്ട്രീയം, പ്രതിയോഗികളെ വകവരുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, നീതിന്യായ സംവിധാനങ്ങളെ വെല്ലുവിളിക്കല്‍, ഉദ്യോഗ തൊഴില്‍ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കല്‍, നിയമ നിര്‍മ്മാണ സഭകളെ അവഹേളിക്കല്‍, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ സ്വന്തമായ പാര്‍ട്ടി സംസ്കാരം രൂപപ്പെടുത്തുകയും അത് അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയുമാണ് സി.പി.എം നാളുതുവരെ ചെയ്തു വന്നത്. ജനങ്ങളെ സ്വാധീനിക്കുന്ന അരാഷ്ട്രീയ ചിന്തക്കുതന്നെ മുഖ്യകാരണം സി.പി.എമ്മിന്റെ വഴിവിട്ട രാഷ്ട്രീയ സംസ്കാരമാണ്. കേരളത്തിന്റെ പൊതു മാനസികാവസ്ഥയോട് ചേര്‍ന്നുനില്‍ക്കുന്ന ആശയ സംവാദത്തിന് പകരം ആയുധ സംസ്കാരത്തിലേക്ക് രാഷ്ട്രീയ സംസ്കാരത്തെ വഴി തിരിച്ചുവിട്ടതിന്റെ മുഖ്യപ്രതി സി.പി.എമ്മാണെന്ന ചരിത്രവസ്തുത നിഷേധിക്കാന്‍ സാധ്യമല്ല. കണ്ണൂരിലും അയല്‍ ജില്ലകളിലുമെല്ലാം നാലുപതിറ്റാണ്ടിന്റെ അക്രമ രാഷ്ട്രീയ ചരിത്രം ഇതിന്റെ സാക്ഷിപത്രമാണ്. അക്രമ രാഷ്ട്രീയത്തിലൂടെ പാര്‍ട്ടിയുടെ അധീശാധിപത്യം വ്യക്തികളിലും പ്രദേശങ്ങളിലും അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിനിടയില്‍ സ്വത്തും ജീവനും നഷ്ടപ്പെട്ടവരുടെ കണക്കെടുത്താല്‍ നീണ്ട ഒരു പട്ടികയായിരിക്കും അത്. മക്കളുടെ മുമ്പില്‍വെച്ച് പിതാവിനെ വെട്ടിക്കൊല്ലാനും വിദ്യാര്‍ത്ഥികളുടെ മുമ്പില്‍വെച്ച് അധ്യാപകനെ വകവരുത്താനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഏത് പാഠശാലയില്‍നിന്നാണ് പ്രചോദനം ലഭിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇത്തരം ക്രൂരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാംസ്കാരിക രംഗത്തുനിന്ന് ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകാറില്ല. പകരം എം.എന്‍ വിജയനടക്കമുള്ള ഇടതു ബുദ്ധിജീവികേന്ദ്രം ഇത്തരം കാര്യങ്ങളെ ന്യായീകരിച്ച അനുഭവങ്ങളാണ് നാം കാണുന്നത്.
പാര്‍ട്ടിക്ക് പുറത്തേക്ക് കടക്കേണ്ടിവന്ന എം.വി രാഘവനോടുള്ള രാഷ്ട്രീയ പകയുടെ ഇരകളായിരുന്നു പാപ്പിനിശ്ശേരിയിലെ ഇഴജന്തുക്കള്‍. അക്രമരാഷ്ട്രീയത്തിന്റെ അരാജകത ഒരിക്കലും ആത്മപരിശോധന നടത്താത്ത പാര്‍ട്ടിയാണ് സി.പി.എം. പ്രത്യയശാസ്ത്രപരമായി അതിന് പ്രചോദനം നല്‍കുന്ന നൈതികതയുടെ ഒരംശവും പാര്‍ട്ടിയുടെ വേദപുസ്തകത്തിലില്ല. മലബാറില്‍ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായി സി.പി.എം നശിപ്പിച്ച സമ്പത്തിന്റെ കണക്കെടുത്താല്‍ അത് ഒരു വാര്‍ഷിക ബജറ്റിലെ സംഖ്യയേക്കാള്‍ കൂടുതലായിരിക്കും.
ഇത് സ്വകാര്യ സ്വത്തുക്കളോടുള്ള വര്‍ഗപരമായ സമീപനമാണെന്ന് അംഗീകരിച്ചാല്‍ പൊതുമുതലുകള്‍ നശിപ്പിക്കുന്നിടത്തും ഒന്നാംസ്ഥാനത്ത് സി.പി.എം തന്നെയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി നശിപ്പിക്കപ്പെട്ട പൊതുമുതലുകള്‍ എത്രയാണ്? സമരരംഗത്ത് പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍നിന്ന് നഷ്ടം ഈടാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം എല്ലാവരാലും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ബഹുജന താല്‍പര്യങ്ങളേക്കാള്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമരങ്ങളും നിയമ നിര്‍മാണ വേദികളിലെ പ്രകടനങ്ങളും സമൂഹത്തിന് സഹിക്കാന്‍ പറ്റാത്തവിധം അരോജകമാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. ജനനന്‍മക്കും വികസന മുന്നേറ്റത്തിനും കൈകോര്‍ക്കുന്നതിന് പകരം വഴിമുടക്കികളുടെ ശബ്ദമായി സി.പി.എം സമരങ്ങള്‍ മാറുകയാണ് ചെയ്യുന്നത്. ഇത്തരം മുദ്രാവാക്യങ്ങളുടെ മുഴക്കമാണ് നിയമസഭാ അകത്തളങ്ങളില്‍പോലും കേള്‍ക്കുന്നത്.
നിയമവാഴ്ചയെ വെല്ലുവിളിച്ചും നീതിന്യായ വ്യവസ്ഥയെ വിമര്‍ശിച്ചും മുന്നോട്ടുനീങ്ങുന്ന പാര്‍ട്ടി നിയമം കൈയിലെടുക്കുന്നതിലും മുഖ്യപ്രതിതന്നെയാണ്. പ്രതികളായി പിടിക്കപ്പെടുന്ന സഖാക്കളെ സ്റ്റേഷനില്‍കയറി മോചിപ്പിക്കല്‍ സമരത്തിനും നേതൃത്വം കൊടുക്കാന്‍ പോളിറ്റ്ബ്യൂറോ അംഗത്തിനുപോലും യാതൊരു പ്രയാസവുമില്ല. സഖാക്കള്‍ക്ക് ആവേശം പകരുമ്പോള്‍ ക്രമസമാധാന സംവിധാനത്തിന് അതേല്‍പിക്കുന്ന പരിക്ക് ഗുരുതരമാണെന്ന് ചിന്തിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. 
കോഴിക്കോട് വിദ്യാര്‍ത്ഥി സമരത്തെ പ്രതിരോധിച്ച ഉദ്യോഗസ്ഥനെ യൂണിഫോമിലായാലും അല്ലെങ്കിലും തല്ലണമെന്ന് പരസ്യപ്രസ്താവന നടത്തുന്ന ശിവദാസമേനോനും ജയരാജനും ഈ സംസ്കാരത്തിന്റെ പ്രതിനിധാനങ്ങളായതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇതെല്ലാം മാതൃസംഘടനയായ സി.പി.എം പ്രവര്‍ത്തന ശൈലിയില്‍ ഒതുങ്ങുന്നതല്ല. പോഷക സംഘടനകളും വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളുമെല്ലാം ഇതേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. കേരളത്തിലെ കാമ്പസുകളില്‍ എസ്.എഫ്.എെ നടത്തുന്ന മതേതര ഫാഷിസം ഇതിന്റെതന്നെ ഭാഗമാണ്. അവര്‍ കലാലയങ്ങളില്‍ നേടുന്ന തെരഞ്ഞെടുപ്പ് വിജയം പേശീബലത്തിലൂടെയാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കാമ്പസുകളില്‍ അക്രമ രാഷ്ട്രീയത്തിന്റെ ചൂരും ചൂടും നൂറുഡിഗ്രിയില്‍ കത്തിച്ചുനിര്‍ത്തി അധീശാധിപത്യം സ്ഥാപിക്കുന്ന പ്രവണത ഒരു സ്ഥിരം സംവിധാനമായതിനാല്‍ തെരഞ്ഞെടുപ്പ് വിജയവും സ്ഥിരമായ കക്ഷിക്കുതന്നെയാണ് ലഭിക്കുന്നത്. തിരുവനന്തപുരം പാര്‍ട്ടി ആസ്ഥാന മന്ദിരത്തിന്റെ തിരുമുറ്റത്ത് തന്നെയുള്ള യൂനിവേഴ്സിറ്റി കോളജാണ് ഇതിന്റെ ഒന്നാമത്തെ മാതൃക. കാമ്പസ് എന്ന ശബ്ദത്തോടൊപ്പം നമ്മുടെ സങ്കല്‍പത്തില്‍ തെളിഞ്ഞുവരുന്നത് അധ്യാപകരും വിദ്യാര്‍ത്ഥികളും അടക്കമുള്ള വിജ്ഞാന അന്തരീക്ഷമാണെങ്കില്‍ ഈ സ്ഥാപനത്തില്‍നിന്ന് ഉയര്‍ന്നുവരുന്നത് ചീറിപ്പായുന്ന കല്ലുകളും സൂക്ഷിച്ചുവെച്ച വടിവാളുകളും ആയുധങ്ങളുമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വൈരത്തിന്റെ തീപ്പന്തങ്ങളാക്കി മാറ്റിയത് സി.പി.എം അല്ലാതെ മറ്റാരാണ്.
തൊഴിലാളി സംഘടനകളും ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങളുമെല്ലാം സംഘടനാ താല്‍പര്യങ്ങള്‍ക്ക് മുമ്പില്‍ എല്ലാ നീതി ബോധങ്ങളും ബലികഴിക്കാന്‍ സന്നദ്ധരായവരാണ്. സി.പി.എം കേരളത്തിന് പകര്‍ന്നുനല്‍കിയ തൊഴില്‍ സംസ്കാരം വികസന മുന്നേറ്റങ്ങളെ ഒന്നടങ്കം പിറകോട്ട് വലിക്കുകയാണ് ചെയ്തത്. കേരളത്തിന്റെ വികസന സാധ്യതകള്‍ മനസ്സിലാക്കി വരുന്ന വ്യവസായവ്യാപാര പ്രമുഖരുടെ പേടിസ്വപ്നമാണ് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനകള്‍. മാറിയ കാലത്തെ പ്രതിനിധീകരിക്കാന്‍ പറ്റുന്ന ഒരു മാറ്റവും തൊഴില്‍സര്‍വീസ് മേഖലയില്‍ നടപ്പാക്കാന്‍ സി.പി.എമ്മിന് സാധിച്ചിട്ടില്ല.
നോക്കുകൂലിയടക്കമുള്ള തൊഴില്‍ രംഗത്തെ ചൂഷണ സംവിധാനത്തോട് പാര്‍ട്ടി നടത്തിയ ചെറിയ പ്രതികരണങ്ങള്‍പോലും തൊഴിലാളി വര്‍ഗത്തിന് മുമ്പില്‍ സ്വീകാര്യമായിട്ടില്ല. തൊഴില്‍ രംഗത്ത് ഒരു വൈറ്റ് കോളര്‍ സംസ്കാരം അടിച്ചേല്‍പിച്ചത് ഇവരാണ്. അവകാശബോധം അതിരുകളില്ലാതെ അടിച്ചുകയറ്റുകയും ചുമതലാബോധത്തിന്റെ ചെറിയ ഒരംശംപോലും ഇവരില്‍ ഉണ്ടാക്കാനും ശ്രമിക്കാത്തതിന്റെ പാര്‍ശ്വഫലങ്ങളാണ് തൊഴില്‍ രംഗത്തെ അരാജകത്വത്തിന് കാരണം. 
ഇടതുപക്ഷ പൊതുബോധത്തിന്റെ സ്വാധീനമാണ് ഇത്തരം രാഷ്ട്രീയ ജീര്‍ണ്ണതക്ക് മാനുഷിക പരിഗണനയായി ചിത്രീകരിക്കപ്പെടാന്‍ കാരണം. യു.ഡി.എഫ് അടക്കമുളള ജനാധിപത്യ രാഷ്ട്രീയ സംവിധാനങ്ങള്‍ സ്വന്തമായ ഒരു ജനകീയ പൊതുബോധം രൂപപ്പെടുത്തി ബദല്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കണം. ജനോപകാരപ്രദമായ യു.ഡി.എഫ് കര്‍മ്മപരിപാടികളും ഭരണനേട്ടങ്ങളും ഒരു തുടര്‍സംവിധാനമായി ശക്തിപ്പെടുത്തണമെങ്കില്‍ അടിത്തട്ടില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവരുന്ന ശക്തമായ ജനാധിപത്യ പരിസരം കഠിനാദ്ധ്വാനത്തിലൂടെ രൂപപ്പെടുത്തണം. സര്‍ഗ സാഹിത്യസാംസ്കാരിക മേഖലകളില്‍ ഇടതുപക്ഷ ബദലുകളുടെ മാനുഷികമുഖം പുറത്തുവരണം.
കോണ്‍ഗ്രസ്, മുസ്ലിംലീഗടക്കമുളള ജനാധിപത്യ പാര്‍ട്ടികള്‍ ഗൗരവതരമായ ആലോചനക്ക് വിധേയമാക്കേണ്ട വിഷയമാണിത്. മൂടുറച്ചുപോയ ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ അടിമത്വത്തില്‍നിന്ന് കേരളീയ സമൂഹത്തിന്റെ മാനസികാവസ്ഥയോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റൊരു അന്തരീക്ഷം അനിവാര്യമാണെന്ന തിരിച്ചറിവ് നിര്‍ബന്ധമാണ് നമുക്ക്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ