Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

ന്യൂനപക്ഷ പ്രശ്നങ്ങളില്‍ വീഴ്ച പറ്റിയെന്ന് സി.പി.എം മലപ്പുറം ജില്ലാ റിപ്പോര്‍ട്ട്

 
മുസ്ലിം ന്യൂനപക്ഷത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയതായി സി.പി.എം. ജില്ലാ കമ്മിറ്റിയുടെ സംഘടനാ റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി തുടരുന്ന അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിഞ്ഞില്ലെന്നും ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി കെ. ഉമര്‍മാസ്റ്റര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുസ്ലിം വിഭാഗത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിനായി നടത്തിയ പാര്‍ട്ടി പരിപാടികള്‍ ഫലം കണ്ടില്ല. സി.പി.എമ്മിനോ ഇടതുകക്ഷികള്‍ക്കോ വേണ്ടത്ര മുന്നേറ്റമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. മുസ്ലിംലീഗിന് സ്വാധീനമുള്ള മലപ്പുറം ജില്ലയില്‍ സംഘടനാ പ്രവര്‍ത്തനം ദുഷ്കരമാണ്. ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ തുടര്‍ച്ചയായി വീഴ്ച പറ്റുകയാണ്. 2004ല്‍ ടി.കെ. ഹംസ മഞ്ചേരി ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ചപ്പോള്‍ മലപ്പുറം ചുവന്നുവെന്ന വിലയിരുത്തല്‍ ശരിയായിരുന്നില്ലെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഈ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കുണ്ടായ പരാജയത്തിന് കാരണങ്ങള്‍ പലതാണ്. മുസ്ലിം സംഘടനകള്‍ മുസ്ലിംലീഗിനുപിന്നില്‍ അണിനിരന്നു. തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി പ്രതിനിധികളും എം.എല്‍.എ.മാരും മന്ത്രിമാരും ഉള്‍പ്പടെ അധികാര സ്ഥാനങ്ങളിലുള്ളവര്‍ വര്‍ഗ സംഘടനാ ബോധമില്ലാതെ പെരുമാറി. ഭൗതിക സുഖങ്ങള്‍ക്ക് മാത്രമാണ് പലരും പ്രാമുഖ്യം നല്‍കിയത്. ജനാധിപത്യ കേന്ദ്രീകരണം നടപ്പാക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാന നേതാക്കളുടെയും ജില്ലാ നേതാക്കളുടെയും വീഴ്ചയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ