Search On Blog

x

2011, ഡിസംബർ 27, ചൊവ്വാഴ്ച

മുസ്ലിം സംഘടനകള്‍ ഏകോപന മുദ്രാവാക്യത്തിന്റെ അനിവാര്യത ..





കാലവര്‍ഷം കഴിഞ്ഞ് മാനം തെളിഞ്ഞ കേരളത്തില്‍ സമ്മേളനങ്ങളുടെയും പ്രചാരണങ്ങളുടെയും തുടക്കമായി. മുസ്ലിം സംഘടനാ സമ്മേളനങ്ങളും അവയുടെ വിദ്യാര്‍ത്ഥി യുവജന വനിതാ സമ്മേളനങ്ങളും സംഘടനകള്‍ക്ക് കീഴിലുളള സ്ഥാപനങ്ങളുടെ വാര്‍ഷിക സമ്മേളനങ്ങളും എല്ലാ വര്‍ഷവും നടന്നുവരുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ സജീവമായി ഈ വര്‍ഷവും മതസംഘടനാ സമ്മേളനങ്ങളുടെ തിരക്കിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ് കേരളം. മുസ്ലിം സമൂഹത്തിന്റെ നവോത്ഥാനത്തിന് ഈ സംഘടനകള്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാവുന്നതുമല്ല. എന്നാല്‍ ഓരോ സമ്മേളനങ്ങളിലും വിദേശ പ്രതിനിധികളും ലോക പ്രശസ്ത പണ്ഡിതന്മാരും അടക്കം പ്രമുഖര്‍ പങ്കെടുത്ത സമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്ത മുദ്രാവാക്യങ്ങള്‍ സമുദായത്തിലുണ്ടാക്കിയിട്ടുളള പരിവര്‍ത്തനത്തിന്റെ ആഴങ്ങളെക്കുറിച്ച് സംഘടനകളുടെ പുനരാലോചന അനിവാര്യമാണ്.
മുസ്ലിം കേരളത്തിന്റെ ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ പതിനായിരകണക്കിനു സമ്മേളനങ്ങളും അവയില്‍നിന്നു ഉയര്‍ന്നുവന്ന ആയിരകണക്കിനു മുദ്രാവാക്യങ്ങളും സമുദായം ചര്‍ച്ചചെയ്തു. പക്ഷെ അതിന്റെ അനന്തരഫലം എന്തായിരുന്നു? ഉദ്ദേശിച്ച ഫലം സമുദായത്തിനു കിട്ടിയോ? ഇല്ലെങ്കില്‍ തുടര്‍ ചര്‍ച്ചകള്‍ അനിവാര്യമായിരുന്നില്ലേ? ഇത്തരം ചോദ്യങ്ങള്‍ സംഘടനകള്‍ സ്വയം വിമര്‍ശനത്തിനു വിധേയമാക്കിയിട്ടുണ്ടോ? ആ മുദ്രാവാക്യങ്ങള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സമുദായത്തിനു ഫലം ചെയ്തു എന്നു കരുതുക വയ്യ. ഇതിനര്‍ത്ഥം അവ പൂര്‍ണ്ണമായും നിഷ്ഫലമായി എന്നല്ല. പ്രസക്തവും പ്രാധാന്യമേറിയതും പരലോക പ്രതിഫലം ലഭ്യമാകുന്നതുമാണ്. പക്ഷെ അതിന്റെ ഫലം സമുദായത്തിനു പൂര്‍ണ്ണമായി ലഭിക്കാതിരുന്നത് എന്തുകൊണ്ട്?
മുസ്ലിം സംഘടനകള്‍ അവരവരുടെ ലോകത്തുനിന്നും മാത്രം വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ സ്വന്തം സംഘടനാ പ്രവര്‍ത്തകരും അനുഭാവികളും മാത്രം ചര്‍ച്ചചെയ്യുകയും "സമുദായം' എന്ന ബാനറില്‍ അവ ചര്‍ച്ചചെയ്യാതെയും പോകുന്നു. അതായത് സംഘടനകള്‍ക്ക് മുദ്രാവാക്യം ഉണ്ട്, സമുദായത്തിനില്ല.
പലപ്പോഴും മുദ്രാവാക്യങ്ങളുടെ ആന്തരാര്‍ത്ഥങ്ങളിലേക്ക് ഇറങ്ങി ചെല്ലാതെ ഉപരിപ്ലവമായി മാത്രം ചര്‍ച്ചകള്‍ നടത്തുകയും ആ ചര്‍ച്ചകളില്‍ തന്നെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനു പകരം വേറെയേതെങ്കിലും സംഘടനകളുടെ അപചയങ്ങളെക്കുറിച്ച് പറയാന്‍ സാഹചര്യമൊരുക്കുകയുമാണ് ചെയ്യുന്നത്.
മുസ്ലിം സമൂഹത്തിന്റെ പൊതുവായ നന്മയും പുരോഗതിയും ആയിരിക്കണം മുസ്ലിം സംഘടനകളുടെ ലക്ഷ്യം ഈ സംഘടനകള്‍ക്ക് ഉപലക്ഷ്യങ്ങളും ഉണ്ടാവണം. രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കുന്നവര്‍, പ്രബോധനത്തിന് പ്രാധാന്യം നല്‍കുന്നവര്‍, വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുന്നവര്‍, പരിഷ്ക്കരണത്തിനു പ്രാധാന്യം നല്‍കുന്നവര്‍... രാഷ്ട്രീയത്തോടൊപ്പം മുസ്ലിം സമുദായത്തിന്റെ എെക്യത്തിനും കെട്ടുറപ്പിനും നിലനില്‍പിനും പ്രാധാന്യം നല്‍കുന്ന സംഘടനയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. സമുദായത്തിന്റെ അഭിമാനാര്‍ഹമായ അസ്തിത്വം എന്നതാണ് മുസ്ലിം ലീഗ് ലക്ഷ്യമാക്കുന്നത്. ഇവിടെ സമുദായം എന്ന വിശാലതയാണ് ലീഗിന്റെ ഉള്‍ക്കരുത്ത്.
എല്ലാ കാര്യങ്ങളിലും സംഘടനകള്‍ക്കിടയില്‍ യോജിപ്പുണ്ടാവുക അസാധ്യം. ചിന്തിക്കാനും ബുദ്ധിപരമായി ആലോചിക്കാനും വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്ത സമൂഹത്തില്‍ ചിന്താപരമായ മുന്നേറ്റങ്ങളും അതിനിടയിലെ അഭിപ്രായ വ്യത്യാസവും സ്വാഭാവികം. നന്മയുദ്ദേശിച്ച് മുജ്തഹ്ദിന്റെ നിഗമനം തെറ്റിയാലും പ്രതിഫലം, ശരിയായാല്‍ ഇരട്ടി പ്രതിഫലം എന്ന സന്ദേശം ഇസ്ലാമികമാണ്.
സംഘടനകള്‍ നയത്തിലും പരിപാടിയിലും വൈജാത്യം പുലര്‍ത്തുന്നതാണ്. എങ്കിലും സമുദായം എന്ന വിശാല ലക്ഷ്യത്തിനുവേണ്ടി വീക്ഷണ വൈജാത്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പരസ്പരം സഹകരിക്കുകയും സമുദായത്തിന്റെ ആന്തരിക ശുദ്ധീകരണത്തിന് വ്യക്തമായ മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തുകയും വേണം.
മുസ്ലിം സംഘടനകള്‍ക്കിടയില്‍ ചിലവിഷയങ്ങളില്‍ ഭിന്നതകളുണ്ട് എന്നത് വിസ്മരിക്കാനാവുകയില്ല. അത് ഏതൊക്കെ എന്നത് എണ്ണി തിട്ടപ്പെടുത്താനുമാകും. ഭിന്നത അത്തരം വിഷയങ്ങളില്‍ മാത്രം നിലനിര്‍ത്തി മറ്റു കാര്യങ്ങളില്‍ യോജിക്കാനും, ഒരുമിച്ച് പ്രവര്‍ത്തിക്കാനും സാധിക്കണം. ഒന്നാവണ്ട ഒരുമിച്ചിരിക്കാം, ഒരുമിച്ച് പ്രവര്‍ത്തിക്കാം.
സമുദായത്തിന്റെ ബാഹ്യമായ പ്രശ്നങ്ങളില്‍ പലഘട്ടങ്ങളിലും ഒരുമിച്ച് നിന്നിട്ടുണ്ട്. അതുപോലെ ആന്തരികമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാത്ത വിഷയങ്ങളിലും ഒരുമിച്ചിരിക്കുകയും ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുകയും വേണം.
തീവ്രവാദം, ലഹരി ഉപയോഗം, ധൂര്‍ത്ത്, മൊബൈല്‍ ഇന്റര്‍നെറ്റ്, ആധുനിക ടെക്നോളജികളില്‍ തട്ടി തകര്‍ന്നുവീഴുന്ന കുടുംബ സാമൂഹിക ബന്ധങ്ങള്‍ തുടങ്ങിയ സമുദായത്തെ ബാധിച്ച രോഗങ്ങള്‍ നിര്‍ണ്ണയിക്കണം. ഇത്തരം വിഷയങ്ങളെ മുന്‍ഗണനാക്രമത്തില്‍ ഒരുമിച്ച് ചര്‍ച്ചചെയ്ത് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുകയും വേണം. ഇതിനായി മുസ്ലിം സംഘടനകള്‍ ഒരുമയോടെ പ്രവര്‍ത്തിക്കുകയും എല്ലാ മസ്ജിദുകളിലും സമ്മേളനങ്ങളിലും ഒരേ സമയം ക്യാമ്പയിന്‍ നടത്തുകയും ചെയ്താല്‍ അതിന്റെ ഫലം വിസ്മയകരമായിരിക്കും. മനുഷ്യന്റെ നന്മക്കായി എഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമ സമുദായത്തിന് സ്വന്തം നന്മകള്‍ ശക്തിപ്പെടുത്തുവാന്‍ ഇത്തരം ചര്‍ച്ചകള്‍ അനിവാര്യമാണ്.
സമുദായം ഭിന്നിക്കാനുളള കാരണങ്ങളേക്കാള്‍ വളരെ കൂടുതലാണ് ഒന്നിക്കാനുളള കാരണങ്ങള്‍. പക്ഷെ ഭിന്നതകള്‍ ചര്‍ച്ചചെയ്യുന്ന സമയത്തിന്റെ ഒരു ശതമാനം പോലും എെക്യം ചര്‍ച്ചചെയ്യുവാന്‍ നീക്കിവെക്കുന്നില്ല.
സമുദായത്തിനകത്തുളള പുതിയ കാലത്തിന്റെ ജീര്‍ണ്ണതകളുടെ മലവെളളപ്പാച്ചില്‍ ഓരോ സംഘടനാ മുറംകൊണ്ട് തടുക്കാനാവില്ല. സമുദായം ഒരുമിച്ചിരുന്ന് പ്രതിരോധിച്ചില്ലെങ്കില്‍ പാശ്ചാത്യ സംസ്ക്കാരത്തിന്റെ വര്‍ണ്ണപ്പൊലിമയില്‍ ലയിച്ച സമുദായം ചരിത്രത്തിലെ മുസ്ലിം സ്പെയിനിന്റെ ദുരന്തം വര്‍ത്തമാനത്തില്‍ പുനഃസൃഷ്ടിക്കുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
നമ്മുടെ വേനല്‍ സമ്മേളനങ്ങളില്‍ ഒരു വിഷയം സമുദായം ഒരുമിച്ച് ചര്‍ച്ച ചെയ്യട്ടെ. മുസ്ലിം സംഘടന വിദ്യാര്‍ത്ഥി യുവജന വനിതാ സംഘടനകള്‍ ആ വിഷയത്തില്‍ കര്‍മ്മ നിരതരാവട്ടെ. വരും തലമുറക്ക് നാം നല്‍കുന്ന അനുകരണീയമായൊരു മാതൃകയായിരിക്കും അത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ