Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

കര്‍ഷക ആത്മഹത്യകളിലെ സി പി എം രാഷ്ട്രീയം



സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്നു കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തുവെന്ന പ്രചാരണത്തിന് ഇടതുപക്ഷജിഹ്വകളും പ്രചാരവേലകളിലെ 'ഡോര്‍ ടു ഡോര്‍' സെല്ലേഴ്‌സും ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുകയാ
ണ്. സംസ്ഥാനസര്‍ക്കാര്‍ കര്‍ഷകരെ പരിരക്ഷിയ്ക്കുന്നില്ലെന്ന കുപ്രചരണത്തിലൂടെ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിനെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള മറ്റൊരുതത്രമാണിത്.  കഴിഞ്ഞ അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത് ഇത്തരമൊരു കാര്‍ഷികദുരന്തത്തിന്റെ കദനകഥ മുതലെടുത്തുകൊണ്ടായിരുന്നു.  എന്നാല്‍ കാര്‍ഷിക ജീവിതത്തിന്റെ കദനകഥകള്‍ ഏങ്ങലിട്ടുപ്രസംഗിച്ച് അധികാരത്തിലേറിയ ഇടതുപക്ഷഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ 220 കര്‍ഷകര്‍ ജീവനൊടുക്കി. കര്‍ഷകരുടെ ദാരുണാന്ത്യത്തെക്കുറിച്ച് ഇടതുപക്ഷ മുഖ്യമന്ത്രി പരിഹാസത്തോടെയാണ് പ്രതികരിച്ചത്.  കര്‍ഷകരുടെ ജീവിതവ്യാമോഹങ്ങളാണ് ആത്മഹത്യയ്ക്കു പ്രേരണയാകുന്നതെന്ന നിരുത്തരവാദപരമായ സമീപനമാണ് ഇടതുസര്‍ക്കാര്‍ കൈക്കൊണ്ടതും ആരീതിയിലാണതിനെ സമീപിച്ചതും.  ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ ഗൗരവതരവും ക്രീയാത്മകവുമായ ഒരു സമീപനമാണ് കര്‍ഷകആത്മഹത്യയെക്കുറിച്ച് കൈക്കൊണ്ടിട്ടുള്ളത്. കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട നിമിഷത്തില്‍തന്നെ വയനാട് ജില്ലയില്‍ കൃഷിക്കാര്‍ക്കെതിരായ എല്ലാ ജപ്തിനടപടികളും ഒരുവര്‍ഷത്തേയ്ക്ക് നിര്‍ത്തിവയ്ക്കുവാന്‍ മന്ത്രിസഭായോഗം ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. 

വയനാട് ജില്ലയിലെ കര്‍ഷകപ്രശ്‌നങ്ങളെക്കുറിച്ച് പഠിയ്ക്കുവാന്‍ കാര്‍ഷികോല്പാദന കമ്മീഷണര്‍ കൂടിയായ അഡീഷണല്‍ ചീഫ്‌സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.  ഒരാഴ്ചയ്ക്കകം സംഭവങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.  വയനാട് പായ്‌ക്കേജിന്റെ നടത്തിപ്പിനെക്കുറിച്ചും മറ്റുകാര്‍ഷികപ്രശ്‌നങ്ങളെക്കുറിച്ചും സസൂഷ്മം വിശകലനം ചെയ്യുവാനാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭ തീരുമാനിച്ചിരിയ്ക്കുന്നത്.  രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി കാര്‍ഷിക-വെറ്റിനറി സര്‍വ്വകലാശാലകളിലെ വിദഗ്ദരെയാണ് പഠനസംഘത്തില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. കാര്‍ഷികപ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിയ്ക്കാതെയുള്ള ക്രിയാത്മകമായ പരിഹാരത്തിനാണ് യു.ഡി.എഫ് സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത
്.  ഇടതുപക്ഷസര്‍ക്കാര്‍ കര്‍ഷകരുടെ ജീവിതശൈലിയെ വിമര്‍ശിച്ചുകൊണ്ട് കാര്‍ഷികആത്മഹത്യകളെ അവഗണിച്ചചരിത്രം കേരളീയര്‍ മറന്നുപോയിട്ടില്ല.  വയനാട്ടില്‍ സംഭവിച്ച കര്‍ഷകആത്മഹത്യകളുടെ ഉത്തരവാദിത്വം കേരളസര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് രാഷ്ട്രീയലാഭം കൊയ്യുവാനുള്ള ശ്രമമാണ് ചിലര്‍ നടത്തിക്കൊണ്ടിരിയ്ക്കുന്നത്.  ഇപ്പോള്‍ വയനാട്ടില്‍ സംഭവിച്ചിട്ടുള്ള മൂന്ന് ആത്മഹത്യകളുടെ കാരണങ്ങള്‍ തേടിപ്പോകുമ്പോള്‍ ഇടതുപക്ഷപ്രചാരണങ്ങളുടെ ദുഷ്ടലാക്കുകള്‍ വെളിവാക്കപ്പെടും.  ഇഞ്ചിയുടെ വിലയിടിവില്‍ മനം നൊന്താണ് മൂന്ന്‌പേര്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്തത്.  ഒരു ചാക്കിന് 1300 രൂപയുണ്ടായിരുന്ന ഇഞ്ചിയുടെ വില ഇപ്പോള്‍ 550 രൂപമാത്രമാണ്.  ഇതിന്റെ കാരണമെന്തെന്നാല്‍ ഉയര്‍ന്ന ലാഭം ലഭിയ്ക്കുമെന്ന പ്രതീക്ഷയില്‍ കര്‍ണ്ണാടകയിലെ കുടകില്‍പ്പോയി സ്ഥലം പാട്ടത്തിനെടുത്തുപോലും  വയനാട്ടിലെ ചില കര്‍ഷകര്‍ കൃഷിചെയ്തു. 

കൃഷിഭൂമി പാട്ടത്തിനെടുത്തത് വന്‍തുക നല്‍കിയിട്ടാണ്.  ഇതേസമയംതന്നെ ഇഞ്ചിയുടെ വിലവര്‍ദ്ധനയില്‍ പ്രചോദിതരായി കര്‍ണ്ണാടക, തമിഴ്‌നാട്, ഗോവ, മദ്ധ്യപ്രദേശ് മുതലായ സംസ്ഥാനങ്ങളിലെ കൃഷിക്കാരും വ്യാപകമായി ഇഞ്ചിക്കൃഷി നടത്തി.  ഇഞ്ചിലാഭകരമാണെന്ന കണക്കുകൂട്ടലില്‍ യാതൊരുനിയന്ത്രണവുമില്ലാതെയുള്ള വന്‍ മുതല്‍മുടക്കും അത്യുല്പാദനവും ഈ മേഖലയില്‍ സംഭവിച്ചു.  ഉല്പാദനം വര്‍ദ്ധിയ്ക്കുമ്പോള്‍ ചോദനം കുറയുമെന്നും കമ്പോളവിലയിടിയുമെന്നുമുള്ള സാമ്പത്തികശാസ്ത്രതത്വങ്ങളൊന്നും പാവം കര്‍ഷകര്‍ക്കറിയില്ലല്ലോ ?  അന്യസംസ്ഥാനത്തു വന്‍തുക മുടക്കിക്കൊണ്ട് പാട്ടകൃഷിനടത്തിവിളവെടുത്തപ്പോള്‍ മാര്‍ക്കറ്റ്‌വിലയിടിഞ്ഞുപോയതില
ുള്ള നൈരാശ്യമാണ് കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് നയിച്ചത്. ഇപ്പോള്‍ കര്‍ണ്ണാടകത്തില്‍ ഇഞ്ചിയ്ക്ക് 500-550 രൂപയും വയനാട്ടില്‍ 400-450 രൂപയും മാത്രമേ ലഭിയ്ക്കുന്നുള്ളു.  കര്‍ഷകര്‍ പ്രതീക്ഷിച്ചതാകട്ടെ ചാക്കിന് അഥവാ 60 കിലോയ്ക്ക് 1300 രൂപയായിരുന്നുതാനും.  രണ്ടു ലക്ഷം രൂപവരെ പല ബാങ്കുകളില്‍ നിന്നും പല ആവശ്യങ്ങളുടെ പേരിലും എടുത്തതുകയാണ് സാധുക്കളായ കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടത്. ദൗര്‍ഭാഗ്യവശാല്‍ കുടകില്‍ കൃഷിചെയ്ത കര്‍ഷകര്‍ ആരുംതന്നെ കൃഷിവകുപ്പിന്റെ സഹായം തേടിയിരുന്നില്ലായെന്നുള്ളതാണ് കൃഷിഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.  കേരളത്തിലെ കൃഷിവകുപ്പിന് കുടകില്‍പ്പോയി പാട്ടകൃഷിനടത്തുന്നവരെ കണ്ടെത്തുവാനുള്ള സംവിധാനങ്ങളൊട്ടില്ലതാനും.

ഇനിയെങ്കിലും കാര്‍ഷികകടങ്ങളെ നിയമാനുസൃതമായ രീതിയില്‍ സ്ഥിരീകരിച്ചുകൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം തേടുവാനുള്ള ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് സംസ്ഥാനഗവണ്‍മെന്റ് ഏര്‍പ്പെട്ടിരിയ്ക്കുന്നത്.  കേരളസംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രയും കര്‍ഷകാഭിമുഖ്യമുള്ള ഒരു ഗവണ്‍മെന്റ് ഉണ്ടായിട്ടില്ല.  കൃഷി പുരോഗമിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ ഭാവി അപടകത്തിലാകുമെന്നുമനസ്സിലാക്കിക്കൊണ്ടുള്ള കാര്‍ഷികാനുബന്ധപദ്ധതികളാണ് യു.ഡി.എഫ് ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.  ഒരു ഹെക്ടര്‍ വരെയുള്ള ചെറുകിടകര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള ഗവണ്‍മെന്റാണിത്.  പരിസ്ഥിതിനിയമത്തില്‍ നിന്നും കര്‍ഷകരെ ഒഴിവാക്കിക്കൊണ്ട് കൃഷിനശിപ്പിയ്ക്കുന്ന വന്യമൃഗങ്ങളെപ്പോലും തുരത്തിയോടിയ്ക്കുവാനുള്ള നിയമം ഈ ഗവണ്‍മെന്റിനുമാത്രമാണ് കഴിഞ്ഞിട്ടുള്ളത്.  ഐക്യജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരമേറ്റതിനുശേഷമാണ് കുട്ടനാടന്‍ കര്‍ഷകര്‍ക്കുള്ള പമ്പിംഗ് സബ്‌സീഡി പൂര്‍ണ്ണമാക്കിയത്.  എല്ലാ കൃഷിക്കാര്‍ക്കും ബാധകമായ അപകടഇന്‍ഷ്വറന്‍സും പെന്‍ഷന്‍ ആനുകൂല്യങ്ങളും കൂടിച്ചേര്‍ന്ന കാര്‍ഷികഇന്‍ഷ്വറന്‍സ് പദ്ധതിയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കി.  എന്നിട്ടും അകലെയെങ്ങോ മാരീചവിലാപങ്ങളുയര്‍ത്തിക്കൊണ്ട് കേരളസര്‍ക്കാരിനെ വിഷമവൃത്തത്തിലകപ്പെടുത്തുവാനുള
്ള ഇടതുപക്ഷകുതന്ത്രങ്ങളെ കര്‍ഷകര്‍ തിരിച്ചറിയണം.  

ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന ചൈന കൃഷിരീതികള്‍ മെച്ചപ്പെടുത്തുന്നതിനും മണ്ണിന്റെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിയ്ക്കുന്നതിനും വേണ്ടി ഇന്ത്യന്‍ ശാസ്ത്രജ്ഞരെ ആശ്രയിക്കുന്നു.  എന്നാല്‍ ഇന്ത്യയിലെ ഇടതുപക്ഷമാകട്ടെ ശാസ്ത്രീയകാര്‍ഷികരീതികളെയാകെ അട്ടിമറിയ്ക്കാന്‍ വേണ്ടി ശ്രമിയ്ക്കുന്നു.  മണ്ണിനോട് മല്ലടിച്ച് മനം മടുത്ത ഒരു സമൂഹത്തെ ബോധപൂര്‍വ്വം സൃഷ്ടിച്ച്, അവരെ നഷ്ടസ്വപ്നങ്ങളുടെ വിഷാദങ്ങളുടെയും പ്രതികാരാഗ്നിയുടെയും ചെങ്കൊടി പിടിപ്പിയ്ക്കുവാനുള്ള ശ്രമമാണവര്‍ തുടര്‍ന്നുകൊണ്ടിരിയ്ക്കുന്നത്.
കേരളത്തിന്റെ കാര്‍ഷിക ഭൂമികയെ നിലനിര്‍ത്തുന്നത് ഇടതുപക്ഷമാണെന്ന മട്ടിലാണവരുടെ പ്രസംഗങ്ങളൊക്കെത്തന്നെയും.  എന്നാല്‍ കേരളത്തിലെ കാര്‍ഷികപുരോഗതിയെ ത്വരിതപ്പെടുത്തുന്നതും ചുക്കാന്‍ പിടിക്കുന്നതുമായ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൃഷിവകുപ്പ് ആരംഭിച്ചത് 1924-ലായിരുന്നുവെന്ന വസ്തുത അതിന്റെ ഭരണരസങ്ങളിലുല്ലസിച്ചുപോന്ന ഇടതുപക്ഷക്കാര്‍ മറച്ചുവയ്ക്കുന്നു.  1962-ല്‍ സംസ്ഥാനത്തൊട്ടാകെ 144 ചഋട ബ്ലോക്കുകളുടെ പ്രവര്‍ത്തനമാരംഭിച്ചത് ആര്‍.ശങ്കറിന്റെ ഭരണകാലഘട്ടത്തിലായിരുന്നു. ഓരോ ബ്ലോക്കിലും ഓരോ കൃഷിവികസനഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികഭാവം നല്‍കുവാന്‍ ശ്രമിച്ചത് ആര്‍.ശങ്കറിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റായിരുന്നു. 

കോണ്‍ഗ്രസ്സ് പങ്കാളിത്തമുണ്ടായിരുന്ന സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് 1971-72 കാലയളവില്‍ നെല്‍കൃഷി ഊര്‍ജ്ജിതമാക്കുന്നതിനുവേണ്ടി 40 നെല്‍കൃഷിവികസനയൂണിറ്റുകള്‍ ആരംഭിച്ചത്.  1983ലെ കോണ്‍ഗ്രസ്സ് മന്ത്രിസഭയാണ് കൃഷിവകുപ്പിനെ പൂര്‍ണ്ണമായും പുനഃസംഘടിപ്പിച്ചത്.  അതോടുകൂടി 36 സബ്ഡിവിഷനുകളും 37 കൃഷിവിജ്ഞനവ്യാപനയൂണിറ്റുകളുമായി കേരളത്തിലെ കൃഷിവകുപ്പ് ഊര്‍ജ്ജ്വസ്വലമായി.  1986-89 വരെയുള്ള കാലയളവില്‍ പഞ്ചായത്തുതോറും കൃഷിഭവന്‍, കര്‍ഷകപ്രതിനിധികള്‍, സമൂഹ്യരാഷ്ട്രീയപ്രവര്‍ത്തകര്‍,വായ്പാസ്ഥാനപങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തില്‍ കാര്‍ഷികപുരോഗതിയെ പരിപോഷിപ്പിയ്ക്കുവാനുള്ള ജനാധിപത്യനടപടികള്‍ക്ക് തുടക്കംകുറിച്ചതും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു.  അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് കാര്‍ഷികരംഗത്തിന്റെ സമഗ്രപരിഷ്‌ക്കരണത്തിനുവേണ്ടി ഐക്യജനാധിപത്യമുന്നണി ഗവണ്‍മെന്റ് ബജറ്റിലൂടെയും മറ്റു മേഖലകളിലൂടെയും കര്‍ഷകരെ പരമാവധി പരിരക്ഷിയ്ക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്. 
 കേരള ഗവണ്‍മെന്റിന്റെ സുതാര്യസമീപനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിലൂടെ മനസ്സിലാക്കിക്കൊണ്ട് ഇസ്രയേല്‍ മുംബൈ കോണ്‍സല്‍ ജനറല്‍ ഓര്‍നസഗീവ് അടുത്തയിടെ കേരളത്തിലെത്തുകയുണ്ടായി.  കാര്‍ഷികോല്പാദനത്തിലും ജലവിഭവവിനിയോഗത്തിലും കേരളത്തിനു സാങ്കേതികവിദ്യ നല്‍കാന്‍ തയ്യാറാണെന്ന് കോണ്‍സല്‍ ജനറല്‍ ഓര്‍നസഗീവ് പ്രഖ്യാപിയ്ക്കുകയും ചെയ്തു.  ജലവിഭവവിനിയോഗത്തെക്കുറിച്ച് നവംബര്‍ മാസത്തില്‍ ടെല്‍ അവീവില്‍ നടക്കുന്ന 'വാടെക്' രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ കേരള മന്ത്രിമാര്‍ക്ക് ക്ഷണവും ലഭിച്ചു.

ആഗോളതലത്തില്‍ തന്നെ ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു കാര്‍ഷികസംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഗവണ്‍മെന്റ് ഏര്‍പ്പെട്ടിട്ടുള്ളത്.  കൃഷിനശിച്ചതിന്റെ പേരില്‍ ഒരു മനുഷ്യജീവന്‍ പോലും കുരുതി കഴിയ്ക്കപ്പെടുവാന്‍ പാടില്ല.  ഇന്ത്യയുടെ ഹരിതവിപ്ലവകാലഘട്ടത്തില്‍ ബാങ്കിങ് മേഖല വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.  ഭക്ഷ്യസുരക്ഷാപദ്ധതി പ്രാവര്‍ത്തികമാകാന്‍ പോകുന്ന ചരിത്രപ്രധാനമായ കാലഘട്ടത്തില്‍ കാര്‍ഷികമേഖലയ്ക്കു കരുത്തുപകരുവാന്‍ ബാങ്കുകള്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്.  മൈക്രോഫിനാന്‍സിങ് പോലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ട് കര്‍ഷകരെ സഹായിക്കുന്നതിനുവേണ്ടി ഗവണ്‍മെന്റിതര ഏജന്‍സികളും സാമൂഹ്യസംഘടനകളും മുന്നിട്ടിറങ്ങേണ്ടതുണ്ട്.  കൃഷിരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, സ്വന്തം പദ്ധതിത്തുകകള്‍ ചെലവാക്കുന്നതിനുള്ള സര്‍ക്കാര്‍ ശാഖകള്‍ എന്നുനിലവിലുള്ള സമീപനവും കാഴ്ച്ചപ്പാടും മാറ്റി, കൃഷിയിലെ താല്‍കാലികവും ഭാവിയിലുമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് മൊത്തത്തിലുള്ള വികസനയജ്ഞത്തിന്റെ കൂട്ടാളികളായി പ്രവര്‍ത്തിയ്ക്കണം. റബ്ബര്‍ ഒഴിച്ചുള്ള മറ്റെല്ലാ വിളകളുടെയും കൃഷിയില്‍ നിന്നുള്ള ആദായം കര്‍ഷകന് തികച്ചും അനാകര്‍ഷകമാണ്.  തന്മൂലം കൃഷിയിലേയ്ക്ക് ധനനിക്ഷേപം കുറഞ്ഞുവരികയാണ്.  ധനകാര്യസ്ഥാപനങ്ങള്‍ കൃഷിയ്ക്കു നല്‍കുന്ന പണത്തിന്റെ വളരെ ചെറിയ അംശം മാത്രമാണ് ഉല്പാദനമേഖലയിലേയ്ക്ക് വരുന്നത്.  പണം നല്‍കുന്നതിലും തിരിച്ചുപിടിയ്ക്കുന്നതിലും മാത്രമായി ധനകാര്യസ്ഥാപനങ്ങളുടെ ശ്രദ്ധ ചുരുങ്ങിപ്പോകുവാന്‍ പാടില്ല.


ഉല്‍പ്പന്നവിലയിലെ തകര്‍ച്ച, കാര്‍ഷികേതര വിളകള്‍ക്കുവേണ്ടി ഭൂമിയെ ഈടുവച്ച് പണമെടുക്കുന്നതു തുടങ്ങി നിരവധി കാരണങ്ങള്‍ കര്‍ഷകരുടെ ആത്മഹത്യകള്‍ക്കുപിന്നിലുണ്ട്. ഇവയ്ക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ സഹായിക്കുന്നതിനുപകരം കര്‍ഷകആത്മഹത്യകളെ രാഷ്ട്രീയആയുധമാക്കുവാനുള്ള ശ്രമങ്ങളാണ് ഇടതുപക്ഷം എക്കാലത്തും നടത്തിയിട്ടുള്ളത്.  ബഹിരാകാശശാസ്ത്രജ്ഞന്‍മാര്‍ തുടങ്ങി എല്ലാ ശാസ്ത്രസാങ്കേതികസമൂഹവും ധനകാര്യസ്ഥാപനങ്ങളും വികസനവകുപ്പുകളും ജനങ്ങളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി കാര്‍ഷികപരിരക്ഷയ്ക്കുവേണ്ടി മുന്നിട്ടിറങ്ങണം.  കാര്‍ഷികവായ്പകളെക്കുറിച്ചും അതിന്റെ വിനിയോഗരീതികളെക്കുറിച്ചും കര്‍ഷകര്‍ക്ക് അവബോധം നല്‍കുന്നതിനുള്ള കൗണ്‍സിലിംങ് സെന്ററുകള്‍ എല്ലാ പഞ്ചായത്തുകളിലും ആരംഭിയ്‌ക്കേണ്ടതുണ്ട്.  ക്ഷണിതമായ പരാജയങ്ങളില്‍ മനംനൊന്ത് വിലപ്പെട്ട ജീവിതം ബലികഴിയ്ക്കുവാന്‍ തയ്യാറാകരുത്.  മാനസികാരോഗ്യമില്ലാത്ത ഒരു കാര്‍ഷികസമൂഹം രാജ്യപുരോഗതിയ്ക്ക് വിഘാതമായിരിയ്ക്കും.          രാജ്യം മുഴുവന്‍ വരണ്ടുവെണ്ണീറായിട്ടും ഒരു പുല്‍നാമ്പുപോലും മുളയ്ക്കാത്ത മണ്ണിനെ ഫലഭൂയിഷ്ഠമാക്കി മാറ്റിയ ബലഭദ്രരാമന്റെ കഥ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.  യമുനാനദിയിലെ ജലം തന്റെ കലപ്പകൊണ്ട് കീറിയചാലുകളിലൂടെ കൃഷിയിടങ്ങളിലേയ്‌ക്കൊഴുക്കിയ സാഹസികതയുടെ കഥ.  ഏതു വരണ്ട മണ്ണില്‍ നിന്നും പുതുനാമ്പുകള്‍ സൃഷ്ടിയ്ക്കാമെന്ന പാഠമാണതു നല്‍കുന്നത്.  ബലഭദ്രരാമന്റെ മനോധൈര്യം നമ്മുടെ കര്‍ഷകര്‍ക്കും മാതൃകയാകട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ