Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

വ്യാവസായിക വളര്‍ച്ചക്ക് സത്വര നടപടി വേണം




ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ രാജ്യത്തേക്കു കാലെടുത്തുവെക്കുന്നതിന്റെ ലക്ഷണങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഓഹരി വിപണിയില്‍ നിരന്തരമുണ്ടാകുന്ന ഇടിവുകളും രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ചയും മറികടക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. അല്ലാത്തപക്ഷം നിയന്ത്രണാതീതമാംവിധം വ്യാവസായിക തകര്‍ച്ചക്ക് വഴിവെച്ചേക്കും.
ഉത്പാദനത്തിലെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് കണക്കുകൂട്ടിയിരുന്നുവെങ്കിലും നെഗറ്റീവ് വളര്‍ച്ച ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. പാശ്ചാത്യ രാഷ്ട്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താഴ്ന്നപ്പോഴും വിജയകരമായി മറികടക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ സാമ്പത്തിക നയങ്ങളിലൂടെയാണ് ആഗോള സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാന്‍ നമുക്കായത്. സക്രിയമായ സാമ്പത്തിക നയങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മേഖല ആടിയുലയാതെ പിടിച്ചു നിര്‍ത്തുകയും ചെയ്തു. എന്നാല്‍ പുതിയ വര്‍ഷത്തിന്റെ തുടക്കം മുതല്‍ രാജ്യത്തെ വ്യാവസായിക ഉത്പാദന വളര്‍ച്ചാ സൂചിക പിറകോട്ടടിക്കുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ പിടികൂടുന്നതിന്റെ ലക്ഷണമാണിതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഓഹരിയില്‍ വന്‍ തകര്‍ച്ച നേരിടുന്നതും രൂപയുടെ വിനിമയ മൂല്യം കുത്തനെ ഇടിയുന്നതും സാമ്പത്തിക വളര്‍ച്ചക്ക് വിലങ്ങുതടിയാകുന്നുണ്ട്. വ്യവസായ തളര്‍ച്ചയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതു മുതലാണ് ഓഹരിക്കമ്പോളത്തില്‍ വന്‍ തകര്‍ച്ചയുണ്ടായത്. രണ്ടാഴ്ചക്കുള്ളില്‍ 664 പോയിന്റ് ഇടിവുണ്ടായത് സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിക്കുകയും ചെയ്തു. സെന്‍സെക്സ് 16,000 പോയിന്റിലും താഴെ രേഖപ്പെടുത്തിയത് ആരോഗ്യകരമല്ലെന്ന് ഓഹരി വിപണി വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. വരും ദിനങ്ങളിലും ഇതു തുടരാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ മുന്‍കരുതലെടുക്കേണ്ടത് അനിവാര്യമാണ്. രൂപയുടെ മൂല്യത്തകര്‍ച്ച ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തുന്നതും നമ്മെ ആശങ്കപ്പെടുത്തുന്നുണ്ട്. 1.56 ശതമാനം തകര്‍ച്ചയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരിക്കുന്നത്.
വ്യാവസായിക തളര്‍ച്ച തുടര്‍ന്നാല്‍ വിലക്കയറ്റം രൂക്ഷമാകുമെന്നത് ഭീതിയുയര്‍ത്തുന്നതാണ്. ഇത് രാജ്യത്തെ കടുത്ത ദാരിദ്രyത്തിലേക്കു തള്ളിവിടുന്നതിന് ഇതു കാരണമാകും. വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് കൂനിന്‍മേല്‍ കുരുവെന്ന പോലെ രൂപയുടെ മൂല്യത്തകര്‍ച്ചയുണ്ടായത്. പുതിയ ഭക്ഷ്യ സുരക്ഷാ ബില്ലിലൂടെ ഭക്ഷ്യക്കമ്മിക്കു പരിഹാരം കാണാന്‍ കഴിയുമെന്ന കണക്കുകൂട്ടലുകളിലായിരുന്നു കേന്ദ്രം. എന്നാല്‍ ഓഹരി വിപണിയിലെ വന്‍ ഇടിവും രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ചയും കേന്ദ്രസര്‍ക്കാരിന്റെ പുനരുജ്ജീവന നീക്കങ്ങള്‍ക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ്. രൂക്ഷമായ വിലക്കയറ്റത്തിന് തടയിടാന്‍ റിസര്‍വ് ബാങ്ക് 17 മാസത്തിനുള്ളില്‍ 13 തവണയാണ് പലിശനിരക്ക് വര്‍ധിപ്പിച്ചത്.
ലോകം സാമ്പത്തിക ഞെരുക്കത്തിലേക്കാണ് പോകുന്നതെന്ന് എെക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് കണക്കിലെടുത്താണ് കേന്ദ്രം പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് ഒരുങ്ങിയത്. നേരത്തെ ആഗോള സാമ്പത്തിക മേഖലയില്‍ ഇതേ സാഹചര്യം ഉടലെടുത്തപ്പോള്‍ സ്വീകരിച്ചതിനേക്കാള്‍ ശക്തമായ നടപടികള്‍ക്കാണ് യു.പി.എ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നത്. ഇതിനെ മറികടക്കുന്ന രീതിയില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ചാ സൂചിക മൈനസ് 5.1 എന്ന നിലയിലെത്തിയത് കനത്ത തിരിച്ചടിയായി.
ജൂലൈ സെപ്തംബര്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമായി കുറഞ്ഞിരുന്നു. ഇത് വീണ്ടും കുറയാനാണ് സാധ്യതയെന്ന സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം ആശങ്കയുയര്‍ത്തുന്നതാണ്. വ്യവസായ ഉത്പാദന വളര്‍ച്ച ഒക്ടോബറില്‍ മൈനസ് 5.1 ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ ഇത് 11.3 ആയിരുന്നു. യൂറോപ്പിലും അമേരിക്കയിലും പടരുന്ന സാമ്പത്തിക പ്രതിസന്ധി കയറ്റുമതി മേഖലയില്‍ ഇടിവുണ്ടാക്കിയതും ആവശ്യത്തില്‍ വന്ന കുറവുമാണ് വ്യവസായ ഉത്പാദന തളര്‍ച്ചക്കു കാരണം.
ആഗോള വിപണിയില്‍ രണ്ടാമതൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണിത്. 2008ലെ മാന്ദ്യത്തിനു ശേഷം തിരിച്ചുവരവിന്റെ പാതയിലായിരുന്നു ആഗോള സമ്പദ് വ്യവസ്ഥ. എന്നാല്‍ യു.എസ്, യുറോ സോണിലെ അനിശ്ചിതാവസ്ഥയാണ് വീണ്ടുമൊരു സാമ്പത്തിക പ്രതിസന്ധിക്കു ജന്‍മം നല്‍കിയത്. വികസര രാജ്യങ്ങളിലെല്ലാം നാണയപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുകയാണ്. അമേരിക്കയും യൂറോപ്പും വളര്‍ച്ചയില്‍ പിന്നോട്ടാണെന്ന് സാമ്പത്തിക സര്‍വേകള്‍ വ്യക്തമാക്കുന്നു. കയറ്റുമതി രംഗത്തെ തളര്‍ച്ചക്കും മൂലധന ഒഴുക്കിലെ കുറവിനുമിടയ്ക്കാണ് രാജ്യത്തെ വ്യാവസായിക ഉത്പാദന വളര്‍ച്ചയിലുണ്ടായിരിക്കുന്ന പുതിയ മാന്ദ്യം. ഉത്പാദനം, ഖനനം, മൂലധന സാമഗ്രി തുടങ്ങിയ മേഖലകളിലെ പ്രകടനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ പ്രതിസന്ധി പരിഹരിക്കാനാകും. റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ച് പുതിയ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ്. ഇത് വിജയം കണ്ടാല്‍ വ്യാവസായിക വളര്‍ച്ചയിലേക്ക് വഴിയൊരുങ്ങും. പുതിയ പ്രതിസന്ധിയെ തരണം ചെയ്യാന്‍ രാജ്യത്തിനാകുമെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രഖ്യാപനവും പ്രത്യാശ നല്‍കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ