|
ഏതു രാഷ്ട്രത്തിലെയും
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിശ്ചിതമായ ചില അവകാശങ്ങളുണ്ട്. ലോകാടിസ്ഥാനത്തില്‍
അംഗീകരിക്കപ്പെട്ടതാണ്. ഈ അവകാശങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ 1992
ഡിസംബര്‍ 18ന്, എെക്യരാഷ്ട്ര സഭയുടെ ജനറല്‍കൗണ്‍സില്‍ അംഗീകരിച്ച പ്രമേയവും
പ്രഖ്യാപനവും ന്യൂനപക്ഷ സംരക്ഷണത്തില്‍ മാഗ്നാകാര്‍ട്ടയായി നിലനില്ക്കുന്നു. ഒരു
രാഷ്ട്രത്തിലെ ന്യൂനപക്ഷവിഭാഗങ്ങള്‍ സംതൃപ്തരാണോ എന്നതിനെ ആശ്രയിച്ചാണ് ആ
രാജ്യത്തെ ഭരണം പൂര്‍ണ്ണത കൈവരിക്കുന്നുവോ ഇല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നത്.
ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയില്‍
സ്വാതന്ത്രyത്തിന് ശേഷം നേരിട്ട ദു:ഖ സംഭവങ്ങളില്‍ പലതും ന്യൂനപക്ഷ വിഭാഗത്തിന്റെ
അസംതൃപ്തിയില്‍ നിന്ന് ഉടലെടുത്തവയായിരുന്നു എന്ന് കാണാന്‍ സാധിക്കും. ഇന്ത്യയുടെ
ഉരുക്കു വനിത ഇന്ദിരാ ഗാന്ധിയുടെ വേര്‍പാടു പോലും ഇങ്ങനെയൊരു വിഷയവുമായി
ബന്ധപ്പെട്ടാണിരിക്കുന്നത്. സന്തോഷകരം എന്നു പറയാം; ജനാധിപത്യത്തിന്റെ ഈ ഭിത്തി
ന്യൂനപക്ഷ ക്ഷേമംഭദ്രമാക്കാനുള്ള ശക്തമായ ചില നടപടികള്‍ ഇന്ത്യ ഭരിക്കുന്ന യു. പി.
എ മുന്നണിയും പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍സിംങ്ങും ആരംഭിച്ചു
കഴിഞ്ഞു. രാഷ്ട്രത്തിന്റെയും സമ്പൂര്‍ണ്ണ വികസനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ആ
രാജ്യത്തിലെ എല്ലാ കോണുകളിലുമുള്ള ജനങ്ങള്‍ രാജ്യം വിഭാവനം ചെയ്യുന്ന പുരോഗമന
പ്രവര്‍ത്തനത്തില്‍ പങ്കാളിത്വമുള്ളവരായിരിക്കണമെന്ന യു.എന്‍. പ്രമേയത്തിന്റെ
അന്തസത്ത ഉള്‍കൊണ്ടാണ് ഇന്ത്യയും മഹത്തായ ഈ പരിവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത്.
മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി എന്നീ ന്യൂന പക്ഷ വിഭാഗങ്ങളുള്ള
ഇന്ത്യയുടെ ആദ്യത്തെ ന്യൂനപക്ഷകമ്മീഷന്‍ 1978 ഫിബ്രവരി 22 ന്
രൂപീകൃതമായിരുന്നുവെങ്കിലും ഫലപ്രദമായി വിഷയങ്ങള്‍ കണ്ടെത്താനും ഇടപെടുവാനും
പരിഹരിക്കുവാനും സാധിക്കാതെ പോയി എന്നതാണ് സത്യം. മുന്‍കാല ഭരണാധികാരികള്‍ക്ക്
വന്ന വീഴ്ചകള്‍ തിരുത്താനും പുതിയ കാഴ്ചപാടുകള്‍ സൃഷ്ടിക്കുവാനും സാധിക്കുന്ന
സമീപനങ്ങളാണ് കേന്ദ്ര സര്‍ക്കാറിനുള്ളതെന്ന് സമീപകാല പ്രവര്‍ത്തനങ്ങളില്‍ നിന്ന്
ന്യൂനപക്ഷ വിഭാഗ ങ്ങള്‍ക്ക് തീര്‍ച്ചയായും ബോധ്യപ്പെട്ടിട്ടുണ്ട്
ഇപ്പോള്‍. 2011 ന് അവസാനത്തില്‍ ഇന്ത്യാഗവര്‍മെന്റ് എടുത്ത സുപ്രധാന തീരുമാനം
ഭാരത്തിലെ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഏറെ ആശ്വാസം നല്കുന്നതാണ്. ഒ. ബി. സി
സംവരണത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നാലരശതമാനം ക്വാട്ട ഉള്‍പ്പെടുത്താനുള്ള ഈ
തീരുമാനം ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് സമൂഹത്തിന്റെ പുറമ്പോക്കിലേക്ക്
തള്ളപെട്ട മുസ്ലിംകളടക്കമുള്ള വിഭാഗങ്ങളുടെ പുരോഗമന ചരിത്രത്തില്‍ വലിയ മുതല്‍
കൂട്ടാവും എന്നതില്‍ സംശയമില്ല. ഇത്തരം ഒരു തീരുമാനം കൈകൊള്ളാന്‍ ഇന്ത്യക്ക്
എെക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം സഹായകരമാവുന്നതോടൊപ്പം ഇന്ത്യന്‍ ഭരണഘടന തന്നെ
പ്രത്യക്ഷമായോ പരോക്ഷമായോ മതം, ജാതി, വംശം, ഭാഷ തുടങ്ങിയതലങ്ങളിലുള്ള
ന്യൂനപക്ഷങ്ങളുടെ പുരോഗതി, നിസ്സംശയം പ്രഖ്യാപനം നടത്തുന്നു എന്നത് അടിവരയിടേണ്ട
സത്യമാണ്. നമ്മുടെ ഭരണഘടനാ ശില്പികളുടെ ഉള്‍കാഴ്ചയും ദീര്‍ഘദൃഷ്ടിയും
ഉള്‍ക്കൊള്ളുവാന്‍ നമുക്ക് സാധിക്കും. ലോകത്തില്‍ ഏറ്റവും അധികം മുസ്ലിംകളുള്ള
രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യന്‍ മുസ്ലിംകളുടെ പൊതുഅവസ്ഥ എസ്സി/എസ്ടി
വിഭാഗങ്ങളെക്കാള്‍ താഴെയാണെന്ന് പല കമ്മീഷന്‍ റിപോര്‍ട്ടുകളും വിളംബരം ചെയ്യുന്നു.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് റിപ്പോര്‍ട്ടുകളാണ് സച്ചാര്‍ കമ്മീഷന്‍,
രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍. സച്ചാര്‍കമ്മീഷന്‍ മുസ്ലിംകളുടെ
പിന്നാക്കാവസ്ഥയുടെ സ്ഥിതിവിവരണകണക്കുകളടങ്ങിയ മെഡിക്കല്‍
റിപ്പോര്‍ട്ടായിരുന്നുവെങ്കില്‍ രംഗനാഥ്മിശ്ര കമ്മീഷന്‍
പരിഹാരനിര്‍ദ്ദേശമായിരുന്നു. 10 % സംവരണം ശുപാര്‍ശചെയ്യുന്ന രംഗനാഥാമിശ്രകമ്മീഷന്‍
ശിപാര്‍ശകള്‍ നടപ്പിലാക്കുമ്പോഴെ ഭാരതം സമ്പൂര്‍ണ്ണ ന്യൂനപക്ഷ ക്ഷേമ രാഷ്ട്രമായി
ഉയര്‍ന്നു നില്ക്കുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഇനിയുള്ള കാലം രാഷ്ട്രീയ,
സാമൂഹ്യ, സംഘടനകളും ജനപ്രതിനിധികളും ഉള്‍കൊള്ളേണ്ട ഒരു സത്യമാണിത്. രംഗനാഥ
കമ്മീഷന്‍ അംഗീകരാത്തിനായി സമ്മര്‍ദ സമര മാര്‍ഗ്ഗങ്ങള്‍ മുസ്ലീംരാഷ്ട്രീയ സാമൂഹ്യ
സംഘടനകള്‍ തുടങ്ങുക തന്നെ വേണം. കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളും
നടപടികളും അംഗീകരിച്ചു കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് ഫെഡറല്‍ സംവിധാനം
അംഗീകരിച്ച ഒരു രാജ്യത്ത് സംസ്ഥാനങ്ങളുടെ ചുമതല. എന്നാല്‍ ന്യൂനപക്ഷ ക്ഷേമ രംഗത്ത്
കഴിഞ്ഞ അഞ്ചു വര്‍ഷം കേരളം ഭരിച്ച എല്‍. ഡി. എഫ് ചെയ്തത് ക്രൂരമായ
നടപടികളായിരുന്നു. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവന്റെ അഭിവൃദ്ധിക്കായി
നല്കിയ കോടാനുകോടി രൂപകള്‍ ചെലവഴിക്കാതിരിക്കുകയും കുറെ വകമാറ്റി ചെലവഴിക്കുകയും
ചെയ്ത ക്രമവിരുദ്ധ, നീതിരഹിത പ്രവര്‍ത്തനങ്ങളുടെ കഥ വലിയ അന്വേണമില്ലാതെ
കണ്ടെത്തുവാന്‍ സാധിക്കും. ഇന്ന് കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം
ചെയ്യുന്ന പി.കെ. കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തില്‍ എെതിഹാസികമായ മുന്നേറ്റമാണ് ഈ
രംഗത്ത് നടന്നു കൊണ്ടിരിക്കുന്നത്. ന്യൂന പക്ഷ ക്ഷേമത്തിനായുള്ള വിദ്യാഭ്യാസ
സാമൂഹിക കാര്‍ഷിക വ്യവസായ മേഖലകളടക്കം സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കുമുള്ള
സമ്പൂര്‍ണ്ണ കേന്ദ്രവികസന പദ്ധതികള്‍ യഥാസമയം നടപ്പിലാക്കുവാനും സംസ്ഥാനത്തിന്റെ
സ്വന്തം പദ്ധതികള്‍ ഭാവനാപൂര്‍ണ്ണം ആസൂത്രണം ചെയ്യാനു ഈ സര്‍ക്കാറിന്
സാധിക്കുന്നുണ്ട്. സംസ്ഥാന ന്യൂനപക്ഷ ഡയരക്ടറേറ്റിനെ നോഡന്‍ ഏജന്‍സിയാക്കിയും
ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോര്‍പറേഷന്‍ യാഥാര്‍ത്ഥ്യമാക്കിയും പ്രഫഷണല്‍
വിദ്യാര്‍ത്ഥികള്‍ക്കായി നിലവാരമുള്ള കോച്ചിംഗ് സെന്ററുകള്‍ ആരംഭിച്ചും പ്രധാന
മന്ത്രിയുടെ 15 ഇന പ്രത്യേക പരിപാടിക്കായി സംസ്ഥാന ജില്ലാതല ക്രമീകരണങ്ങള്‍ ചെയ്തും
ഈ വകുപ്പും മന്ത്രിയും വേറിട്ട അനുഭവമായിമാറിയിരിക്കുന്നു. യാഥാര്‍ത്ഥ്യമായ
പദ്ധതികള്‍ക്ക് പുറമെ നിരവധി ഭാവനപൂര്‍ണ്ണമായ പദ്ധതികളാണ് കേരളന്യൂനപക്ഷക്ഷേമ
വകുപ്പ് വിഭാവന ചെയ്യുന്നത്. ഒരു വര്‍ഷം കൊണ്ട് തന്നെ ഇവ ന്യൂനപക്ഷങ്ങള്‍ക്ക്
അനുഭവിക്കാനാകും വിധമാണ് പ്രവര്‍ത്തനങ്ങള്‍നടത്തുന്നത്. ബംഗ്ലാദേശില്‍ നിന്ന്
ആരംഭിച്ച് കേരളം ഏറ്റെടുത്ത് രാജ്യത്തിന് തന്നെ മാതൃക സൃഷ്ടിച്ച കുടുംബശ്രീ
മാതൃകയില്‍ ന്യൂനപക്ഷ വിഭാഗ ങ്ങള്‍ക്കായി സ്വയം സഹായസംഘങ്ങള്‍ എന്ന ആശയം ഇതില്‍
ഉള്‍പ്പെടുന്നു. ഹരിജനക്ഷേമത്തിനും യുവജനക്ഷേമ ത്തിനും ഉള്ളത് പോലെ ന്യൂനപക്ഷ
ക്ഷേമത്തിനും പ്രമോട്ടര്‍മാരെ നിയമിക്കുവാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.
ന്യൂപക്ഷ വിഭാഗങ്ങളുടെ പുരോഗമനം വെട്ടി തെളിയിച്ച കേരളത്തിന്റെ ചരിത്രത്തില്‍
സ്വര്‍ണ്ണ ലിപി കൊണ്ട് കുറിക്കേണ്ട ചരിത്രമാറ്റത്തിന് പിന്നോക്ക വികസനവകുപ്പ്
ശിലയിട്ടു കഴിഞ്ഞു എന്നതാണ് നമുക്ക് കണ്‍തുറന്നു കാണാവുന്ന നഗ്ന സത്യം. കാലം
പാടിത്തരുന്ന ഉണര്‍ത്തുപ്പാട്ട് ഏറ്റു ചൊല്ലാന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍
ഉണരേണ്ടിയിരിക്കുന്നു. അവകാശങ്ങളും ആനൂകൂല്യങ്ങളും ഉപയോഗപെടുത്തുവാന്‍ സാമൂഹ്യ
രാഷ്ട്രീയസാംസ്കാരികമതനേതൃത്വം അര്‍പിതമായ ഉത്തരവാദിത്വ നിര്‍വഹണം നടത്തിയെ പറ്റൂ.
ചക്രവാളത്തില്‍ ഉയരുന്ന പുതിയ നക്ഷത്രങ്ങളുടെ പ്രകാശങ്ങള്‍ സ്വീകരിക്കാന്‍ നമുക്ക്
സാധിക്കണം. |
|
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ