ആഗോള സാമ്പത്തിക മാന്ദ്യവും അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വവും യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ പടര്‍ത്തുമ്പോള്‍ വലിയൊരളവോളം ആശ്വാസമാണ് പൊതുമേഖലയില്‍ സര്‍ക്കാര്‍ ഒരുക്കുന്ന തൊഴില്‍ അവസരങ്ങള്‍. പി.എസ്.സിയും വിവിധ ബോര്‍ഡുകളും നടത്തുന്ന എഴുത്തു പരീക്ഷയും അഭിമുഖവും വിജയിച്ച് മാന്യമായൊരു തൊഴില്‍ സമ്പാദിക്കുകയെന്ന മോഹം ഉള്ളില്‍ കൊണ്ടു നടക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുണ്ട്. ഒഴിവു വരുന്ന ഉദ്യോഗങ്ങളിലേക്ക് സമയക്രമം പാലിച്ചും നീതിയുക്തമായും പരീക്ഷ നടത്തി റാങ്ക്ലിസ്റ്റ് തയാറാക്കുകയും നിയമനം നല്‍കുകയും ചെയ്യുകയെന്നത് പബ്ലിക് സര്‍വീസ് കമ്മീഷന്റെ ചുമതലയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ക്കശമായ ഇടപെടലിനെ തുടര്‍ന്നാണെങ്കിലും 485 റാങ്ക്ലിസ്റ്റുകളുടെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടാന്‍ പി.എസ്.സി യോഗം ഇന്നലെ കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണ്. റാങ്ക്ലിസ്റ്റ് കാലാവധി തീരുന്നതിനാല്‍ നിയമനം സംബന്ധിച്ച് ആശങ്കയിലായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം.
ചെറിയൊരു ഇടവേളക്കുശേഷം കേട്ടു തുടങ്ങിയ ശുഭകരമല്ലാത്ത വാര്‍ത്തകള്‍ക്ക് തല്‍ക്കാലത്തേക്കെങ്കിലും വിരാമമിടാന്‍ തീരുമാനം സഹായകരമാവുമെന്ന് പ്രതീക്ഷിക്കാം. പി.എസ്.സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മറവിയിലേക്ക് നീങ്ങാന്‍ കാലമായിട്ടില്ല. ഉദ്യോഗസ്ഥരും ചില ഏജന്റുമാരും ചേര്‍ന്ന് നടത്തിയ കൂട്ടുകച്ചവടം പി.എസ്.സി സംവിധാനത്തിനു ചാര്‍ത്തിക്കൊടുത്ത കളങ്കം ചെറുതായിരുന്നില്ല. അത് മാഞ്ഞു തുടങ്ങും മുമ്പാണ് ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട് അസ്വസ്ഥതയുളവാക്കുന്ന മറ്റു ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നത്. പി.എസ്.സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷ പി.എസ്.സി തള്ളിയതായിരുന്നു ഒന്ന്. മറ്റൊന്ന് കേരള സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളെക്കുറിച്ച് ലോകായുക്ത കോടതിയുടെ വിധി.
ഡിസംബര്‍ 31ന് സമയപരിധി അവസാനിക്കുന്ന റാങ്ക്ലിസ്റ്റുകളുടെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ രണ്ടുതവണയാണ് മുമ്പ് പി.എസ്.സി തള്ളിയത്. ചെയര്‍മാന്‍ ഒഴികെയുള്ള പി.എസ്.സി അംഗങ്ങളെല്ലാം ഇടതുഭരണകാലത്തെ നോമിനികള്‍ ആണെന്നതിനാല്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണ് സര്‍ക്കാര്‍ ശിപാര്‍ശ തള്ളിയതിനു പിന്നിലെന്ന് സുവ്യക്തം. മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനമാണ് തീരുമാനം മാറ്റുന്നതിന് ഇപ്പോള്‍ പി.എസ്.സിയെ പ്രേരിപ്പിച്ചത്.
പെന്‍ഷന്‍ പ്രായം ഏകീകരിക്കാനെന്ന പേരില്‍ കൂട്ട വിരമിക്കലിന് വഴിയൊരുക്കിയത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ്. ഇതനുസരിച്ച് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായ മാര്‍ച്ച് 31ന് ഓരോ തസ്തികകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാനിരിക്കുന്നത് നൂറു കണക്കിന് ഒഴിവുകളാണ്. പല തസ്തികകളിലേക്കും പി.എസ്.സി പുതിയ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കി വരാന്‍ കാലതാമസം വരുമെന്നതിനാല്‍ ഉചിതവും യുക്തവുമായ നടപടിയാണ് നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുകയെന്നത്. അല്ലാത്തപക്ഷം ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ മാത്രമല്ല, കാര്യക്ഷമമായ ഭരണ സംവിധാനത്തിനുമേലും കരിവാരിത്തേക്കലാവും അത്. കൂട്ടവിരമിക്കലിനെതുടര്‍ന്ന് പല സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവും. ഓഫീസ് പ്രവര്‍ത്തനം താളം തെറ്റും. പുതിയ റാങ്ക്ലിസ്റ്റ് തയാറായി നിയമനം നടക്കുന്നതു വരെ കാത്തിരുമ്പോഴേക്ക് കാര്യങ്ങള്‍ കൂടുതല്‍ വഷളാവും. എല്‍.ഡി ക്ലാര്‍ക്ക് തസ്തികയില്‍ ജില്ലകള്‍ തോറും നൂറു കണക്കിന് ഒഴിവുകളാണ് വരാനിരിക്കുന്നത്. നിലവിലെ റാങ്ക്ലിസ്റ്റ് നീട്ടുന്നതിലൂടെ സമയക്രമം പാലിച്ചുകൊണ്ടുതന്നെ ഈ ഒഴിവുകളിലേക്ക് നിയമനം നടത്താനാവും.
കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് അന്നത്തെ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് ലോകായുക്ത കോടതിയില്‍ നിന്ന് നേരിടേണ്ടി വന്നത്. നിയമനവുമായി ബന്ധപ്പെട്ട് അടിമുടി ക്രമക്കേട് നടന്നിട്ടിട്ടുണ്ടെന്നും വി.സിയും പി.വി.സിയും നാല് സിണ്ടിക്കേറ്റ് അംഗങ്ങള്‍ക്കുമെതിരെ ക്രിമിനല്‍ കേസ് ചുമത്തണമെന്നുമാണ് ഉപലോകായുക്ത ജഡ്ജ് ജി. ശശിധരന്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിയമനം നേടിയവരില്‍ ഏറെയും സി.പി.എം നേതാക്കളുടെയോ സിണ്ടിക്കേറ്റ് അംഗങ്ങളുടെയോ ബന്ധുക്കളും അടുപ്പക്കാരുമാണെന്നാണ് കണ്ടെത്തല്‍.
2005ല്‍ മുതല്‍ ജോലിയിലെത്തിയ 148 പേരുടെ നിയമനം റദ്ദാക്കാനും നേരത്തെ അപേക്ഷിച്ചവരെതന്നെ ഉള്‍പ്പെടുത്തി പുതിയ പരീക്ഷ നടത്തി റാങ്ക്ലിസ്റ്റ് തയാറാക്കി നിയമനം നല്‍കാനുമാണ് ലോകായുക്ത കോടതിയുടെ നിര്‍ദേശം. 40,000ത്തോളം പേരാണ് അസിസ്റ്റന്റ് നിയമന പരീക്ഷ എഴുതിയത്. നീതിയുക്തമായ പ്രവേശന നടപടികള്‍ വിശ്വസിച്ച് പരീക്ഷക്കിരുന്ന യുവാക്കളെ അന്നത്തെ സര്‍ക്കാരും സിണ്ടിക്കേറ്റും ചേര്‍ന്ന് വഞ്ചിക്കുകയായിരുന്നു. അസിസ്റ്റന്റ് തസ്തികയിലും എല്‍.ഡി ക്ലാര്‍ക്കിന്റെ തസ്തികയിലും നിയമനം തേടുന്നവരില്‍ ഭൂരിപക്ഷവും സാധാരണക്കാരോ അതിനു താഴെയുള്ളവരോ ആണ്. ലക്ഷങ്ങള്‍ മുടക്കി പ്രഫഷണല്‍ കോഴ്സുകള്‍ക്ക് ചേരാന്‍ കഴിവില്ലാത്തവരുടെയും എഞ്ചിനീയറും ഡോക്ടറുമാവാന്‍ കൊതിച്ചിട്ടും ജീവിത പ്രാരാബ്ധങ്ങള്‍ക്കുമുന്നില്‍ ഇടറി വീഴുന്നവരുടെയുമെല്ലാം ആശ്വാസമാണ് മത്സരപരീക്ഷകളിലൂടെ നേടിയെടുക്കാവുന്ന സര്‍ക്കാര്‍ ജോലികള്‍. രാഷ്ട്രീയാതിപ്രസരം കൊണ്ട് ഇരുളടഞ്ഞുപോയ സംവിധാനങ്ങള്‍ ആ മോഹങ്ങള്‍ക്കുമേല്‍ കത്തിവെക്കുമ്പോള്‍ ലക്ഷക്കണക്കിന് യുവജനങ്ങളുടെ സ്വപ്നങ്ങളെയാണ് തല്ലിക്കെടുത്തുന്നത്. ഇത്തരം ക്രൂരതകള്‍ക്ക് സമൂഹം മാപ്പു നല്‍കില്ലെന്ന് അധികാരികള്‍ ഓര്‍ക്കുന്നത് നന്ന്.
വികസനത്തിൽ UDF നെ ക്കാൾ മികചത് BJp ത്തന്നെ ഗുജരാത്തിലെ വികസനം വിലയിരുത്തിയാൽ അരിയാം
മറുപടിഇല്ലാതാക്കൂhttp://www.youtube.com/watch?v=_p3b493MwJg