Search On Blog

x

2011, ഡിസംബർ 27, ചൊവ്വാഴ്ച

പ്രതിപക്ഷം ഇരന്നു വാങ്ങിയത് മുഖമടച്ചുള്ള ആഘാതം......


ആവനാഴിയുടെ ശുദ്ധശൂന്യത പരിഗണിക്കാതെ വില്ലെടുത്തു വീശി യുദ്ധം ജയിക്കാമെന്ന് വ്യാമോഹിച്ച വിഡ്ഢിയായ പോരാളിയുടെ റോളെടുത്ത് പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ കളിച്ച അസംബന്ധ നാടകത്തിന് ജനകീയ കോടതി നല്‍കിയത് നെഗറ്റീവ് മാര്‍ക്ക്.
ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കാനുള്ള പദ്ധതിയിലൂടെ ഖജനാവില്‍ നിന്ന് നൂറുകോടിയോളം രൂപ നഷ്ടമായതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടിവയ്ക്കാനും ഇതു സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിന്റെ മറവില്‍ യു.ഡി.എഫ് മന്ത്രിസഭയെ വൈഷമ്യത്തിലാക്കാനും അണിയറയില്‍ നടന്ന തയ്യാറെടുപ്പ് അരങ്ങില്‍ അമ്പേ പാളുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പ്രതിഛായയ്ക്ക് അണുവിട ഊനമുണ്ടാക്കാന്‍ പാമോലിന്‍ കേസിന് സാധ്യമാകാതെ വന്നതിന്റെ നൈരാശ്യം ടൈറ്റാനിയം ആരോപണത്തിന്റെ വിഷം ചീറ്റി മറികടക്കാനുള്ള ആസൂത്രിത നീക്കമാണ് നിയമസഭയില്‍ അടിമുടി തകര്‍ന്നത്. അനിതര സ്വഭാവമാര്‍ന്ന പൊതുജീവിത ശൈലിയിലൂടെ അത്യന്ത സ്വച്ഛമായൊരു പ്രതിഛായ സ്വായത്തമാക്കിയ ഉമ്മന്‍ ചാണ്ടിയെ അലോസരപ്പെടുത്താന്‍ പോന്ന ആരോപണമൊന്നുമല്ല ടൈറ്റാനിയം കമ്പനിയുമായി ബന്ധപ്പെട്ടുയര്‍ന്നതെന്ന് പ്രതിപക്ഷത്തിന് വ്യക്തമായറിയാമായിരുന്നു. ഇന്നലെ നിയമസഭയില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കൊന്നും തന്നെ പുതുമയില്ലെന്നും ആവര്‍ത്തനം മാത്രമാണെന്നും സാക്ഷ്യപ്പെടുത്തിയത് എളമരം കരീം തന്നെ. അടിയന്തിര പ്രമേയാവതരണത്തിന് വിഫല ശ്രമം നടത്താനും വഴിപാടുപോലെ ആവര്‍ത്തിക്കുന്ന വാക്കൗട്ടില്‍ കാര്യം തീര്‍ക്കാനുമല്ലാതെ പ്രതിപക്ഷം കൂടുതലൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തം.


പക്ഷേ അഗ്നിശുദ്ധി തെളിയിക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന ഉമ്മന്‍ ചാണ്ടിയാകട്ടെ തനിക്ക് യാതൊന്നും ഒളിക്കാനില്ലെന്ന് പ്രതിപക്ഷത്തെ മാത്രമല്ല കേരള ജനതയെ ഒട്ടാകെത്തന്നെ ബോധ്യപ്പെടുത്തണമെന്ന ശാഠ്യത്തിലായിരുന്നു. അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകളെ തകിടംമറിച്ചുകൊണ്ട്  അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നല്‍കാനും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചാ നടപടികളത്രയും ടെലിവിഷന്‍ ചാനലുകളിലൂടെ തല്‍സമയം ജനങ്ങളെ കാണിക്കാനുമുള്ള തീരുമാനമുണ്ടായത്. 
ദുഷ്ടലാക്കോടെ ചിലര്‍ അക്കമിട്ട് നല്‍കുന്ന വിവരങ്ങളും കുറ്റാരോപണങ്ങളും ഏകപക്ഷീയമായി മാധ്യമങ്ങളിലൂടെ വിളമ്പി അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന്റെ അഭിനവ കുലപതി പട്ടമണിയാന്‍ വെമ്പി നില്‍ക്കുന്നവരുമായി പ്രതിപക്ഷം കൈകോര്‍ത്തപ്പോള്‍ വിരചിതമായ അപഹാസ്യ തിരക്കഥയ്ക്ക് അപ്പുറമായി ടൈറ്റാനിയം അഴിമതി ആരോപണത്തില്‍ പതിരില്ലെന്ന് ചര്‍ച്ചയുടെ തല്‍സമയ സംപ്രേക്ഷണം കണ്ട ജനകോടികള്‍ക്ക് വ്യക്തമായി. പതിമൂന്നാം കേരള നിയമസഭയുടെ ഈ സമ്മേളനം ഇങ്ങനെയും ചരിത്രത്തില്‍ ഇടംനേടി. കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം വലിച്ചെടുപ്പിക്കുന്ന മുഖ്യമന്ത്രിയുടെ തന്ത്രത്തില്‍ അതേമാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും കുരുങ്ങുകയായിരുന്നു.








കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിയുന്നതിന്റെ അരോചകതയില്‍ പുളയുന്ന പ്രതിപക്ഷത്തിനു നേരെ ഉമ്മന്‍ ചാണ്ടിയും ഇതര ഭരണ കക്ഷിയംഗങ്ങളും അയച്ച ആഗ്നേയാസ്ത്രങ്ങളുടെ പ്രഹരശേഷിയും ജനങ്ങള്‍ നേരിട്ടുകണ്ടു. ആയിരത്തിലേറെ വ്യവസായ ശാലകള്‍ മലിനീകരണ നിയന്ത്രണ സംവിധാനത്തിന്റെ പോരായ്മ മൂലം അടച്ചു പൂട്ടത്തക്ക സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്നുള്ള അന്ത്യ ശാസനത്തിന് താന്‍ നല്‍കിയ മറുപടി ഇല്ലായിരുന്നെങ്കില്‍ ടൈറ്റാനിയത്തിന് അന്നേ ഷട്ടര്‍ വീഴുമായിരുന്നെന്ന് സംശയലേശമെന്യേ സമര്‍ത്ഥിക്കാന്‍ മുഖ്യമന്ത്രിക്ക് സാധ്യമായി. രണ്ടു കത്തിന്റെ പേരില്‍ തന്നെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ യത്‌നിക്കുന്ന പ്രതിപക്ഷത്തോട് അദ്ദേഹം പറഞ്ഞതിങ്ങനെ: രണ്ടല്ല, മൂന്നു കത്തുകള്‍ ഞാനയച്ചിരുന്നു. ഈ നടപടിക്കു വേണ്ടി തന്നെ നിര്‍ബന്ധിച്ചത് ഇടതുപക്ഷങ്ങളുടേതുള്‍പ്പടെയുള്ള ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദമായിരുന്നെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയപ്പോഴും മറുപടിയില്ലാതെ പ്രതിപക്ഷം വൈക്ലബ്യത്തിലാകുന്നത് ജനങ്ങള്‍ കണ്ടു. അത്രയേറെ കുഴപ്പമുണ്ടാക്കിയ നടപടിയാണ് താന്‍ സ്വീകരിച്ചതെങ്കില്‍ തുടര്‍ന്നുവന്ന ഇടതു മന്ത്രിസഭ കൊട്ടിഘോഷത്തോടെ ശിലാസ്ഥാപനവും മറ്റുമായി പദ്ധതി മുന്നോട്ടു കൊണ്ടുപോയതെന്തിനെന്ന ചോദ്യം അക്ഷരാര്‍ത്ഥത്തില്‍ പ്രതിപക്ഷ നിരകളെ ഉത്തരം മുട്ടിച്ചു. പദ്ധതിക്കായുള്ള യന്ത്ര സാമഗ്രികള്‍ ഇറക്കുമതി ചെയ്തത് ഇടതു സര്‍ക്കാരായിരുന്നെന്ന വെളിപ്പെടുത്തലാകട്ടെ അതിലേറെ സ്‌ഫോടകാത്മകമായി.
പദ്ധതി നടത്തിപ്പിന് കരാര്‍ നല്‍കിയ പൊതുമേഖലാ സ്ഥാപനത്തെ ആക്ഷേപിച്ച പ്രതിപക്ഷത്തെ കുത്തി മുറിവേല്‍പ്പിക്കുന്നതായിരുന്നു ഒരു ഓര്‍മപ്പെടുത്തല്‍; വൈദ്യുതി ബോര്‍ഡിനെ കബളിപ്പിച്ച് അന്നത്തെ മന്ത്രിയുടെ ഒത്താശയോടെ കോടികളുടെ അഴിമതി നടത്തിയ ലാവ്‌ലിനെപ്പോലെ വിദേശ തട്ടിപ്പു കമ്പനിയല്ല മെക്കോണ്‍ എന്നത്. സി.ബി.ഐ അന്വേഷണാവശ്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാനും ഉമ്മന്‍  ചാണ്ടിക്കു കഴിഞ്ഞു. കെട്ടിച്ചമച്ച ആക്ഷേപങ്ങളുടെയും കള്ളക്കഥകളുടെയും മറവില്‍ നിയമസഭയുടെ സമയം നഷ്ടമാക്കാനും മന്ത്രിമാരെ സമ്മര്‍ദ്ദത്തിലാക്കി ഭരണം തടസ്സപ്പെടുത്താനും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആവര്‍ത്തിക്കുന്ന ജനദ്രോഹത്തിന് തടയിടാന്‍ ഇന്നലത്തെ നിയമസഭാ നടപടികള്‍ ഒരു പരിധിവരെയെങ്കിലും ഇടയാക്കുമെന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ