ഇക്കാലത്ത് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയുന്നത് എങ്ങനെയാണെന്ന് ആര്‍ക്കും പറയാനാവില്ല. വാര്‍ത്തകള്‍ ഉണ്ടാവുകയും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഓരോ വാര്‍ത്തയുടെയും നിജസ്ഥിതിയും പ്രാമാണികതയും നിര്‍ണ്ണയിക്കുക എളുപ്പവുമല്ല. പലപ്പോഴും വളരെ അപ്രധാനമായ കാര്യങ്ങള്‍ പ്രധാന വാര്‍ത്തകളായും സുപ്രധാനമായ വിഷയങ്ങള്‍ നിസ്സാര വിവരങ്ങളായും മാറുന്നതും ഈയിടെയായി സുലഭമാണ്.
ക്രിയാത്മകമായ സംരംഭങ്ങള്‍ക്ക് ആവശ്യമായ പരിഗണന നല്‍കാതിരിക്കുകയും നിഷേധാത്മക പ്രവണതമാത്രം പ്രകടമാക്കുകയും ചെയ്യുന്ന രീതിവിശേഷമാണ് ഈ സാഹചര്യം ക്ഷണിച്ചുവരുത്തുന്നത്. രാഷ്ട്രീയവും നിയമനിര്‍മ്മാണസഭകളുമെല്ലാം ഈ വീക്ഷണകോണിലൂടെയാണ് പലപ്പോഴും ദര്‍ശിക്കപ്പെടുന്നത്. താല്‍ക്കാലികമായി നിലനില്‍ക്കുന്ന സെന്‍സേഷനിലാണ് എല്ലാവര്‍ക്കും താല്‍പര്യം.
മുസ്ലിംലീഗിന്റെ അഖിലേന്ത്യാ, സംസ്ഥാന സംവിധാനങ്ങളെക്കുറിച്ചും ദേശീയാധ്യക്ഷന്റെ സ്ഥാനത്തെക്കുറിച്ചും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഈ സ്ഥിതിവിശേഷത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ്. ഒട്ടും പ്രസക്തമല്ലാത്ത വിഷയമാണ് ഇതിലൂടെ വന്‍ പ്രാധാന്യം നല്‍കിക്കൊണ്ട് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം "വാര്‍ത്തകള്‍' പുറത്തുവിടുന്നവര്‍ക്കുതന്നെ അറിയാവുന്നതാണ് അതിന്റെ പൊള്ളത്തരം.
ഇതിലൂടെ മുസ്ലിംലീഗ് പാര്‍ട്ടിയെ ഒന്ന് ഇകഴ്ത്താന്‍ കഴിയുമോ എന്നാണ് ചിലര്‍ ചിന്തിക്കുന്നത്. എന്നാല്‍ അത്തരം ശ്രമങ്ങള്‍ പാഴാവുകയേ ഉള്ളൂ എന്ന് ഇക്കാര്യത്തിലും വൈകാതെ അവര്‍ക്ക് മനസ്സിലാകും. ഇത്തരം കാര്യങ്ങള്‍ ആഘോഷമാക്കി അതിലൂടെ ലീഗിനെ ക്ഷീണിപ്പിക്കാമെന്ന് കരുതുന്നവര്‍ നിരാശരാവുകയേ ഉള്ളൂ.
ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ട വിശദീകരണം ഒരു സാങ്കേതികത്വവുമായി മാത്രം ബന്ധപ്പെട്ടതാണ്. ചട്ടങ്ങളുടെ കാര്യത്തില്‍ അങ്ങനെയൊരു വിശദീകരണം ആവശ്യപ്പെടാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തവുമാണ്. കമ്മീഷനെയും അതിന്റെ നിര്‍ദ്ദേശങ്ങളെയും പൂര്‍ണ്ണമായും പാലിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ഇപ്പോള്‍ നല്‍കേണ്ടതായ വിശദീകരണത്തിന്റെ കാര്യത്തിലും ആ നിലപാടില്‍തന്നെ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നു. അതനുസരിച്ചുതന്നെയാണ് പാര്‍ട്ടി നേതൃത്വം മുന്നോട്ടുപോകുന്നത്. കമ്മീഷനാവശ്യപ്പെട്ട മറുപടി നല്‍കുന്ന കാര്യത്തില്‍ വിളംബം വരുത്തുകയില്ല.
എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെയാണ് ചിലര്‍ അവസരം മുതലെടുക്കാന്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഒരു സാങ്കേതിക പ്രശ്നത്തെ പര്‍വ്വതീകരിച്ച് വിവാദമാക്കാനാണ് അവര്‍ക്ക് താല്‍പര്യം. ഏത് കാര്യത്തിലും ചൂടുള്ള ചര്‍ച്ചകളും വാഗ്വാദങ്ങളും വിവാദങ്ങളും സൃഷ്ടിക്കുന്ന ഈ നിലപാട് വസ്തുനിഷ്ഠമായ സമീപനത്തിന്റെ ഭാഗമല്ലതന്നെ.
രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടതാണ് ഈ സാങ്കേതിക പ്രശ്നം. കേരള സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റിയുടെ രജിസ്ട്രേഷന്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് എന്ന പേരിലല്ല. സംസ്ഥാനക്കമ്മിറ്റി സ്വന്തമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. അങ്ങനെയാണ് മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പേരിലുള്ള രജിസ്ട്രേഷന്‍ നിലവില്‍ വന്നത്.
സംസ്ഥാന സമിതികള്‍ സ്വതന്ത്രമായി ഇത്തരം സാങ്കേതിക കാര്യങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നത് കേന്ദ്ര സമിതിയുടെ അറിവോടും സമ്മതത്തോടുംകൂടി തന്നെയായിരുന്നു. പ്രവര്‍ത്തന സൗകര്യം മാത്രം മുന്‍നിര്‍ത്തി ചെയ്ത ഈ നടപടിയുടെ പേരില്‍ കോലാഹലം സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ ഇതിന്റെ സത്യാവസ്ഥക്കുനേരെ കണ്ണടയ്ക്കുകയാണ്. രജിസ്ട്രേഷനിലെ ഈ സാങ്കേതികത്വത്തിന്റെ പേരില്‍ എങ്ങനെയാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗും കേരള സംസ്ഥാന മുസ്ലിംലീഗും രണ്ടായിത്തീരുക. ഒരേ ആശയം, ഒരേ നയം, ഒരേ നേതൃത്വം, ഒരേ കൊടി എന്നിവയിലൂടെയെല്ലാം ഒരേ പാര്‍ട്ടിയായി ലീഗ് നിലകൊള്ളുന്നു എന്ന് മാധ്യമ വിമര്‍ശകര്‍ക്കും നല്ലപോലെ അറിയാവുന്നതാണ്. എന്നിട്ടും അവര്‍ നടത്തുന്ന പ്രചാരണം ഒട്ടും ക്രിയാത്മകമല്ല. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് എന്ന ഒരേ ഒരു രാഷ്ട്രീയ പ്രസ്ഥാനമേ ഇന്ത്യയില്‍ ഉള്ളൂ. അതിന്റെ അവിഭാജ്യ ഘടകമാണ് സംസ്ഥാന മുസ്ലിംലീഗ്.
എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍ ചട്ടപ്രകാരം ആവശ്യപ്പെട്ട വിശദീകരണം നേരത്തെ സൂചിപ്പിച്ചതുപോലെ രജിസ്ട്രേഷന്റെ സാങ്കേതികത്വവുമായി ബന്ധപ്പെട്ടതാണ്. അത് സംബന്ധിച്ച വിശദീകരണം നല്‍കാന്‍ പാര്‍ട്ടി ബാധ്യസ്ഥവുമാണ്. അത് മുറപോലെ നടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അപ്പോഴേക്കും ചില മാധ്യമകേന്ദ്രങ്ങള്‍ക്ക് താല്‍പര്യം പാര്‍ട്ടി അധ്യക്ഷന്റെ പദവിയിലാണ്. അഭിവന്ദ്യനായ കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഇ. അഹമ്മദ് സാഹിബ് മുസ്ലിംലീഗിന്റെ പ്രസിഡണ്ട്പദം ഒഴിയേണ്ടിവരുമെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. വിഷയം വലിച്ചുനീട്ടി രാഷ്ട്രീയമായ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കാനാണ് ഈ മാധ്യമശ്രമം.
ഇ. അഹമ്മദ് സാഹിബ് ലീഗിന്റെ അധ്യക്ഷസ്ഥാനത്ത് തുടരുന്നതില്‍ യാതൊരു അസാംഗത്യവും ഇപ്പോള്‍ ഉളവായിട്ടില്ല. ഇലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട സാങ്കേതികത്വമുണ്ടെങ്കില്‍ അത് പരിഹരിക്കുക എന്നല്ലാതെ പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനമൊഴിയേണ്ട കാര്യമെന്തിരിക്കുന്നു? ജീവിച്ചിരിപ്പുള്ള മുസ്ലിംലീഗ് നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന സമുന്നതനായ നേതാവാണ് അഹമ്മദ് സാഹിബ്. അദ്ദേഹത്തിന്റെ അധ്യക്ഷസ്ഥാനം പാര്‍ട്ടിക്കും പാര്‍ട്ടി അണികള്‍ക്കും എപ്പോഴും സ്വീകാര്യവും അഭിമാനകരവുമായിട്ടേ അനുഭവപ്പെട്ടിട്ടുള്ളൂ. കേന്ദ്രമന്ത്രി എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തിലും നേതൃത്വത്തിലും അദ്ദേഹം ശോഭിച്ചുനില്‍ക്കുന്നതും പാര്‍ട്ടിയുടെ യശസ്സ് ഏറെ ഉയര്‍ത്തുകയുണ്ടായി.
അഖിലേന്ത്യാ പ്രസിഡണ്ട് വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ പാര്‍ട്ടി നേതൃത്വം കൂടിയാലോചിച്ച് സാങ്കേതികത്വത്തിലെ തടസ്സങ്ങള്‍ നീക്കും. അത് ഊതിവീര്‍പ്പിച്ച് നേട്ടം കൊയ്യാന്‍ അവസരം കാത്തിരിക്കുന്നവര്‍ നിരാശരാകേണ്ടിവരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ