കാസര്‍കോട് ഭൂമി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്ന കേസിലായിരുന്നു ചോദ്യം ചെയ്യല്‍. വി.എസിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ വൈകിട്ട് മൂന്നിനാരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ചേകാല്‍ വരെ നീണ്ടു. വിജിലന്‍സ് കോഴിക്കോട് എസ്.പി ഹബീബ് റഹ്മാന്‍, കാസര്‍കോട് ഡിവൈ.എസ്പി കുഞ്ഞുരാമന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. വിജിലന്‍സ് ചോദിച്ച ചോദ്യങ്ങളെല്ലാം വി.എസ് നിഷേധിച്ചതായാണറിയുന്നത്. ഈ വിഷയത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് വി.എസ് വിജിലന്‍സിന് മൊഴി നല്‍കി. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയില്ലെന്നാണ് അറിയുന്നത്.
കേസുമായി ബന്ധപ്പെട്ട് അന്നത്തെ റവന്യൂമന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, എന്നിവരുടെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴിപ്പകര്‍പ്പില്‍ രാജേന്ദ്രന്‍ ഒപ്പിട്ടു നല്‍കിയിട്ടില്ലെന്നാണറിയുന്നത്. കേസുമായി ബന്ധപ്പെട്ടു വ്യക്തമായ മൊഴി ലഭിച്ച സാഹചര്യത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണു വിജിലന്‍സ്. അതിന്റെ അടിസ്ഥാനത്തിലാണ് അവസാനഘട്ടമെന്ന നിലക്ക് വി.എസിന്റെ മൊഴി രേഖപ്പെടുത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ