Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

അലീഗഡ് മലപ്പുറം സെന്റര്‍ ; ഇത് ചരിത്രത്തിലെ പുളക മുഹൂര്‍ത്തം ( പി.കെ അബ്ദുറബ്ബ)






ഒരു ജനതയുടെ പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പ് സഫലമാകുന്ന മുഹൂര്‍ത്തമാണിത്. ജനതതിയുടെ ഹൃദയങ്ങളിലേക്ക് അറിവിന്റെ വെളിച്ചം എത്തിക്കുവാന്‍ പ്രമുഖ സര്‍വകലാശാല മലബാറിന്റെ ഹൃദയത്തിലേക്ക് കടന്നുവരുന്നു. ഗൃഹാതുരതയോടെ മാത്രം സ്മരിക്കാന്‍ കഴിയുന്ന അലീഗഡ് സര്‍വകലാശാലയുടെ കേന്ദ്രം ഇവിടെ സ്ഥാപിതമാകുകയാണ്. ലോകത്തിലെ പ്രമുഖ സര്‍വകലാശാലകളില്‍ ഒന്നാണിത്. താരതമ്യേന വൈജ്ഞാനികമായി പിന്നോക്കം നില്‍ക്കുന്ന കേരളത്തിന്റെ വടക്കന്‍ പ്രദേശത്തേക്ക്, കേട്ടുകേള്‍വി മാത്രമുള്ള ഒരു സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നതിനു പിന്നില്‍ സാമൂഹിക പ്രതിബദ്ധതയുള്ള സുമനസുകളുടെ ത്യാഗോജ്ജ്വല പ്രവര്‍ത്തനവും പ്രാര്‍ത്ഥനയുമുണ്ട്.
വിദ്യാഭ്യാസ വിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള, പുരോഗതിയുടെ ചാലകം അറിവുനേടലാണെന്ന് മനസിലാക്കിയാണ് സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ അലിഗറില്‍ മുസ്ലിം സര്‍വകലാശാല സ്ഥാപിച്ചത്. പിന്നോക്കം നില്‍ക്കുന്നവരും പീഡിതരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗത്തിന്റെ മോചനത്തിന്, വിദ്യാഭ്യാസം മാത്രമാണ് പോംവഴി എന്നു കണ്ടെത്തിയ, സര്‍ സയ്യിദ്അഹമ്മദ്ഖാന്റെ സ്വപ്നസാക്ഷാത്കാരത്തിന് കുടുതല്‍ വ്യാപ്തി വന്നിരിക്കുകയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഈ കേന്ദ്രത്തിലൂടെ.
അലീഗഡിന് ബന്ധം ഇന്ത്യന്‍ ദേശീയതയോടാണ്. സങ്കുചിതവും പ്രാദേശീകവും വിഭാഗീയവുമായ ചിന്തകളോടൊന്നും അതിന് സമരസപ്പെടാനാവില്ല. പ്രഖ്യാപിക്കപ്പെട്ട പ്രസ്തുത നയങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ വേണ്ടി കൂടിയാണ് അലീഗഡ് യൂണിവേഴ്സിറ്റിയുടെ കാമ്പസ് മലപ്പുറത്ത് സ്ഥാപിതമാകുന്നത്. ഓരോ കേരളീയനും അതില്‍ അഭിമാനിക്കണം. വിദ്യാഭ്യാസ ദാനം ഏകപക്ഷീയ പ്രവര്‍ത്തനമല്ല. വിദ്യാര്‍ത്ഥി വിദ്യ അര്‍ത്ഥിക്കുന്ന ആളാണ്. അര്‍ത്ഥന എല്ലാ ജാതി മത ദേശീയ പരിപ്രേക്ഷ്യങ്ങള്‍ക്കും അപ്പുറത്താണ്.
പുരോഗതി എന്ന വാക്കിന്റെ അര്‍ത്ഥം മുമ്പോട്ടുള്ള യാത്ര എന്നാണ്. വികസനം മറ്റൊരു വാക്കാണ്. ചിലര്‍ ഇതുതമ്മില്‍ മനസിലാക്കാതെ അഭിപ്രായം പറയാറുണ്ട്. മുമ്പോട്ടുള്ളയാത്രയില്‍ തലമുറകളുടെ ആത്മാംശങ്ങളെ നീതിയോടും ന്യായത്തോടും ആഭിമുഖ്യമുള്ളതാക്കാന്‍ ഉപകരിക്കാത്ത എത്ര അറിവും “വികസന’ പ്രക്രിയയില്‍ ഉള്‍പ്പെടുത്താനാകില്ല. ശാസ്ത്ര സാങ്കേതിക മികവും വാങ്ങുന്ന ശമ്പളവും താരതമ്യം ചെയ്ത് പുരോഗതി വിലയിരുത്തുന്ന സമീപനത്തിന് താക്കീതായിരിക്കണം ഭാവിയിലും അലീഗഡിന്റെ സന്ദേശം. അറിവ് നേടല്‍ തുടര്‍ പ്രക്രിയയും, മാറ്റത്തിനുള്ള ആഹ്വാനവുമായിരിക്കെ പ്രത്യേകിച്ച് ഇവിടെ നന്മയുടെ പക്ഷം ചേരാന്‍ ആളുകളെ സജ്ജരാക്കുക പ്രഥമ ബാധ്യതയാണ്. ആവശ്യങ്ങളിന്‍മേല്‍ അനുഭാവത്തോടെ തീരുമാനമെടുക്കാന്‍ ആര്‍ജ്ജവമുള്ള തലമുറയെ വളര്‍ത്തല്‍ അന്നത്തെ പോലെ ഇന്നും അലീഗഡിന്റെ ബാധ്യതയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപ്പുറം നില്‍ക്കുന്നു ഇത്തരത്തില്‍ ആ മഹത് സ്ഥാപനത്തിന്റെ നേട്ടവും തേടലും. കേരളക്കര അത് ആവശ്യപ്പെടുന്നുണ്ട്. ഒരു ഉടച്ചുവാര്‍ക്കലിനെ പറ്റി വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ താത്പര്യത്തോടെ സംസാരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. അത് ആവശ്യമാണ്. അറിവ് നേടിയ മനുഷ്യരെയും ചിഹ്നങ്ങളെയും അതിന്റെ ദേശത്തിന്റെ അതിര്‍ത്തിപറഞ്ഞ് തളച്ചിട്ട് ആ മാതൃകാവാര്‍ക്കല്‍ ഉണ്ടാക്കാമെന്ന് ആരും കരുതേണ്ടതില്ല. ചരിത്രത്തിന്റെ ഏതു ഘട്ടത്തിലും വിജ്ഞാനം തേടിപ്പോയവരുടെയും നേടിയവരുടെയും കഥകള്‍ നമുക്ക് കാണാനും പഠിക്കാനുമാകും.
വിദ്യാഭ്യാസം ഒരു വിപണന ചരക്കല്ല. അങ്ങനെയാകണം എന്നു വിചാരിക്കുന്നവര്‍ അധികമുള്ള നാടാകുമ്പോള്‍, മാറ്റി പറയിപ്പിക്കാന്‍ ശബ്ദമുയര്‍ത്തണം. അതു കൊടിയുടെ നിറം നോക്കിയാകരുത്. ഈ പഠന കേന്ദ്രം സ്ഥാപിതമാകുമ്പോള്‍, സ്മരണയില്‍ വരുന്നത്, ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശമാണ്. പ്രസ്തുത നിര്‍ദ്ദേശമനുസരിച്ചാണ് സര്‍വകലാശാലാ കാമ്പസ് കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത്.
വാര്‍ത്താവിനിമയ രംഗത്തെ വിസ്ഫോടനം മൂലം, വിജ്ഞാന രംഗത്ത് അനിതരസാധാരണമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കളാകുവാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് പുരോഗതി ഉണ്ടാകില്ല. ജീവിതത്തിന്റെ ഇരുണ്ട മൂലകളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ആയിരങ്ങള്‍ക്ക് തുണയായിരിക്കണം ഈ പഠന കേന്ദ്രം. അറിവിന്റെ കൂമ്പാരവും കൂടാരവും നമുക്കിടയിലേക്ക് വരുമ്പോള്‍ അതില്‍ നിന്ന് സത്ഫലം സ്വീകരിക്കുവാന്‍ നാം തയാറായോ എന്ന് പരിശോധിക്കണം.
പ്രാഥമിക തലത്തില്‍തന്നെ മികവുകാട്ടിയാലേ തുടര്‍ന്നും അതേ രീതിയില്‍ ജ്വലിച്ചുനില്‍ക്കാന്‍ കഴിയൂ. പ്രാഥമിക വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിച്ച് പരിഹാരം ഉണ്ടാക്കിവരികയാണ്. സമൂഹത്തെ ന്യായത്തോടും ധര്‍മ്മത്തോടും ബന്ധിപ്പിച്ചു നിര്‍ത്തുവാന്‍ നമുക്ക് ബാധ്യതയുണ്ട്. അതിന് ആദ്യം വേണ്ടത് നാം ധര്‍മ്മ ശക്തിയായി നിലകൊള്ളുക എന്നതാണ്. വര്‍ത്തമാനകാലത്തെ ചില പ്രവണതകള്‍ നമ്മെ നൊമ്പരപ്പെടുത്തുന്നുവെങ്കില്‍, അതിനൊരു പരിഹാരം കൂടിയാകണം ഈ കാമ്പസ്.
അലീഗഡ് കാമ്പസ് വരുന്നതോടെ വിദ്യാഭ്യാസ രംഗത്ത് എല്ലാമായി എന്ന് കരുതരുത്. സ്ഥാപനത്തെ ജീവസ്സുറ്റതാക്കണം. അലീഗഡിന്റെ നാളിതുവരെയുള്ള സല്‍പേരിന് ശക്തി കൂട്ടത്തക്ക നിലയില്‍ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടണം. ശരിയായ സ്വഭാവരൂപവല്‍കരണവും സാധ്യമാകണം.
നമ്മുടെ വിദ്യാഭ്യാസ ദുര്‍ബലതയ്ക്ക് പരിഹാരമായി സര്‍ക്കാര്‍ കനിഞ്ഞരുളിയ ഈ സര്‍വകലാശാല വ്യക്തിപരമായി എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു. ഒരിക്കല്‍ ഞാനും ഈ കലാലയത്തില്‍ നിന്ന് അറിവ് നുകര്‍ന്നിട്ടുണ്ട്. അത് എന്നും എന്നെ അഭിമാന പുളകിതനാക്കുന്നു. എന്നെ രൂപപ്പെടുത്തുന്നതില്‍ അലീഗഡ് നിര്‍വഹിച്ച പങ്ക് വളരെ വലുതാണ്. അന്നൊന്നും എന്റെ മണ്ണില്‍ ഈ സര്‍വകലാശാല പ്രത്യക്ഷപ്പെടുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. ഇപ്പോള്‍ ദൈവേച്ഛയാല്‍ അതു സാധ്യമായിരിക്കുന്നു. അതേ ദൈവേച്ഛയാല്‍ തന്നെ പ്രസ്തുത വകുപ്പ് കേരളത്തില്‍ കൈകാര്യം ചെയ്യാനുള്ള അവസരവും കൈവന്നിരിക്കുന്നു. അതില്‍ അഭിമാനവും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷവുമുണ്ട്.
അലീഗഡിന്റെ സ്ഥാപക നേതാവ് സ്വപ്നം കാണാത്തത്ര വളര്‍ച്ചയാണ് ആ സ്ഥാപനത്തിന് ഉണ്ടായിട്ടുള്ളത്. അത് കേരള മണ്ണിനെ ആസ്പദമാക്കിയും വരും തലമുറ ശരിവയ്ക്കണം. അതിനാല്‍ ഇതിന്റെ പരിരക്ഷ നാം ഏറ്റെടുക്കണം. കേരളത്തിലെ സുമനസുകളും വിദ്യാഭ്യാസ പ്രേമികളും നമുക്ക് കൂട്ടായിട്ടുണ്ടാകാമെന്ന് ന്യായമായും പ്രത്യാശിക്കാം.
നളന്ദയും തക്ഷശിലയും പോലെ, ഓക്സ്ഫോര്‍ഡും കേംബ്രിഡ്ജും പോലെ, ശാന്തിനികേതനം പോലെ, പുരാതന കൊര്‍ദോവ പോലെ, നാളെകള്‍ താല്‍പര്യ പൂര്‍വ്വം കൊണ്ടാടപ്പെടുന്ന ഒരു സര്‍വകലാശാല, സേവനം പരിപോഷിപ്പിക്കാന്‍ കേരളത്തിലേക്ക് കരങ്ങള്‍ നീട്ടുന്ന ഈ ദിനം അവിസ്മരണീയം തന്നെ. ഈ ആവശ്യം ഉയര്‍ത്തിപ്പിടിച്ചവരുടെ ആശയ സ്വീകാര്യതയ്ക്കുള്ള അംഗീകാരം കൂടിയാണിത്. ഏതു മതിലിനേയും ഏത് സൂപ്പര്‍ കമ്പ്യൂട്ടറിനേയും അതിലംഘിക്കാന്‍ കരുത്തുള്ള മനുഷ്യമനസിന് ലയിക്കാനുള്ള സ്ഥലമാകണം കേരളം. ഇവിടെ വിദ്യാലയങ്ങള്‍ ഉണ്ടാകണം. ആതുരാലയങ്ങള്‍ നിര്‍മ്മിക്കപ്പെടണം. ദേവാലയങ്ങള്‍ ഉയരണം. ഒപ്പം വിജ്ഞാനത്തിന്റെ ഗോപുരങ്ങളും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ