ഏതു സമയവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ജലബോംബായി മാറിയിരിക്കുകയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ 35 ലക്ഷത്തോളം വരുന്ന ജനങ്ങളെ ഭീതിയുടെ അണക്കെട്ടില്‍ നിര്‍ത്തുന്ന പ്രശ്നത്തിന് അടിയന്തര പരിഹാരം സാധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ദുരന്തത്തിന്റെ ആഴം പറഞ്ഞറിയിക്കാന്‍ സാധ്യമല്ല. വിഷയത്തില്‍ തമിഴ്നാടിന്റെ പിടിവാശി ഉപേക്ഷിക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ രാഷ്ട്രീയ നേതൃത്വം കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. പ്രശ്നത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പു ലഭിച്ചെങ്കില്‍ പോലും കേന്ദ്രം ഇക്കാര്യം വേണ്ടത്ര ഗൗരവത്തോടെയല്ല കണ്ടുവരുന്നതെന്ന് നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന ബോധ്യപ്പെടുത്തുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടപെടുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന തീര്‍ത്തും ദൗര്‍ഭാഗ്യകരമായി. ദുരന്തം വിളിപ്പാടകലെ നില്‍ക്കുമ്പോള്‍ കോടതിയുടെ തീര്‍പ്പുകള്‍ക്കു കാത്തുനില്‍ക്കാതെ പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്രം മധ്യസ്ഥത വഹിക്കണം. കേന്ദ്രമന്ത്രിസഭയിലെ ഉന്നത സ്ഥാനത്തിരിക്കുന്ന മന്ത്രിമാരെ ഇതിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകേണ്ടതുമുണ്ട്.
115 വര്‍ഷം പഴക്കമുള്ളതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. കരിങ്കല്ലും സുര്‍ക്കിയും ചുണ്ണാമ്പും കൊണ്ട് നിര്‍മിച്ച അണക്കെട്ട് ലോകത്ത് തന്നെ ഈ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ഏറ്റവും പഴയ അണക്കെട്ടാണ്. നിലവില്‍ 60 വര്‍ഷമാണ് ഒരു അണക്കെട്ടിന്റെ കാലാവധി. സ്വാഭാവികമായ ബലക്ഷയം കാരണം അതിനു ശേഷം സാധാരണ ഗതിയില്‍ അവ ഡീകമ്മീഷന്‍ ചെയ്യുകയാണ് പതിവ്. എന്നാല്‍ ഡീകമ്മീഷന്‍ ചെയ്യാനുള്ള കാലത്തില്‍ നിന്ന് 55 വര്‍ഷം പിന്നിട്ടിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചില അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടന്നിട്ടുള്ളത്. സാധാരണ അണക്കെട്ടുകളില്‍ നിന്നു വ്യത്യസ്തമായി ഈ അണക്കെട്ടിന് ഡ്രയിനേജ് ഗാലറികളില്ലാത്തതിനാല്‍ വെള്ളത്തിന്റെ സമ്മര്‍ദം വര്‍ധിക്കും. ഒറ്റബ്ലോക്കായാണ് അണക്കെട്ട് നിര്‍മിച്ചിട്ടുള്ളതും. സുര്‍ക്കിയും ചുണ്ണാമ്പും ഇളകി അണക്കെട്ടിന് ഗുരുതരമായ രീതിയില്‍ ബലക്ഷയം സംഭവിച്ചിട്ടുണ്ട് എന്നാണ് കേരളത്തിന്റെ വാദം. എന്നാല്‍ സിമന്റ് കൊണ്ട് അറ്റകുറ്റപ്പണികള്‍ നടത്തി അണക്കെട്ടിലെ കേടുപാടുകള്‍ യഥാസമയം തീര്‍ക്കുന്നുണ്ട് എന്ന് തമിഴ്നാടും പറയുന്നു. അണക്കെട്ടിലെ പ്രധാന കൂട്ടായ ചുണ്ണാമ്പ് വര്‍ഷം തോറും 30.48 ടണ്‍ നഷ്ടപ്പെടുന്നുണ്ടെന്ന് കേരളം ചൂണ്ടിക്കാണിക്കുന്നു. 1500 ലധികം ടണ്‍ സുര്‍ക്കിയും ഒലിച്ചുപോയിട്ടുണ്ട്. 197981 കാലഘട്ടത്തില്‍ ഡാമിന് നടത്തിയ ബലപ്പെടുത്തല്‍ പ്രതികൂലമായാണ് ഡാമിനെ ബാധിച്ചതെന്ന് ഇതേ കുറിച്ച് പഠിച്ച എം. ശശിധരന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കോണ്‍ക്രീറ്റ് ക്യാപിങും കേബിള്‍ ആങ്കറിംഗുമായിരുന്നു ഡാം ബലപ്പെടുത്താന്‍ ഉപയോഗിച്ചത്.
അണക്കെട്ടിന്റെ സുരക്ഷക്കായി നിര്‍മിച്ച ബേബി ഡാമില്‍ അടിയിലൂടെയുള്ള ചോര്‍ച്ച രൂക്ഷമാണ് താനും. ഭൂകമ്പ സാധ്യത ഏറെയുള്ള പ്രദേശത്ത്, ഭ്രംശ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന് പകരം അണക്കെട്ട് നിര്‍മിക്കുക മാത്രമാണ് പ്രശ്ന പരിഹാരമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇത് ന്യായമാണെന്ന് ഏത് നിക്ഷ്പക്ഷമതിക്കും ബോധ്യപ്പെടുകയും ചെയ്യും. പുതിയ ഡാമില്‍ നിന്ന് തമിഴ്നാടിന് ഇപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുന്ന അതേ അളവില്‍ തന്നെ ജലം നല്‍കുമെന്നും അതിന് രേഖാമൂലമുള്ള ഉറപ്പുനല്‍കാന്‍ സന്നദ്ധമാണെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത കാലത്തായി ഇടുക്കി ജില്ലയില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭൂചലനങ്ങള്‍ അണക്കെട്ടിന് വന്‍ ഭീഷണിയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ 3.4 വരെ അടയാളപ്പെടുത്തിയ നിരവധി ഭൂചലനങ്ങള്‍ കഴിഞ്ഞ ദിവസവും ഉണ്ടായി. ഡാമിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പ മാപിനിയില്‍ നാലിനു മുകളിലുണ്ടാകുന്ന ഭൂചലനങ്ങള്‍ അണക്കെട്ടിന് ഗുരുതര ഭീഷണിയാണെന്ന് ശശിധരന്‍ റിപ്പോര്‍ട്ട് പറയുന്നു. ജില്ലയില്‍ 6.5 വരെ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മാസത്തിനിടെ 15 ലധികം ഭൂചലനങ്ങളാണ് ഇടുക്കിയില്‍ ഉണ്ടായത്. ഇപ്പോള്‍ നടക്കുന്ന ഭൂചലനങ്ങള്‍ സ്വതന്ത്ര ചലനങ്ങളാവാന്‍ സാധ്യതയില്ലെന്നും തുടര്‍ചലനങ്ങളാണെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
അണക്കെട്ടിലെ ജലം ജലനിരപ്പു പരിധിയായ 136 ല്‍ എത്തിനില്‍ക്കുന്നു. മുല്ലപ്പെരിയാര്‍ നിലനില്‍ക്കുന്നത് ഭൂകമ്പ മേഖലയിലായതിനാല്‍ ഭൂചലനത്തില്‍ വിള്ളലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 1200 അടി നീളമുള്ള ഡാമിന്റെ മുഴുവന്‍ നീളത്തിലും ഇപ്പോള്‍ വിള്ളലുണ്ടെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശ പ്രകാരം അണക്കെട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
മുല്ലപ്പെരിയാറില്‍ ദുരന്തം ഉണ്ടാകുന്ന പക്ഷം അതു കേരളത്തിലെ നാലു ജില്ലകളിലെ 35 ലക്ഷം ജനങ്ങളെയായിരിക്കും നേരിട്ടു ബാധിക്കുക. അണക്കെട്ട് തകര്‍ന്നാല്‍ ജലനിരപ്പ് കൂടിയ അവസ്ഥയില്‍ അണക്കെട്ടിലുള്ള 443 ദശലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളം 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇടുക്കി അണക്കെട്ടിലാകും ചെന്നെത്തുക. 1996.30 ദശലക്ഷം ക്യൂബിക് മീറ്റര്‍ സംഭരണ ശേഷിയുള്ള ഇടുക്കി അണക്കെട്ടിന് ഒറ്റയടിക്ക് ഇത്രയും വെള്ളത്തിന്റെ സമ്മര്‍ദം താങ്ങാനാകില്ല. അമിത സമ്മര്‍ദം കാരണം ഇടുക്കി അണക്കെട്ട്് തകര്‍ന്നാലുള്ള ദുരന്തത്തിന്റെ വ്യാപ്തി വിവരണാതീതമായിരിക്കും.
അകത്തുണ്ടാകുന്ന വിള്ളലുകള്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്ന സമയത്ത് ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുക. ജലനിരപ്പ് താഴ്ത്തി ഡാമിന്റെ സമ്മര്‍ദം കുറക്കുകയാണ് പ്രശ്നത്തില്‍ അടിയന്തരമായി ചെയ്യേണ്ടത്.
പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിന് പുതിയ ഡാം നിര്‍മിക്കുകയാണ് വേണ്ടത്. 1979 ലെ കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍ കെ.സി തോമസ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ അണക്കെട്ടാണ് പരിഹാരം എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. നിലവിലുള്ള അണക്കെട്ടിന് 1300 അടി താഴെയാണ് പുതിയ അണക്കെട്ടിന് കേരളം സ്ഥലം കണ്ടെത്തിയിട്ടുള്ളത്. തമിഴ്നാടിന്റെ നീരൊഴുക്കിനെ ബാധിക്കാത്ത തരത്തിലാണ് ഡാം പണിയുകയെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ഭാഗത്ത്, മുല്ലപ്പെരിയാര്‍ വിഷയം സംബന്ധിച്ച ഡാം 999 എന്ന സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്യുന്നത് തടയാന്‍ പോലും തമിഴ്നാട് സര്‍ക്കാറിനായി. പ്രശ്നം അതിഗുരുതരമായ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ ആവും വിധം സമ്മര്‍ദം ചെലുത്തണം. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും വലുതെന്ന ബോധ്യം സര്‍ക്കാറിനെ തൊട്ടുണര്‍ത്തേണ്ടതുണ്ട്. വിളിപ്പാടകലെയുള്ള ദുരന്തത്തെ ഇനിയും പ്രാര്‍ത്ഥന കൊണ്ടു മാത്രം മറികടക്കാനാവില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ