പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളുടെ അവസരസമത്വത്തിനായി ശബ്ദിക്കുന്ന ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റേത്. ആധുനിക ഭരണസംവിധാനങ്ങളില്‍ സമാനതകളില്ലാത്തവിധം മെച്ചപ്പെട്ടതാണ് ജനാധിപത്യപ്രക്രിയ. എല്ലാ ജനവിഭാഗങ്ങള്‍ക്കും ജാതിമതഭാഷാസംസ്കാരവംശഭേദമില്ലാത്ത തുല്യതയാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. എന്നിരിക്കിലും ഇന്ത്യയില്‍ ലഭ്യമായ സൗകര്യങ്ങളുടെ വിതരണത്തില്‍ ചിലവിഭാഗങ്ങള്‍ക്ക് അര്‍ഹമായത് കിട്ടാതെ പോകുന്നുണ്ട്. രാഷ്ട്രീയവും ഭൗതികവുമായ കാരണങ്ങളാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടുപോയ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആരോഗ്യകരമായ ചുവടുവെപ്പുകള്‍ നടത്തിക്കൊണ്ടേയിരിക്കുന്ന രാഷ്ട്രം കൂടിയാണ് ഇന്ത്യ. പൂര്‍ണതോതില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിജയം കാണാത്തത് രാജ്യത്തിന്റെ ആകെയുള്ള വികാസത്തിനും വിഘാതമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ന്യൂനപക്ഷപിന്നാക്ക ജനവിഭാഗങ്ങളുടെ ഭൗതികജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ ആവിഷ്കരിച്ചുതുടങ്ങിയത്.
സാര്‍വദേശീയമാനമാണ് ന്യൂനപക്ഷാവകാശങ്ങള്‍ക്കുള്ളത്. എെക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിലടക്കം ന്യൂനപക്ഷവിഭാഗങ്ങളുടെ ഉന്നമനത്തിന് ഭരണകൂടം ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്നുണ്ട്. 1992 ഡിസംബര്‍ 18 ലെ എെക്യരാഷ്ട്ര സഭാ പ്രഖ്യാപനം ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അധികാരാവകാശങ്ങളെക്കുറിച്ചുള്ള ഒരു സുപ്രധാന ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.
ആഗോളതലത്തില്‍ നിന്ന് ഒട്ടും ഭിന്നമായിരുന്നില്ല ഇന്ത്യയുടെ സമീപനവും. ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സ്വാതന്ത്രyാനന്തരകാലം മുതല്‍ക്കുള്ള നമ്മുടെ ഭരണാധികാരികള്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. സൗഹാര്‍ദത്തിലധിഷ്ഠിതമായ സമീപനത്തിലൂടെ ഇതര ജനവിഭാഗങ്ങളുടെ ജീവിത നിലവാരത്തിന് സമാനമായ നിലയിലേക്ക് ന്യൂനപക്ഷങ്ങളേയും എത്തിക്കാനാണ് ഭരണകൂടം ശ്രമിച്ചത്. അത്തരം ശ്രമങ്ങള്‍ ഫലവത്തായെന്ന് ഇന്നും പറയാന്‍ കഴിയാത്തത് ദു:ഖസത്യമായി അവശേഷിക്കുന്നുണ്ട്. അത്രമേല്‍ പരിതാപകരമായിരിക്കണം ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്നുവേണം, എടുത്ത നടപടികള്‍ മതിയാവാതെ വന്നു എന്നതില്‍ നിന്നും അനുമാനിക്കാന്‍.
1978 ഫെബ്രുവരി 22 നാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ രൂപീകൃതമാകുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുന്ന നടപടികളുടെ ഭാഗമായുണ്ടായ പ്രധാനനടപടിയായിരുന്നു ഇത്. ഒരു രാജ്യത്തിന്റെ വികസന സങ്കല്‍പം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ആ രാജ്യത്തെ എല്ലാജനവിഭാഗങ്ങളും രാജ്യം പ്രതിനിധാനം ചെയ്യുന്ന വികസന ധാരയില്‍ പങ്കാളികളായിരിക്കണം എന്ന യു.എന്‍ പ്രഖ്യാപനം ദേശീയ ന്യൂനപക്ഷകമ്മീഷന്റെ രൂപീകരണ വേളയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി വിഭാഗങ്ങളെയാണ് ഇന്ത്യയില്‍ ന്യൂനപക്ഷ മത വിഭാഗങ്ങളായി പരിഗണിക്കുന്നത്.
ഒരു പതിറ്റാണ്ടായി ഇന്ത്യയില്‍ ന്യൂനപക്ഷത്തിന്റെ, പ്രത്യേകിച്ച് രാജ്യത്തെ ഏറ്റവും പ്രധാന ന്യൂനപക്ഷ മതവിഭാഗമായ മുസ്ലിംകളുടെ സാമൂഹികാവസ്ഥയെക്കുറിച്ച് ശ്രദ്ധേയമായ പഠനങ്ങളും കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഉണ്ടായിട്ടുണ്ട്. എസ്.സി/ എസ്.ടി വിഭാഗങ്ങളുടേതിനേക്കാള്‍ ദയനീയമാണ് രാജ്യത്തെ മുസ്ലിംകളുടെ പൊതു അവസ്ഥയെന്ന കണ്ടെത്തലുകളാണ് ഇത്തരം പഠനങ്ങളിലൂടെയും റിപ്പോര്‍ട്ടുകളിലൂടെയും പുറത്തുവന്നത്. വിദ്യാഭ്യാസ ഉദ്യോഗമേഖലകളിലെയും സാക്ഷരതാ നിരക്കിന്റെയും കാര്യത്തില്‍ അതിദയനീയമാം വണ്ണം ദേശീയശരാശരിയില്‍ നിന്നകലെയാണ് മുസ്ലിംകള്‍. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കേണ്ടത് രാജ്യത്തിന്റെ മൊത്തം വികാസത്തിനു തന്നെ അത്യന്താപേക്ഷിതമാണ്.
2007 ല്‍ പുറത്തുവന്ന ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് രാജ്യത്തെ മുസ്ലിംകളുടെ സമാനതകളില്ലാത്ത പിന്നോക്കാവസ്ഥ കണ്ടെത്തിയത്. ഇത്തരമൊരു അസന്തുലിതാവസ്ഥ ദുരീകരിക്കാനാണ് ഒന്നാം യു.പി.എ സര്‍ക്കാര്‍ സുപ്രധാനമായ ചില പദ്ധതികള്‍ ആവിഷ്കരിച്ചത്. പ്രധാനമന്ത്രിയുടെ 15 ഇന പരിപാടികളും ന്യൂനപക്ഷകേന്ദ്രീകൃത ജില്ലകളിലെ ബഹുമുഖ വികസന പദ്ധതികളും നിരവധി സ്കോളര്‍ഷിപ്പുകളും വിദ്യാഭ്യാസ ആനുകൂല്യങ്ങളുമൊക്കെ ഇതിന്റെ ഭാഗമായാണ് നടപ്പിലായത്. മുസ്ലിംകള്‍ക്ക് ഉദ്യോഗതലത്തില്‍ സംവരണം നല്‍കണമെന്ന് ദേശീയതലത്തില്‍ തന്നെ ശക്തമായ ആവശ്യം ഉയര്‍ന്നതും കേന്ദ്രസര്‍ക്കാര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചതുമൊക്കെ വളരെയേറെ ആശാവഹമാണ്.
എല്ലാ മതജാതി വിഭാഗങ്ങളും സഹോദരങ്ങളെപ്പോലെ ഇഴുകിചേര്‍ന്നു ജീവിക്കുന്ന ലോകത്തിനാകെ മാതൃകയായ അനിതരസാധാരണമായ ഒരു സാമൂഹിക സാഹചര്യമാണ് കേരളത്തിലുള്ളത്. ഇതര വിഭാഗങ്ങളുമായുള്ള ആരോഗ്യകരമായ സഹവര്‍ത്തിത്വം കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പൊതുവിലുള്ള ഉന്നമനത്തിന് സഹായകമായിട്ടുണ്ട്. എല്ലാമായെന്നല്ല, തമ്മില്‍ ഭേദം എന്ന നിലയിലാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പൊതു അവസ്ഥ. വിദ്യാഭ്യാസഉദ്യോഗ മേഖലകളിലെ സംവരണത്തിന്റെയടക്കം കാര്യങ്ങളില്‍ കേരളം ആരോഗ്യകരമായ കീഴ്വഴക്കങ്ങളാണ് സൃഷ്ടിച്ചത്.
ദേശീയതലത്തില്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ ആവിഷ്കരിച്ചതും രണ്ടാം യു.പി.എ സര്‍ക്കാര്‍ തുടരുന്നതുമായ ന്യൂനപക്ഷ ക്ഷേമ നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ശാസ്ത്രീയമായ സമീപനമായിരുന്നില്ല കേരളം സ്വീകരിച്ച് പോന്നത്. കേന്ദ്രഫണ്ടുകള്‍ പാഴാകുന്ന അവസ്ഥപോലുമുണ്ടായിരുന്നു. പദ്ധതികള്‍ തയാറാക്കുന്നതിലും സമയക്രമം പാലിക്കുന്നതിലും വീഴ്ചകളുണ്ടായി. പുതിയൊരുപദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നതു കാരണമുള്ള മനുഷ്യസഹജമായ വീഴ്ചകളാണിതെന്ന ന്യായീകരണങ്ങളും നിരത്തപ്പെട്ടിട്ടുണ്ട് എന്നത് കാണാതിരിക്കുന്നില്ല.
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിനെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിനുള്ള നോഡല്‍ ഏജന്‍സിയായി പ്രഖ്യാപിച്ചു എന്നതാണ് ചുരുങ്ങിയ കാലയളവിലെ വലിയ നേട്ടം. ന്യൂനപക്ഷ ജനവിഭാഗത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് ഉപകരിക്കുന്ന ന്യൂനപക്ഷക്ഷേമ ധനകാര്യവികസനകോര്‍പറേഷന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളെല്ലാമെടുത്തു. പലിശ സംവിധാനത്തോട് വിമുഖതയുള്ളവരാണ് മദ്രസാധ്യാപകരെന്നതിനാല്‍, മുഴുവന്‍ പേരുടെയും പ്രാതിനിധ്യം ഉറപ്പാക്കാന്‍ മദ്രസാധ്യാപക ക്ഷേമനിധി പലിശ രഹിതമാക്കി. ക്ഷേമനിധി ആനുകൂല്യം ഇനിമുതല്‍ ട്രഷറിവഴിയാകും വിതരണം ചെയ്യുക. ഇതിന്റെ ഭാഗമായി കോഴിക്കോട് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം ട്രഷറിയിലേക്ക് മാറ്റിയിട്ടുണ്ട്. ന്യൂനപക്ഷകമ്മീഷന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. മത്സരപരീക്ഷകള്‍ക്ക് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ ആധുനിക നിലവാരത്തിലുള്ള കോച്ചിംഗ് സെന്ററുകള്‍ പല ജില്ലകളിലും ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തു. പ്രധാനമന്ത്രിയുടെ 15 ഇന പരിപാടികളുടെ നടത്തിപ്പിനായി സംസ്ഥാനജില്ലാതലക്രമീകരണങ്ങള്‍ നടപ്പിലാക്കി. വയനാട്ടിലെ ബഹുമുഖവികസന പദ്ധതിക്കുള്ള ആദ്യഗഡുതുക പൂര്‍ണമായും കൈമാറാനായെന്നു മാത്രമല്ല സച്ചാര്‍ശുപാര്‍ശകള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ഇതിനകം കര്‍മപദ്ധതികള്‍ ആവഷ്കരിക്കാനുമായി.
പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്കു പുറമേ ഒരു വര്‍ഷ കര്‍മപരിപാടികളും തയാറാക്കി. ഇവയില്‍ പലതും യാഥാര്‍ത്ഥ്യത്തോടടുക്കുകയാണ്. വിവാഹമോചിതരും കഴിഞ്ഞ അഞ്ചുവര്‍ഷമായി പുനര്‍വിവാഹിതരല്ലാത്തവരും സര്‍ക്കാര്‍ സര്‍വീസിലോ അല്ലാതെയോ സ്ഥിരവരുമാനക്കാരായ ആണ്‍മക്കള്‍ ഇല്ലാത്തവരും സ്വന്തമായി കിടപ്പാടം ഇല്ലാത്തവരുമായ വനിതകളുടെ പുനരധിവാസത്തിന് വീടുകളോ പാര്‍പ്പിട സമുച്ചയങ്ങളോ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ഇതിനായി സ്വീകരിക്കും. പദ്ധതി നടത്തിപ്പിന് സഹായിക്കുന്നവര്‍ക്ക് നികുതി ഇളവുകള്‍ നല്‍കാനും ആലോചിക്കുന്നു. ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന്റെ റീജിയണല്‍ ഓഫീസ് മലബാര്‍ മേഖലയില്‍ തുടങ്ങാനും തീരുമാനമെടുത്തു. ക്ഷേമപദ്ധതികള്‍ ഗുണഭോക്താക്കളിലെത്തിക്കാന്‍ ന്യൂനപക്ഷക്ഷേമ പ്രൊമോട്ടര്‍മാരെ നിയമിക്കാനും ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. ന്യൂനപക്ഷകേന്ദ്രീകൃത ബ്ലോക്കുകളില്‍ എം.എസ്.ഡി.പി പദ്ധതി വ്യാപിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് പദ്ധതിതയാറാക്കി സമര്‍പ്പിക്കും. തീരദേശമേഖലകളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നടപ്പിലാക്കിവരുന്ന ആരോഗ്യ ശുചിത്വപദ്ധതി ന്യൂനപക്ഷകേന്ദ്രീകൃതമായ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ന്യൂനപക്ഷവനിതകളുടെ സ്വയം സഹായകസംഘടകള്‍ രൂപീകരിച്ച് കുടുംബശ്രീമാതൃകയില്‍ അവര്‍ക്ക് ആവശ്യമായ തൊഴില്‍ പരിശീലനവും സാമ്പത്തിക സഹായവും ലഭ്യമാക്കാനും ഒരു വര്‍ഷ കര്‍മപരിപാടിയിലൂടെ ലക്ഷ്യമിടുന്നു. ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്കുകളില്‍ എം.എസ്.ഡി.പി പദ്ധതി വ്യാപിക്കുന്നതിനായി ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിച്ച് ജീവനക്കാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
ന്യൂനപക്ഷവിഭാഗങ്ങള്‍ക്കു മാത്രമല്ല ഇതരവിഭാഗങ്ങള്‍ക്കും സാമൂഹിക സുരക്ഷിതത്വത്തിനുവേണ്ടിയുള്ള മുഴുവന്‍ കരുതല്‍ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും. ആ ദിശയിലുള്ള സുപ്രധാനമായ പല പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമന്വയത്തിന്റെ പാതയിലൂടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സഹായം ആവശ്യമുള്ള മുഴുവന്‍ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പരിഗണന ഉറപ്പാക്കും.
ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യം നല്‍കുന്ന ഭരണഘടനാപരമായ അവകാശങ്ങളും സാമൂഹിക പരിഗണനയും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഡിസംബര്‍ 18 ദേശീയ ന്യൂനപക്ഷ അവകാശദിനമായി ആചരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. സമന്വയവും സഹവര്‍ത്തിത്വവും വികസനത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്നും ഈ ദിവസം നമ്മെ ഓര്‍മിപ്പിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ