Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

അറബ് വസന്തത്തിന്റെ സന്ദേശം (കെ. എം. ഷാജി)





എല്ലാം തുടങ്ങിയത് ടുണീഷ്യയില്‍ നിന്നാണ്. ഈ ഉത്തരാഫ്രിക്കന്‍ രാജ്യത്തിന്റെ സര്‍വ്വാധിപതിയായി വിരാജിച്ച ബെന്‍ അലിക്ക് ജനരോഷത്തിന്റെ തീച്ചൂടില്‍ പലായനം ചെയ്യേണ്ടിവന്നു. പിന്നീട് ഈജിപ്തിലെ തഹ്രീര്‍ ചത്വരം തിളയ്ക്കുന്നതാണ് കണ്ടത്. ഈജിപ്തിനെ ഉരുക്കുമുഷ്ടിയോടെ ഭരിച്ച് സഹസ്രകോടികളുടെ സ്വകാര്യആസ്തിയുമായി സ്വര്‍ഗീയ ജീവിതം നയിച്ചുവന്ന മുബാറക് കുടുംബത്തെയും ജനങ്ങള്‍ തൊഴിച്ചുപുറത്താക്കി. ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിക്കും കുടുംബത്തിനും മൃഗീയ ശിക്ഷയാണ് ജനങ്ങള്‍ നല്‍കിയത്. യമനില്‍ പ്രസിഡണ്ട് അലി അബ്ദുല്ല സാലിഹ് ഒടുവില്‍ സ്ഥാനത്യാഗം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. സിറിയയില്‍ ബഷര്‍ അല്‍ അസദ്, അറബ് വസന്തത്തില്‍ നിന്ന് തരിമ്പും പാഠമുള്‍ക്കൊള്ളാതെ, ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
സുപ്രധാനമായും മൂന്ന് കാരണങ്ങളാണ് അറബ് വസന്തത്തിലേക്ക് നയിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഒന്നാമതായി, രാഷ്ട്രീയ കാരണം പരിശോധിക്കാം. ഇരുപതാം നൂറ്റാണ്ടിന്റെ പ്രഥമപാദം തൊട്ടുതന്നെ അറബ് ജനത കടുത്ത സാമ്രാജ്യത്വവിരുദ്ധത പ്രദര്‍ശിപ്പിച്ചു പോന്നിട്ടുണ്ട്. ഖിലാഫത്ത് പ്രശ്നം ഇതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട് എന്നത് വസ്തുതയത്രെ. സാമ്രാജ്യത്വവിരുദ്ധത പ്രഘോഷണം ചെയ്തുകൊണ്ട് രംഗത്തുവന്ന ഏകാധിപതികളെ, അവര്‍ ഏകാധിപതികളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, അറബ് ജനത സ്വീകരിക്കുകയായിരുന്നു. ജനതയുടെ സാമ്രാജ്യത്വവിരോധത്തെ അധികാരത്തിലേറാനുള്ള കുറുക്കുവഴിയായി ഈ സ്വോധിപതികള്‍ സമര്‍ത്ഥമായി ചൂഷണം ചെയ്യുകയായിരിക്കണം ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഈ ഏകാധിപതികളില്‍ ഭൂരിപക്ഷവും സാമ്രാജ്യത്വവിരുദ്ധത പടിപടിയായി കൈയൊഴിയുകയും അങ്കിള്‍ സാമിന്റെ സൃഗാല തന്ത്രങ്ങള്‍ക്ക് വശംവദരാകുകയും ചെയ്യുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഇത് ആദ്യം ദൃശ്യമായത് ഈജിപ്തിലാണ്. 1970കളോടെ ഈജിപ്ത് അമേരിക്കന്‍ ജൂതരാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലിലെ നിസ്സഹായ ശിശുവായി മാറി. 1980കളുടെ ഒടുവില്‍ ടുണീഷ്യയിലെ ബെന്‍ അലിയും രായ്ക്കുരാമാനം കളം മാറി. സര്‍വ്വരെയും അല്‍ഭുതപരതന്ത്രരാക്കിയ കാഴ്ച ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നായിരുന്നു. 1990 കളുടെ മധ്യംവരെ അമേരിക്കക്കെതിരെയും അതിന്റെ ഭരണാധികാരികള്‍ക്കെതിരെ വ്യക്തിപരമായും ഏത് സാമ്രാജ്യത്വവിരുദ്ധനെയും ഹര്‍ഷപുളകമണിയിക്കുമാറ് ഘോരഘോരം അധരവ്യായാമം നടത്തിയിരുന്ന കേണല്‍ ഗദ്ദാഫി വൈറ്റ്ഹൗസിന്റെ ആജ്ഞാനുസാരിയായി മാറിയതാണ് ഒടുവില്‍ കണ്ടത്. അവിശ്വസനീയമായിരുന്നു ആ മാറ്റം. അറബ്ജനതയില്‍ അന്തര്‍ലീനമായ സാമ്രാജ്യത്വവിരുദ്ധതയ്ക്ക് അപ്പോഴും അണുയിട കുറവുണ്ടായിരുന്നില്ലെന്ന് ഈ ഏകാധിപതികള്‍ പക്ഷേ, അറിഞ്ഞില്ല.
ആസന്നകാരണമെന്ന് പറയാവുന്നത് സാമ്പത്തികമാണ്. മേല്‍പരാമര്‍ശിച്ച പല രാജ്യങ്ങളിലും 1990കളില്‍ അമേരിക്കന്‍ കുറിപ്പടിയനുസരിച്ചുള്ള കടിഞ്ഞാണില്ലാത്ത നവസാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങി. ഖജനാവിന്റെ പകുതിയും ഏകാധിപതികള്‍ കൈയിട്ടുവാരിയ ഇത്തരം രാജ്യങ്ങളില്‍ നവ സാമ്പത്തികനയങ്ങള്‍ വ്യത്യസ്ത മേഖലകളില്‍ ദുരന്തം വിതച്ചു. രൂക്ഷമായ തൊഴിലില്ലായ്മ യുവജനങ്ങളെ കോപാക്രാന്തരാക്കി മാറ്റി. ടുണീഷ്യയിലും ഈജിപ്തിലും ലിബിയയിലുമൊക്കെ പ്രക്ഷോഭത്തിന് ഇന്ധനം പകര്‍ന്നതില്‍ തൊഴില്‍പ്രശ്നങ്ങള്‍ മുഖ്യമായിരുന്നു. ടുണീഷ്യയെപ്പോലുള്ള രാജ്യത്താവട്ടെ സംസ്കൃതിയുടെതന്നെ അടിമാന്തുന്ന ടൂറിസത്തിന്റെ വ്യാപനം ദൂരവ്യാപകങ്ങളായ ഫലങ്ങളുളവാക്കി. ഇസ്ലാമികസംസ്കൃതിയില്‍ അധിഷ്ഠിതമായ ടുണീഷ്യന്‍ സംസ്കാരത്തെ വെല്ലുവിളിച്ച് തലസ്ഥാനമായ ടൂനീസിലെ തെരുവുകളില്‍ അര്‍ദ്ധ നഗ്നരായ വിദേശ യുവതീയുവാക്കളും അകമ്പടിയായി മദ്യവും മയക്കുമരുന്നുമൊക്കെ കടന്നുവന്നു.
ഒരുപക്ഷേ, ഏറ്റവും പ്രധാനപ്പെട്ട കാരണമെന്നു പറയാവുന്നത് ജനാധിപത്യത്വര സിരകളിലാവാഹിച്ച ഒരു യുവജനസഞ്ചയത്തിന്റെ ആവിര്‍ഭാവമാണ്. തങ്ങളെ ദശാബ്ദങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്ന ഏകാധിപതികളും അവരുടെ പുത്ര കളത്രാദികളും രാഷ്ട്രസമ്പത്ത് വിദേശബാങ്കുകളിലേക്ക് കടത്തുകയാണെന്നും ആര്‍ഭാടജീവിതത്തില്‍ അഭിരമിച്ച് തിമിര്‍ക്കുകയാണെന്നും അവര്‍ കണ്ടു. ജനക്ഷേമത്തില്‍ ഒട്ടും താല്പര്യമില്ലാതിരുന്ന, തരാതരംപോലെ സാമ്രാജ്യത്വ വിരുദ്ധതയും സാമ്രാജ്യത്വ ദാസ്യവും ശീലമാക്കിയ ഈ ഉദരംഭരികള്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടാല്‍ മാത്രമേ തങ്ങളുടെ സമൂഹം രക്ഷപ്പെടുകയുള്ളൂ എന്ന് ഈ യുവസഹസ്രങ്ങള്‍ മനസ്സിലാക്കി. അവരാണ് പ്രക്ഷോഭങ്ങള്‍ക്ക് ദിശയും വീര്യവും പകര്‍ന്നത്. ആധുനികസാങ്കേതികവിദ്യകളായ ട്വിറ്ററും ഫേസ്ബുക്കുമൊക്കെ പ്രക്ഷോഭജ്വരം പടര്‍ത്താന്‍ ഈ ചെറുപ്പക്കാര്‍ അക്ഷീണം ഉപയോഗിച്ചു. ""വി ആര്‍ ആള്‍ ഖാലിദ് സെയ്ദ്'', ""ഇനഫ് ഈസ് ഇനഫ്'' തുടങ്ങിയ ആവേശകരമായ മുദ്രാവാക്യങ്ങള്‍ അവര്‍ ഉയര്‍ത്തി. ഏറ്റവും ശ്രദ്ധേയമായ കാര്യം, പിന്നീട് അമേരിക്കയില്‍ അരങ്ങേറിയ "വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍' പ്രക്ഷോഭ കാരികള്‍ക്കുപോലും വലിയ തോതില്‍ പ്രചോദനം നല്‍കിയത് ഈ അറബ് ചെറുപ്പക്കാരാണ് എന്നതാണ്.
""മുല്ലപ്പൂ വിരിഞ്ഞ'' ടുണീഷ്യയിലാണ് ആദ്യമായി സുതാര്യമായ ജനാധിപത്യ തെരഞ്ഞെടുപ്പ് നടന്നത്. പ്രതീക്ഷിക്കപ്പെട്ടതുപോലെ ഇബ്രാഹീം ഗനൂഷിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ അന്നഹ്ദ അവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇബ്രാഹിം ഗനൂഷി ടുണീഷ്യയില്‍ കൊണ്ടുവരാനാഗ്രഹിക്കുന്നത് മലേഷ്യന്‍ മാതൃകയിലോ തുര്‍ക്കി മാതൃകയിലോ ഉള്ള ഒരു ഭരണക്രമമാണ്. ഇസ്ലാമും ജനാധിപത്യവും മതേതരത്വവും ആരൂഢങ്ങളായ ഒരു ഭരണക്രമമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. മതഭരണം അന്നഹ്ദയുടെ അജണ്ടയിലില്ലെന്ന് ഇബ്രാഹിം ഗനൂഷി അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ടുണീഷ്യയുടെ ബഹുസ്വരതയെ പരിരക്ഷിക്കുന്ന, ജനാധിപത്യം ഉത്തരോത്തരം സുദൃഢമാക്കുന്ന, സുതാര്യഭരണമായിരിക്കും ടുണീഷ്യയിലുണ്ടാവുക എന്ന് അന്നഹ്ദ പാര്‍ട്ടി പലപാട് പറഞ്ഞുകഴിഞ്ഞു.
ഈജിപ്തില്‍ വിപ്ലവം അതിന്റെ രണ്ടാംഘട്ടത്തിലാണ്. ഹുസ്നി മുബാറക് പുറത്താക്കപ്പെട്ടെങ്കിലും രാഷ്ട്രഭരണം ഇപ്പോഴും അദ്ദേഹത്തിന്റെ ശിങ്കിടികളുടെ കൈയില്‍ത്തന്നെയാണ്. വാഗ്ദാനം ചെയ്യപ്പെട്ടതുപോലെ അവിടെ ഒരു ജനാധിപത്യപ്രക്രിയ നടന്നുകഴിഞ്ഞിട്ടില്ല. അതിനാല്‍ ജനങ്ങള്‍ തഹ്രീര്‍ ചത്വരത്തിലേക്ക് വീണ്ടും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കൗതുകകരമായ വസ്തുത, ജമാഅത്തെ ഇസ്ലാമിയുടെ ഈജിപ്ഷ്യന്‍ പതിപ്പായ മുസ്ലിം ബ്രദര്‍ഹുഡ് പോലും അവിടെ മതഭരണം പരസ്യമായി ആവശ്യപ്പെടുന്നില്ല എന്നതാണ്. തിരഞ്ഞെടുപ്പ് നടന്നാല്‍ മുസ്ലിം ബ്രദര്‍ഹുഡ് ഈജിപ്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള സാധ്യത ഏറെയുണ്ട്. അപ്പോഴവര്‍ ഹുകൂമത്തെ ഇലാഹി എന്ന് പറഞ്ഞ് രംഗത്തുവന്ന് ഈജിപ്തിന്റെ ബഹുസ്വരതയെ തകര്‍ക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
അറബിത്തെരുവുകളില്‍ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഏറ്റവും വലിയ തമാശ നടന്നത് ഇങ്ങ് കേരളത്തിലാണ്. ഊണിലും ഉറക്കിലും മതഭരണം സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ പുസ്തകങ്ങളിറക്കിയും പരശ്ശതം ലേഖനങ്ങളെഴുതിയും ജനാധിപത്യത്തിന്റെ ധ്വജവാഹകരായ, ഏകസ്വരതയുടെ പ്രണേതാക്കളല്ലാത്ത അറബ് പ്രക്ഷോഭകാരികളെ കലവറയില്ലാതെ വാഴ്ത്തിയത് എന്തിനാണെന്ന് ആദ്യമൊന്നും മനസ്സിലായിരുന്നില്ല. ജമാഅത്തെ ഇസ്ലാമിക്കാര്‍ ദിവാസ്വപ്നം കണ്ടിരുന്നത് അറബ് വസന്തം നടന്ന എല്ലാ നാടുകളിലും ഹുകൂമത്തെ ഇലാഹി വരുമെന്നായിരിക്കാം. പക്ഷേ, സംഭവിച്ചുകൊണ്ടിരിക്കുന്നത് അവരെ ഇപ്പോള്‍ അത്രയൊന്നും സന്തോഷിപ്പിക്കുന്നുണ്ടാകില്ല.
ജമാഅത്തെ ഇസ്ലാമിക്കാര്‍ അന്ധവും കുടിലവുമായ മൗദൂദിയന്‍ മായാലോകത്തുനിന്ന് വിമുക്തരായി സ്വബോധത്തിലേക്ക് തിരിച്ചുവന്ന് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അറബ് പ്രക്ഷോഭകരുടെ മുദ്രാവാക്യം ജമാഅത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന മതരാഷ്ട്രമായിരുന്നെങ്കില്‍ പത്താള്‍ പോലും കൈറോവിലെ തഹ്രീര്‍ ചത്വരത്തിലോ ടൂണിസിലെ തെരുവുകളിലോ എത്തില്ലായിരുന്നു എന്ന കനത്ത യാഥാര്‍ഥ്യമാണത്. അറബിത്തെരുവുകളില്‍ ആഞ്ഞടിച്ചത് മതഭരണവാഞ്ഛയുടെ കൊടുങ്കാറ്റല്ല, സുതാര്യവും ജനാധിപത്യപരവും ജനോന്മുഖവുമായ ഭരണക്രമത്തിനുവേണ്ടിയുള്ള കൊടുങ്കാറ്റാണ്. നിസ്സംശയം പറയാം, പ്രക്ഷോഭകാരികള്‍ക്ക് ദൃഢചിത്തതയും സ്ഥൈര്യവും ശുഭാപ്തിവിശ്വാസവും നല്‍കിയത് ഇസ്ലാമിന്റെ അടിക്കല്ലായ നീതി എന്ന സങ്കല്‍പമാണ്. അക്രമകാരിയായ ഒരു മുസ്ലിം ഭരിക്കുന്നതിനേക്കാള്‍ നല്ലത് നീതിമാനായ ഒരു അമുസ്ലിം ഭരിക്കുന്നതാണെന്ന പ്രവാചകന്റെ നിരീക്ഷണം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ചരിത്രസന്ദര്‍ഭങ്ങള്‍ വ്യത്യസ്തമാണെങ്കിലും കേരളത്തിലെ മുസ്ലിം സമൂഹം അറബ് പ്രക്ഷോഭകരുടെ മുന്‍പേ വഴിനടന്നവരാണെന്ന് പറയാം. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ ഇസ്ലാമിന്റെ നൈതികമൂല്യങ്ങളും സംസ്കൃതി ധാരകളും സംഘടനാഗാത്രത്തില്‍ സന്നിവേശിപ്പിച്ച മുസ്ലിം ലീഗെന്ന പ്രസ്ഥാനം ദക്ഷിണേഷ്യയുടെ ഒരു മൂലയില്‍ ആറ് ദശാബ്ദത്തിലേറെയായി കരുത്തോടെ നിലനില്ക്കുന്നുണ്ടെന്ന വസ്തുത ഏത് അറബ് പ്രക്ഷോഭകനെയും അത്ഭുതപ്പെടുത്താതിരിക്കില്ല. അര നൂറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ജനാധിപത്യത്തെ അപഹസിച്ചുപോന്ന ജമാഅത്തെ ഇസ്ലാമിക്ക് "ഇന്നലെ' പുലര്‍കാലത്താണ് ഒരു വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാക്കി ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഭാഗഭാക്കാകണമെന്ന ബോധോദയമുണ്ടായത്. "മുന്‍പേ പറക്കുന്ന പക്ഷികള്‍' എന്നത് സി. രാധാകൃഷ്ണന്റെ ഒരു നോവല്‍ ശീര്‍ഷകമാണ്. ജമാഅത്തെ ഇസ്ലാമിക്കാര്‍ എക്കാലത്തും "പിന്‍പേ പറക്കുന്ന പക്ഷികള്‍' തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ