ഒ.ബി.സി സംവരണത്തില്‍ മുസ്ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്ക് നാലര ശതമാനം പ്രത്യേക ക്വാട്ട ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സാഹചര്യങ്ങള്‍ കൊണ്ടും വ്യവസ്ഥിതികളുടെ പിടിപ്പുകേടുകളാലും മുഖ്യധാരയില്‍നിന്ന് പുറം തള്ളപ്പെട്ടുപോയ ജനവിഭാഗത്തിന് പ്രത്യാശയുടെ കിരണങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ്. അവകാശങ്ങളും ആനൂകൂല്യങ്ങളും നിഷേധിക്കപ്പെട്ട് പതിറ്റാണ്ടുകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു കഴിയുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ യു.പി.എ സര്‍ക്കാര്‍ നടത്തിവരുന്ന ശ്രമങ്ങളിലെ നിര്‍ണായക ചുവടുവെപ്പായി വേണം ഇതിനെ കാണാന്‍. മറ്റു പിന്നാക്ക വിഭാഗ(ഒ.ബി.സി)ക്കാര്‍ക്കായി നിലവിലുള്ള 27 ശതമാനം സംവരണത്തില്‍ നാലര ശതമാനം ന്യൂനക്ഷങ്ങള്‍ക്ക് മാത്രമായി മാറ്റിവെക്കാനാണ് തീരുമാനം. ഭരണപരമായ ഉത്തരവിലൂടെ 2012 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരത്തക്ക രീതിയിലാണ് കേന്ദ്രമന്ത്രിസഭ പുതിയ തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
പ്രത്യേക ക്വാട്ട പ്രാബല്യത്തില്‍ വരുന്നതോടെ മുസ്ലിംകള്‍ ഉള്‍പ്പെടെ ഒ.ബി.സി ലിസ്റ്റില്‍ വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗങ്ങളിലും കേന്ദ്ര സര്‍വകലാശാലകള്‍, കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നാലര ശതമാനം സംവരണം ഉറപ്പാക്കാന്‍ കഴിയും. സച്ചാര്‍ കമ്മിറ്റി കണ്ടെത്തല്‍ പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 14 ശതമാനം വരുന്ന മുസ്ലിംകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിലുള്ള പ്രാതിനിധ്യം കേവലം രണ്ടര ശതമാനത്തില്‍ താഴെ മാത്രമാണ്. വിദ്യാഭ്യാസഉദ്യോഗ തലങ്ങളില്‍ പ്രത്യേക പരിഗണന നല്‍കി മാത്രമേ ഈ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാകൂവെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചും ആസാദ് ഫൗണ്ടേഷന്‍ വഴി ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പദ്ധതികള്‍ വ്യാപിപ്പിച്ചും ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകള്‍ കണ്ടെത്തി പ്രത്യേക പാക്കേജ് നടപ്പാക്കിയും പിന്നാക്കം നില്‍ക്കുന്ന ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് തുടക്കമിട്ട പതിനഞ്ചിന കര്‍മ്മ പദ്ധതികള്‍ വലിയ പ്രതീക്ഷയാണ് പകര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായി വേണം പുതിയ നീക്കത്തെയും വിലയിരുത്താന്‍.
ഒ.ബി.സിയില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും സംവരണത്തിന്റെ നേട്ടം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടത്ര ലഭിക്കുന്നില്ലെന്ന് ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നേരത്തെതന്നെ ബോധ്യപ്പെട്ടതാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുന്നതിനാല്‍ മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് പ്രത്യേക ക്വാട്ടാ പ്രഖ്യാപനമെന്ന് വിമര്‍ശനമുണ്ട്. മുസ്ലിം പിന്നാക്കാവസ്ഥയുടെ ചരിത്രപരവും വസ്തുതാപരവുമായ പിന്‍ബലങ്ങളെ നിഷേധിക്കാന്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് കഴിയുന്നില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിയണം. ഉത്തര്‍പ്രദേശിലെ മുസ്ലിം വോട്ടുബാങ്കില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുന്ന സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയുമാണ് വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്നത് വിമര്‍ശനത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട്. സാമൂഹ്യ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണുന്നതിന് ഇത്തരം ഭരണപരമായ നടപടികള്‍ അനിവാര്യമാണെന്ന സുപ്രീംകോടതി വിലയിരുത്തലിന്റെ പിന്‍ബലവും വിമര്‍ശനങ്ങളെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണ്ഡല്‍ കമ്മീഷന്‍ കണ്ടെത്തല്‍ അനുസരിച്ച് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 52 ശതമാനമാണ് മറ്റു പിന്നാക്ക വിഭാഗ(ഒ.ബി.സി)ക്കാര്‍. ഇതില്‍ ന്യൂനപക്ഷങ്ങള്‍ 8.4 ശതമാനമാണ്. ഒ.ബി.സി സംവരണത്തില്‍ ജനസംഖ്യാനുപാധികമായി ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട പ്രാതിനിധ്യമായ നാലര ശതമാനം പ്രത്യേക ക്വാട്ട വഴി യഥാര്‍ഥ അവകാശികള്‍ക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ചെയ്യുന്നത്. അതിനപ്പുറം ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സംവരണം ലഭിക്കുന്നുവെന്നര്‍ത്ഥമില്ല. ക്രിസ്ത്യന്‍, സിഖ്, ബുദ്ധ മത വിഭാഗങ്ങള്‍ക്ക് കൂടി നേട്ടം ലഭിക്കുന്നതാണ് പ്രഖ്യാപനമെങ്കിലും ന്യൂനപക്ഷ വിഭാഗത്തില്‍ ആറുശതമാനം വരുന്ന മുസ്ലിംകള്‍ക്കായിരിക്കും പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുക. രാജ്യത്തെ മുസ്ലിംകളുടെ സാമൂഹ്യ നിലവാരം പല സംസ്ഥാനങ്ങളിലും എസ്.സി, എസ്.ടി വിഭാഗങ്ങളേക്കാള്‍ താഴെയാണെന്നാണ് സച്ചാര്‍ കമ്മിറ്റി കണ്ടെത്തല്‍. ഇത്തരമൊരു പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് ഏറെ സാമൂഹ്യ പ്രസക്തിയുണ്ട്.
കേന്ദ്രസര്‍വ്വകലാശാലയായ അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ മലപ്പുറം ഓഫ് ക്യാമ്പസ് ഇന്ന് നാടിനു സമര്‍പ്പിക്കുമ്പോള്‍ ന്യൂനപക്ഷ പുരോഗതിയിലേക്കുള്ള ചുവടുവെപ്പിലെ മറ്റൊരു സുവര്‍ണാധ്യായം കൂടിയാണ് രചിക്കപ്പെടുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഉയര്‍ന്നു വന്നേക്കാവുന്ന അലീഗഡ് ക്യാമ്പസ് മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായിരുന്നു. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന വേളയില്‍ മുസ്ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ച ഇരട്ട സമ്മാനമാണ് ഒ.ബി.സി ക്വാട്ടയും അലീഗഡ് ക്യാമ്പസും. പതിറ്റാണ്ടുകളായി പിന്നാക്കം കഴിയുന്ന ജനവിഭാഗങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന് പുതിയ തീരുമാനം വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ