Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

വയനാടിലെ കര്‍ഷകര്‍ക്ക് താങ്ങും തണലുമായി ...യുഡിഎഫ് സര്‍ക്കാര്‍ ..





ഒരു ഇടവേളക്ക് ശേഷം കേരളം കര്‍ഷക ആത്മഹത്യകള്‍ ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യുകയാണ്. കടഭാരം നിമിത്തം വയനാട്ടിലെ കല്‍പ്പറ്റയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യരോപണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കെ, വിഷയത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്. ന്യായവാദങ്ങള്‍ ഇരുവിഭാഗങ്ങള്‍ക്കും ഏറെ നിരത്താനുണ്ടാവാമെങ്കിലും പ്രബുദ്ധ കേരളത്തില്‍ ഈ അസ്വാഭാവിക മരണം നടക്കാന്‍ പാടില്ലായിരുന്നു എന്നതില്‍ തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല.
വയനാട് ജില്ലയില്‍ സര്‍ക്കാര്‍ വായ്പകളുടെ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച് യു.ഡി.എഫ് മന്ത്രിസഭ പ്രശ്നത്തിന് താല്‍ക്കാലിക ആശ്വാസം നല്‍കിയിരിക്കുകയാണ്. കാര്‍ഷിക കടം കൃത്യസമയത്ത് തിരിച്ചടക്കുന്നവര്‍ക്ക് പലിശയില്‍ പത്ത് ശതമാനം ഇളവ്്, വായ്പകളുടെ പിഴപ്പലിശ എഴുതിത്തള്ളല്‍, വയനാട്ടില്‍ ഉത്പാദിപ്പിക്കുന്ന ഇഞ്ചി കുരുമുളക് തുടങ്ങിയ കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില, ജില്ലയില്‍ നെല്ലുസംഭരണ കേന്ദ്രം തുടങ്ങി പ്രഖ്യാപനങ്ങളാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് മന്ത്രിസഭ നടപ്പാക്കാന്‍ തീരുമാനിച്ചത്. കാര്‍ഷിക വായ്പകള്‍ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്ക് പൊതുമേഖലാസഹകരണ ബാങ്കുകളുടെ സംയുക്ത ബാങ്കിംഗ് കമ്മിറ്റി രൂപീകരിക്കാനും യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. ജില്ലയില്‍ കര്‍ഷകരെ പിഴിഞ്ഞു കൊണ്ടിരിക്കുന്ന മൈക്രോഫൈനാന്‍സിംഗ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതോടൊപ്പം അവര്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുക്കേണ്ടതും അത്യാവശ്യമാണ്.
ആത്മഹത്യ സംഭവിച്ച ഉടനെ തന്നെ പ്രശ്നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ കാണിച്ച സന്നദ്ധത തീര്‍ച്ചയായും ശ്ലാഘനീയമാണ്. എന്നാല്‍ അത് കാലേകൂട്ടി കാണാന്‍ അധികാരികള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്.
വയനാട്ടിലെ ആത്മഹത്യകളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ അന്വേിക്കുമ്പോള്‍ ജില്ലയില്‍ കൊള്ളലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളുടെ ആര്‍ത്തി കാണാതിരുന്നു കൂടാ. ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും കാര്‍ഷിക വായ്പാ വിതരണത്തില്‍ ലക്ഷ്യം നേടുന്നുണ്ടെങ്കിലും അത് യഥാര്‍ത്ഥ അവകാശികള്‍ക്ക് തന്നെയാണോ ലഭിക്കുന്നത് എന്ന കാര്യത്തില്‍ ജയകുമാര്‍ റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിച്ചിരുന്നു. തിരിച്ചടവ് ഉറപ്പാക്കാന്‍ വന്‍കിട കര്‍ഷകര്‍ക്ക് മാത്രമാണ് വായ്പ നല്‍കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. വന്‍കിടക്കാരെ മാത്രം സഹായിക്കുന്ന ബാങ്കുകളുടെ നിലപാട് സാധാരണ കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു എന്ന് പറയേണ്ടതില്ല.
വട്ടിപ്പലിശ അരങ്ങു തകര്‍ക്കുന്ന ജില്ലയാണ് വയനാട് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടെന്ന് തോന്നുന്നില്ല. സര്‍ക്കാര്‍ വായ്പകളുടെ നൂലാമാലകളില്‍ നിന്ന് രക്ഷപ്പെടാന്‍ എളുപ്പത്തില്‍ വായ്പ ലഭിക്കുന്ന മൈക്രോ ഫൈനാന്‍സ് കമ്പനികളെ സമീപിക്കുന്ന കര്‍ഷക പ്രവണതക്ക് ഒരു പരിധി വരെ മാറിമാറി വന്ന സര്‍ക്കാറുകളും കുറ്റക്കാരാണ്. 24 ശതമാനം മുതല്‍ 60 ശതമാനം വരെ പലിശയാണ് ഇവര്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ പല സ്വാശ്രയ സംഘങ്ങളും ബ്ലേഡുകാരായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് വാസ്തവമാണ്. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് പലിശക്ക് കടം കൊടുക്കുന്നവരും ജില്ലയിലുണ്ട്.
വായ്പാ കുടിശ്ശിക വരുത്തുന്ന കേസുകളില്‍ ജാമ്യവസ്തുവില്‍ നിന്ന് ഒരു മാസത്തിനകം തുക ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന സര്‍ഫാസി ആക്ട് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന പരാതിയും നിലവിലുണ്ട്. കാര്‍ഷിക വായ്പക്ക് ചിലയിടങ്ങളില്‍ സ്വര്‍ണം ഈടായി നല്‍കേണ്ടി വരുന്നതും നിര്‍ത്തലാക്കേണ്ടതുണ്ട്. വായ്പയുടെ രീതി തന്നെ മാറ്റുന്ന ഇടപാടാണിത്. പലിശയെ മുതലില്‍ ചേര്‍ത്ത് അവക്ക് മുഴുവന്‍ പലിശ നിര്‍ണയിക്കുന്ന ചില ബാങ്കുകളുടെ രീതിയും കര്‍ശനമായി അവസാനിപ്പിക്കേണ്ടതുണ്ട്്. കടാശ്വാസ നിയമം ഭേദഗതി വരുത്തുന്നത് സംബന്ധിച്ചും ആലോചിക്കേണ്ടതുണ്ട്.
ജില്ലയില്‍ കാര്‍ഷിക വായ്പകള്‍ വിതരണം ചെയ്യുന്ന രീതിയും നിര്‍വഹണവും മാറേണ്ടതുണ്ട്് എന്നാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. കാര്‍ഷിക വായ്പകളിലെ കൊള്ളലാഭങ്ങള്‍ എടുത്തുകളയുകയും അതില്‍ കൂടുതല്‍ മാനുഷിക മുഖങ്ങള്‍ വരേണ്ടതും അത്യാവശ്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മാത്രമേ നശിച്ചു കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കാരത്തെ ഒരളവു വരെയെങ്കിലും തിരിച്ചുകൊണ്ടുവരാന്‍ കഴിയൂ. ജില്ലയില്‍ മാത്രമല്ല, സംസ്ഥാനത്ത് മുഴുവന്‍ കൂടുതല്‍ കേന്ദ്രപങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ കൊണ്ടുവരേണ്ടതുണ്ട്. നിലവിലെ പദ്ധതികളിലെ വീഴ്ചകള്‍ പരിശോധിക്കുകയും ദേശീയ തൊഴിലുറപ്പ് പദ്ധതി ക്രിയാത്മകമായി ആവിഷ്കരിക്കുകയും വേണം.
വന്യമൃഗ ശല്യത്തില്‍ വിളകള്‍ക്ക് ഇടക്കിടെ നാശനഷ്ടങ്ങളുണ്ടാകുന്ന ജില്ലയില്‍ കര്‍ഷകര്‍ക്ക് ചില്ലറ നഷ്ടപരിഹാരങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂ എന്നതും കര്‍ഷകനെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എഴുതിത്തള്ളിയേക്കുമെന്ന പ്രതീക്ഷയില്‍ വായ്പ തീരെ തിരിച്ചടക്കാതെ നില്‍ക്കുന്ന കര്‍ഷകരെ ബോധവല്‍ക്കരിക്കേണ്ടതും സര്‍ക്കാറിന്റെ ദൗത്യമാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ