Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

അറബ് വസന്തവും ഇടതുപക്ഷവും തമ്മിലെന്ത് (എ.എെ. അബ്ദുല്‍ മജീദ്)





 മലയാളി മുസ്ലിം മനസ്സിലേക്ക് തുളച്ച് കയറാന്‍ സഹായിക്കുന്ന ഏത് വിഷയവും നിലം തൊടുന്നതിന് മുമ്പേ തട്ടിപ്പറിച്ച് ഓടുന്ന സ്വഭാവം ഇടതുപക്ഷം കുറേ നാളായി സ്വീകരിച്ച് വരികയാണ്. യാസര്‍ അറഫാത്തിന്റെയും സദ്ദാം ഹുസൈന്റെയും പടം വച്ച് എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് നേടാന്‍ ഇടതുപക്ഷം ശ്രമിക്കാറുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പറയാന്‍പോലും അവകാശമില്ലാത്ത വിഷയങ്ങള്‍ സ്വന്തം പേരിലാക്കി കൊണ്ടാടുന്നത് കാണുമ്പോള്‍ ആഗോള ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ ഊറി ചിരിക്കും. അറബ്ഇസ്ലാമിക ലോകത്തെ ചെറു ചലനങ്ങള്‍ പോലും ഇടതുപക്ഷ പരിപ്രേക്ഷ്യത്തില്‍ വായിച്ച് വക്രീകരിക്കുന്ന പ്രവണത ഈയിടെയായി വര്‍ദ്ധിച്ച് വരുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അറബ് വസന്തം ഇടതുപക്ഷത്തിന്റെ വിജയമായി ആഘോഷിക്കുന്ന ഫലിതം.
അറബ് വസന്തം സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ പ്രായോഗികതക്കും ബൗദ്ധികതക്കും വേണ്ടി വായിക്കുന്നവരുടെ എണ്ണം കൂടുകയാണ്. രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും തീവ്ര മതേതരവാദികളും ഇസ്ലാമിക ശരീഅത്തിനോട് പ്രതിജ്ഞാബദ്ധത കാണിക്കുന്നവരും ഇടതുപക്ഷവുമെല്ലാം യാഥാര്‍ത്ഥ്യങ്ങളെ മറച്ചുപിടിച്ചും വികലമാക്കിയുമാണ് അറബ് ലോകത്തെ പ്രക്ഷോഭങ്ങളെ അവതരിപ്പിക്കുന്നത്. "വന' (ണഅചഅണലtെേഅശെമചീൃവേ അളൃശരമ) രാഷ്ട്രങ്ങളില്‍ നടക്കുന്ന മാറ്റങ്ങളോട് നിഷ്പക്ഷമായി പ്രതികരിക്കാന്‍ ശ്രമിക്കാതെ ഭേദവിചാരത്തോടെയുള്ള സമീപനമാണ് പ്രത്യയശാസ്ത്രം ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കാണിക്കുന്നത്.
പ്രത്യയശാസ്ത്ര പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഇടതുപക്ഷത്തിന് മൈലേജ് നല്‍കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ (വിമോചനം പൂക്കാത്ത അറബ് വസന്തം മാതൃഭൂമി ആഴ്ചപ്പതിപ്പ് ഡിസം.18) നടത്തുന്നത്. "വന' മേഖലയിലെ ജനകീയ പ്രക്ഷോഭങ്ങള്‍ തന്ത്രപൂര്‍വ്വം തട്ടിയെടുക്കുന്ന രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ തനിനിറം തുറന്ന് കാണിക്കുന്ന ഹമീദ് ചേന്ദമംഗല്ലൂര്‍ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് ബോധപൂര്‍വ്വം മൂടിവയ്ക്കാന്‍ പാടുപെടുകയാണ്.
തുനീഷ്യയിലെ ബിന്‍ അലിയും ഈജിപ്തിലെ ഹുസ്നിമുബാറക്കും ലിബിയയിലെ മുഅമ്മര്‍ അല്‍ ഖദ്ദാഫിയും കമ്മ്യൂണിസ്റ്റുകാരുടെ കണ്ണില്‍ സ്വോധിപതികളാവുമ്പോള്‍ സിറിയയില്‍ നരനായാട്ട് നടത്തുന്ന ബശ്ശാറുല്‍ അസദ് സാമ്രാജ്യത്വ വിരുദ്ധ പോരാളിയാവുന്നു. ബശ്ശാര്‍ ബഅസ് പാര്‍ട്ടിയുടെ നേതാവാണെന്നതാണ് സാമ്രാജ്യവിരുദ്ധതയുടെ കവചം നിര്‍മ്മിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് സ്വോധിപത്യത്തെ സാമ്രാജ്യത്വ വിരുദ്ധതയുടെ മുഖംമൂടി നല്‍കി സംരക്ഷിക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ എടുത്ത് കാണിക്കാനാവും. സോഷ്യലിസത്തിന്റെയും കോളനി മേധാവികള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പ്പിന്റെയും ഇല്ലാകഥകള്‍ പ്രചരിപ്പിച്ച് നിരപരാധികളെ കൊന്നൊടുക്കുന്നതിന് കൂട്ടുനില്‍ക്കുന്നത് ഇടത് ബുദ്ധിജീവികള്‍ എത്ര തന്നെ വാചകാതിസാരം നടത്തിയാലും ചിന്തിക്കുന്ന സമൂഹത്തെ തൃപ്തിപ്പെടുത്താനാവില്ല. മതവിരുദ്ധതയും മൂല്യനിരാസവും മികവായി കാണുന്നവര്‍ മുഴുവന്‍ ഏത് രാജ്യത്തും കമ്മ്യൂണിസ്റ്റുകളുടെ ഉറ്റമിത്രങ്ങളാണ്. നീതിയും, സ്വാതന്ത്രyവും മനുഷ്യാവകാശങ്ങളും സാമൂഹിക സമത്വവും കുറ്റമറ്റ രീതിയില്‍ സംരക്ഷിക്കുന്ന ഇസ്ലാമിക ശരീഅത്തിനോട് ചില ഭരണാധികാരികള്‍ കാണിച്ച അവജ്ഞയില്‍ നിന്നാണല്ലോ തീവ്ര മതേതരവാദികളും, ദുര്‍ബ്ബലമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ബദലായി കാണുന്നവരുമെല്ലാം അറബ് ലോകത്ത് ഉദയം ചെയ്തത്. തീവ്ര മതേതരവാദികള്‍ ഇത്തരം പഴുതുകളിലൂടെ അറബ് ലോകത്ത് കടന്നതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇറാഖും സിറിയയും ഈജിപ്തും തുണീഷ്യയും ലിബിയയുമെല്ലാം ഇതിന്റെ പ്രത്യക്ഷ ചിത്രങ്ങളാണ് നല്‍കുന്നത്.
കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ മഹത്വവത്ക്കരണത്തിന് ഉറക്കമൊഴിക്കുന്നവര്‍ ശ്രദ്ധിക്കാതെ പോവുകയോ ബോധപൂര്‍വ്വം തെന്നിമാറുകയോ ചെയ്യുന്ന ഒരു ഭാഗമുണ്ട്. അത് ബഅസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ സംരക്ഷകരെ കുറിച്ചുള്ളതാണ്. സിറിയയിലെ ന്യൂനപക്ഷമായ അലവി വിഭാഗത്തില്‍പ്പെട്ടവരാണ് അസദ് കുടുംബം. അലവികള്‍ക്ക് സിറിയയില്‍ സംരക്ഷണം നല്‍കുകയെന്ന വ്യാജേന ഇറാന്‍ സായുധ ഗ്രൂപ്പുകള്‍ സിറിയന്‍ വ്യവസ്ഥയെ സംരക്ഷിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും തയ്യാറായിരിക്കുകയാണ്. അറബ്ഇസ്ലാമിക ലോകം മുഴുവനും ബശ്ശാറുല്‍ അസദിന്റെ ക്രൂര ചെയ്തികള്‍ക്കെതിരെ ഉപരോധം പോലുള്ള കടുത്ത നടപടികളിലേക്ക് പ്രവേശിക്കുമ്പോഴും ഇറാന്‍ പ്രത്യക്ഷത്തില്‍ തന്നെ സിറിയന്‍ വ്യവസ്ഥയുടെ സംരക്ഷകരായി നിലകൊള്ളുകയാണ്. ഇറാന്‍ സായുധ ഗ്രൂപ്പുകളും അല്‍ഖാഇദയും തമ്മിലുള്ള ബന്ധം വന (ണഅചഅ) രാജ്യങ്ങളില്‍ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. നിരപരാധികളെ കൊന്നൊടുക്കാന്‍ സിറിയയുടെ സമ്പത്ത് തുലച്ച് കളയുന്ന ബശ്ശാറുല്‍ അസദിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ഇറാന്‍ സായുധ ഗ്രൂപ്പുകളും അല്‍ഖാഇദയും ശ്രമിക്കുന്നുവെന്നതിന് ഏറെ ഉദാഹരണങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. അലവി വിഭാഗത്തെയും ബഅസ് പാര്‍ട്ടിയെയും മനസ്സറിഞ്ഞ് സഹായിക്കുന്ന മറ്റൊരു കൂട്ടര്‍ ഹിസ്ബുല്ലയാണ്. ഹിസ്ബുല്ല നേതാവ് നസ്റുല്ല അമേരിക്കന്‍ സയണിസ്റ്റ് വിരുദ്ധ നിലപാടിന്റെ മറക്കുടയാണ് ബശ്ശാറിന് രക്ഷാപേടകമായി സമ്മാനിച്ചിട്ടുള്ളത്. രാഷ്ട്രീയ സ്വാതന്ത്രyത്തിന് പോലും കത്രികപൂട്ടിട്ട രാജ്യമാണ് സിറിയ.
ബഅസ് പാര്‍ട്ടിയുടെ പുതിയ സംരക്ഷകരായ ഇറാന്‍ഹിസ്ബുല്ല ഗ്രൂപ്പുകളുടെ മഹത്വം കൂടി ഇടതുബുദ്ധി ജീവികള്‍ ചികഞ്ഞെടുക്കണമെന്നാണ് അപേക്ഷ. സത്യസന്ധമായി ഇക്കാര്യം അന്വേിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര സംരക്ഷകര്‍ക്ക് രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും ശരീഅത്ത് വിരുദ്ധരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന അടയാളങ്ങള്‍ കണ്ടെത്താനാവും. ബഅസിന്റെ നരവേട്ടയില്‍ അയ്യായിരത്തിലധികം സിറിയക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.
ഇസ്ലാമിക ശരീഅത്തിന്റെ മഹത്വവും പ്രായോഗികതയും ബോദ്ധ്യമായ ജനതയെ, ജനാധിപത്യത്തിന്റെ മുഖംമൂടി ധരിച്ച് വഞ്ചിച്ച സ്വോധിപതികളാണ് ഇപ്പോള്‍ അറബ് ലോകത്ത് വീണുടഞ്ഞിട്ടുള്ളത്. ഇസ്ലാമിക ശരീഅത്ത് വിഭാവനം ചെയ്യുന്ന നന്മകള്‍ അയല്‍നാടുകളില്‍ നിന്ന് കണ്ണ് നിറയെ കണ്ടവരാണ് തങ്ങളുടെ ഭരണാധികാരികള്‍ക്കെതിരെ തെരുവിലിറങ്ങിയത്. ശിലായുഗത്തിലേക്കല്ല, കാലത്തോടൊപ്പം സഞ്ചരിക്കാനുള്ള ഉള്‍ക്കരുത്ത് നല്‍കുന്നതിലേക്കാണ് ഇസ്ലാമിക ശരീഅത്ത് കൂട്ടിക്കൊണ്ടുപോകുന്നതെന്നും അവര്‍ മനസ്സിലാക്കി.
വൈവിധ്യങ്ങളെ അംഗീകരിക്കുന്ന മതമാണ് മുഹമ്മദ് നബി പഠിപ്പിച്ച ഇസ്ലാം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ എന്നും ഇസ്ലാം സംരക്ഷിച്ചിട്ടുണ്ട്. സ്വാതന്ത്രyത്തെ കുറിച്ച് വല്ലാതെ വാ കീറുന്ന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ എന്തുകൊണ്ട് അറബ് ജനതയുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രyത്തെ സംശയിക്കണം. പ്രതികരിക്കാന്‍ കഴിയാതെ കാലങ്ങള്‍ തള്ളിനീക്കിയ അറബ് ജനതക്ക് അറബ് വസന്തം നല്‍കിയ സ്വാതന്ത്രyം ഇസ്ലാമിക ശരീഅത്ത് തെരഞ്ഞെടുക്കാനാണ് അവര്‍ ഉപയോഗിക്കുന്നത്. അത് കൊണ്ടാണല്ലോ, വിപ്ലവ ഇസ്ലാമിസ്റ്റുകളുടെ സൈദ്ധാന്തികാചാര്യനായ സയ്യിദ് ഖുതുബിന്റെ തീവ്രനിലപാടുകളില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് അവതരിപ്പിക്കാന്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടികളെ പോലും പ്രേരിപ്പിച്ചത്. ഖുതുബിന്റെ സ്വന്തം ബ്രദര്‍ഹുഡിന് പോലും ഫ്രീഡം പാര്‍ട്ടിയുടെ മേല്‍വിലാസത്തിലേ നിരത്തിലിറങ്ങാന്‍ ധൈര്യമുണ്ടായുള്ളൂ. കാരണം, തീവ്ര നിലപാടുകളെ ജനം തിരിച്ചറിയുമെന്ന് ബോദ്ധ്യമുണ്ടായതിനാലാണ്. തീവ്ര മതേതരവാദികളും ദേശീയവാദത്തിന്റെ വസ്ത്രമണിഞ്ഞ മതവിരുദ്ധരുമെല്ലാം അണിനിരന്ന തെരഞ്ഞെടുപ്പില്‍ അറബ്ലോകം നീതിയും സ്വാതന്ത്രyവും നല്‍കുന്ന ഇസ്ലാമിനെയാണ് സ്വീകരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സ്വോധിപതികള്‍ പടിയിറങ്ങുമ്പോള്‍ മത സ്വോധിപത്യം വാഴുമെന്ന് ഭയപ്പെടുത്തുന്നത്. മതമൂല്യങ്ങളോടുള്ള കട്ടപിടിച്ച് കിടക്കുന്ന വെറുപ്പാണെന്നോ മതവിരുദ്ധരുടെ കയ്യടി പ്രതീക്ഷിച്ചിട്ടാണെന്നോ സംശയിച്ചാല്‍ അതിനെ കുറ്റം പറയാനാവില്ല. ഒരു ജനതയുടെ ആവിഷ്കാര സ്വാതന്ത്രyവും മതം അടിച്ചേല്‍പ്പിക്കലും തമ്മിലുള്ള വ്യത്യാസം ബോധപൂര്‍വ്വം മറച്ച് പിടിച്ച് അവതരിപ്പിച്ചിട്ട് ഇടതുപക്ഷ കുഴലൂത്തുകാര്‍ക്ക് എന്ത് നേടാനാണ്. ഇസ്ലാമിനെ തീവ്ര ഇസ്ലാമിസ്റ്റുകളിലേക്ക് ചേര്‍ത്തിയാലേ ഇടതുപക്ഷത്തിന് ലക്ഷ്യം നേടാനാവൂവെന്ന് അവര്‍ വിശ്വസിക്കുന്നു.
ഈജിപ്തിലെ ക്രിസ്ത്യാനികളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കാന്‍ വിപ്ലവത്തിന്റെ ആദ്യനാളുകളില്‍ തന്നെ സയണിസ്റ്റ്അമേരിക്കന്‍ ലോബിയുടെ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രശസ്തരായ മാധ്യമ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നുണ്ട്. പടിഞ്ഞാറന്‍ തന്ത്രങ്ങളില്‍ കുടുങ്ങിയ ചിലരുടെ അവിവേകത്തെ സാമാന്യവത്ക്കരിക്കാനുള്ള ശ്രമം അത്യന്തം അപലപനീയമാണ്. ഇസ്ലാമിസ്റ്റുകളുടെ ഭരണത്തെ വല്ലാതെ ഭയപ്പെടുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്ക് അവരുടെ നയം തിരുത്താതെ ഈജിപ്തില്‍ ഭരിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യമാണ്. ഇസ്ലാമിക ശരീഅത്തിനെയല്ല ഭയപ്പെടേണ്ടത്. അതിനെ വികലമാക്കി അവതരിപ്പിക്കുന്നവരെയാണ്. താലിബാനെയോ അല്‍ഖാഇദയെയോ, മറ്റു സായുധ ഗ്രൂപ്പുകളെയോ, ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നവരാക്കി ബോധപൂര്‍വ്വം അവതരിപ്പിക്കുമ്പോഴാണ്, അറബ് ലോകത്ത് മതസ്വോധിപത്യത്തിന്റെ ഭീകരമുഖത്തെ കുറിച്ച് ഭയപ്പെടേണ്ടിവരുന്നത്. അപനിര്‍മ്മിതികളെ ഇസ്ലാമിക ശരീഅത്തിന്റെ പേരില്‍ ചെലവാക്കി, അറബ് വസന്തം കക്ഷത്തിലൊതുക്കാന്‍ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയേയുള്ളൂവെന്ന് വ്യാജവാദങ്ങളുടെ പ്രചാരകര്‍ മനസ്സിലാക്കേണ്ടതുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ