Search On Blog

x

2012, ജനുവരി 2, തിങ്കളാഴ്‌ച

കരുതലോടെ പുതു ചുവടുകള്‍ (പി.കെ. ഫിറോസ്)



































മുഹമ്മദ് ബുവനീസി എന്ന ടുണീഷ്യന്‍ യുവാവ് തന്റെ ആത്മഹത്യയിലൂടെ പടച്ചു വിട്ട പ്രതിഷേധ കൊടുങ്കാറ്റ് സ്വേ്ഛാധിപത്യത്തിന്റെ സിംഹാസനങ്ങള്‍ തകര്‍ത്തെറിയുന്നതിന്റെ കാഴ്ചകള്‍ സമ്മാനിച്ചു കൊണ്ടാണ് 2011 വിട പറഞ്ഞത്. അതിനവര്‍ ഉപയോഗപ്പെടുത്തിയത് ആധുനികതയുടെ മുദ്രകളായ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകളായിരുന്നു. പുതിയ ലോകത്തിന്റെ സാദ്ധ്യതകളും സങ്കേതങ്ങളും ഉപയോഗപ്പെടുത്തി നവസമൂഹത്തെ രൂപപ്പെടുത്താനും മുന്നോട്ട് നയിക്കാനും എം.എസ്.എഫ് ആഗ്രഹിക്കുന്നു. അതിനായി ഇന്നലെ മുതല്‍ 7 വരെ സംസ്ഥാന വ്യാപകമായി എം.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആചരിക്കുകയാണ്.
കരിയറിസത്തിന്റെയും അരാഷ്ട്രീയതയുടെയും ഉപഭോഗഭ്രമത്തില്‍ വിദ്യാര്‍ത്ഥിത്വം തന്നെ നഷ്ടപ്പെട്ട് പോകുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ ചുവടുകള്‍ പിഴച്ച് പോകുന്നു. വിദ്യാര്‍ത്ഥിയുടെ ചുവട് പിഴക്കുക എന്നാല്‍ ഒരു സമൂഹം പിറകോട്ട് നടക്കുക എന്നതിന് തുല്യമാണ്. പേടിപ്പെടുത്തുന്ന ധൈഷണിക നിശ്ചലാവസ്ഥയിലും ക്രൂരമായ സാമൂഹിക അനീതികളിലും പെട്ട് ഉഴലുന്ന പുതിയ കാലത്തോടുള്ള ഒരുണര്‍ത്തുപാട്ടോ ആഹ്വാനമോ ആയാണ് മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് കാമ്പയിനുമായി വരുന്നത്. നവ സമൂഹത്തിന് ധീരമായ കാല്‍വെപ്പ് എന്ന ലളിതമായ മുദ്രാവാക്യമാണ് കേരളത്തിലെ ഓരോ വിദ്യര്‍ത്ഥിയോടും ഹൃദയപൂര്‍വ്വം ഞങ്ങള്‍ക്ക് പറയാനുള്ളത്. അഭിമാനകരമായ ചരിത്രത്തിന്റെ അകമ്പടിയോടെ പ്രതീക്ഷാ നിര്‍ഭരമായ ഭാവിയെ സ്വപ്നം കണ്ടാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ മെമ്പര്‍ഷിപ്പുമായി മലയാളി വിദ്യാര്‍ത്ഥിത്വത്തിന് മുന്നിലേക്ക് കടന്നു വരുന്നത്. മനുഷ്യര്‍ക്ക് നന്മ കൊണ്ടു വരാനുള്ള ഏത് ശ്രമവും, മനുഷ്യരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഏത് യത്നവും രാഷ്ട്രീയ പ്രവര്‍ത്തനമാണ്. എം.എസ്.എഫ് ഇത് തിരിച്ചറിയുന്നു. ഈ തിരിച്ചറിവിന്റെ തീച്ചൂടിലേക്ക് കേരളീയ പൊതു സമൂഹത്തെ ഞങ്ങള്‍ ക്ഷണിക്കുന്നു.
എം.എസ്.എഫ് എന്ന വിദ്യാര്‍ത്ഥി സംഘനയുടെ ചരിത്രം കേരളീയ സമൂഹത്തിനു മുമ്പാകെയുണ്ട്. ഞങ്ങള്‍ സാമൂഹിക നീതിയിലും നവോത്ഥാന പോരാട്ടങ്ങളിലും വിശ്വസിക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ വഴിയല്ല. ഉപജാപങ്ങളുടെ ജീര്‍ണ്ണതയിലേക്ക് ഞങ്ങളില്ല. ചരിത്രപരമായ കാരണങ്ങളാല്‍ പല മണ്ഡലങ്ങളിലും പിന്നോക്കം പോയ ന്യൂനപക്ഷ ജന വിഭാഗങ്ങളെ പ്രത്യേകിച്ച് മുസ്ലിം സമൂഹത്തെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളില്‍ ഉയര്‍ത്തിക്കൊണ്ടു വരികയും അതുവഴി സാമൂഹിക അസമത്വത്തെ തടയുകയും ജനാധിപത്യവല്‍ക്കരണത്തെ ഊര്‍ജ്ജിതപ്പെടുത്തുകയുമാണ് ഞങ്ങളുടെ അജണ്ട. ഇത്തരം അജണ്ടകള്‍ക്കായി എം.എസ്.എഫ് നടത്തിയ ഇടപെടലുകള്‍ ചരിത്രത്തിന്റെ ഭാഗമാണ്്. പാഠശാലകളില്‍ കൂട്ടംചേര്‍ന്ന് പുതിയ ലക്ഷ്യം നിര്‍മ്മിക്കാനും അതിന് എരിവ് പകരാന്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനും ഒരുപാട് സംഘങ്ങളെ കാണാം. പക്ഷെ, പാഠശാലകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എം.എസ്.എഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നോക്കത്തില്‍ നിന്ന് പതിയെ പതിയെ രക്ഷപ്പെട്ട് വരുന്ന സമുദായത്തില്‍, പുതിയ കൂട്ടായ്മകള്‍ രൂപപ്പെടുത്തി തമ്മിലടിക്കാനും ധാര്‍മ്മികതയെ കുറിച്ച് പറഞ്ഞ് അധാര്‍മ്മിക പോരാട്ടങ്ങള്‍ സമുദായ വേദികള്‍ കെട്ടിപ്പൊക്കാനും ഏറെ സംഘങ്ങളുണ്ട്. പക്ഷേ, പിന്നാക്കത്തില്‍ നിന്ന് കരകയറാന്‍ സാധിക്കാതെ കേഴുകയായിരുന്ന സമുദായത്തിന് ആത്മവിശ്വാസവും അവസരവും നല്‍കാന്‍ എം.എസ്.എഫ് മാത്രമാണുണ്ടായിരുന്നത്. ദിശയറിയാത്ത കോലാഹല പ്രവര്‍ത്തനങ്ങളുമായി കലപിലകൂടുന്ന വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ക്കിടയില്‍ നിര്‍മ്മാണത്തെക്കുറിച്ച് മാത്രമാണ് എം.എസ്.എഫ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഓരോ വിദ്യാര്‍ത്ഥിയുടെയും ഓരോ ചലനവും നിര്‍മ്മാണാത്മകമായിരിക്കണമെന്ന് എം.എസ്.എഫ് ഓര്‍മ്മപ്പെടുത്തുന്നു. സംസ്കൃതിയുടെ പുതിയ കൊര്‍ദോവകള്‍ തീര്‍ക്കാന്‍ നമുക്കാവുമെന്ന ആത്മ വിശ്വാസമാണ് നിസ്വ വിശുദ്ധമായ ഈ ഹരിതശുഭ ദ്വിവര്‍ണ്ണ പതാക പ്രസരിപ്പിക്കുന്നത്.
വിദ്യാഭ്യാസത്തിനൊപ്പം വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും കാമ്പ് നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥം മറന്നുപോകുമ്പോള്‍ കമ്പോളവല്‍ക്കരണത്തിന്റെ നീരാളിപ്പിടുത്തത്തിന്റെ കാഠിന്യമാണ് നാം അനുഭവിച്ചറിയുന്നത്. പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗം മാത്രമായി തൊഴിലും തൊഴില്‍ നേടാനുള്ള മാര്‍ഗ്ഗം മാത്രമായി വിദ്യാഭ്യാസവും മാറുമ്പോള്‍ വിദ്യ വെറും അഭ്യാസം മാത്രമായി മാറുകയാണ്. മികച്ച വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന് പറയുമ്പോള്‍ തന്നെ മികച്ച വിദ്യാഭ്യാസത്തിന്റെ കോലളവ് സാമ്പത്തിക താല്‍പര്യത്തിലേക്ക് നീങ്ങുകയാണ്. മികച്ച തൊഴില്‍ സാധ്യതയൊരുക്കുന്ന കോഴ്സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാര്‍ക്ക് നല്‍കുമ്പോള്‍ മികച്ച പൗരന്‍മാരെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന മഹത്തായ വിദ്യാഭ്യാസ പ്രക്രിയ അസ്തമിക്കുകയാണ്. സീറ്റുകള്‍ ലേലം വിളിച്ച് വില്‍ക്കുന്ന സ്ഥാപന മേധാവികള്‍ക്കൊപ്പം കുട്ടികള്‍ക്ക് മൂല്യവത്തായവിദ്യാഭ്യാസം നല്‍കാന്‍ മടിക്കുന്ന രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാഭ്യാസ കച്ചവടക്കാര്‍ എന്ന് വിളിച്ചാല്‍ അധികമാകില്ല.?
ചുറ്റുപാടില്‍ നിന്നും വ്യക്തിത്വം രൂപപ്പെടുത്താന്‍ പുതിയ തലമുറയോട് പറയാന്‍ ആര്‍ക്കും ധൈര്യമില്ല. അതിനാല്‍ തന്നെ മൂല്യബോധത്തിലൂന്നിയ കരുത്തുറ്റ വ്യക്തിത്വം രൂപപ്പെടുത്താന്‍ ചില ശക്തമായ ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമാണ്. ആ ഓര്‍മ്മപ്പെടുത്തലാണ് എം.എസ്.എഫ് നിര്‍വ്വഹിക്കുന്നത്. പുത്തന്‍സാങ്കേതിക വിദ്യകളും മാധ്യമങ്ങളും പുതിയ തലമുറയുടെ അജണ്ടകള്‍ നിര്‍ണ്ണയിക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്നു തെന്നിമാറി സ്വന്തം പാത രൂപപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ വിയര്‍ക്കേണ്ട അവസ്ഥയാണ്. അത്തരം വിയര്‍പ്പുകണങ്ങളില്‍ നിന്നു മാത്രമേ നന്മയുടെ ലോകം രൂപപ്പെടുകയുള്ളൂ.
ഇയര്‍ഫോണുകള്‍ ചെവിയില്‍ തിരുകി അവനവന്റെ ലോകത്ത് കൂടുകെട്ടി താമസിക്കുന്ന വിദ്യാര്‍ത്ഥി സമൂഹം, എല്ലാം ഉപഭോഗം ചെയ്യുന്ന സ്വാര്‍ത്ഥതയുടെ ഭീതിതമായ അരാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന്റെ വലയിലാണ് ഇന്നുള്ളത്. അത് കൊണ്ടാണ് മാനുഷിക ദുരന്തങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തപ്പെടേണ്ട കാഴ്ചകള്‍ മാത്രമായി മാറുന്നത്. വംഗനാട്ടില്‍ നിന്ന് ഉറ്റവരെ തേടി കടന്നു വന്ന പെണ്‍കുട്ടിയെ കീറിപ്പറിച്ചെറിയുന്ന കാമ ഭ്രാന്തന്‍മാരായി ചെറുപ്പക്കാര്‍ മാറുന്നത്. ഒറ്റക്കയ്യന്‍മാരാല്‍ മാനഭംഗം ചെയ്യപ്പെട്ട് ദുരിതങ്ങളുടെ പാളത്തില്‍ തല പിളര്‍ന്നു വീഴുന്ന നമ്മുടെ പാവം സഹോദരിമാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാകാതെ, നിസ്വാര്‍ത്ഥതയുടെ ബോഗികളില്‍ അവനവന്റെ വീടെത്താനുള്ള ഓട്ടത്തിലാണ്. ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്. എഫ്.എം ചാനലിലൂടെ കാമുകീ കാമുകന്റെ പരിണാമമായ ഗേള്‍ ഫ്രണ്ടിനെക്കുറിച്ചും ബോയ് ഫ്രണ്ടിനെക്കുറിച്ചും വര്‍ണ്ണിക്കാനാണ് റേഡിയോ ജോക്കികള്‍ ആവശ്യപ്പെടുന്നത്. അയലത്തെ ഭര്‍ത്താവിനെ സൂക്ഷമമായി നിരീക്ഷിച്ച് മാര്‍ക്കിടാനാണ് ഒരു ചാനല്‍ ആവശ്യപ്പെടുന്നത്. ചാനല്‍ പാട്ടു മത്സരത്തില്‍ മത്സരാര്‍ത്ഥി മഞ്ഞ ചുരിദാര്‍ ധരിച്ചാല്‍ കൂടുതല്‍ സൗന്ദര്യമുണ്ടാകുമായിരുന്നു എന്നാണ് വിധി നിര്‍ണ്ണയിക്കാന്‍ ചുമതലപ്പെടുത്തിയ ആള്‍ പറയുന്നത്. ഇതൊരു പുതിയ സംസ്കാരം രൂപപെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
അരുതാത്തത് മാത്രമാണ് വാര്‍ത്തകളില്‍ നിറയുന്നത്. മാധ്യമ സദാചാരം എന്നത് പത്രപ്രവര്‍ത്തന പാഠപുസ്തകങ്ങളില്‍ എഴുതി വെക്കാനുള്ള തമശ മാത്രമായി ചുരുങ്ങുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഈ കെടുകാലത്തിന്റെ ഇരുട്ടിന്റെ മീതെ വെളിച്ചത്തിന്റെ മിന്നാമിനുങ്ങുകള്‍ പറന്നു തുടങ്ങുന്നുണ്ട്. അമേരിക്കന്‍ അനുകൂല ഏകാധിപതി ഹുസ്നി മുബാറക്കിന്റെ ഭരണം തഹരീല്‍ സ്ക്വയറിലെ ദശ ലക്ഷക്കണക്കിന് മനുഷ്യരുടെ ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് തകര്‍ന്നു വീണുകഴിഞ്ഞു. ടുണീഷ്യ മുതല്‍ ലിബിയ വരെ ഏകാധിപത്യങ്ങള്‍ക്ക് എതിരായ ജനാധിപത്യ ബോധത്തിന്റെ ഉജ്ജ്വലവും സമ്മോഹനവുമായ വികാസങ്ങളാണ് കാണാന്‍ കഴിയുന്നത്. ആഗോളീകരണത്തിന്റെ വിഴുപ്പ് ഭാണ്ടം ചുമക്കുന്നവര്‍ എന്ന് സമൂഹം വിലയിരുത്തുന്ന ആധുനിക യുവത്വം സടകുടഞ്ഞെഴുന്നേറ്റപ്പോള്‍ തകര്‍ന്നു വീണത് നീണ്ട കാലത്തെ അക്രമ പരമ്പരകള്‍ കൊണ്ട് പടുത്തുയര്‍ത്തപ്പെട്ട സ്വേ്ഛാധിപത്യത്തിന്റെ കോട്ടകളായിരുന്നു. യുവസമൂഹത്തിന്റെ ആര്‍ജ്ജവത്തില്‍ എം.എസ്.എഫിന് ഇപ്പോഴും വിശ്വാസമുണ്ട്. നമ്മുടെ സമൂഹത്തെ, വിദ്യാര്‍ത്ഥികളെ, ന്യൂനപക്ഷങ്ങളെ മുന്നിലേക്ക് നയിക്കണമെന്ന് ഞങ്ങള്‍ ആശിക്കുന്നു. അറിവിന്റെ, നീതി ബോധത്തിന്റെ, സര്‍ഗ്ഗാത്മക സമരങ്ങളുടെ, പ്രാര്‍ത്ഥനയുടെ കരുത്തേറിയ ഈ വഴിയില്‍ നമുക്കൊരുമിച്ച് പ്രയത്നിക്കാം. ഈ പുതുവര്‍ഷാരംഭത്തില്‍ നന്മയുടെ വിളക്കുമരങ്ങളില്‍ തിരി തെളിയിക്കാന്‍ എം.എസ്.എഫില്‍ അംഗമാവാന്‍ ഓരോ വിദ്യാര്‍ത്ഥിയും വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു; അഭ്യര്‍ത്ഥിക്കുന്നു.

ആ മഹാ സംരംഭത്തിന്‍
സംഘഗാനത്തില്‍ ചേര്‍ന്ന്
നമുക്കനുഭവിക്കാം
പണ്ടില്ലാത്തൊരഭിമാനം
ഈടുവെപ്പുകളെല്ലാം
പോകിലും പുതിയൊരു
നാടുനമ്മുടേതാവും
അസംഖ്യം തോഴന്‍മാരും
(വൈലോപ്പിള്ളിയുടെ യുഗ പരിവര്‍ത്തനം)
എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ