Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

സി.പി.എമ്മിന്റെ കതീന പാണക്കാട്ട് പൊട്ടില്ല (സി.പി. സൈതലവി)


ആലമ്പാടന്‍ വിജയരാഘവന്‍ പാണക്കാട് വഴി പാഞ്ഞപ്പഴേ ഉറപ്പാണ് എന്തോ അടങ്കലും വരാനുണ്ടെന്ന്. വരാനുള്ളത് വഴിയില്‍ തങ്ങാതെ അത് നാടാകെ ചുമരിലൊട്ടിക്കുകയും ചെയ്തു. ബി.ജെ.പി രക്തസാക്ഷി ജയകൃഷ്ണന്‍ മാസ്റ്ററുടെ "ബലിദാന്‍ദിന'ത്തിന്റെ പോസ്റ്റര്‍. "മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കും പൈശാചികതയ്ക്കുമെതിരെ ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന്‍ ദിനം' എന്നായിരുന്നു കഴിഞ്ഞ പതിനൊന്നു വര്‍ഷം ആണ്ടോടാണ്ടു മുടങ്ങാതെ ബി.ജെ.പിക്കാര്‍ ഓര്‍മിപ്പിച്ചും ഒട്ടിച്ചും പോന്നത്.പക്ഷേ, ജയകൃഷ്ണന്‍ മാസ്റ്ററെ sൈ്രമറി സ്കൂള്‍ ക്ലാസില്‍ പിഞ്ചു കുട്ടികളുടെ കണ്‍മുന്നിലിട്ട് സി.പി.എമ്മുകാര്‍ വെട്ടിനുറുക്കി കൊന്നതിന്റെ വ്യാഴവട്ടം പൂര്‍ത്തിയാകുന്ന ഈ വര്‍ഷം പോസ്റ്ററിന്റെ ഡിസൈന്‍ ഒന്നു മാറിയിരിക്കുന്നു. ബലിദാന്‍ദിനത്തിന്റെ പ്രമേയവും ഒപ്പം എതിരാളിയുടെ കുപ്പായവും മാറിയിട്ടുണ്ട്. പത്താം വയസ്സിന്റെ കുട്ടിത്തത്തോടെ ഉച്ചത്തില്‍ പാഠം ചൊല്ലുകയായിരുന്ന, സ്വന്തം ശിഷ്യരുടെ മുഖത്തേക്ക് ചോര ചീറ്റിത്തെറിച്ച്, ക്ലാസ്മുറിയുടെ മധ്യത്തില്‍ പിടഞ്ഞവസാനിച്ച ആ യുവ അധ്യാപകന്റെ സ്മരണ ഇത്തവണ ബി.ജെ.പിക്കാര്‍ പുതുക്കുക "അഴിമതിവിരുദ്ധ' ദിനമായാണ്.
ഒരു രക്തസാക്ഷിത്വം ദുര്‍വ്യയമായിരുന്നെന്ന് പന്ത്രണ്ടു വര്‍ഷംകൊണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ അച്ചടിച്ച് ഒട്ടിച്ചുവെക്കുന്ന ദുര്‍വിധി. മാര്‍ക്സിസ്റ്റ് ഭീകരതയില്‍ നിന്ന് "അഴിമതി'യിലേക്കുള്ള കൊടിമാറ്റം. ചുവപ്പ് നരച്ചാല്‍ കാവിയാവുക നിറത്തിന്റെ നിയമമാണ്. കാവി തന്നെ ചുവപ്പില്‍ ലയിക്കുമ്പോള്‍ ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ ആരെങ്കിലും നല്‍കണമല്ലോ? ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പ് വിജയത്തിനായി കാവിയെ പ്രീതിപ്പെടുത്താന്‍ സി.പി.എം കണ്ടെത്താറുള്ള അറ്റകൈ പ്രയോഗം ചില പ്രത്യേക സമുദായങ്ങളുടെ നെഞ്ചത്തേക്കുള്ള കയറ്റമാണ്. 1985ല്‍ ശരീഅത്തിനു നേര്‍ക്കായിരുന്നു. മതം, സമുദായം, സംഘടന, നേതാക്കള്‍ ഇങ്ങനെ വേണമല്ലോ അക്രമിക്കാന്‍. ഇത്തവണയത് സര്‍വരാലും ആദരിക്കപ്പെടുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ തന്നെ ഉന്നംവെച്ചു.
പാണക്കാട്ടേക്കു മനുഷ്യന്മാര്‍ ചെല്ലുന്നത് ഇത്തിരി മനസ്സമാധാനം കിട്ടാനാണ്. വേവും ചൂടും നിറഞ്ഞ ജീവിത പാച്ചിലിനിടയില്‍ ഒരു വിശറിത്തണുപ്പിന് ആ കോലായ പറ്റുമെന്ന് പറഞ്ഞവരാണ് മലയാളികളിലേറെപ്പേരും. ആരെപ്പോള്‍ ചെന്നാലും ഒരു ഗ്ലാസ് ചായയും ഒന്നു കൊറിക്കാനും കിട്ടാതിരിക്കില്ല. ഇത്രയും പറഞ്ഞത് തങ്ങളെ കാണാതെ മടങ്ങുന്നവര്‍ക്കാണ്. കണ്ടു മടങ്ങുന്നവര്‍ക്ക് കണ്‍നിറയെ മാത്രമല്ല ജീവന്റെ ഉള്ളാകെയും ശാന്തിയുണ്ട്. മരുന്നായും മരുന്നിലും ശിഫയുള്ള പ്രാര്‍ത്ഥനയായും ഒരു ഇളംകാറ്റിന്റെ സ്നേഹത്തലോടലായും തങ്ങളുടെ കരസ്പര്‍ശം. കൈമുത്തിയും കൈകൊടുത്തും കൈകൂപ്പിയും അഭിവാദ്യം ചെയ്തും തങ്ങളെ കണ്ടുമടങ്ങുന്നവരുണ്ട്.
ആശയത്തില്‍ യോജിക്കുന്നവരും വിയോജിക്കുന്നവരും ആ സന്നിധിയില്‍ വ്യത്യസ്തകാര്യത്തിനുവരും. ചികിത്സക്കും ആശീര്‍വാദത്തിനും തന്നെയാവണമെന്നില്ല. വാക്കിലും നോക്കിലും ചിന്തയിലും സത്യവും സ്നേഹവുമുള്ള ഒരു മഹദ്വ്യക്തിയുമായി കേവലം കൂടിക്കാഴ്ചക്കു വേണ്ടി മാത്രവുമായിരിക്കാം അത്. ജാതിയും മതവും പാര്‍ട്ടിയും പത്രാസും ദേശവും ഭാഷയും ഭേദമില്ലാതെ സാധുജനങ്ങളും അല്ലാത്തവരും അങ്ങോട്ടൊഴുകുന്നു. മനസ്സിലെ അഗ്നിപര്‍വതങ്ങളുടെ കനല്‍ കെടുത്തി മടങ്ങുന്നു. എന്നുവെച്ചാല്‍ പാണക്കാട്ട് പോയി മടങ്ങുമ്പോള്‍ ഏത് മുരത്ത സഖാവും അറിയാതെ പറഞ്ഞുപോകും: "മോനേ, മനസ്സില്‍ ഒരു ലഡു പൊട്ടി' എന്ന്.
മലപ്പുറം അംശത്തില്‍ ജനിച്ച സഖാവ് ആലമ്പാടന്‍ വിജയരാഘവന് ഇതറിയാഞ്ഞിട്ടല്ല. ഉള്ളില്‍ കാവിയുണ്ടെങ്കില്‍ എന്നെങ്കിലുമൊരിക്കല്‍ അത് പുറത്തു വരാതെ തരമില്ലല്ലോ. കാവിയും കവിതയും ഒരുപോലെയാണ്. ഏറെക്കാലം അടക്കിനിര്‍ത്താനാവില്ല.
പാണക്കാട്ടെ തങ്ങള്‍ പരമ്പര കേരളത്തിന്റെ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാളും പഴക്കത്തോടെയാണെന്ന് പുതിയ കലാപത്തിന് പന്തം കൊളുത്തുന്നവര്‍ ഓര്‍ക്കുന്നത് നന്ന്. 1938ല്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ സ്ഥാപിക്കപ്പെടുന്നത്. 1934ലെ സെന്‍ട്രല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനരംഗത്തുണ്ട് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍; മുസ്ലിംലീഗ് മുന്‍ അധ്യക്ഷന്‍. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പിതാവ്. അതിനുംമുമ്പ് മറ്റൊരു വിപ്ലവനായകന്‍ പാണക്കാട്ടുണ്ട്.
ഇന്നത്തെ കമ്യൂണിസ്റ്റുകാരുടെ പൂര്‍വികര്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ ഒറ്റുകാരായി നടന്ന് പ്രതിഫലം വാങ്ങി ഭുജിച്ചിരുന്ന കാലത്ത് പീരങ്കിയെ കൂസാതെ ഇന്ത്യന്‍ സ്വാതന്ത്രyത്തിനായി പോരാട്ടം നയിച്ച സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍. പാണക്കാട് പൂക്കോയ തങ്ങളുടെ പിതാമഹന്‍. മഹാത്മാഗാന്ധി സ്വാതന്ത്രyസമരം നയിക്കുന്നതിനു മുമ്പ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സ്വാതന്ത്രyത്തിനു പൊരുതിയ നേതാവ്. ചരിത്രത്തില്‍ രേഖപ്പെട്ട ഒന്നാം സ്വാതന്ത്രy സമരമായിരുന്നു മുഗള്‍ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫര്‍ 1857ല്‍ നയിച്ചത്. അതിനും മുമ്പ് ബ്രിട്ടീഷ് വിരുദ്ധ യുദ്ധം തുടങ്ങിയ മലബാറിന്റെ മണ്ണില്‍ വിപ്ലവം നയിച്ചു സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍. ശിക്ഷയായി ആജീവനാന്തം നാടുകടത്തപ്പെട്ട് പുറംനാട്ടില്‍ മരണപ്പെട്ടു അദ്ദേഹം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വെടിയുണ്ടക്കു തോല്‍പിക്കാനാവാത്ത ആ ചങ്കുറപ്പിന്റെ ധീരദേശാഭിമാന രക്തമാണ് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളുടേത്.
മലപ്പുറത്തെ ബ്രിട്ടീഷ് പട്ടാള ക്യാമ്പുകളില്‍ ഒത്താശക്കാരായി നടന്നവരെ മാത്രമേ വിജയരാഘവന്റെ അടിയാധാരം തപ്പിയാല്‍ കാണൂ.
മതമൈത്രിക്കായി യത്നിച്ചതിന് രാഷ്ട്രം തപാല്‍ സ്റ്റാമ്പ് ഇറക്കി ആദരിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേരനിയന്‍ വടക്കോട്ട് തന്നെയാണ് പോവേണ്ടത്. മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന ശ്രീപ്രകാശ് ജയ്സ്വാള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോട് പരസ്യമായി നടത്തിയ അഭ്യര്‍ത്ഥന ഒരു വീട്ടാക്കടമായി ഇനിയും ബാക്കികിടപ്പുണ്ട് കൊടപ്പനക്കല്‍ കുടുംബത്തില്‍. ""ശിഹാബ് തങ്ങളുടെ നേതൃത്വം വടക്കേ ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നു. കേരളത്തിലെ പോലെ ഉത്തരേന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം പുരോഗതിപ്പെടാനും അവിടത്തെ സാമൂഹികാന്തരീക്ഷം സമാധാനപൂര്‍ണമാകാനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വടക്കോട്ട് വരണം. ആ പാവപ്പെട്ട ജനതയുടെ നേതൃത്വമേറ്റെടുക്കണം.'' വളാഞ്ചേരി മര്‍ക്കസിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് അധ്യക്ഷനായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോട് ഉദ്ഘാടനപ്രസംഗത്തിനിടെ ഉത്തര്‍പ്രദേശുകാരനായ കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചത്. ഇന്ന് ആ മര്‍ക്കസിന്റെ അധ്യക്ഷ സ്ഥാനത്ത് മറ്റു പദവികളിലെന്നപോലെ ശിഹാബ് തങ്ങളുടെ പിന്‍ഗാമിയായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുണ്ട്.
പാണക്കാട്ടെ തങ്ങള്‍ വടക്കോട്ട് പോയാല്‍ കലാപത്തിന്റെ തീയാളുകയായിരിക്കില്ല; അവഗണനയുടെ ഇരുട്ടില്‍ കഴിയുന്ന ജനകോടികള്‍ക്ക് ആത്മാഭിമാനത്തിന്റെ ഇന്ധനം നിറക്കുകയായിരിക്കും. മതമൈത്രിയുടെ അംബാസഡര്‍ എന്ന് സധൈര്യം വിളിക്കപ്പെടാന്‍ ഇന്നു ഇന്ത്യാ മഹാരാജ്യത്ത് അര്‍ഹതയുള്ളവരുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയുണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമം. ആ വിളിപ്പേര് കൊടപ്പനക്കല്‍ കുടുംബത്തിന്റെ ജന്മാവകാശമാണ്. അവരുടെ കര്‍മവിശുദ്ധിയുടെ ഫലവുമാണ്. അത് സമ്മതിച്ചു കൊടുത്തേപറ്റൂ.
പിതാവ് നിര്‍ണയിച്ചത് പ്രകാരമുള്ള ഭൗതിക വിദ്യാഭ്യാസത്തില്‍ പ്രശസ്ത വിജയം നേടുകയും തുടര്‍ന്ന് പള്ളിദര്‍സുകളിലും പൊന്നാനി മഊനത്ത് അറബിക് കോളജിലും പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലുമായി മതപഠനത്തില്‍ ബിരുദങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കേരള രാഷ്ട്രീയത്തില്‍ ബഹുജന പ്രസ്ഥാനങ്ങളുടെ നേതൃത്വം വഹിക്കുന്നവരില്‍ വെച്ചു ഉന്നത പണ്ഡിതനാണ്.
ഒരു വിദ്യാര്‍ത്ഥി സംഘടന രൂപവല്‍ക്കരിച്ച് അതിന്റെ സ്ഥാപക പ്രസിഡണ്ടായി ആ സംഘടനയെ കേരളത്തിലെ മതവിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയിലെ ഒന്നാം ശക്തിയാക്കിയ സംഘാടന വൈഭവം. ബാല്യംതൊട്ട് മുസ്ലിംലീഗില്‍ മുഴുസമയ പ്രവര്‍ത്തനം. ഒരു പാര്‍ട്ടി പ്രസിഡണ്ടിന്റെ പുത്രനും മറ്റൊരു പ്രസിഡണ്ടിന്റെ സഹോദരനുമെന്ന നിലയില്‍ എണ്ണമറ്റ സങ്കീര്‍ണ പ്രശ്നങ്ങളില്‍ നയപരമായ ഇടപെടല്‍. മത, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ അര നൂറ്റാണ്ടായുള്ള സജീവ പ്രവര്‍ത്തന പാരമ്പര്യം. അതുകൊണ്ട് ഒരു ജനതയെ ചുവട് തെറ്റാതെ, താളംപിഴക്കാതെ നയതന്ത്ര ചാരുതയോടെ നയിക്കാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു കഴിയുന്നു; കലാപങ്ങളുടെ തീയണച്ച് കേരളത്തില്‍ ശാശ്വത സമാധാനത്തിന്റെയും മതസാഹോദര്യത്തിന്റെയും ഗോപുരങ്ങള്‍ പണിത മുസ്ലിംലീഗിന്റെ സാരഥിക്ക്.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും മുസ്ലിംലീഗിനുമെതിരെ വിഷം ചീറ്റിയതുകൊണ്ടൊന്നും സി.പി.എമ്മിന്റെ പുതിയ വര്‍ഗീയക്കളി മറച്ചുപിടിക്കാനാവില്ല.
നമ്പൂതിരിപ്പാടിന്റെ തുരുമ്പിച്ച വര്‍ഗീയതയേക്കാള്‍ മൂര്‍ച്ചയുള്ള കൊടുവാളുമായാണ് പുതിയ സി.പി.എം നേതൃത്വം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. സി.പി.എംബി.ജെ.പി രാഷ്ട്രീയ ബാന്ധവം കേരളത്തിന്റെ മതേതര സങ്കല്‍പങ്ങളുടെ അടിവേരറുക്കാന്‍ പോവുകയാണ്. ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലയാളിയെ ജയിലില്‍ നിന്നിറക്കാന്‍ ഇടത് ഭരണത്തില്‍ ബി.ജെ.പിസി.പി.എം നേതൃത്വം നടത്തിയ കൂറുകച്ചവടത്തിന്റെ ഞെട്ടിപ്പിക്കുന്ന ഉള്ളറക്കഥകളാണ് പുറത്തു വന്നിട്ടുള്ളത്. ഇപ്പോഴത്തെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ 1999ലെ ഓണം നാളില്‍ വെട്ടിയതിന് പ്രതികാരമായാണ് '99 ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത പാറേമ്മല്‍ മൊകേരി ഈസ്റ്റ് യു.പി സ്കൂളില്‍ അധ്യാപകനായ ബി.ജെ.പി നേതാവ് ജയകൃഷ്ണനെ ക്ലാസ്മുറിയിലിട്ട് വെട്ടിക്കൊന്നത്. ഈ കേസില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കു വധശിക്ഷയാണ് കോടതി വിധിച്ചത്. സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ ഒന്നാം പ്രതി അച്ചാരുപറമ്പത്ത് പ്രദീപന്റെ ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയും മറ്റുള്ളവരെ വെറുതെവിടുകയും ചെയ്തു. ജയിലില്‍ പ്രദീപന് രാജകീയ ജീവിതം നല്‍കി ആദരിച്ചു സി.പി.എം സര്‍ക്കാര്‍. പിന്നീട് ജയിലില്‍ നിന്നു മോചിപ്പിക്കാനുള്ള ശ്രമങ്ങളായി.
വര്‍ഷംതോറും ബി.ജെ.പി "ബലിദാന്‍' ആചരിക്കുകയും കേരളത്തിന്റെ രാഷ്ട്രീയ ചര്‍ച്ചകളില്‍ എന്നും നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന ജയകൃഷ്ണന്‍ കേസിലെ പ്രതിയെ രക്ഷിക്കാന്‍ ബി.ജെ.പിയുമായി തന്നെ സി.പി.എം കൈകോര്‍ത്തു. പ്രദീപനെ വിട്ടയക്കുന്നതിനു പകരം 14 ബി.ജെ.പി തടവുകാര്‍ക്കു മോചനം നല്‍കി. ഇതിനൊപ്പം ചുളുവില്‍ മറ്റു നൂറോളം സി.പി.എം ക്രിമിനലുകളെയും പുറത്തിറക്കി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മയും കുടുംബവും മാത്രമേ ഈ കൊടുംചതിയില്‍ പ്രതിഷേധിക്കാനുണ്ടായുള്ളൂ.
ഈ കുതിരക്കച്ചവടം ഉള്‍ക്കൊള്ളാനാവാതെ ജയകൃഷ്ണന്റെ അമ്മ കൗസല്യ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മകന്റെ ഘാതകനോട് പാര്‍ട്ടി പൊറുത്താലും പെറ്റമ്മയ്ക്കതാവില്ലല്ലോ.
ഈ ഒത്തുകളിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയ 68ന്റെ പോരിശ. മലമ്പുഴയില്‍ അച്യുതാനന്ദനെതിരെ ബി.ജെ.പി മത്സരിക്കാതിരുന്നത്. പിറവം ഉപതെരഞ്ഞെടുപ്പില്‍ ഭരണക്കാരെ തോല്‍പിക്കുകയാണ് ലക്ഷ്യമെന്ന് ബി.ജെ.പി പറയുമ്പോള്‍ ഒരു കച്ചവടംകൂടി അച്ചാരംകൊടുത്ത് ഉറപ്പിച്ചുകഴിഞ്ഞുവെന്ന് സാരം. കാവിയും ചുവപ്പും ചേര്‍ന്ന ഒരു പുതിയ പൂരം കൊടിയേറുകയാണ് കേരളത്തില്‍. അതിന്റെ കതീനക്കു തീ കൊടുത്താണ് വിജയരാഘവന്‍ പാണക്കാട് വഴി പാഞ്ഞത്. മാര്‍ക്സിസ്റ്റുകാര്‍ മനസ്സില്‍ കണ്ടത് മരത്തില്‍കണ്ടാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഒരു ചെറുപുഞ്ചിരിയില്‍ പ്രതികരണമൊതുക്കിയതും.
പക്ഷേ, സി.പി.എമ്മിന്റെ ആ കതീന പാണക്കാട്ട് പൊട്ടില്ല. പാണക്കാട്ടേക്കെറിഞ്ഞ പന്തം തിരിച്ചുചെന്ന് സി.പി.എമ്മിന്റെ ആയുധപ്പുരകള്‍ ചാമ്പലാക്കും. ചരിത്രത്തില്‍ അങ്ങനെയാണുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ