Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

അസ്വസ്ഥമാകുന്ന ഭൂമിയും മനുഷ്യരും (അഡ്വ. കെ.എന്‍.എ ഖാദര്‍)




ഇടുക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായിരിക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴ്ഭാഗങ്ങളിലെ താമസക്കാര്‍ ഉറക്കം നഷ്ടപ്പെട്ട് കഴിയുകയാണ്. കാലഹരണപ്പെട്ട വിണ്ടുകീറിയ ഡാം ഡമോക്ലിയസിന്റെ വാളുപോലെ അവരുടെ തലക്കുമേല്‍ തൂങ്ങി കിടക്കുകയാണ്. ദുരന്തം സംഭവിക്കുമോ ഇല്ലയോ എന്നുപറയാന്‍ ആര്‍ക്കുമാവില്ല. ജനലക്ഷങ്ങളുടെ ആശങ്കയും ഭയപ്പാടും ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണ്. പുതിയൊരു അണക്കെട്ടുകൊണ്ട് അമ്പതു വര്‍ഷക്കാലമെങ്കിലും ഭയാശങ്കകളെ അകറ്റി നിര്‍ത്താനായേക്കാം. മനുഷ്യര്‍ക്ക് അത്രയൊക്കെയേ ചെയ്യാനാവൂ. അണക്കെട്ടുകളുടെ നിര്‍മ്മാണം തന്നെ നല്ലതെന്നു പറയുക വയ്യ. എത്ര ശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ടാലും അവയൊന്നും നിര്‍മ്മാതാവിന്റെ നിയന്ത്രണത്തിലാവുകയില്ല. പ്രകൃതിയുടെ രീതികള്‍ക്ക് അവ ഇണങ്ങുകയുമില്ല.
ലോകത്ത് ഏകദേശം 47000 അണക്കെട്ടുകള്‍ ഉണ്ട്. 100 വര്‍ഷം പിന്നിട്ടവ 120 ലേറെയുണ്ട്. ഏത് നിമിഷവും ഏത് അണക്കെട്ടും തകരുവാന്‍ സാധ്യതയുമുണ്ട്. 17ാം നൂറ്റാണ്ടുവരെ നിര്‍മിച്ചവക്കെല്ലാം കല്‍പ്പിച്ചു നല്‍കിയ ആയുസ്സ് 50 വര്‍ഷം വീതമായിരുന്നു. അതിനു ശേഷം ഉണ്ടാക്കിയവക്ക് കൂടിയാല്‍ 70 വര്‍ഷം. ഭൂകമ്പ പ്രതിരോധ ശേഷിയുള്ളവപോലും തകര്‍ന്നിട്ടുണ്ട്. 1981ല്‍ ചൈനയില്‍ ബാങ്കിയാവോ അണക്കെട്ടു തകര്‍ന്നു. 30000ച.കി. മീറ്റര്‍ ഭൂപ്രദേശം ഒലിച്ചുപോയി. രണ്ടരലക്ഷം പേര്‍ മരിച്ചു. പ്രധാന അണയുടെ കീഴ്ഭാഗങ്ങളില്‍ ഉണ്ടായിരുന്ന 80 ഡാമുകള്‍ പൊട്ടിത്തകര്‍ന്നു. ഇറ്റലിയിലെ ബാജൂണ്‍ അണക്കെട്ടും തകര്‍ന്നു. 1979ല്‍ ഗുജറാത്തിലെ മോര്‍വി തകര്‍ന്ന് 25000 പേര്‍ ഒലിച്ചുപോയി. 2010 വരെ ലോകത്ത് 502 അണക്കെട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. രണ്ടരകോടി ആളുകള്‍ക്ക് ജീവനാശം സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ കാലഹരണം വന്ന 400 അണക്കെട്ടുകളെങ്കിലും ലോകത്തുണ്ട്.
ആദ്യകാലങ്ങളില്‍ കൃഷിക്കുവേണ്ടി മാത്രമായിരുന്നു അണക്കെട്ടുകള്‍ കെട്ടിയത്. 18ാം നൂറ്റാണ്ടിനു ശേഷം വൈദ്യുതിക്കു വേണ്ടിയും അണകള്‍ കെട്ടിത്തുടങ്ങി. ഭൂചലനം പലകാരണങ്ങളാല്‍ സംഭവിക്കാം. ജലാശയ പ്രേരിത ചലനങ്ങളും ഉണ്ട്. വെള്ളം കെട്ടി നിര്‍ത്തിയതിനാല്‍ ഭൂചലനത്തിനു കാരണമായ അണകളുടെ കൂട്ടത്തിലാണ് ഈജിപ്തിലെ അസ്വാന്‍ അണക്കെട്ട്. ലോകത്ത് നൂറോളം അണക്കെട്ടുകളുടെ പരിസരത്ത് ജലാശയ പ്രേരിത ഭൂകമ്പങ്ങള്‍ കാണപ്പെടുന്നുണ്ട്. ആഗോള താപനംമൂലം ഉല്‍ഭവിക്കുന്ന പേമാരിയും ഉരുള്‍പൊട്ടലും പ്രളയവും തടുത്തു നിര്‍ത്താന്‍ അണക്കെട്ടുകള്‍ക്കാവില്ല. അധിക വെള്ളത്തിന്റെ പ്രകമ്പന ശക്തിയെ ചെറുക്കാന്‍ ഒരു അണക്കെട്ടിനുമാവില്ല.
മുല്ലപ്പെരിയാന്‍ ഇടുക്കി ഡാമുകള്‍ കാരണം ഭൂചലനങ്ങള്‍ നടക്കുന്നുണ്ട്. അവ ജലാശയ പ്രേരിതമാവാം. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി, ചെറുതോണി, കുളമാവ്, മലങ്കര, ലോവര്‍ പെരിയാര്‍, കല്ലൂര്‍കുട്ടി, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ എന്നിവയും തകര്‍ന്നേക്കാന്‍ സാധ്യതയുള്ളതായി പറയപ്പെടുന്നു. ആറ്റംബോംബിന്റെ 200 ഇരട്ടി ശക്തി അത്തരം തകര്‍ച്ചക്കുണ്ടാവും. 16000 ച.കി.മീ ഭൂപ്രദേശം ഒലിച്ചുപോയി അറബിക്കടലിലെത്താം. ഭൂകമ്പ ഭീഷണി ലോകത്ത് ഏതു പ്രദേശത്തുമുണ്ട്. പ്ലേറ്റ് ടെക്റ്റോണിക് സിദ്ധാന്തപ്രകാരം ഭൂമിയുടെ ബാഹ്യപടലം 20 പാളികളാണെന്ന് വിവരമുള്ളവര്‍ പറയുന്നു. ഈ പ്ലേറ്റുകള്‍ സദാ ഇളകി മറിയുന്നു. ഉരുകി തിളച്ചുമറിയുന്ന ലാവയാണ് 30 കിലോമീറ്റര്‍ ഉള്ളില്‍ ഭൂമിക്കുള്ളത്. അത് പാളികളെ ചലനാത്മകമാക്കുന്നു. ലിത്തോസ്പിയര്‍ പ്ലേറ്റുകള്‍ കൂട്ടിയിടിച്ചും ഉരഞ്ഞും അഗ്നി പര്‍വ്വത സ്ഫോടനവും ഭൂകമ്പവും ഉണ്ടാവുമത്രെ! ഇടുക്കിയില്‍ പുതിയ ഭ്രംശ മേഖലകള്‍ രൂപപ്പെട്ടിട്ടുണ്ട്. പെരിയാര്‍, അച്ചന്‍കോവില്‍, തെന്‍മല എന്നിവയാണിവ. ഇടമലയാര്‍, കമ്പം, ബാവേലി, ഭവാനി, കബനി, ഫുന്‍സൂര്‍, മാട്ടുപ്പെട്ടി എന്നിവയാണ് ഈ പ്രദേശത്തെ ഭൂമിയുടെ പ്രധാന വിള്ളലുകള്‍. ഇതില്‍ ഇടമലയാര്‍ വിള്ളല്‍ 225 കിലോമീറ്റര്‍ നീളമുള്ളതാണ്. കോഴിക്കോട്ടെ മാവൂരില്‍ നിന്ന് തുടങ്ങി പെരിന്തല്‍മണ്ണ, ഒറ്റപ്പാലം വഴി പെരിങ്ങല്‍കുത്ത്, ഇടമലയാര്‍, ഭൂതത്താന്‍കെട്ട്, നേരിയമംഗലം ഇടുക്കി വഴി കുളമാവുവരെ നീണ്ടു കിടക്കുന്നതാണ് ഇടമലയാര്‍ വിള്ളല്‍. 60 കി.മീറ്റര്‍ നീളമുള്ള മറ്റൊരു വിള്ളല്‍ കുമളികമ്പം, ബോഡിനായ്ക്കനൂര്‍, തേനി വരെയാണ്. ഈ രണ്ടും ചേര്‍ന്നിടത്താണ് മുല്ലപ്പെരിയാര്‍ ഡാമും, ഇടുക്കി ഡാമും നിര്‍മ്മിച്ചിട്ടുള്ളത്. ഒരിക്കലും ഡാം പണിയാന്‍ പാടില്ലാത്ത പ്രദേശമാണിത്. ജിയോ ഫിസിക്സ് പഠിക്കാത്തവരും അറിയാത്തവരുമായ സിവില്‍ എഞ്ചിനീയര്‍മാരാണ് സാധാരണ ഡാമുകള്‍ പണിയുന്നത്. ഇടുക്കി ഡാം പണിത എഞ്ചിനീയര്‍ ഫ്രാന്‍സില്‍ പണിത ഡാം 35 വര്‍ഷം മുന്‍പ് തകര്‍ന്നു.
ഭൂമിയുടെ അതിവേഗ ഭ്രമണം ഏതു വന്‍കിട നിര്‍മാണത്തേയും പിടിച്ചു കുലുക്കുന്നു. സ്വയം ഭ്രമണവും സൂര്യന്റെ പ്രദക്ഷിണംവെക്കലും അതിവേഗം നടത്തിക്കൊണ്ടിരിക്കുന്ന ഭൂമിയിലാണ് മനുഷ്യര്‍ എന്തും പണിയുന്നതെന്ന കാര്യം ആരും ഓര്‍ക്കാറില്ല. അസൗകര്യമായതും ഭീതി ജനകവുമായ കാര്യങ്ങള്‍ ഓര്‍ക്കാന്‍ നമുക്കിഷ്ടമല്ല. ശാസ്ത്രജ്ഞമാരുടെ അഭിപ്രായത്തില്‍ പെരിയാര്‍ നദി ലീനിയമെന്റകളാല്‍ ഉണ്ടായതാണ്. സാധാരണ നദികള്‍ വൃഷ്ടി പ്രദേശത്ത് മഴ പെയ്ത് രൂപപ്പെടുന്നതാണ്. പൊട്ടിച്ചിതറിയ മട്ടില്‍ ഭൂമി കിടക്കുന്ന പ്രദേശമാണ് ലീനിയമെന്റുകളായി കണക്കാക്കപ്പെടുന്നതും. ഇത്തരം പ്രദേശത്ത് ജലം കെട്ടി നിര്‍ത്താന്‍ പാടില്ല. ഭൂവല്‍ക്കം ഭേദിച്ചു ജലസ്തൂപങ്ങളുണ്ടാക്കുവാനും വാതക രൂപീകരണത്തിനും അത് കാരണമാവും. കമ്പനങ്ങള്‍ അതു വഴി സൃഷ്ടിക്കപ്പെടാം. 1988ല്‍ നെടുങ്കണ്ടം ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.8 ശക്തിയുള്ളതായിരുന്നു. അന്നു പഠനം നടത്തിയപ്പോള്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. അണക്കെട്ടുകളെ ശാസ്ത്രീയമായി ഡീ കമ്മീഷന്‍ ചെയ്തുകൊണ്ട് മാത്രമേ ഈ പ്രശ്നം തീര്‍ക്കാന്‍ കഴിയൂ. അതിനു പോലും നമുക്ക് കഴിയില്ലെന്നാണ് കേള്‍ക്കുന്നത്.
ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കേണ്ടതാണ്. രാഷ്ട്രീയ നേട്ടങ്ങളും സ്വാര്‍ത്ഥ മോഹങ്ങളും തെരഞ്ഞെടുപ്പ് വിജയങ്ങളും കൊടികുത്തി വാഴുമ്പോള്‍ മനുഷ്യ ജീവന്‍ അപ്രധാനമാകുന്നു. 5 വര്‍ഷം മുമ്പ്തന്നെ തദ്ദേശ നിവാസികള്‍ അയ്യപ്പന്‍ കോവില്‍ പഞ്ചായത്തിലെ ചപ്പാത്തില്‍ റിലേ സത്യാഗ്രഹം നടത്തിയിരുന്നു. പതിനായിരങ്ങള്‍ അതില്‍ പങ്കെടുത്തിരുന്നു. ആരും ആ സമരം കാര്യമായെടുത്തില്ല. ഭൂചലന മേഖലയായ ഇടുക്കിയില്‍ ഇപ്പോള്‍ തന്നെ 10 വന്‍ അണക്കെട്ടുകള്‍ ഉണ്ട്. പുതിയ ഒന്നു കൂടി ഉണ്ടാക്കലാണ് നമ്മുടെ ലക്ഷ്യം. മുല്ലപ്പെരിയാര്‍ ദുരന്തമുണ്ടായാല്‍ ജല പ്രവാഹം ഇടുക്കി അണക്കെട്ട് തടഞ്ഞു നിര്‍ത്തുമെങ്കില്‍ വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍ കോവില്‍, ഉപ്പുതറ, കാഞ്ചയാര്‍, കുമളിയുടെ ഒരു ഭാഗം എന്നീ പ്രദേശങ്ങളില്‍ മാത്രമേ ദുരന്തം ബാധിക്കൂ. അതുതന്നെ ഒട്ടും നിസ്സാരമല്ല. 25 വര്‍ഷം കഴിഞ്ഞാല്‍ ഇടുക്കി അണക്കെട്ടും ഇതേ ഭീഷണി നേരിടും. 438.9 മീറ്റര്‍ നീളവും 48 മീറ്റര്‍ ഉയരവുമുള്ള മുല്ലപ്പെരിയാറില്‍ 442.23 ദശലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളം ഉണ്ടാവും അതായത് 15.6 ടി.എംസി 1888 ഒക്ടോബര്‍ 29ന് തിരുവിതാം കൂര്‍ മഹാരാജാവ് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കേന്ദ്ര ജല സേചന സെക്രട്ടറിയും ചേര്‍ന്ന് രൂപം കൊടുത്ത പാട്ടക്കരാറില്‍ ദിവാന്‍ രാമ അയ്യങ്കാറും സ്റ്റേറ്റ് ജലസേചന സെക്രട്ടറിയുമാണ് ഒപ്പു വെച്ചത്. 24 വര്‍ഷത്തോളം ഈ കരാര്‍ ഒഴിവായി കിട്ടാന്‍ മഹാരാജാവ് ശ്രമിച്ചുവെങ്കിലും അവസാനം സാമന്ത രാജ്യമാകയാല്‍ വഴങ്ങുകയാണ് ചെയ്തത്. കേരളത്തിന്റെ 8000 ഏക്കര്‍ സ്ഥലത്ത് ജലം സംഭരിച്ച്. ആവശ്യാനുസരണം വിനിയോഗിക്കുവാന്‍ 999 കൊല്ലത്തേക്ക് തമിഴ്നാടിന് ആ കരാര്‍ അവകാശം നല്‍കി. 100 ഏക്കര്‍ സ്ഥലം അണക്കെട്ടു നിര്‍മ്മാണത്തിന് വേറെയും വേണ്ടിവന്നു. പൂര്‍ണ്ണമായും കേരളത്തില്‍ ഉണ്ടാക്കിയ അണക്കെട്ടിന്റെ സമ്പൂര്‍ണ നിയന്ത്രണം തമിഴ് നാട്ടുകാര്‍ക്കു കിട്ടി. മനുഷ്യ നിര്‍മ്മിതമായ ഈ അണക്കെട്ട് 999 വര്‍ഷം നിലനില്‍ക്കുമെന്ന സങ്കല്‍പ്പം പോലും മഹാവങ്കത്തമാണ്.
വസ്തുതകള്‍ക്കും സാധ്യതകള്‍ക്കും വിരുദ്ധമായ ഒരു കരാര്‍ എപ്രകാരമാണ് സാധുവായി തീരുകയെന്നറിഞ്ഞുകൂട. ഇന്ത്യന്‍ കരാര്‍ നിയമ വ്യവസ്ഥകള്‍ അതിനോട് യോജിക്കുമോ. ഈ കരാറിലെ വ്യവസ്ഥകള്‍ മാറ്റിയെഴുതുവാന്‍ നമുക്ക് കിട്ടിയ സുവര്‍ണ അവസരവും കേരളം കളഞ്ഞുകുളിച്ചു. സ്വാതന്ത്രyം നേടിയതോടെ പഴയ കരാറുകളെല്ലാം റദ്ദായി. 1958ലും, 1966ലും, 1969ലും അതു കൊണ്ട് കരാര്‍ പുതുക്കുവാന്‍ തമിഴ്നാട് ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ആദ്യ കരാര്‍ സമയത്ത് ഓരോ ഏക്കറിനും വര്‍ഷം തോറും 5 രൂപയായി നിശ്ചയിച്ചിരുന്ന പാട്ടം 30 രൂപയാക്കുന്ന "മഹാ' ഭേദഗതിയാണ് കേരളം വരുത്തിയത്. 1970ല്‍ കരാര്‍ പുതുക്കിയപ്പോള്‍ ലോവര്‍ ക്യാമ്പില്‍ വൈദ്യുതി ഉല്‍പാദനത്തിനും നാം അനുമതി നല്‍കി. 1979ല്‍ കേന്ദ്ര ജല കമ്മീഷനാണ് അണക്കെട്ടിന്റെ ബലക്ഷയം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ഭൂചലനങ്ങള്‍ ഉണ്ടായി. ജല നിരപ്പ് 136 അടിയാക്കാന്‍ അപ്പോള്‍ തമിഴ്നാട് തയ്യാറായി. പക്ഷേ 2006ല്‍ സുപ്രീം കോടതി ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ അനുമതി നല്‍കി. അതു ചെയ്താല്‍ ജലനിരപ്പ് കുറച്ചതോടെ രൂപപ്പെട്ട കരയും ജൈവ വൈവിധ്യവും വീണ്ടും വെള്ളത്തിലാവും. ഇപ്പോഴത്തെ അണക്കെട്ടിനും താഴെ 1300 അടി പടിഞ്ഞാറുമാറി പുതിയ അണകെട്ടിയാല്‍ അതിന്റെ നിയന്ത്രണവും പുതുതായി കൂട്ടി ചേര്‍ത്ത സ്ഥലങ്ങളും വീണ്ടും തമിഴിനാടിന് കിട്ടും. പെരിയാര്‍ കടുവാ സങ്കേതത്തിനകത്തും കുമളി പട്ടണത്തിന്റെ ജൈവ വൈവിധ്യ മേഖലയും പുതിയ നിര്‍മ്മാണത്തോടെ മുങ്ങിപ്പോവും. പരിസ്ഥിതി വകുപ്പിന്റെ അനുമതി കിട്ടുമോ എന്നത് കണ്ടറിയണം. പുതിയ അണ നിര്‍മ്മിക്കുവാന്‍ പതിറ്റാണ്ടെങ്കിലും വേണ്ടി വരും. അതുവരെ മുല്ലപ്പെരിയാര്‍ നിലനില്‍ക്കുമെന്ന് ഉറപ്പാക്കാന്‍ കഴിയുമോ. ഇനിയുണ്ടാകുന്ന അണക്കെട്ടിനും കൂടിയാല്‍ 60 വര്‍ഷമായിരിക്കും ആയുസ്സ്. ദുരന്ത ഭീഷണി വീണ്ടും ഉയരും. 999 വര്‍ഷത്തിനകം 15 തവണയെങ്കിലും പുതിയ അണക്കെട്ടുകള്‍ നിര്‍മ്മിച്ചു കൊണ്ടേയിരിക്കേണ്ടി വരും. അതോടെ ഇടുക്കി ജില്ലയും കഴിഞ്ഞു പടിഞ്ഞാറു ഭാഗം വരെ തമിഴ് നാടിന്റെ നിയന്ത്രണത്തിലേക്ക് മാറിക്കൊണ്ടിരിക്കും. 999 വര്‍ഷങ്ങള്‍ക്കു ശേഷമോ പാട്ടക്കരാര്‍ നിലനിന്നാലും ഇല്ലെങ്കിലും അണക്കെട്ടുകള്‍ക്ക് എന്ത് സംഭവിക്കും. ഇതെല്ലാം വെറും സങ്കല്‍പ്പങ്ങള്‍ മാത്രമായിരിക്കാം. അത്രയും കാലം ഭൂമിയും മനുഷ്യവാസവും ഉണ്ടാകുമോ എന്ന സംശയത്തിന്റെ ബലത്തില്‍ നമുക്കാശ്വസിക്കാം. എങ്കിലും ഒരു പുതിയ അണ കെട്ടി മഹാ ദുരന്തത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുകയല്ലാതെ മറ്റൊരു വഴിയും നമുക്ക് മുമ്പിലില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ