Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

കാലം കവരാത്ത ഓര്‍മകള്‍ (ഡോ. എം.കെ മുനീര്‍)




കെ. കരുണാകരന്‍ അന്തരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. ആ രൂപവും ശബ്ദവും കേരളവും ഇന്ത്യയും ദശാബ്ദങ്ങളോളം കണ്ണും കാതും കൂര്‍പ്പിച്ച് ശ്രദ്ധിച്ചു. നേതാക്കളുടെ നേതാവ് എന്ന് വിശേഷിപ്പിക്കപ്പെടാന്‍ സര്‍വഥാ യോഗ്യനായ മറ്റൊരാളെയും കേരളത്തിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. നേതാക്കളെ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച ദീര്‍ഘവീക്ഷണത്തിന്റെ ഉടലാര്‍ന്ന രൂപങ്ങള്‍ ഇന്ന് കേരള രാഷ്ട്രീയ രംഗവും ഇന്ത്യന്‍ രാഷ്ട്രീയ രംഗവും ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് എളുപ്പം മനസ്സിലാകും. സ്വന്തം പ്രസ്ഥാനത്തില്‍ മാത്രമല്ല, ഇതര പ്രസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ നേതൃപാടവം സാക്ഷ്യപ്പെട്ടവരെ വളര്‍ത്തിക്കൊണ്ടു വരുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അങ്ങേയറ്റം ശുഷ്കാന്തി പുലര്‍ത്തിയ ഉജ്ജ്വല വ്യക്തിത്വമായിരുന്നു കരുണാകരന്റേത്.
ഇന്ന് കേരളത്തിലെ ഏത് സംരഭവും ആരംഭിക്കുമ്പോള്‍ അല്ലെങ്കില്‍ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ കെ. കരുണാകരന്‍ പരാമര്‍ശ വിധേയനാകുന്നു. അത് ചലച്ചിത്ര പുരസ്കാരം ആയിക്കൊളളട്ടെ, വിമാനത്താവള നിര്‍മാണം ആകട്ടെ, സ്റ്റേഡിയം നിര്‍മാണം ആകട്ടെ, സ്പോര്‍ട്സ് ആയിക്കൊളളട്ടെ, സര്‍വകലാശാലാ സ്ഥാപനം ആകട്ടെ, ചിത്ര കലയാവട്ടെ, കേരളത്തിന്റെ സമസ്ത മേഖലകളിലും കരുണാകരന്റെ മുദ്ര ചാര്‍ത്തപ്പെട്ടിരിക്കുന്നു. മതമൈത്രിക്കും സാഹോദര്യത്തിനും അദ്ദേഹം നല്‍കിയ ഊന്നല്‍ മാതൃകാപരമായിരുന്നു. തീവ്രവാദത്തെയും ഉന്മൂലന വാദത്തെയും കാതങ്ങള്‍ അകലെയാക്കിയതില്‍ കരുണാകരന്‍ പ്രദര്‍ശിപ്പിച്ച ദൃഢനിശ്ചയത്തിന്റെയും പ്രായോഗിക ബുദ്ധിയുടെയും രാജ്യസ്നേഹത്തിന്റെയും സമൂര്‍ത്തമായ പ്രതീകമാണ് ഇന്ന് നാം ജീവിക്കുന്ന കേരളം. ചിത്ര കല പഠിച്ച അദ്ദേഹത്തിന്റെ എല്ലാ നേട്ടങ്ങളിലും ചിത്രചാതുരിയുടെ 'ഇംപ്രിന്റ്' ദര്‍ശിക്കാന്‍ കഴിയും.
എം.കെ. മുനീര്‍ എന്ന എന്റെ പൊതുപ്രവര്‍ത്തനം കെ. കരുണാകരന്‍ എന്ന മഹാനേതാവിന്റെ അനുകമ്പാപൂര്‍വകമായ ഒരു നടപടിയുടെ ഭാഗമാണ്. ബാംഗ്ളൂരില്‍ മെഡിസിനു പഠിച്ചിരുന്ന എന്നെ, പിതാവിന്റെ മരണത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ പ്രേരകമായത് അദ്ദേഹമാണ്. ബാപ്പയുടെ മരണത്തിന്റെ തൊട്ടടുത്ത ആഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം എന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ക്കാനുളള അനുമതി നല്‍കുകയായിരുന്നു. എന്റെ രാഷ്ട്രീയ പ്രവേശത്തിനായി പാര്‍ട്ടിയിലെ ഉന്നത നേതാക്കളെ കെ. കരുണാകരന്‍ പ്രേരിപ്പിക്കുക കൂടി ചെയ്തിരുന്നു. ഹൗസ് സര്‍ജന്‍സി വേളയില്‍ തന്നെ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറായി മല്‍സരിക്കാനുളള അവസരം എനിക്ക് ഉണ്ടായി. എന്റെ ബാപ്പ പ്രതിനിധീകരിച്ച കുറ്റിച്ചിറ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാകാനും ജയിക്കാനും കഴിഞ്ഞത് ഒരു കല്‍പിത നിയോഗത്തിന്റെ സാഫല്യമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു.
മുരളിയോട് പുലര്‍ത്തുന്ന അളവില്‍ സ്നേഹവാല്‍സല്യം അദ്ദേഹം എനിക്ക് പകര്‍ന്നു നല്‍കി. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ഭവനത്തില്‍ മറ്റാര്‍ക്കും പ്രവേശനമില്ലാത്ത മുറിയില്‍ എന്നെ സ്വീകരിച്ചിരുത്തി സംസാരിക്കുകയും സല്‍ക്കരിക്കുകയും ചെയ്യുന്നിടത്തോളം വലുതായിരുന്നു ആ ബന്ധം. ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു അംഗമായി. കെ. കരുണാകരനും കല്യാണിക്കുട്ടിയമ്മയും എനിക്ക് പിതൃമാതൃ തുല്യരായപ്പോള്‍ കെ. മുരളീധരന്‍ മുരളിയേട്ടനും, പത്മജ പത്മേച്ചിയുമായി. കെ. കരുണാകരന്‍ ദേഹാസ്വാസ്ഥ്യങ്ങളുടെ ശക്തമായ പിടിയിലായിരുന്ന അവസ്ഥയില്‍, മരണത്തിന് ഏതാനും ദിവസം മുമ്പ് അദ്ദേഹത്തെ വീട്ടില്‍പോയി കാണാനുളള സന്ദര്‍ഭമുണ്ടായി. ഹജ്ജിനുപോയ ശേഷം തല പൂര്‍ണമായും മുണ്ഡനം ചെയ്ത എന്നെ ഏറെ അടുപ്പമുളളവര്‍ക്കുപോലും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ആഘട്ടത്തില്‍ ഇരുപതടി ദുരെവച്ച് തന്നെ കരുണാകരന്‍ തിരിച്ചറിയുകയും "മുനീര്‍ വാ.... " എന്ന് വിളിക്കുകയും ചെയ്തത് എന്നെ ആശ്ചര്യപ്പെടുത്തി. ഉന്നത ശീര്‍ഷരായ ഒരുപിടി നേതാക്കളിലെ അഗ്രഗണ്യനായ ഈ നേതാവിന് മരണമില്ല. കാലം കവരാത്ത ഓര്‍മ്മകളുമായി നിത്യതേജസ്വിയായി കെ. കരുണാകരന്‍ ഇവിടെ ഉണ്ടാകും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ