Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍, നന്ദി നീ നല്‍കുന്ന ഈ പ്രത്യാശക്ക് (എ.പി അബ്ദുല്ലക്കുട്ടി) ഒരു ലിറ്റര്‍ വെള്ളത്തിന് മാര്‍ക്കറ്റ് വില 15 രൂപയാണ്. അങ്ങനെയാണെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളത്തിന്റെ വില എത്രയായിരിക്കും. അവിടെ ആകെ 299.19 ടി.എം.സി. വെള്ളമാണ് ഉള്ളത്. ഒരു വര്‍ഷം 120 ടി.എം.സി. തമിഴ്നാടിന് നല്‍കുന്നു. ഒരു ടി.എം.സി. = 27,000 മില്യന്‍ ലിറ്റര്‍ അഥവാ 2,700 കോടി ലിറ്റര്‍. ഒരു ലിറ്ററിന് ഒരു രൂപവെച്ച് കൂട്ടിയാല്‍ ഒരു വര്‍ഷം തമിഴ്നാടിന് നല്‍കുന്ന വെള്ളത്തിന്റെ വില (വായനക്കാര്‍ തലകറങ്ങി വീഴില്ല എന്നുറപ്പുണ്ടെങ്കില്‍ മാത്രം വായിക്കുക. മൂന്നുലക്ഷം കോടി രൂപയിലധികം വരും. (3240000000000)
ഇന്ന് നമുക്ക് തമിഴ്നാട്ടില്‍നിന്നും കിട്ടുന്നത് രണ്ടര ലക്ഷം ടാക്സ് ഉള്‍പ്പെടെ പത്തുലക്ഷത്തോളം രൂപ മാത്രമാണ്. കുപ്രസിദ്ധമായ 999 കരാറിനെ ഓര്‍ത്ത് നാം ദുഃഖിക്കരുത്. ഇതിന്റെ പേരില്‍ കലഹവും അരുത്. നമ്മുടെ തമിഴ് സഹോദരങ്ങള്‍ക്ക് നാം നല്‍കുന്ന സദഖയായി കരുതുക (ദാനധര്‍മ്മം). അതുകൊണ്ട് അഞ്ച് ജില്ലകളിലെ ലക്ഷക്കണക്കിന് മനുഷ്യരുടെയും പക്ഷിമൃഗ ലതാദികളുടെയും സ്നേഹവും ആദരവും മാത്രമല്ല നമുക്ക് പച്ചക്കറിയും പുണ്യവും കിട്ടുന്ന സംഗതിയാണ്. ആ പുണ്യംകൊണ്ടായിരിക്കും കാലപ്പഴക്കം ചെന്നിട്ടും ഡാം നിലനില്‍ക്കുന്നത്. അതുകൊണ്ട് ഡാം പൊട്ടി ഒരു മലയാളിയും മരിക്കില്ല. അതിനുമുമ്പ് പുതിയ ഡാം ഉണ്ടാകും. മുല്ലപ്പെരിയാര്‍ പ്രശ്നം സങ്കീര്‍ണ്ണമാണെങ്കിലും പരിഹരിക്കുവാനുള്ള ലളിതമായ സമവാക്യം രാജ്യതന്ത്രജ്ഞതയുടെ ശില്‍പ്പി ഉമ്മന്‍ചാണ്ടി മുന്നോട്ടുവെച്ചുകഴിഞ്ഞു.
കേരളത്തിന് സുരക്ഷ; തമിഴ്നാടിന് ജലം’’
പഴയ കരാറിലെ പരാജയം പാഠമാക്കി തമിഴ്നാടിന് മാത്രമല്ല ലോകം മുഴുവന്‍ വെള്ളം നല്‍കുന്ന നാടായി മാറാന്‍ നമുക്ക് കഴിയണം. ദൈവം ഗള്‍ഫ് നാടുകളില്‍ ഭൂമിക്കടിയില്‍ ക്രൂഡോയിലിന്റെ രൂപത്തിലാണ് അനുഗ്രഹം കോരിച്ചൊരിഞ്ഞതെങ്കില്‍ കേരളത്തിന് ഭൂമിക്ക് മുകളില്‍ ആകാശത്തിലെ കാര്‍മേഘത്തിന്റെ രൂപത്തിലാണ് എെശ്വര്യം പെയ്തിറങ്ങുന്നത്. അത് നദികളും തോടുകളും നിറഞ്ഞ് ഒഴുകി കടലില്‍പോയി ഉപ്പുവെള്ളമാകുന്നു. ഈ ഉപ്പുവെള്ളം ഡിസാലിനേഷന്‍ ചെയ്ത് കുടിവെള്ളമാക്കാനുള്ള പ്രോജക്ടിന്റെ പണിപ്പുരയിലാണ് നമ്മുടെ വിദഗ്ധര്‍. ഹേ വിദഗ്ദ്ധരെ ഇനിയെങ്കിലും വയബിളായ പ്രോജക്ടുകളെക്കുറിച്ച് ചിന്തിക്കുക. കേരളത്തിന്റെ മഴവെള്ളത്തിന്റെ പ്രാധാന്യം നിങ്ങള്‍ തിരിച്ചറിയുക. നല്ല കാഴ്ചപ്പാടുണ്ടെങ്കില്‍ കേരളത്തെ മഴവെള്ള ഡോളറിന്റെ നാടാക്കി മാറ്റാം. പെട്രോള്‍ ഡോളറിന്റെ ഗള്‍ഫ് പോലെ. മുല്ലപ്പെരിയാറിലെ മുല്ലയാര്‍ പെരിയാറിന്റെ ഒരു പോഷകനദി മാത്രമാണ്. സാക്ഷാല്‍ പെരിയാര്‍ ഉള്‍പ്പെടെ 44 നദികളുടെ ഉടമയാണ് മലയാളി എന്ന് ഓര്‍ക്കുക. മറ്റ് നദികളെല്ലാം ചേര്‍ന്ന് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പുതിയ കൊച്ചു കൊച്ചു ഡാമുകള്‍ ഉണ്ടാക്കണം. നെയ്യാര്‍, മലമ്പുഴ, ഇടുക്കി, ശിരുവാണി, പീച്ചി, പഴശ്ശി, കുറ്റ്യാടി... തുടങ്ങി നമ്മുടെ 14 മേജര്‍ ഡാമുകളുടെ വിസ്തൃതി കൂട്ടണം. ഉദാഹരണത്തിന് കണ്ണൂരിലെ പഴശ്ശി ഡാമിന്റെ മുകളില്‍ ആറളം പുഴക്ക് ഡാമുകെട്ടിയാല്‍ ഇരട്ടി വെള്ളം കിട്ടും. ഇതിന് പുറമെ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും വീടുകളും മഴവെള്ളം ഹാര്‍വെസ്റ്റ് ചെയ്യണം. മഴവെള്ള സംഭരണിയുടെ സുന്ദരമായ ഒരു മാതൃക കാണാന്‍ വായനക്കാരെ ഞാന്‍ കണ്ണൂരിലേക്ക് ക്ഷണിക്കുന്നു.
കുടിക്കാന്‍ വെള്ളം കിട്ടാത്ത നാട്ടില്‍ വെള്ളത്തില്‍ കുളിച്ചു തിമര്‍ക്കുന്ന വാട്ടര്‍ തീം പാര്‍ക്ക് നടത്തുകയോ? പറശ്ശിനിക്കടവ് അമ്യൂസ്മെന്റ് പാര്‍ക്ക് കമ്മ്യൂണിസ്റ്റുകാര്‍ തുടങ്ങുമ്പോള്‍ പരിസ്ഥിതി വാദികള്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ കുറച്ചൊന്നുമായിരുന്നില്ല. പക്ഷെ പതിവില്‍നിന്ന് വ്യത്യസ്തമായി പാര്‍ക്ക് ഭരണസമിതി പോസിറ്റീവായിട്ടായിരുന്നു പ്രതികരിച്ചത്. 20 ഏക്കര്‍ സ്ഥലത്തായിരുന്നു പാര്‍ക്ക്. അതില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് വലിയ കുഴി; അല്ല തടാകം ഉണ്ടാക്കി. ഒരാഴ്ചത്തെ മഴകൊണ്ട് അത് നിറഞ്ഞുകവിഞ്ഞു. അഞ്ച് പത്തുകോടി ലിറ്റര്‍ വെള്ളം. മാത്രമല്ല ചുറ്റുമുള്ള പ്രദേശത്തെ കിണറുകളിലെല്ലാം വെള്ളം പൊങ്ങി. ഭൂഗര്‍ഭ ജലവിതാനം വര്‍ദ്ധിച്ചു. ആധുനിക കേരളത്തിലെ ഏറ്റവും വലിയ മഴവെള്ള സംഭരണി. കമ്മ്യൂണിസ്റ്റുകാരുടെ വികസന വിരുദ്ധ കാഴ്ചപ്പാടിനോടുള്ള വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്ത മാതൃകാപരമായ പ്രവൃത്തിയാണ് ഇത്. പണ്ട് കോലത്തിരി രാജാവ് ചിറക്കല്‍ ചിറ ഉണ്ടാക്കിയതുപോലെ. (14 ഏക്കറില്‍; അത് ഇന്ന് ചെളി നിറഞ്ഞ് കിടക്കുകയാണ്.) ഹൈദരാബാദിലെ നിസ്സാം സിറ്റിക്കുള്ളില്‍ തടാകമുണ്ടാക്കിയതുപോലെ, കണ്ണൂരിലെ സഖാക്കളുടെ വിസ്മയപാര്‍ക്കിലെ യഥാര്‍ത്ഥ വിസ്മയമാണ് ഈ മഴവെള്ളതടാകം. 
ആന്റണി കുഞ്ഞാലിക്കുട്ടി ‘‘ജിം’’ സംഘടിപ്പിച്ചപ്പോള്‍ പെരിയാര്‍ തന്നാല്‍ കൊച്ചിയിലെ കുടിവെള്ളം ഫ്രീയായി നല്‍കാമെന്ന് പറഞ്ഞ് ഒരു നിക്ഷേപകന്‍ വന്നിരുന്നത്രേ. പുഴ വില്‍ക്കുന്നുവെന്ന പേരുദോഷം പേടിച്ച് നമ്മുടെ ഉദ്യോഗസ്ഥര്‍വരെ ആ പ്രോജക്ട് തുറന്നുനോക്കാന്‍ ധൈര്യം കാണിച്ചില്ല. പ്രശ്നം നമ്മുടെ മനോഭാവമാണ്. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ മഴവെള്ള സംഭരണി എല്ലാ പുതിയ വീടുകള്‍ക്കും നിര്‍ബന്ധമാക്കുക എന്ന നിയമത്തെക്കുറിച്ച് ആലോചിച്ചു. എ.കെ.ജി. സെന്ററില്‍ ഗവേഷണം ചെയ്ത ആസ്ഥാന പണ്ഡിതന്‍മാര്‍ കൊടുത്ത ഉപദേശം പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരികയാണ്. സാധാരണ വീടുവെക്കുന്ന വോട്ടര്‍മാര്‍ നമുക്കെതിരാകും. അതുകൊണ്ട് അത് നടപ്പിലാക്കിയില്ല. പക്ഷേ തമിഴ്നാട് ഈ നിയമം കൊണ്ടുവന്നു. എല്ലാ നഗരങ്ങളിലും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മഴവെള്ള സംഭരണി നിര്‍ബന്ധമാക്കി. നമുക്ക് വോട്ടിനെക്കുറിച്ചാണ് ചിന്ത. വെള്ളത്തിനെക്കുറിച്ച് ഒരു ചിന്തയും ഇല്ല.
റിയാദില്‍ ഒരു ലിറ്റര്‍ പെട്രോളിന് 8 ഹലാലയാണ്. ഇന്ത്യയുടെ എട്ടുരൂപ. വെള്ളത്തിന് ഒന്നര റിയാല്‍. ഇന്ത്യയുടെ പതിനെട്ടു രൂപ. വെള്ളക്കച്ചവടം വേണ്ട രീതിയില്‍ തുടങ്ങിയാല്‍ കേരളത്തെ റിയാദാക്കാന്‍ കഴിയും. പക്ഷേ മുല്ലപ്പെരിയാര്‍ ചര്‍ച്ചകള്‍ക്കിടയില്‍പോലും ഈ ആശയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല എന്നതാണ് നമ്മുടെ അവസ്ഥ. കേരളത്തില്‍ സ്വകാര്യ വിദേശ നിക്ഷേപകരെ മഴവെള്ളം മാര്‍ക്കറ്റ് ചെയ്യുന്ന പദ്ധതിയിലേക്ക് ആകര്‍ഷിക്കണം. ‘‘ഓരോ വീട്ടിലും ഓരോ നല്ല കക്കൂസാണ് ആദ്യം വേണ്ടത്’’ എന്ന പഴഞ്ചന്‍ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യത്തിന് പകരം ‘‘ഓരോ വീട്ടിലും ഓരോ നല്ലൊരു മഴവെള്ളത്തിന്‍ സംഭരണി’’ എന്ന വികസനമന്ത്രം നാം ഉയര്‍ത്തണം. മുറ്റത്ത് കോണ്‍ക്രീറ്റ് ഇട്ട് മഴവെള്ളത്തെ ഒഴുക്കി കളയുകയും മലവും മൂത്രവും മലിനജലവും കോണ്‍ക്രീറ്റ് ടാങ്കിനകത്ത് സൂക്ഷിക്കുകയും ചെയ്യുന്ന തലതിരിഞ്ഞ ആസൂത്രണം തിരുത്തുവാന്‍ സമയമായി. (കക്കൂസ് മാലിന്യങ്ങള്‍ സ്വീവേജ് ലൈനില്‍ ഒഴുക്കിക്കൊണ്ടുപോയി ട്രീറ്റ്മെന്റ് പ്ലാന്റില്‍ സംസ്കരിക്കുക എന്നതാണ് നാഗരിക വികസന നയം). റെയിന്‍ ഹാര്‍വെസ്റ്റ് വഴി കിട്ടുന്ന വെള്ളം വിറ്റ് കാശുണ്ടാക്കി നമ്മുടെ നഗരസഭകള്‍ക്ക് സ്വീവേജ് ലൈനുണ്ടാക്കാന്‍ കഴിയട്ടെ എന്ന് ആശിക്കുന്നു. ഞാന്‍ നല്ല ശുഭാപ്തി വിശ്വാസക്കാരനാണ്. കേരളം മഴവെള്ള ഡോളറിന്റെ മാര്‍ക്കറ്റാകുന്ന കാലം വിദൂരമല്ല. ഷേക്കിന്റെ നാട്ടില്‍നിന്നുപോലും കേരളത്തില്‍ ജോലിതേടി ആള് വരുന്ന കാലം വരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ