Search On Blog

x

2011, ഡിസംബർ 29, വ്യാഴാഴ്‌ച

ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക ക്വാട്ട ; ഭരണഘടനാ തടസമില്ലെന്ന് സര്‍ക്കാര്‍




ന്യൂഡല്‍ഹി: ഒ.ബി.സി സംവരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നാലര ശതമാനം പ്രത്യേക ക്വാട്ട അനുവദിക്കുന്നതിന് ഭരണഘടനാപരമായ തടസങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്സഭയില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ന്യൂനപക്ഷ വകുപ്പ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവരണത്തിനുള്ളില്‍ ഉപ സംവരണം ആവാമെന്ന് ഇന്ദ്രാ സാനി കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയതാണ്.
ദുര്‍ബല വിഭാഗങ്ങളെ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പ്രത്യേക പരിഗണന നല്‍കി പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് ഭരണഘടനയുടെ 46ാം അനുഛേദത്തില്‍ പറയുന്നുണ്ട്. പ്രത്യേക ക്വാട്ട ഏര്‍പ്പെടുത്തിയത് ഭരണഘടനക്ക് വിധേയമായാണെന്ന കാര്യത്തില്‍ സംശയത്തിന് ഇടയില്ലെന്നും മന്ത്രി വിശദീകരിച്ചു. മറ്റു പിന്നാക്ക വിഭാഗങ്ങള്‍(ഒ.ബി.സി)ക്ക് ഏര്‍പ്പെടുത്തിയ 27 ശതമാനം സംവരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നാലര ശതമാനം പ്രത്യേക ക്വാട്ട ഏര്‍പ്പെടുത്തിയതിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രത്യേക ക്വാട്ട ഏര്‍പ്പെടുത്തിയതിനെതിരായ ബി.ജെ.പി നിലപാടിനെ മന്ത്രി സഭയില്‍ തള്ളിപ്പറഞ്ഞു.
മുസ്ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് മണ്ഡല്‍ കമ്മീഷനും രംഗനാഥ മിശ്ര കമ്മീഷനും രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയും ഊന്നിപ്പറയുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിംകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ വേണ്ടത്ര പ്രാതിനിധ്യം ഇല്ലെന്നും ചില മേഖലകളില്‍ പ്രാതിനിധ്യം ഒട്ടുമില്ലെന്നും മിശ്ര കമ്മീഷന്‍ കണ്ടെത്തിയ കാര്യം മന്ത്രി ചൂണ്ടിക്കാട്ടി.


1 അഭിപ്രായം:

  1. പാവപെട്ടവര്ക് സംവരണം കൊടുക്ക്‌.. അവര്‍ ഉയര്‍ന്നു വരട്ടെ മതത്തിന്റെ പേരിലുള്ള സംവരണം അര്‍ഹത യില്ലതത പണക്കാര്‍ക്കും കിട്ടുനുണ്ട്.
    സംവരണം അര്‍ഹാതയുള്ളവക്ക് മാത്രം ആക്കണം..

    മറുപടിഇല്ലാതാക്കൂ