Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

വേലവച്ചു തുടങ്ങുമ്പോള്‍ തന്നെ വിചാരിക്കണം അത് വയ്യാവേലിയ്ക്കുള്ള പുറപ്പാടാണെന്ന്.








അച്ഛനെ ഞങ്ങള്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും എത്രവേണമെങ്കിലും തല്ലാം അതുപോലാണോ നാട്ടുകാര്‍ തല്ലുന്നത്.
ഇതൊരു നാടന്‍ പ്രയോഗമാണ്.
വേലവച്ചു തുടങ്ങുമ്പോള്‍ തന്നെ വിചാരിക്കണം അത് വയ്യാവേലിയ്ക്കുള്ള പുറപ്പാടാണെന്ന്. അച്യുതാനന്ദന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കും മറ്റുള്ളവര്‍ക്കുമിട്ട് വേല വയ്ക്കുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ ആദര്‍ശമുഖം വെറും പൊയ്മുഖം മാത്രമാണ്. കാര്യങ്ങളുടെ ഉള്ളറകള്‍ അറിയാത്ത ചില പാവങ്ങളും മറ്റും വെറുതെ ഇളകിമറിയുകയാണ്. ആദര്‍ശ ഇളക്കം സ്‌പോണ്‍സര്‍ ചെയ്യുന്നതാരാണെന്ന് ഈയിടെ വിഎസിന്റെ പഴയ സ്വന്തം പ്രഫസര്‍ എസ്. സുധീഷ് പറഞ്ഞിട്ടുണ്ടല്ലോ?അച്യുതാനന്ദന്‍ ദൈവദൂതനാണെന്നും അദ്ദേഹത്തെ എന്തെങ്കിലും പറയുന്ന പാപികള്‍ വധാര്‍ഹരുമാണെന്ന പുതിയ സിദ്ധാന്തം കമ്പോളത്തില്‍ ഇറക്കുന്നതിന് മുമ്പ് ഈ വി.എസ്. ദൈവഭക്തന്മാര്‍ ഈ നേതൃദൈവത്തെ വിളിച്ച ബഹുമാന്യവാക്യങ്ങള്‍ കേരള ജനത മറന്നുകാണില്ല. അതുകൊണ്ടാണ് ഇതൊരു സ്വയം തൊഴില്‍ കണ്ടെത്തലായി മാത്രം നില്ക്കുന്നത്. പിന്നെ ചായക്കോപ്പയിലെ ചാനല്‍ കൊടുങ്കാറ്റായും.വി.എസ്. ദൈവത്തെ ആക്ഷേപിച്ചതിന് ആരെയെങ്കിലും ശിക്ഷിക്കണമെങ്കില്‍ ആദ്യം ശിക്ഷിക്കേണ്ടത് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെയാണ്. സി.പി.എമ്മിന്റെ കോട്ടയം സംസ്ഥാന സമ്മേളന പൊതുയോഗത്തില്‍ വി.എസിന്റെ ആവേശം തുളമ്പുന്ന സംഗീതാത്മക പ്രസംഗം കേട്ടപ്പോള്‍ പാര്‍ട്ടികൂട്ടം ഇളകിമറിഞ്ഞു. വി.എസിന്റെ കൈയില്‍ നിന്നും മൈക്ക് വാങ്ങി 'ഇവിടെ എന്താ ഉഷാ ഉതുപ്പിന്റെ ഗാനമേളയാണോ നടക്കുന്നത്, നിങ്ങള്‍ നൃത്തം ചെയ്യാന്‍. കള്ള് കുടിച്ചെങ്കില്‍ ഉള്ളില്‍ കിടക്കട്ടെ' എന്നാണ് പിണറായി സെക്രട്ടറി അന്ന് പൊതുവേദിയില്‍ പറഞ്ഞത്. ഇത് കൈരളി ടിവിപോലും ലൈവായി കാണിച്ചതാണ്.
അച്യുതാനന്ദന്റെ പ്രസംഗത്തെ പരോക്ഷമായി ഉഷാ  ഉതുപ്പിന്റെ ഗാനമേളയോട് ഉപമിച്ച പിണറായിക്ക് എതിരെ ഒരക്ഷരം പറയാന്‍ വി.എസിനോ സിപിഎം നേതാക്കള്‍ക്കോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. അവരാണോ വഴിയെ പോയവര്‍ മുറുമുറുത്തതിന് പുരപ്പുറത്ത് കയറി പന്തംകൊളുത്തി പ്രകടനം നടത്തുന്നത്. പിണറായി പറഞ്ഞപോലെ ആവേശത്തിന്റെ കള്ള് കുടിച്ചാല്‍ ഉള്ളില്‍ കിടക്കണം.

ഇനി സിപിഎമ്മിന്റെ ജനപക്ഷ ജാഥ മുമ്പ് തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ പിണറായി വി.എസിനെ ഉപമിച്ചത് ബക്കറ്റിലെ വെള്ളത്തിനോടാണ്. ഔദ്യോഗിക നേതൃത്വത്തിന് എതിരെ നില്ക്കുന്ന വി.എസിനെ ജി. സുധാകരന്‍, ശിവദാസമേനോന്‍, കോടിയേരി, ഐസക്ക്, ബാലന്‍ എന്നിവര്‍ മുക്കിന് മുക്കിന് പറഞ്ഞ അധിക്ഷേപങ്ങള്‍ കേരള ജനത മറന്നിട്ടില്ല. വി.എസിന് ഏറ്റവും കൂടുതല്‍ അധിക്ഷേപങ്ങള്‍ ജീവിതത്തില്‍ കേട്ടിട്ടുള്ളത് സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും തന്നെയാണ് എന്നതാണ് സത്യം. 
ഇന്നാട്ടിലെ എല്ലാ അഴിമതികളും വിഎസ് ശിക്ഷിപ്പിക്കുമെങ്കില്‍ ആദ്യം ശിക്ഷിപ്പിക്കേണ്ടത് വി.എസിനുപോലും ബോധ്യമുള്ള പിണറായി വിജയന്റെ ലാവ്‌ലിന്‍ അഴിമതിയെ ആണ്. കിളിരൂര്‍ കേസിലെ വി.എസിനറിയാവുന്ന വി.ഐപിയെയാണ്. അവിടെയൊക്കെ അടിയും കൊണ്ടു പുളിയും കുടിച്ച വി.എസിനെ തല്ലിയവര്‍ തന്നെ തലോടുന്നതു കാണാന്‍ അപൂര്‍വ്വ തൊലിക്കട്ടി ഭാഗ്യം തന്നെ വേണം.മന്ത്രി ഗണേശ് വേദനകൊണ്ടോ വൈകാരികതകൊണ്ടോ എന്തോ പറഞ്ഞു. അതിന് അദ്ദേഹം ഖേദവും പറഞ്ഞു. അവിടെ തീരേണ്ടതല്ലേ ഈ ഞരമ്പുരോഗം. വാച്ച് ആന്റ് വാര്‍ഡിനെ വേദനിപ്പിച്ചിട്ട് ഖേദംപോലും പറയാത്തവരല്ലേ. വനിതാപോലീസിനെ പേടിപ്പിച്ചിട്ട് നടക്കുന്ന വീരപരാക്രമികളല്ലേ. ചട്ടമ്പിമാരോടുപോലും ഇത്ര മര്യാദ ആരാണ് ഈ വന്നക്കാലത്ത് കാണിക്കുന്നത്. ജെയിംസ് മാത്യു പൊലീസിനോട് പുലയാട്ടുന്ന ചിലരംഗങ്ങള്‍ ഈയിടെ ഒരു ചാനല്‍ കാണിച്ചു. പാവം ഈ നികൃഷ്ട ജീവികളെ കൊണ്ടാണ് സ്വന്തം പാര്‍ട്ടി വി.ഐ.പികള്‍ കിളിരൂര്‍കളില്‍ രക്ഷപ്പെടുന്നത് എന്നെങ്കിലും ഇവര്‍ ഓര്‍ക്കട്ടെ അഡൈ്വസര്‍ ആള്‍ക്കൂട്ടത്തില്‍ സുകുമാരാ...

മന്ത്രി ഗണേശിന്റെ തന്തയ്ക്ക് പറഞ്ഞുകൊണ്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടിവിയില്‍ ഗര്‍ജിക്കുന്നത് കണ്ടു. പന്തംകൊളുത്തി വഴിയിലിറങ്ങിയ വരുംകാല നേതാക്കന്മാരെല്ലാം വിളിച്ച തെറി മുദ്രാവാക്യം ഗണേശനെ ബഹുദൂരം പിന്നിലാക്കി. 
ഇനി പാവം വി.എസിന്റെ പ്രസംഗത്തെക്കുറിച്ച് പറയട്ടെ. ആരെയും എന്തും പറയുന്ന അധിക്ഷേപമാണ് അവ. ലതികാ സുഭാഷിനെയും സിന്ധു ജോയിയെയും പോലും വെറുതേവിട്ടില്ല. പഴയ നായനാരും പുതിയ പിണറായിയും പിന്നെ നമ്മുടെ ജയരാജന്മാരും എത്ര പാകതയുള്ള പ്രസംഗമാണ് നടത്തുന്നത്. നീതപീഠത്തിനും പൊലീസിനും വരെ തെറിയും അടിയും. ഇവര്‍ക്ക് വായ് പിഴവിനെകുറിച്ച് പറയാന്‍ എന്തവകാശം.മന്ത്രി ഗണേശന്റെ പ്രസംഗത്തെ ഉമ്മന്‍ചാണ്ടി തള്ളി പറഞ്ഞു. പിണറായിയുടെ കള്ളുകുടിയന്മാരായ അണികളെകുറിച്ചുള്ള പ്രയോഗം വി.എസിന്റെ ഗാനമേളയെക്കുറിച്ചുള്ള പ്രയോഗം പുരോഹിതന്മാരെ നികൃഷ്ടജീവികള്‍ എന്നു വിളിച്ച പ്രയോഗം കരാട്ട് തള്ളിപറയുമോ. സിന്ധു ജോയിയെയും ലതികാ സുഭാഷിനെയും വി.എസ് അധിക്ഷേപിച്ചത് പിണറായി തള്ളിപറയുമോ. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം കുട്ടിയെന്ന് വിളിച്ച വി.എസ്. ഖേദം പറയുമോ. പൊലീസിനെയും പുരോഹിതനെയും കോടതിയെയും അധിക്ഷേപിച്ചതിന് ഇത്തരം മിടുക്കന്മാര്‍ ഖേദം പറയുമോ. അവിടെയാണ് ഗണേശനും ഇവരും തമ്മിലുള്ള വ്യത്യാസം. രണ്ടുകാലിലും മന്തുള്ളവര്‍ ഒരു വിരലിന് നീര് വന്നവനെ ഇങ്ങനെ കുറ്റം പറയരുത്. കണ്ണാടി നോക്കുക ഹംസങ്ങളെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ