Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

ഇറോം ശര്‍മിള ഇന്ത്യയുടെ അഭിമാനം. ഇന്ത്യയുടെ അഭിമാനമായ എന്റെ സഹോദരി ഇറോം ശര്‍മിള വിജയിക്കട്ടെ. (അഡ്വ. കെ.എന്‍.എ ഖാദര്‍)




2000 നവംബര്‍ രണ്ടിന് മണിപ്പൂരിലെ മാലോംഗ് പ്രദേശത്ത് സായുധ സേന നടത്തിയ വെടിവെപ്പില്‍ നിരപരാധികളായ അനേകം പേര്‍ മരിച്ചു. ഒരു ബസ് സ്റ്റോപ്പില്‍ ബസ് കാത്തിരുന്ന സ്ത്രീകളും കുട്ടികളും ധീരതക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ഒരു ചെറുപ്പക്കാരനും വരെ അതിലുണ്ടായിരുന്നു. സായുധ സേനയുടെ പ്രത്യേകാധികാരം ഇത്തരം കൂട്ടക്കൊലകളെ ന്യായീകരിക്കുന്നു. മണിപ്പൂരിലെ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ ബാബ്ലു ലോയിത്തോംഗ് ബാം ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ അനിശ്ചിതകാല നിരാഹാര സമരം അന്നു തന്നെ ആരംഭിക്കുകയാണ് ഇറോം ഷര്‍മിള ചെയ്തത്. സേനയുടെ പ്രത്യേകാധികാര നിയമം പിന്‍വലിക്കുന്നതുവരെ അതു തുടരുമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ 11 വര്‍ഷമായി അവര്‍ സമരത്തിലാണ്. പൊലീസ് കേസെടുത്തതിനാല്‍ കോടതി നിര്‍ദ്ദേശ പ്രകാരം അവര്‍ ഇക്കാലമത്രയും കസ്റ്റഡിയിലാണ്. നാസാദ്വാരത്തില്‍ നിര്‍ബന്ധമായി തിരുകി കയറ്റിയ കുഴലിലൂടെ ദ്രാവക രൂപത്തിലുള്ള ആഹാരവുമായി നിശ്ചയ ദാര്‍ഢ്യത്തോടെ അവര്‍ സമരം തുടരുന്നു. ഈ 11 വര്‍ഷത്തിനിടയില്‍ ബന്ധുമിത്രാദികളെപോലും കാണാതെ വിവാഹമോ മറ്റു ജീവിതാവശ്യങ്ങളോ നിറവേറ്റാതെ അവര്‍ ഏകയായി ഒരു മഹാ സമരം നയിക്കുകയാണ്. പത്ര മാധ്യമങ്ങളുടെ വിവാദമോ, ദൃശ്യ മാധ്യമങ്ങളിലെ ചര്‍ച്ചയോ അവര്‍ക്കു വേണ്ടി നടക്കുന്നില്ല. ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ തീയിടാതെ, പൊതുമുതല്‍ തകര്‍ക്കാതെ പൊലീസിനെ അക്രമിക്കാതെ, ബന്ദും ഹര്‍ത്താലും നടത്തി ജന ജീവിതം സ്തംഭിപ്പിക്കാതെ നടക്കുന്ന ഈ സമരത്തെ ജനങ്ങളും സര്‍ക്കാരും, മാധ്യമങ്ങളും അവഗണിക്കുകയാണ്.
രാജ്യ സ്നേഹിയായ ഒരു പെണ്‍കുട്ടി സഹജീവികള്‍ക്കു വേണ്ടി ഒരു ക്രൂര നിയമത്തിനെതിരെ നടത്തുന്ന ഈ ധര്‍മ്മ സമരത്തെ എല്ലാ മനുഷ്യ സ്നേഹികളും പിന്തുണക്കേണ്ടതാണ്. ജീവന്‍ പണയപ്പെടുത്തി ധീരയായ ഒരു സ്ത്രീ ഒറ്റക്കു നടത്തുന്ന ഈ സമരത്തെ ഇന്ത്യയിലെ കാക്കത്തൊള്ളായിരം സ്ത്രീ സംഘടനകളും കണ്ടില്ലെന്നു നടിക്കുന്നു. മാവോയിസ്റ്റുകളോ, മാര്‍ക്സിസ്റ്റുകളോ, ഗാന്ധിയന്‍മാരോ, മതതീവ്രവാദികളോ, ഭീകരവാദികളോ, ജനാധിപത്യ വിശ്വാസികളോ ഒന്നും തന്നെ ഇറോം ഷര്‍മിളയോട് എെക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കാണുന്നില്ല. ഇന്ത്യയിലെ യുവജന പ്രസ്ഥാനങ്ങളും കുറ്റകരമായ ഉദാസീനത പുലര്‍ത്തുകയാണ്. ഇറോം ഷര്‍മിളയുടെ ജീവന്‍ രക്ഷിക്കുവാനും അവരുന്നയിച്ച ന്യായമായ ആവശ്യം അംഗീകരിക്കുവാനും കേന്ദ്ര സര്‍ക്കാരും നടപടിയെടുത്തിട്ടില്ല. മ്യാന്‍മാറില്‍ കരുതല്‍ തടങ്കലില്‍ കഴിഞ്ഞുപോന്ന ധീരയായ ജനാധിപത്യ നായിക ആംഗ് സാന്‍ സൂക്കി പോലും തടങ്കല്‍ കാലഘട്ടത്തില്‍ ഭക്ഷണം കഴിച്ചിരുന്നു. 23 വര്‍ഷം ദക്ഷിണാഫ്രിക്കയിലെ തടവില്‍ പാര്‍ക്കേണ്ടി വന്ന നെല്‍സണ്‍ മണ്ടേല നിരാഹാരത്തിലായിരുന്നില്ല. മഹാത്മാഗാന്ധിപോലും ഇത്ര നീണ്ടകാലം തുടര്‍ച്ചയായി നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന മഹത്തായ അനേകം സമരങ്ങളോട് കിടപിടിക്കുന്ന ഒരു സമരമാണ് ഇറോം ഷര്‍മിള നടത്തിക്കൊണ്ടിരിക്കുന്നത്. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത എല്ലാവരും ഈ സമരത്തെ പിന്തുണക്കേണ്ടതായിരുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകരായ ഒരു കൂട്ടം അഭിഭാഷകരുടെ സംഘമാണ് മണിപ്പൂരില്‍ ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. അതില്‍ പങ്കാളിയായി തീര്‍ന്ന ഇറോം ശര്‍മിള ആ സമരത്തിന്റെ നേതൃ പദവിയിലെത്തുകയാണുണ്ടായത്. 1999ല്‍ ആരംഭിച്ച ഈ പ്രസ്ഥാനത്തിന്റെ പ്രധാന മുദ്രാവാക്യമാണ് സായുധ സേനയുടെ പ്രത്യേക അധികാര നിയമം പിന്‍വലിക്കുകയെന്നത്. അനേകായിരം നിരപരാധികള്‍ ഈ നിയമത്തിന്റെ വിവേചനരഹിതമായ പ്രയോഗത്താല്‍ കാലപുരി പൂകി. പിഞ്ചുകുഞ്ഞുങ്ങള്‍, സ്ത്രീകള്‍, വൃദ്ധര്‍ എല്ലാം അതില്‍ ഉള്‍പ്പെടുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കാശ്മീരിലും ഈ നിയമം യഥേഷ്ടം ഉപയോഗിക്കുന്നു. ജനാധിപത്യ മാര്‍ഗ്ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍ വന്ന ഒരു സര്‍ക്കാര്‍ പ്രജകളെ യഥേഷ്ടം വെടിവെച്ചു കൊല്ലാനുള്ള അധികാരം സായുധ സേനക്കു നല്‍കിയത് ഒരിക്കലും ന്യായീകരിക്കാവതല്ല. ഭീകരവാദികളെ നേരിടാനെന്ന പേരില്‍ കിട്ടിയ ഈ അധികാരം ഭീകരവാദത്തെ തടഞ്ഞുവോ? ഭീകരവാദ പ്രവര്‍ത്തനത്തെ നേരിടേണ്ടത് അത്യന്താപേക്ഷിതം തന്നെ. നിരപരാധികളായ പൗരന്‍മാരെ ഈ നിയമത്തിന്റെ മറവില്‍ കൊന്നൊടുക്കുന്നതും അതേ ഭീകര പ്രവര്‍ത്തനത്തിനു സമാനമാണ്. ഈ വിഷയം ദേശീയമായ ഒരു ചര്‍ച്ചക്ക് കളമൊരുക്കേണ്ടതല്ലേ. മാധ്യമങ്ങള്‍ക്ക് അതിനു മുന്‍കയ്യെടുക്കാനുള്ള ബാധ്യതയില്ലേ. അണ്ണാ ഹസാരെയുടെ സമരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താലുകളും പണിമുടക്കുകളുമെല്ലാം വാര്‍ത്താ മാധ്യമങ്ങള്‍ മുഖേന ജനങ്ങളില്‍ ആന്ദോളനങ്ങള്‍ സൃഷ്ടിക്കുന്നു. ജയരാജന്‍മാരുടെ വാചക കസര്‍ത്തുകളും കപട നാടകങ്ങളും ജനശ്രദ്ധയാകര്‍ഷിക്കുന്നു. പി.സി. ജോര്‍ജ്ജും ഗണേഷ്കുമാറും നടത്തിയ പ്രസംഗങ്ങളും നിയമസഭയിലെ സമരാഭാസങ്ങളും അക്രമങ്ങളും വലിയ വാര്‍ത്തയാവുന്നു. അച്യുതാനന്ദന്റെ വിലകുറഞ്ഞ കളിതമാശകളും ജനമറിയുന്നു. ഇതുപോലുള്ള പൊള്ളയായ പൊറാട്ടു നാടകങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്യുന്നു. നരേന്ദ്രമോഡിയുടെ ഉപവാസവും അഡ്വാനിയുടെ ചേതനാ യാത്രയുമൊക്കെ ജനങ്ങള്‍ ആസ്വദിക്കുന്നു
11 വര്‍ഷമായി നിരാഹാര സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ഇറോം ശര്‍മ്മിളയും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളും അതിലേറെ ജീവല്‍ പ്രധാനമല്ലേ. ആദരിക്കപ്പെടേണ്ടുന്ന സമരങ്ങളില്‍ ഒന്നാണിത്. അപലപിക്കപ്പെടേണ്ടുന്ന ജനസമരങ്ങളാണധികവും. ഇന്ത്യയിലെ ട്രേഡ് യൂണിയനുകളോ രാഷ്ട്രീയ കക്ഷികളോ ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കേണ്ടതായിരുന്നു. അതിനു സാധ്യമായില്ലെങ്കില്‍ അത്തരം വിഷയത്തിലധിഷ്ഠിതമായ സമരങ്ങളെ പിന്തുണക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഈ കാലഘട്ടം അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണമായ അനേകം പ്രശ്നങ്ങളെ സര്‍ക്കാരിന്റെയും ജനങ്ങളുടെയും ശ്രദ്ധയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ രാഷ്ട്രീയ കക്ഷികള്‍ പലപ്പോഴും പരാജയപ്പെടുന്നു. പാര്‍ട്ടിക്ക് രാഷ്ട്രീയമായി പ്രജോയനപ്പെടാത്ത പല വിഷയങ്ങളും പൂര്‍ണ്ണമായും അവര്‍ അവഗണിക്കുന്നു. രാഷ്ട്രീയ ലാഭത്തിനു കാരണമായേക്കാവുന്ന അപ്രധാന വിഷയങ്ങളെ അവര്‍ പര്‍വ്വതീകരിക്കുന്നു. ഇത്തരം വേര്‍തിരിവുകള്‍ക്ക് മുതിരാതെ വിഷയങ്ങളുടെ പ്രധാന്യം മാത്രം കണക്കിലെടുത്ത് ചിലപ്പോള്‍ ജനങ്ങള്‍ സ്വമേധയാ അവ ഏറ്റെടുക്കുന്നു. രാഷ്ട്രീയ വൃത്തത്തിനു പുറത്തു നടക്കുന്ന ഇത്തരം സ്വയംഭൂവായ സമരങ്ങളാണിന്ന് ലോകമാകെ നടക്കുന്നത്. രാഷ്ട്രീയവുമായി അടുത്ത് ബന്ധപ്പെട്ട് കിടക്കുന്ന വിഷയമായാല്‍ പോലും ചിലപ്പോള്‍ പാര്‍ട്ടികള്‍ അവയെ വിസ്മരിക്കുന്നു.
എന്തുതന്നെയായാലും ധീരതയുടെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും പ്രതീകമായി ഇറോം ശര്‍മിള മാറിക്കഴിഞ്ഞു. അവര്‍ ഉന്നയിക്കുന്ന ആവശ്യം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനലക്ഷങ്ങളുടെ ഹൃദയ വികാരമാണ്. സാക്ഷരതയില്‍ മുങ്ങിക്കുളിച്ചു കഴിഞ്ഞ രാഷ്ട്രീയ ബോധത്തിന്റെ ഹിമാലയത്തില്‍ വിരാജിക്കുന്ന കേരളീയന്റെ കാപട്യം ഇവിടെ വീണ്ടും തെളിയിക്കപ്പെടുന്നു. ബുദ്ധിജീവി നാട്യക്കാരും സാംസ്കാരിക നായകരും ഇവിടെ ഒപ്പു ശേഖരിക്കുന്നില്ല. നിക്കരാഗ്വയിലും വെനിസൂലയിലും പത്തുപേര്‍ ജാഥ നയിച്ചാല്‍ ഇവിടത്തെ ബുദ്ധിജീവികള്‍ക്ക് ഉറക്കം വരികയില്ല. വാള്‍സ്ട്രീറ്റ് സമരം നടക്കുന്നത് ഭൂമിയുടെ മറുപുറത്താണെങ്കിലും പിന്തുണ പതിച്ചു നല്‍കുന്നവര്‍ സ്വന്തം നാട്ടില്‍ ഒരു യുവതി 11 വര്‍ഷമായി നടത്തിവരുന്ന സമരത്തിന് പിന്തുണയായി ഒറ്റ യോഗം പോലും നടത്തിക്കണ്ടില്ല. രാധാകൃഷ്ണപ്പിള്ളയോടും ബാലകൃഷ്ണപ്പിള്ളയോടും കാണിക്കുന്ന എതിര്‍പ്പെങ്കിലും സായുധ സേനാ പ്രത്യേകാധികാരത്തോടു പ്രകടിപ്പിച്ചു കണ്ടില്ല. ടി.വി. രാജേഷിനെപ്പോലുള്ളവര്‍ ഇറോം ശര്‍മ്മിളക്കു വേണ്ടി കരയട്ടെ. ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല ഇന്ത്യയിലെ ഇതര പാര്‍ട്ടികളും ഈ വിഷയത്തോടും ഇറോം ശര്‍മ്മിളയോടും ശരിയായ നിലപാട് സ്വീകരിച്ചു കണ്ടില്ല.
ശര്‍മ്മിള ഉയര്‍ത്തുന്ന ആവശ്യം സംബന്ധിച്ച് അവരുമായി ചര്‍ച്ച ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെ അയക്കുകയാണ് വേണ്ടത്. അണ്ണാ ഹസാരെയും സംഘവുമുണ്ടാക്കിയ കോലാഹലം തീര്‍ക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ നേരിട്ടുപോയി. ഇവിടെയിതാ കത്തിച്ചുവെച്ച മെഴുകുതിരിപോലെ ഒരു ജീവിതം എരിഞ്ഞടങ്ങുന്നു. ആ അഗ്നിശലാകയില്‍ ആയിരം തിരികള്‍ക്ക് പകരാന്‍ മാത്രം വെളിച്ചമുണ്ട്. കരിനിയമങ്ങളെ കരിച്ചു കളയാനുള്ള ചൂടും അതില്‍ അന്തര്‍ലീനമാണ്. രാജീവ് ഗാന്ധി വധക്കേസില്‍ കൊലമരം കാത്തു കഴിയുന്നവരെ രക്ഷിക്കുവാന്‍ ഇവിടെ എന്തുമാത്രം ജാഗ്രതയാണ്. സഹജീവികളുടെ സ്വൈര്യമായി കഴിയാനുള്ള അവകാശത്തിനു വേണ്ടി ജീവിതം ഹോമിച്ചുകൊണ്ട് മരണത്തിന്റെ വായിലേക്ക് നടന്നു നീങ്ങുന്ന ഇറോം ശര്‍മിളയെന്ന സഹോദരിയെ രക്ഷിക്കുവാന്‍ രാജ്യത്തിനു ബാധ്യതയില്ലേ. ഇറോം ശര്‍മിള ഇന്ത്യയുടെ അഭിമാനമായ എന്റെ
സഹോദരി വിജയിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ