Search On Blog

x

2011 ഡിസംബർ 28, ബുധനാഴ്‌ച

കോണി ചിഹ്നത്തില്‍ ആണി കയറ്റുന്നവര്‍ (സി.പി. സൈതലവി)







ഒരു മുന്നണിയെയും മുസാഫഹത്ത് ചെയ്യാതെ ഒറ്റാന്തടിയായി മത്സരിച്ചു മുസ്ലിംലീഗ് 1962ല്‍ ലോക്സഭയിലേക്ക്. സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ രക്ഷാകവചമായി മുസ്ലിംലീഗിനെ ഉയര്‍ത്തിപ്പിടിച്ച ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥി. സി.എച്ച്. മുഹമ്മദ്കോയ കോഴിക്കോട്ടും.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും വെവ്വേറെ സ്ഥാനാര്‍ത്ഥികള്‍. റമസാന്‍ മാസം. ഫെബ്രുവരിയിലെ പൊരിഞ്ഞ ചൂട്. അര നൂറ്റാണ്ട് മുമ്പാണ്. പ്രചാരണ തന്ത്രങ്ങളും വാര്‍ത്താലോകവും ഇക്കാലം പോലെ വികസിച്ചിട്ടുമില്ല. നോമ്പുനോറ്റ് ദാഹിച്ചു വലഞ്ഞ് ക്യൂ നില്‍ക്കാന്‍ സാധാരണക്കാരായ മുസ്ലിം വോട്ടര്‍മാര്‍ വരില്ലെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ പ്രവചിച്ചു. ഖാഇദേമില്ലത്തിന്റെ കാര്യം കഷ്ടമാണെന്ന്.
കേരളത്തിലെ മുസ്ലിംലീഗ് ചരിത്രത്തിലറിയപ്പെടുന്ന ഒട്ടുമിക്ക നേതാക്കളും ഏറനാടന്‍ ഗ്രാമങ്ങളിലെ തിളക്കുന്ന വെയിലത്തുണ്ട്. പ്രവര്‍ത്തനവും പ്രാര്‍ത്ഥനയും ഒന്നിച്ചു ഫലിച്ചു. ഖാഇദേമില്ലത്ത് ജയിച്ചു. സി.എച്ചും. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പില്‍ പി.എസ്.പി സഖ്യത്തില്‍ ഒരു സീറ്റ് മാത്രം കിട്ടിയ മുസ്ലിംലീഗിന് ഒറ്റയ്ക്കായപ്പോള്‍ രണ്ടിടത്ത് വിജയം. കേരള പത്രങ്ങള്‍ പ്രാദേശിക വാര്‍ത്തയില്‍ മുസ്ലിംലീഗിന്റെ വിജയം സമ്മതിച്ചെഴുതി. പക്ഷേ ദേശീയ തലത്തിലെ കക്ഷിനിലയില്‍ മുസ്ലിംലീഗ് ഇല്ല. സ്വതന്ത്രര്‍ക്കും കക്ഷിരഹിതര്‍ക്കുമുള്ള കള്ളിയില്‍ "മറ്റുള്ളവര്‍' എന്ന വിശേഷണത്തിലായിരുന്നു കരുത്തരായി ജയിച്ചുപോയ ഖാഇദേമില്ലത്തിനെയും സി.എച്ചിനെയും തെരഞ്ഞെടുപ്പിന്റെ കണക്കെഴുത്തുകാര്‍ പെടുത്തിയത്. ഈ "വിധി' തന്നെയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ മുസ്ലിംലീഗിനെ പിന്തുടര്‍ന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സുലഭമായി എം.എല്‍.എമാരുമുള്ള കക്ഷി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തിന്റെ ഉജ്വല നേട്ടങ്ങള്‍. പുലരുവോളം വിജയാഹ്ലാദ പ്രകടനങ്ങള്‍. എല്ലാം കഴിഞ്ഞ് പത്രം നിവര്‍ത്തിയാല്‍ ലോക്സഭയുടെ കക്ഷിനിലയില്‍ "മുസ്ലിംലീഗ്' കാണില്ല. എല്ലാ കണക്കുമറിയുന്ന മലയാളപത്രങ്ങള്‍പോലും അത് വേറിട്ടെഴുതാന്‍ മടിച്ചു. ന്യൂഡല്‍ഹി നല്‍കുന്നത് മാത്രം അച്ചടിച്ചു.
ഇത് മറികടക്കേണ്ട ആവശ്യം മുസ്ലിംലീഗിനു തന്നെയായിരുന്നു. മുസ്ലിം ലീഗ് എന്ന വേറിട്ട വ്യക്തിത്വംകൊണ്ട് പൊരുതി നേടിയ ആനുകൂല്യങ്ങളുടെ തണലുള്ള സമുദായത്തിന് ഇതത്യാവശ്യവുമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ "എെഡന്റിറ്റി' നിലനിര്‍ത്തുന്നതിന് ആവശ്യമായ ഘടനാപരമായ നടപടികള്‍ സ്വാഭാവികമായും അവിടെ രൂപപ്പെട്ടു. അത് ഫലിച്ചു. ഇന്ത്യന്‍ നിയമനിര്‍മാണസഭയുടെ കക്ഷിനില കള്ളിയില്‍ "മറ്റുള്ളവര്‍' എന്ന നിസ്സാരവത്ക്കരണത്തിനു പകരം "മുസ്ലിംലീഗ്' എന്ന മേല്‍വിലാസമെഴുത്ത് അനിവാര്യമായി. അന്നു മുതല്‍ തന്നെയാണ് പല ജന്മശത്രുക്കള്‍ക്കും ഇരിക്കപ്പൊറുതിയില്ലായ്മ തുടങ്ങിയതും. ആവതുള്ളവരും ഇല്ലാത്തവരും അക്കൂട്ടത്തിലുണ്ട്.
അതുകൊണ്ടാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ അത്യാപത്തിനെക്കുറിച്ച് മുഖപ്രസംഗമെഴുതിയ ദിവസംതന്നെ അതേ പേജില്‍ അതിലും ഭീകരമായ തലക്കെട്ടില്‍ "മുസ്ലിംലീഗ്: ലയനത്തിലെ ചതിക്കുഴികള്‍' എന്ന് ജമാഅത്ത് പത്രം മുഖ്യലേഖനം പ്രസിദ്ധീകരിച്ചത്.
മുല്ലപ്പെരിയാര്‍ മേഖലയിലെ ഭൂചലനങ്ങളും തമിഴ്നാട് അതിര്‍ത്തിയിലെ തല്ലും പിടിയുമായി ജനം ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ വൈകാരികത ഒട്ടും ചോരാതെ ഇന്ത്യ നേരിടുന്ന "ഏറ്റവും ഭയാനകമായ' പ്രശ്നത്തെക്കുറിച്ച് ജമാഅത്ത്പത്രത്തില്‍ കെ.കെ. ഷാഹിന ഇങ്ങനെ തുടങ്ങി: "ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഇപ്പോള്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധി, രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍തന്നെ അഭൂതപൂര്‍വമാണ്.... തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ എെ.യു.എം.എല്‍ എന്ന പേരിനു നേരെ ചിഹ്നത്തിന്റെ കോളം ഒഴിഞ്ഞുകിടക്കുന്നു. അവിടെ ലീഗണികളുടെ വികാരമായ കോണി ചിഹ്നം കാണാനില്ല. മറ്റൊരു പാര്‍ട്ടിയുടെ പേരിനു നേരെയാണ് കോണി. എം.എല്‍.കെ.എസ്.സി അഥവാ മുസ്ലിംലീഗ് കേരളാ സ്റ്റേറ്റ് കമ്മിറ്റി എന്നാണ് ആ പാര്‍ട്ടിയുടെ പേര്. ഇതെല്ലാം ഒന്നു തന്നെയാണ് എന്നാണ് വര്‍ഷങ്ങളായി ലീഗ് നേതൃത്വം നല്‍കുന്ന വിശദീകരണം. ഇത് രണ്ടും ഒന്നല്ല എന്നു തെരെഞ്ഞെടുപ്പ് കമ്മീഷനും...... തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പ്രകാരം എം.എല്‍.കെ.എസ്.സി എന്ന ഈ പാര്‍ട്ടി 1989ലാണ് രജിസ്റ്റര്‍ ചെയ്തത്. കോണി അതിന്റെ സ്വന്തം ചിഹ്നമാണ്. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ പാര്‍ട്ടിയിലുണ്ടായ വിഭാഗീയതയുടെ പരിണാമമായിരുന്നു ദേശീയ പ്രസിഡണ്ടായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ കൈയില്‍ നിന്ന് പാര്‍ട്ടി പിടിച്ചെടുക്കാന്‍ കേരള നേതൃത്വം നടത്തിയ നീക്കം. പാര്‍ട്ടി പിളര്‍ത്തി സേട്ട് കോണി ചിഹ്നം സ്വന്തമാക്കിയാലോ എന്നു ഭയന്ന് കേരളത്തിലെ ലീഗ് നേതാക്കള്‍ ഒരു മുഴം നീട്ടി എറിഞ്ഞതാണ് മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പാര്‍ട്ടിയുടെ ജനനത്തിനു കാരണം. 1989ല്‍ നടന്ന നിശ്ശബ്ദമായ ഈ രൂപാന്തരം അതിനു ചുക്കാന്‍ പിടിച്ചവരല്ലാതെ മറ്റാരും അറിഞ്ഞില്ല. സേട്ട് പോലും. ലക്ഷക്കണക്കിന് വരുന്ന ലീഗണികള്‍ തുടര്‍ന്നും കോണി ചിഹ്നത്തില്‍ വോട്ട് ചെയ്തു. എന്നാല്‍ കണ്ണടച്ചു കോണിക്കു കുത്തുമ്പോഴും ജനങ്ങള്‍ക്കറിയില്ല ആ ചിഹ്നം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പാര്‍ട്ടിയുടേതല്ല (കേരള സ്റ്റേറ്റ് മുസ്ലിംലീഗിന്റേതാണെന്ന്). എെ.യു.എം.എല്‍ എന്ന പാര്‍ട്ടിയുടെ പ്രതിനിധികളാണ് തങ്ങളെന്നു ഭാവിച്ചും ആ പാര്‍ട്ടിയുടെ ബാനറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയും ലീഗണികളെയും പൊതുജനങ്ങളെയും കാലങ്ങളായി വഞ്ചിച്ചുകൊണ്ടിരിക്കുന്നു.'' ഇവ്വിധം താളുകള്‍ നിറഞ്ഞുകവിയുന്നു കോണി ചിഹ്നത്തില്‍ ആണി കയറ്റുന്ന ജമാഅത്ത് സങ്കടം.
ശുദ്ധ മതേതരത്വത്തിനു ഭാരമാകുമെന്നു കരുതി ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ "എെഡന്റിറ്റി' ഊരിയെറിഞ്ഞ് ചാന്തുപൊട്ടും ചങ്കേലസ്സുമണിഞ്ഞിട്ടും ഗുണം കിട്ടാതെ പോയവരെ തന്നെ ഈ ലീഗ് വിരുദ്ധ പ്രചാരവേലയുടെ ചുമതല ഏല്‍പിച്ചതും ബഹുകേമമായി.
മുസ്ലിംലീഗിന്റെ ഭാവിയോര്‍ത്ത് ജമാഅത്ത് പത്രവും ലീഗ് നേതാക്കളെ തെരുവില്‍ തെറിവിളിച്ചു കുപ്രസിദ്ധിയുള്ളവരും അധികം വേവലാതികൊള്ളുന്നത് അപഹാസ്യമാണ്. സ്വതന്ത്ര ഇന്ത്യയോളം പഴക്കമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ മുസ്ലിംലീഗിനു രൂപീകരണ ഘട്ടംതൊട്ടുള്ള നയനിലപാടുകളും ഉദ്ദേശ്യ ലക്ഷ്യങ്ങളും ഭരണഘടനയും സംഘടനാ രീതികളുമുണ്ട്. രാജ്യത്തെ മാറിമാറിവരുന്ന നിയമങ്ങള്‍പ്രകാരം ഒരു വ്യവസ്ഥാപിത കക്ഷിയുടെ അടിസ്ഥാന ഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കടമ്പകളേറെ കടക്കേണ്ടതുമുണ്ട്.
മെയ്യനങ്ങാതെ വരമ്പത്ത് നിന്നു രാഷ്ട്രീയംകണ്ടു ശീലിച്ചവര്‍ക്ക് അത് മനസ്സിലായെന്നുവരില്ല. "1989ല്‍ സേട്ടു പോലുമറിയാതെ കേരള നേതാക്കള്‍ നടത്തിയ രഹസ്യ നീക്കമാണ് പുതിയ രജിസ്ട്രേഷന്‍' എന്ന കണ്ടുപിടിത്തമാണ് കടുകട്ടി. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന് അന്ന് മുസ്ലിംലീഗിലും അതിന്റെ സംസ്ഥാന കമ്മിറ്റിയിലുമുള്ള സ്വാധീനശക്തി എത്രയായിരുന്നുവെന്നുകൂടി അന്വേിച്ചറിയുന്നത് നന്നാവും. കള്ളം പറയുമ്പോഴും വേണം ചെറിയൊരു ചേര്‍ച്ച.
ഇ.എം.എസിന്റെ ശരീഅത്ത് വിരുദ്ധ യുദ്ധത്തിനെതിരെ മുസ്ലിംലീഗും സേട്ടുസാഹിബും പടനയിച്ചതിന്റെ തുടര്‍ച്ചയായി വന്ന തെരഞ്ഞെടുപ്പ് കാലമാണത്. ഭൂരിപക്ഷ പ്രീണനത്തിനായി ന്യൂനപക്ഷ സംഘടനകളെ മുഴുവന്‍ സി.പി.എം തള്ളിപ്പറയുകയാണന്ന്. "തങ്ങന്മാരുടെയും മുസ്ല്യാക്കന്മാരുടെയും' കാലം കഴിഞ്ഞു, "ബാബരി മസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം പരിഹരിക്കണം' തുടങ്ങിയ കുടിലവര്‍ഗീയതയുടെ പ്രസ്താവനകള്‍ നമ്പൂതിരിപ്പാട് അഴിച്ചുവിട്ട സന്ദര്‍ഭം. "ശിലയിട്ടത് തര്‍ക്ക ഭൂമിയിലല്ല' എന്ന് സേട്ടുസാഹിബ് പറഞ്ഞതായും വര്‍ഗീയകലാപം നടന്ന ഭഗല്‍പൂരില്‍ അദ്ദേഹം പോയിട്ടില്ലെന്നും ജമാഅത്ത് പത്രത്തില്‍ ലേഖനങ്ങള്‍ പൊടിപൊടിക്കുന്ന ഘട്ടം. ബനാത്ത്വാലാ സാഹിബിനെ മത്സരരംഗത്തു നിന്നു തല്‍ക്കാലം മാറ്റിനിര്‍ത്തി കൂടുതല്‍ സുരക്ഷിതമായ പൊന്നാനിയില്‍ സേട്ടുസാഹിബിനെ മത്സരിപ്പിച്ച 1991ലെ തെരഞ്ഞെടുപ്പിനു രണ്ടു വര്‍ഷം മുമ്പാണ് ജമാഅത്ത് പത്രം അപ്പറഞ്ഞ കാലം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ സംസ്ഥാന കമ്മിറ്റി. സേട്ടു സാഹിബിനേക്കാള്‍ പാര്‍ട്ടിയില്‍ സീനിയറായ ബി.വി. അബ്ദുല്ലക്കോയയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും ജനറല്‍ സെക്രട്ടറിമാര്‍. യു.എ. ബീരാനും പി. സീതി ഹാജിയും മുന്‍ സ്പീക്കര്‍ ബാവ ഹാജിയും കൊരമ്പയിലും പി.എം. അബൂബക്കറും സി.കെ.പി. ചെറിയ മമ്മുക്കേയിയുമെല്ലാം സംഘടനയുടെ അമരത്തുണ്ട്. അന്ന് പുതിയൊരു രജിസ്ട്രേഷന്‍ എന്ന ആശയമുയര്‍ന്നെങ്കില്‍ അത് സേട്ടു സാഹിബ് അറിയാതെയാവില്ല എന്ന് ആര്‍ക്കുമുറപ്പിക്കാനാവും. ഭരണഘടനാ വിദഗ്ധനും നിയമപണ്ഡിതനുമായ ജി.എം. ബനാത്ത്വാലയായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ജനറല്‍ സെക്രട്ടറി. ഖാഇദേമില്ലത്തിന്റെ വലംകൈയായിരുന്ന എ.കെ.എ. അബ്ദുസമദ് ദേശീയ ഭാരവാഹിയാണ്. 1989ല്‍ ആര് തമ്മില്‍ എന്ത് വിഭാഗീയതയാണ് മുസ്ലിംലീഗിലുണ്ടായിരുന്നത് എന്ന് കൂടി ജമാഅത്ത് പത്രം വിശദീകരിക്കണം.
യു.ഡി.എഫില്‍ നിന്ന് മുസ്ലിംലീഗ് പുറത്തിറങ്ങിയ ഘട്ടമുണ്ട്. അത് 1991ലാണ്. ലോക്സഭാ ഇലക്ഷന്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍. ആരാധനാലയങ്ങളുടെ ഉടമാവകാശം സംബന്ധിച്ച് കട്ട് ഓഫ് ഡേറ്റ് 1947 ഓഗസ്റ്റ് 15 ആയി നിജപ്പെടുത്തണമെന്നും മുസ്ലിംകള്‍ക്കു മാത്രമായി കേന്ദ്ര സര്‍വീസില്‍ ആറു ശതമാനം സംവരണമേര്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ടായിരുന്നു അത്. രാജീവ്ഗാന്ധിയുടെ സാന്നിധ്യത്തില്‍ അതിന്മേലെടുത്ത സുനിശ്ചിത തീരുമാനത്തെ തുടര്‍ന്നു ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് രംഗത്തെ നിയമ സാങ്കേതിക പ്രശ്നങ്ങള്‍ തന്നെയാണ് മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന സംസ്ഥാന പാര്‍ട്ടി അംഗീകാരത്തിനു നിമിത്തമായത്. ഇത് സംഘടനയുടെ ആദ്യഭരണഘടനതൊട്ട് വ്യക്തമാണ്. ഖാഇദേമില്ലത്തും സീതി സാഹിബും ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സി.എച്ചും ജീവിച്ചിരുന്ന കാലത്തെ "കേരള സ്റ്റേറ്റ് മുസ്ലിംലീഗ് ഘടനയും നിയമങ്ങളും' എന്ന ഭരണഘടനയിലെ ഒന്നാമത്തെ വകുപ്പ് ഇത് വിശദമാക്കുന്നു: ""ഈ സംഘത്തിന്റെ പേര്‍ കേരള സ്റ്റേറ്റ് മുസ്ലിംലീഗ് എന്നായിരിക്കുന്നതും ഇത് കേരള സ്റ്റേറ്റ് മുസ്ലിംലീഗ് എന്ന നിലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനോട് അനുബന്ധിച്ചിരിക്കുന്നതുമാകുന്നു''.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ അനുബന്ധമായിരിക്കുമ്പോള്‍ തന്നെ കേരള സ്റ്റേറ്റ് മുസ്ലിംലീഗിനു പ്രത്യേകമായ ഭരണഘടനയും പ്രാഥമിക മെമ്പര്‍ഷിപ്പും സംഘടനയുടെ രൂപീകരണം തൊട്ടുള്ളതാണെന്നര്‍ത്ഥം. ദേശീയ അധ്യക്ഷ പദവി വഹിച്ച ഖാഇദേമില്ലത്ത്, സേട്ടു സാഹിബ്, ബനാത്ത്വാല, ഇ. അഹമ്മദ് എന്നിവരെല്ലാം കേരളത്തില്‍ നിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരാണ്. അതാത് കാലത്തെ സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ടുമാര്‍ യഥാക്രമം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ദേശീയ പ്രസിഡണ്ടുമാരായ സ്ഥാനാര്‍ത്ഥികളെ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പ്രഖ്യാപിച്ചു പോന്നിട്ടുള്ളത്. അത് മുസ്ലിംലീഗിന്റെ സംഘടനാപരമായ രീതിയാണ്. രാജ്യത്തിന്റെ പൊതുനിയമത്തിനുള്ളില്‍ ജനാധിപത്യ, നിയമ വ്യവസ്ഥക്കു വിധേയമായി ഓരോ സംഘടനക്കും സ്വന്തമായ ഭരണഘടനയും ഘടനാരീതികളുമുണ്ട്. അതിന്റെ അനുബന്ധമായി പാരമ്പര്യങ്ങളും കീഴ്വഴക്കങ്ങളുമുണ്ട്. അതില്‍നിന്നുള്ള മാറ്റം സാവകാശം മാത്രമേ സാധ്യമാകൂ. രാജ്യത്തെ പൊതു നിയമങ്ങളുടെ ആനുകൂല്യങ്ങള്‍ യഥാവിധി ലഭ്യമാക്കാനും നിയന്ത്രണങ്ങള്‍ ദോഷകരമാവാതിരിക്കാനും സംഘടനകള്‍ ചില ക്രമീകരണങ്ങള്‍ വരുത്തും. ഏത് വിപ്ലവം പറയുന്ന സംഘടനയുടെയും ഔദ്യോഗിക ഘടനയില്‍ ഇപ്പറഞ്ഞതുണ്ട്. ലക്ഷക്കണക്കിന് അംഗങ്ങളും ആയിരക്കണക്കിനു കീഴ്ഘടകങ്ങളും പോഷകഘടകങ്ങളും വിവിധ തലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിത്വവും മത്സരവും വിജയവും അധികാര പങ്കാളിത്തവുമെല്ലാമുള്ള ഒരു വ്യവസ്ഥാപിത ജനാധിപത്യ പാര്‍ട്ടിയാണ് മുസ്ലിംലീഗ്.
ആട് തോട് കടക്കാന്‍ നില്‍ക്കുന്നതുപോലെ രാഷ്ട്രീയത്തിലേക്ക് മണംപിടിച്ചുവന്ന് പേടിച്ചു പിന്മാറുന്ന പുത്തന്‍ പാര്‍ട്ടികളുടെ അഴകൊഴമ്പന്‍ രീതി പറ്റില്ല മുസ്ലിംലീഗിന്. തീരുമാനങ്ങളെടുക്കുമ്പോള്‍ പലതും നോക്കാനുണ്ട്. സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായുള്ള പശ്ചാത്തലമൊരുക്കണം. കൂട്ടത്തില്‍ ദേശീയ അംഗീകാരം നേടാനുള്ള നിശ്ചിത കണക്കുകള്‍, സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരം നിലനിര്‍ത്തല്‍, ആറു പതിറ്റാണ്ടോളമായ പൊതുസമ്മതിയുള്ള ഔദ്യോഗിക ചിഹ്നം എന്നിവയും.
അധികാരത്തിന്റെ കൊടിവെച്ച കാറില്‍ തലങ്ങുംവിലങ്ങും പാഞ്ഞ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമായി നാട് വിറപ്പിച്ച പല ദേശീയ, സംസ്ഥാന പാര്‍ട്ടികളും ശ്മശാനം പൂകിയതാണ് കേരള രാഷ്ട്രീയം. അവിടെ മുസ്ലിംലീഗ് അജയ്യമായി നിലകൊള്ളുന്നത് അതിന്റെ നയപരിപാടികളും നേതാക്കളുടെ ഇച്ഛാശക്തിയും അണികളുടെ കെട്ടുറപ്പും സമുദായത്തിന്റെ നിറസ്നേഹവും കൊണ്ടാണ്. കേരള ജനതയുടെ വിശ്വാസമാണ് മുസ്ലിംലീഗിന്റെ കരുത്ത്.
ഭിന്നിപ്പിച്ചും ദുര്‍ബല മനസ്സുകളെ പ്രലോഭിപ്പിച്ചും ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ചും ആയുസ് കളഞ്ഞവര്‍ പഴയ മരുന്ന് ഫലിക്കാതായപ്പോള്‍ പുതിയത് പരീക്ഷിക്കുകയാണ്. ഒപ്പ് പതിയാത്തതിന് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ തള്ളിക്കുന്നത്പോലുള്ള കേവലം സാങ്കേതികത്വത്തില്‍ തൂങ്ങി. അതിന് ചില കോടാലിക്കൈകളും.

കാലം കവരാത്ത ഓര്‍മകള്‍ (ഡോ. എം.കെ മുനീര്‍)




കെ. കരുണാകരന്‍ അന്തരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. ആ രൂപവും ശബ്ദവും കേരളവും ഇന്ത്യയും ദശാബ്ദങ്ങളോളം കണ്ണും കാതും കൂര്‍പ്പിച്ച് ശ്രദ്ധിച്ചു. നേതാക്കളുടെ നേതാവ് എന്ന് വിശേഷിപ്പിക്കപ്പെടാന്‍ സര്‍വഥാ യോഗ്യനായ മറ്റൊരാളെയും കേരളത്തിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. നേതാക്കളെ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച ദീര്‍ഘവീക്ഷണത്തിന്റെ ഉടലാര്‍ന്ന രൂപങ്ങള്‍ ഇന്ന് കേരള രാഷ്ട്രീയ രംഗവും ഇന്ത്യന്‍ രാഷ്ട്രീയ രംഗവും ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് എളുപ്പം മനസ്സിലാകും. സ്വന്തം പ്രസ്ഥാനത്തില്‍ മാത്രമല്ല, ഇതര പ്രസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ നേതൃപാടവം സാക്ഷ്യപ്പെട്ടവരെ വളര്‍ത്തിക്കൊണ്ടു വരുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അങ്ങേയറ്റം ശുഷ്കാന്തി പുലര്‍ത്തിയ ഉജ്ജ്വല വ്യക്തിത്വമായിരുന്നു കരുണാകരന്റേത്.
ഇന്ന് കേരളത്തിലെ ഏത് സംരഭവും ആരംഭിക്കുമ്പോള്‍ അല്ലെങ്കില്‍ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ കെ. കരുണാകരന്‍ പരാമര്‍ശ വിധേയനാകുന്നു. അത് ചലച്ചിത്ര പുരസ്കാരം ആയിക്കൊളളട്ടെ, വിമാനത്താവള നിര്‍മാണം ആകട്ടെ, സ്റ്റേഡിയം നിര്‍മാണം ആകട്ടെ, സ്പോര്‍ട്സ് ആയിക്കൊളളട്ടെ, സര്‍വകലാശാലാ സ്ഥാപനം ആകട്ടെ, ചിത്ര കലയാവട്ടെ, കേരളത്തിന്റെ സമസ്ത മേഖലകളിലും കരുണാകരന്റെ മുദ്ര ചാര്‍ത്തപ്പെട്ടിരിക്കുന്നു. മതമൈത്രിക്കും സാഹോദര്യത്തിനും അദ്ദേഹം നല്‍കിയ ഊന്നല്‍ മാതൃകാപരമായിരുന്നു. തീവ്രവാദത്തെയും ഉന്മൂലന വാദത്തെയും കാതങ്ങള്‍ അകലെയാക്കിയതില്‍ കരുണാകരന്‍ പ്രദര്‍ശിപ്പിച്ച ദൃഢനിശ്ചയത്തിന്റെയും പ്രായോഗിക ബുദ്ധിയുടെയും രാജ്യസ്നേഹത്തിന്റെയും സമൂര്‍ത്തമായ പ്രതീകമാണ് ഇന്ന് നാം ജീവിക്കുന്ന കേരളം. ചിത്ര കല പഠിച്ച അദ്ദേഹത്തിന്റെ എല്ലാ നേട്ടങ്ങളിലും ചിത്രചാതുരിയുടെ 'ഇംപ്രിന്റ്' ദര്‍ശിക്കാന്‍ കഴിയും.
എം.കെ. മുനീര്‍ എന്ന എന്റെ പൊതുപ്രവര്‍ത്തനം കെ. കരുണാകരന്‍ എന്ന മഹാനേതാവിന്റെ അനുകമ്പാപൂര്‍വകമായ ഒരു നടപടിയുടെ ഭാഗമാണ്. ബാംഗ്ളൂരില്‍ മെഡിസിനു പഠിച്ചിരുന്ന എന്നെ, പിതാവിന്റെ മരണത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ പ്രേരകമായത് അദ്ദേഹമാണ്. ബാപ്പയുടെ മരണത്തിന്റെ തൊട്ടടുത്ത ആഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം എന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ക്കാനുളള അനുമതി നല്‍കുകയായിരുന്നു. എന്റെ രാഷ്ട്രീയ പ്രവേശത്തിനായി പാര്‍ട്ടിയിലെ ഉന്നത നേതാക്കളെ കെ. കരുണാകരന്‍ പ്രേരിപ്പിക്കുക കൂടി ചെയ്തിരുന്നു. ഹൗസ് സര്‍ജന്‍സി വേളയില്‍ തന്നെ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറായി മല്‍സരിക്കാനുളള അവസരം എനിക്ക് ഉണ്ടായി. എന്റെ ബാപ്പ പ്രതിനിധീകരിച്ച കുറ്റിച്ചിറ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാകാനും ജയിക്കാനും കഴിഞ്ഞത് ഒരു കല്‍പിത നിയോഗത്തിന്റെ സാഫല്യമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു.
മുരളിയോട് പുലര്‍ത്തുന്ന അളവില്‍ സ്നേഹവാല്‍സല്യം അദ്ദേഹം എനിക്ക് പകര്‍ന്നു നല്‍കി. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ഭവനത്തില്‍ മറ്റാര്‍ക്കും പ്രവേശനമില്ലാത്ത മുറിയില്‍ എന്നെ സ്വീകരിച്ചിരുത്തി സംസാരിക്കുകയും സല്‍ക്കരിക്കുകയും ചെയ്യുന്നിടത്തോളം വലുതായിരുന്നു ആ ബന്ധം. ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു അംഗമായി. കെ. കരുണാകരനും കല്യാണിക്കുട്ടിയമ്മയും എനിക്ക് പിതൃമാതൃ തുല്യരായപ്പോള്‍ കെ. മുരളീധരന്‍ മുരളിയേട്ടനും, പത്മജ പത്മേച്ചിയുമായി. കെ. കരുണാകരന്‍ ദേഹാസ്വാസ്ഥ്യങ്ങളുടെ ശക്തമായ പിടിയിലായിരുന്ന അവസ്ഥയില്‍, മരണത്തിന് ഏതാനും ദിവസം മുമ്പ് അദ്ദേഹത്തെ വീട്ടില്‍പോയി കാണാനുളള സന്ദര്‍ഭമുണ്ടായി. ഹജ്ജിനുപോയ ശേഷം തല പൂര്‍ണമായും മുണ്ഡനം ചെയ്ത എന്നെ ഏറെ അടുപ്പമുളളവര്‍ക്കുപോലും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ആഘട്ടത്തില്‍ ഇരുപതടി ദുരെവച്ച് തന്നെ കരുണാകരന്‍ തിരിച്ചറിയുകയും "മുനീര്‍ വാ.... " എന്ന് വിളിക്കുകയും ചെയ്തത് എന്നെ ആശ്ചര്യപ്പെടുത്തി. ഉന്നത ശീര്‍ഷരായ ഒരുപിടി നേതാക്കളിലെ അഗ്രഗണ്യനായ ഈ നേതാവിന് മരണമില്ല. കാലം കവരാത്ത ഓര്‍മ്മകളുമായി നിത്യതേജസ്വിയായി കെ. കരുണാകരന്‍ ഇവിടെ ഉണ്ടാകും. 

അറബ് വസന്തവും ഇടതുപക്ഷവും തമ്മിലെന്ത് (എ.എെ. അബ്ദുല്‍ മജീദ്)





 മലയാളി മുസ്ലിം മനസ്സിലേക്ക് തുളച്ച് കയറാന്‍ സഹായിക്കുന്ന ഏത് വിഷയവും നിലം തൊടുന്നതിന് മുമ്പേ തട്ടിപ്പറിച്ച് ഓടുന്ന സ്വഭാവം ഇടതുപക്ഷം കുറേ നാളായി സ്വീകരിച്ച് വരികയാണ്. യാസര്‍ അറഫാത്തിന്റെയും സദ്ദാം ഹുസൈന്റെയും പടം വച്ച് എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് നേടാന്‍ ഇടതുപക്ഷം ശ്രമിക്കാറുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പറയാന്‍പോലും അവകാശമില്ലാത്ത വിഷയങ്ങള്‍ സ്വന്തം പേരിലാക്കി കൊണ്ടാടുന്നത് കാണുമ്പോള്‍ ആഗോള ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ ഊറി ചിരിക്കും. അറബ്ഇസ്ലാമിക ലോകത്തെ ചെറു ചലനങ്ങള്‍ പോലും ഇടതുപക്ഷ പരിപ്രേക്ഷ്യത്തില്‍ വായിച്ച് വക്രീകരിക്കുന്ന പ്രവണത ഈയിടെയായി വര്‍ദ്ധിച്ച് വരുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അറബ് വസന്തം ഇടതുപക്ഷത്തിന്റെ വിജയമായി ആഘോഷിക്കുന്ന ഫലിതം.
അറബ് വസന്തം സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ പ്രായോഗികതക്കും ബൗദ്ധികതക്കും വേണ്ടി വായിക്കുന്നവരുടെ എണ്ണം കൂടുകയാണ്. രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും തീവ്ര മതേതരവാദികളും ഇസ്ലാമിക ശരീഅത്തിനോട് പ്രതിജ്ഞാബദ്ധത കാണിക്കുന്നവരും ഇടതുപക്ഷവുമെല്ലാം യാഥാര്‍ത്ഥ്യങ്ങളെ മറച്ചുപിടിച്ചും വികലമാക്കിയുമാണ് അറബ് ലോകത്തെ പ്രക്ഷോഭങ്ങളെ അവതരിപ്പിക്കുന്നത്. "വന' (ണഅചഅണലtെേഅശെമചീൃവേ അളൃശരമ) രാഷ്ട്രങ്ങളില്‍ നടക്കുന്ന മാറ്റങ്ങളോട് നിഷ്പക്ഷമായി പ്രതികരിക്കാന്‍ ശ്രമിക്കാതെ ഭേദവിചാരത്തോടെയുള്ള സമീപനമാണ് പ്രത്യയശാസ്ത്രം ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കാണിക്കുന്നത്.
പ്രത്യയശാസ്ത്ര പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഇടതുപക്ഷത്തിന് മൈലേജ് നല്‍കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ (വിമോചനം പൂക്കാത്ത അറബ് വസന്തം മാതൃഭൂമി ആഴ്ചപ്പതിപ്പ് ഡിസം.18) നടത്തുന്നത്. "വന' മേഖലയിലെ ജനകീയ പ്രക്ഷോഭങ്ങള്‍ തന്ത്രപൂര്‍വ്വം തട്ടിയെടുക്കുന്ന രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ തനിനിറം തുറന്ന് കാണിക്കുന്ന ഹമീദ് ചേന്ദമംഗല്ലൂര്‍ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് ബോധപൂര്‍വ്വം മൂടിവയ്ക്കാന്‍ പാടുപെടുകയാണ്.
തുനീഷ്യയിലെ ബിന്‍ അലിയും ഈജിപ്തിലെ ഹുസ്നിമുബാറക്കും ലിബിയയിലെ മുഅമ്മര്‍ അല്‍ ഖദ്ദാഫിയും കമ്മ്യൂണിസ്റ്റുകാരുടെ കണ്ണില്‍ സ്വോധിപതികളാവുമ്പോള്‍ സിറിയയില്‍ നരനായാട്ട് നടത്തുന്ന ബശ്ശാറുല്‍ അസദ് സാമ്രാജ്യത്വ വിരുദ്ധ പോരാളിയാവുന്നു. ബശ്ശാര്‍ ബഅസ് പാര്‍ട്ടിയുടെ നേതാവാണെന്നതാണ് സാമ്രാജ്യവിരുദ്ധതയുടെ കവചം നിര്‍മ്മിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് സ്വോധിപത്യത്തെ സാമ്രാജ്യത്വ വിരുദ്ധതയുടെ മുഖംമൂടി നല്‍കി സംരക്ഷിക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ എടുത്ത് കാണിക്കാനാവും. സോഷ്യലിസത്തിന്റെയും കോളനി മേധാവികള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പ്പിന്റെയും ഇല്ലാകഥകള്‍ പ്രചരിപ്പിച്ച് നിരപരാധികളെ കൊന്നൊടുക്കുന്നതിന് കൂട്ടുനില്‍ക്കുന്നത് ഇടത് ബുദ്ധിജീവികള്‍ എത്ര തന്നെ വാചകാതിസാരം നടത്തിയാലും ചിന്തിക്കുന്ന സമൂഹത്തെ തൃപ്തിപ്പെടുത്താനാവില്ല. മതവിരുദ്ധതയും മൂല്യനിരാസവും മികവായി കാണുന്നവര്‍ മുഴുവന്‍ ഏത് രാജ്യത്തും കമ്മ്യൂണിസ്റ്റുകളുടെ ഉറ്റമിത്രങ്ങളാണ്. നീതിയും, സ്വാതന്ത്രyവും മനുഷ്യാവകാശങ്ങളും സാമൂഹിക സമത്വവും കുറ്റമറ്റ രീതിയില്‍ സംരക്ഷിക്കുന്ന ഇസ്ലാമിക ശരീഅത്തിനോട് ചില ഭരണാധികാരികള്‍ കാണിച്ച അവജ്ഞയില്‍ നിന്നാണല്ലോ തീവ്ര മതേതരവാദികളും, ദുര്‍ബ്ബലമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ബദലായി കാണുന്നവരുമെല്ലാം അറബ് ലോകത്ത് ഉദയം ചെയ്തത്. തീവ്ര മതേതരവാദികള്‍ ഇത്തരം പഴുതുകളിലൂടെ അറബ് ലോകത്ത് കടന്നതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇറാഖും സിറിയയും ഈജിപ്തും തുണീഷ്യയും ലിബിയയുമെല്ലാം ഇതിന്റെ പ്രത്യക്ഷ ചിത്രങ്ങളാണ് നല്‍കുന്നത്.
കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ മഹത്വവത്ക്കരണത്തിന് ഉറക്കമൊഴിക്കുന്നവര്‍ ശ്രദ്ധിക്കാതെ പോവുകയോ ബോധപൂര്‍വ്വം തെന്നിമാറുകയോ ചെയ്യുന്ന ഒരു ഭാഗമുണ്ട്. അത് ബഅസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ സംരക്ഷകരെ കുറിച്ചുള്ളതാണ്. സിറിയയിലെ ന്യൂനപക്ഷമായ അലവി വിഭാഗത്തില്‍പ്പെട്ടവരാണ് അസദ് കുടുംബം. അലവികള്‍ക്ക് സിറിയയില്‍ സംരക്ഷണം നല്‍കുകയെന്ന വ്യാജേന ഇറാന്‍ സായുധ ഗ്രൂപ്പുകള്‍ സിറിയന്‍ വ്യവസ്ഥയെ സംരക്ഷിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും തയ്യാറായിരിക്കുകയാണ്. അറബ്ഇസ്ലാമിക ലോകം മുഴുവനും ബശ്ശാറുല്‍ അസദിന്റെ ക്രൂര ചെയ്തികള്‍ക്കെതിരെ ഉപരോധം പോലുള്ള കടുത്ത നടപടികളിലേക്ക് പ്രവേശിക്കുമ്പോഴും ഇറാന്‍ പ്രത്യക്ഷത്തില്‍ തന്നെ സിറിയന്‍ വ്യവസ്ഥയുടെ സംരക്ഷകരായി നിലകൊള്ളുകയാണ്. ഇറാന്‍ സായുധ ഗ്രൂപ്പുകളും അല്‍ഖാഇദയും തമ്മിലുള്ള ബന്ധം വന (ണഅചഅ) രാജ്യങ്ങളില്‍ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. നിരപരാധികളെ കൊന്നൊടുക്കാന്‍ സിറിയയുടെ സമ്പത്ത് തുലച്ച് കളയുന്ന ബശ്ശാറുല്‍ അസദിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ഇറാന്‍ സായുധ ഗ്രൂപ്പുകളും അല്‍ഖാഇദയും ശ്രമിക്കുന്നുവെന്നതിന് ഏറെ ഉദാഹരണങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. അലവി വിഭാഗത്തെയും ബഅസ് പാര്‍ട്ടിയെയും മനസ്സറിഞ്ഞ് സഹായിക്കുന്ന മറ്റൊരു കൂട്ടര്‍ ഹിസ്ബുല്ലയാണ്. ഹിസ്ബുല്ല നേതാവ് നസ്റുല്ല അമേരിക്കന്‍ സയണിസ്റ്റ് വിരുദ്ധ നിലപാടിന്റെ മറക്കുടയാണ് ബശ്ശാറിന് രക്ഷാപേടകമായി സമ്മാനിച്ചിട്ടുള്ളത്. രാഷ്ട്രീയ സ്വാതന്ത്രyത്തിന് പോലും കത്രികപൂട്ടിട്ട രാജ്യമാണ് സിറിയ.
ബഅസ് പാര്‍ട്ടിയുടെ പുതിയ സംരക്ഷകരായ ഇറാന്‍ഹിസ്ബുല്ല ഗ്രൂപ്പുകളുടെ മഹത്വം കൂടി ഇടതുബുദ്ധി ജീവികള്‍ ചികഞ്ഞെടുക്കണമെന്നാണ് അപേക്ഷ. സത്യസന്ധമായി ഇക്കാര്യം അന്വേിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര സംരക്ഷകര്‍ക്ക് രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും ശരീഅത്ത് വിരുദ്ധരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന അടയാളങ്ങള്‍ കണ്ടെത്താനാവും. ബഅസിന്റെ നരവേട്ടയില്‍ അയ്യായിരത്തിലധികം സിറിയക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.
ഇസ്ലാമിക ശരീഅത്തിന്റെ മഹത്വവും പ്രായോഗികതയും ബോദ്ധ്യമായ ജനതയെ, ജനാധിപത്യത്തിന്റെ മുഖംമൂടി ധരിച്ച് വഞ്ചിച്ച സ്വോധിപതികളാണ് ഇപ്പോള്‍ അറബ് ലോകത്ത് വീണുടഞ്ഞിട്ടുള്ളത്. ഇസ്ലാമിക ശരീഅത്ത് വിഭാവനം ചെയ്യുന്ന നന്മകള്‍ അയല്‍നാടുകളില്‍ നിന്ന് കണ്ണ് നിറയെ കണ്ടവരാണ് തങ്ങളുടെ ഭരണാധികാരികള്‍ക്കെതിരെ തെരുവിലിറങ്ങിയത്. ശിലായുഗത്തിലേക്കല്ല, കാലത്തോടൊപ്പം സഞ്ചരിക്കാനുള്ള ഉള്‍ക്കരുത്ത് നല്‍കുന്നതിലേക്കാണ് ഇസ്ലാമിക ശരീഅത്ത് കൂട്ടിക്കൊണ്ടുപോകുന്നതെന്നും അവര്‍ മനസ്സിലാക്കി.
വൈവിധ്യങ്ങളെ അംഗീകരിക്കുന്ന മതമാണ് മുഹമ്മദ് നബി പഠിപ്പിച്ച ഇസ്ലാം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ എന്നും ഇസ്ലാം സംരക്ഷിച്ചിട്ടുണ്ട്. സ്വാതന്ത്രyത്തെ കുറിച്ച് വല്ലാതെ വാ കീറുന്ന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ എന്തുകൊണ്ട് അറബ് ജനതയുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രyത്തെ സംശയിക്കണം. പ്രതികരിക്കാന്‍ കഴിയാതെ കാലങ്ങള്‍ തള്ളിനീക്കിയ അറബ് ജനതക്ക് അറബ് വസന്തം നല്‍കിയ സ്വാതന്ത്രyം ഇസ്ലാമിക ശരീഅത്ത് തെരഞ്ഞെടുക്കാനാണ് അവര്‍ ഉപയോഗിക്കുന്നത്. അത് കൊണ്ടാണല്ലോ, വിപ്ലവ ഇസ്ലാമിസ്റ്റുകളുടെ സൈദ്ധാന്തികാചാര്യനായ സയ്യിദ് ഖുതുബിന്റെ തീവ്രനിലപാടുകളില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് അവതരിപ്പിക്കാന്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടികളെ പോലും പ്രേരിപ്പിച്ചത്. ഖുതുബിന്റെ സ്വന്തം ബ്രദര്‍ഹുഡിന് പോലും ഫ്രീഡം പാര്‍ട്ടിയുടെ മേല്‍വിലാസത്തിലേ നിരത്തിലിറങ്ങാന്‍ ധൈര്യമുണ്ടായുള്ളൂ. കാരണം, തീവ്ര നിലപാടുകളെ ജനം തിരിച്ചറിയുമെന്ന് ബോദ്ധ്യമുണ്ടായതിനാലാണ്. തീവ്ര മതേതരവാദികളും ദേശീയവാദത്തിന്റെ വസ്ത്രമണിഞ്ഞ മതവിരുദ്ധരുമെല്ലാം അണിനിരന്ന തെരഞ്ഞെടുപ്പില്‍ അറബ്ലോകം നീതിയും സ്വാതന്ത്രyവും നല്‍കുന്ന ഇസ്ലാമിനെയാണ് സ്വീകരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സ്വോധിപതികള്‍ പടിയിറങ്ങുമ്പോള്‍ മത സ്വോധിപത്യം വാഴുമെന്ന് ഭയപ്പെടുത്തുന്നത്. മതമൂല്യങ്ങളോടുള്ള കട്ടപിടിച്ച് കിടക്കുന്ന വെറുപ്പാണെന്നോ മതവിരുദ്ധരുടെ കയ്യടി പ്രതീക്ഷിച്ചിട്ടാണെന്നോ സംശയിച്ചാല്‍ അതിനെ കുറ്റം പറയാനാവില്ല. ഒരു ജനതയുടെ ആവിഷ്കാര സ്വാതന്ത്രyവും മതം അടിച്ചേല്‍പ്പിക്കലും തമ്മിലുള്ള വ്യത്യാസം ബോധപൂര്‍വ്വം മറച്ച് പിടിച്ച് അവതരിപ്പിച്ചിട്ട് ഇടതുപക്ഷ കുഴലൂത്തുകാര്‍ക്ക് എന്ത് നേടാനാണ്. ഇസ്ലാമിനെ തീവ്ര ഇസ്ലാമിസ്റ്റുകളിലേക്ക് ചേര്‍ത്തിയാലേ ഇടതുപക്ഷത്തിന് ലക്ഷ്യം നേടാനാവൂവെന്ന് അവര്‍ വിശ്വസിക്കുന്നു.
ഈജിപ്തിലെ ക്രിസ്ത്യാനികളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കാന്‍ വിപ്ലവത്തിന്റെ ആദ്യനാളുകളില്‍ തന്നെ സയണിസ്റ്റ്അമേരിക്കന്‍ ലോബിയുടെ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രശസ്തരായ മാധ്യമ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നുണ്ട്. പടിഞ്ഞാറന്‍ തന്ത്രങ്ങളില്‍ കുടുങ്ങിയ ചിലരുടെ അവിവേകത്തെ സാമാന്യവത്ക്കരിക്കാനുള്ള ശ്രമം അത്യന്തം അപലപനീയമാണ്. ഇസ്ലാമിസ്റ്റുകളുടെ ഭരണത്തെ വല്ലാതെ ഭയപ്പെടുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്ക് അവരുടെ നയം തിരുത്താതെ ഈജിപ്തില്‍ ഭരിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യമാണ്. ഇസ്ലാമിക ശരീഅത്തിനെയല്ല ഭയപ്പെടേണ്ടത്. അതിനെ വികലമാക്കി അവതരിപ്പിക്കുന്നവരെയാണ്. താലിബാനെയോ അല്‍ഖാഇദയെയോ, മറ്റു സായുധ ഗ്രൂപ്പുകളെയോ, ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നവരാക്കി ബോധപൂര്‍വ്വം അവതരിപ്പിക്കുമ്പോഴാണ്, അറബ് ലോകത്ത് മതസ്വോധിപത്യത്തിന്റെ ഭീകരമുഖത്തെ കുറിച്ച് ഭയപ്പെടേണ്ടിവരുന്നത്. അപനിര്‍മ്മിതികളെ ഇസ്ലാമിക ശരീഅത്തിന്റെ പേരില്‍ ചെലവാക്കി, അറബ് വസന്തം കക്ഷത്തിലൊതുക്കാന്‍ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയേയുള്ളൂവെന്ന് വ്യാജവാദങ്ങളുടെ പ്രചാരകര്‍ മനസ്സിലാക്കേണ്ടതുണ്ട്.

ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം








ഒ.ബി.സി സംവരണത്തില്‍ മുസ്ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്ക് നാലര ശതമാനം പ്രത്യേക ക്വാട്ട ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സാഹചര്യങ്ങള്‍ കൊണ്ടും വ്യവസ്ഥിതികളുടെ പിടിപ്പുകേടുകളാലും മുഖ്യധാരയില്‍നിന്ന് പുറം തള്ളപ്പെട്ടുപോയ ജനവിഭാഗത്തിന് പ്രത്യാശയുടെ കിരണങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ്. അവകാശങ്ങളും ആനൂകൂല്യങ്ങളും നിഷേധിക്കപ്പെട്ട് പതിറ്റാണ്ടുകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു കഴിയുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ യു.പി.എ സര്‍ക്കാര്‍ നടത്തിവരുന്ന ശ്രമങ്ങളിലെ നിര്‍ണായക ചുവടുവെപ്പായി വേണം ഇതിനെ കാണാന്‍. മറ്റു പിന്നാക്ക വിഭാഗ(ഒ.ബി.സി)ക്കാര്‍ക്കായി നിലവിലുള്ള 27 ശതമാനം സംവരണത്തില്‍ നാലര ശതമാനം ന്യൂനക്ഷങ്ങള്‍ക്ക് മാത്രമായി മാറ്റിവെക്കാനാണ് തീരുമാനം. ഭരണപരമായ ഉത്തരവിലൂടെ 2012 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരത്തക്ക രീതിയിലാണ് കേന്ദ്രമന്ത്രിസഭ പുതിയ തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
പ്രത്യേക ക്വാട്ട പ്രാബല്യത്തില്‍ വരുന്നതോടെ മുസ്ലിംകള്‍ ഉള്‍പ്പെടെ ഒ.ബി.സി ലിസ്റ്റില്‍ വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗങ്ങളിലും കേന്ദ്ര സര്‍വകലാശാലകള്‍, കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നാലര ശതമാനം സംവരണം ഉറപ്പാക്കാന്‍ കഴിയും. സച്ചാര്‍ കമ്മിറ്റി കണ്ടെത്തല്‍ പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 14 ശതമാനം വരുന്ന മുസ്ലിംകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിലുള്ള പ്രാതിനിധ്യം കേവലം രണ്ടര ശതമാനത്തില്‍ താഴെ മാത്രമാണ്. വിദ്യാഭ്യാസഉദ്യോഗ തലങ്ങളില്‍ പ്രത്യേക പരിഗണന നല്‍കി മാത്രമേ ഈ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാകൂവെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചും ആസാദ് ഫൗണ്ടേഷന്‍ വഴി ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പദ്ധതികള്‍ വ്യാപിപ്പിച്ചും ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകള്‍ കണ്ടെത്തി പ്രത്യേക പാക്കേജ് നടപ്പാക്കിയും പിന്നാക്കം നില്‍ക്കുന്ന ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് തുടക്കമിട്ട പതിനഞ്ചിന കര്‍മ്മ പദ്ധതികള്‍ വലിയ പ്രതീക്ഷയാണ് പകര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായി വേണം പുതിയ നീക്കത്തെയും വിലയിരുത്താന്‍.
ഒ.ബി.സിയില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും സംവരണത്തിന്റെ നേട്ടം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടത്ര ലഭിക്കുന്നില്ലെന്ന് ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നേരത്തെതന്നെ ബോധ്യപ്പെട്ടതാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുന്നതിനാല്‍ മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് പ്രത്യേക ക്വാട്ടാ പ്രഖ്യാപനമെന്ന് വിമര്‍ശനമുണ്ട്. മുസ്ലിം പിന്നാക്കാവസ്ഥയുടെ ചരിത്രപരവും വസ്തുതാപരവുമായ പിന്‍ബലങ്ങളെ നിഷേധിക്കാന്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് കഴിയുന്നില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിയണം. ഉത്തര്‍പ്രദേശിലെ മുസ്ലിം വോട്ടുബാങ്കില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുന്ന സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയുമാണ് വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്നത് വിമര്‍ശനത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട്. സാമൂഹ്യ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണുന്നതിന് ഇത്തരം ഭരണപരമായ നടപടികള്‍ അനിവാര്യമാണെന്ന സുപ്രീംകോടതി വിലയിരുത്തലിന്റെ പിന്‍ബലവും വിമര്‍ശനങ്ങളെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണ്ഡല്‍ കമ്മീഷന്‍ കണ്ടെത്തല്‍ അനുസരിച്ച് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 52 ശതമാനമാണ് മറ്റു പിന്നാക്ക വിഭാഗ(ഒ.ബി.സി)ക്കാര്‍. ഇതില്‍ ന്യൂനപക്ഷങ്ങള്‍ 8.4 ശതമാനമാണ്. ഒ.ബി.സി സംവരണത്തില്‍ ജനസംഖ്യാനുപാധികമായി ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട പ്രാതിനിധ്യമായ നാലര ശതമാനം പ്രത്യേക ക്വാട്ട വഴി യഥാര്‍ഥ അവകാശികള്‍ക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ചെയ്യുന്നത്. അതിനപ്പുറം ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സംവരണം ലഭിക്കുന്നുവെന്നര്‍ത്ഥമില്ല. ക്രിസ്ത്യന്‍, സിഖ്, ബുദ്ധ മത വിഭാഗങ്ങള്‍ക്ക് കൂടി നേട്ടം ലഭിക്കുന്നതാണ് പ്രഖ്യാപനമെങ്കിലും ന്യൂനപക്ഷ വിഭാഗത്തില്‍ ആറുശതമാനം വരുന്ന മുസ്ലിംകള്‍ക്കായിരിക്കും പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുക. രാജ്യത്തെ മുസ്ലിംകളുടെ സാമൂഹ്യ നിലവാരം പല സംസ്ഥാനങ്ങളിലും എസ്.സി, എസ്.ടി വിഭാഗങ്ങളേക്കാള്‍ താഴെയാണെന്നാണ് സച്ചാര്‍ കമ്മിറ്റി കണ്ടെത്തല്‍. ഇത്തരമൊരു പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് ഏറെ സാമൂഹ്യ പ്രസക്തിയുണ്ട്.
കേന്ദ്രസര്‍വ്വകലാശാലയായ അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ മലപ്പുറം ഓഫ് ക്യാമ്പസ് ഇന്ന് നാടിനു സമര്‍പ്പിക്കുമ്പോള്‍ ന്യൂനപക്ഷ പുരോഗതിയിലേക്കുള്ള ചുവടുവെപ്പിലെ മറ്റൊരു സുവര്‍ണാധ്യായം കൂടിയാണ് രചിക്കപ്പെടുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഉയര്‍ന്നു വന്നേക്കാവുന്ന അലീഗഡ് ക്യാമ്പസ് മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായിരുന്നു. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന വേളയില്‍ മുസ്ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ച ഇരട്ട സമ്മാനമാണ് ഒ.ബി.സി ക്വാട്ടയും അലീഗഡ് ക്യാമ്പസും. പതിറ്റാണ്ടുകളായി പിന്നാക്കം കഴിയുന്ന ജനവിഭാഗങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന് പുതിയ തീരുമാനം വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം.

അലീഗഡ് മലപ്പുറം സെന്റര്‍ ; ഇത് ചരിത്രത്തിലെ പുളക മുഹൂര്‍ത്തം ( പി.കെ അബ്ദുറബ്ബ)






ഒരു ജനതയുടെ പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പ് സഫലമാകുന്ന മുഹൂര്‍ത്തമാണിത്. ജനതതിയുടെ ഹൃദയങ്ങളിലേക്ക് അറിവിന്റെ വെളിച്ചം എത്തിക്കുവാന്‍ പ്രമുഖ സര്‍വകലാശാല മലബാറിന്റെ ഹൃദയത്തിലേക്ക് കടന്നുവരുന്നു. ഗൃഹാതുരതയോടെ മാത്രം സ്മരിക്കാന്‍ കഴിയുന്ന അലീഗഡ് സര്‍വകലാശാലയുടെ കേന്ദ്രം ഇവിടെ സ്ഥാപിതമാകുകയാണ്. ലോകത്തിലെ പ്രമുഖ സര്‍വകലാശാലകളില്‍ ഒന്നാണിത്. താരതമ്യേന വൈജ്ഞാനികമായി പിന്നോക്കം നില്‍ക്കുന്ന കേരളത്തിന്റെ വടക്കന്‍ പ്രദേശത്തേക്ക്, കേട്ടുകേള്‍വി മാത്രമുള്ള ഒരു സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നതിനു പിന്നില്‍ സാമൂഹിക പ്രതിബദ്ധതയുള്ള സുമനസുകളുടെ ത്യാഗോജ്ജ്വല പ്രവര്‍ത്തനവും പ്രാര്‍ത്ഥനയുമുണ്ട്.
വിദ്യാഭ്യാസ വിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള, പുരോഗതിയുടെ ചാലകം അറിവുനേടലാണെന്ന് മനസിലാക്കിയാണ് സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ അലിഗറില്‍ മുസ്ലിം സര്‍വകലാശാല സ്ഥാപിച്ചത്. പിന്നോക്കം നില്‍ക്കുന്നവരും പീഡിതരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗത്തിന്റെ മോചനത്തിന്, വിദ്യാഭ്യാസം മാത്രമാണ് പോംവഴി എന്നു കണ്ടെത്തിയ, സര്‍ സയ്യിദ്അഹമ്മദ്ഖാന്റെ സ്വപ്നസാക്ഷാത്കാരത്തിന് കുടുതല്‍ വ്യാപ്തി വന്നിരിക്കുകയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഈ കേന്ദ്രത്തിലൂടെ.
അലീഗഡിന് ബന്ധം ഇന്ത്യന്‍ ദേശീയതയോടാണ്. സങ്കുചിതവും പ്രാദേശീകവും വിഭാഗീയവുമായ ചിന്തകളോടൊന്നും അതിന് സമരസപ്പെടാനാവില്ല. പ്രഖ്യാപിക്കപ്പെട്ട പ്രസ്തുത നയങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ വേണ്ടി കൂടിയാണ് അലീഗഡ് യൂണിവേഴ്സിറ്റിയുടെ കാമ്പസ് മലപ്പുറത്ത് സ്ഥാപിതമാകുന്നത്. ഓരോ കേരളീയനും അതില്‍ അഭിമാനിക്കണം. വിദ്യാഭ്യാസ ദാനം ഏകപക്ഷീയ പ്രവര്‍ത്തനമല്ല. വിദ്യാര്‍ത്ഥി വിദ്യ അര്‍ത്ഥിക്കുന്ന ആളാണ്. അര്‍ത്ഥന എല്ലാ ജാതി മത ദേശീയ പരിപ്രേക്ഷ്യങ്ങള്‍ക്കും അപ്പുറത്താണ്.
പുരോഗതി എന്ന വാക്കിന്റെ അര്‍ത്ഥം മുമ്പോട്ടുള്ള യാത്ര എന്നാണ്. വികസനം മറ്റൊരു വാക്കാണ്. ചിലര്‍ ഇതുതമ്മില്‍ മനസിലാക്കാതെ അഭിപ്രായം പറയാറുണ്ട്. മുമ്പോട്ടുള്ളയാത്രയില്‍ തലമുറകളുടെ ആത്മാംശങ്ങളെ നീതിയോടും ന്യായത്തോടും ആഭിമുഖ്യമുള്ളതാക്കാന്‍ ഉപകരിക്കാത്ത എത്ര അറിവും “വികസന’ പ്രക്രിയയില്‍ ഉള്‍പ്പെടുത്താനാകില്ല. ശാസ്ത്ര സാങ്കേതിക മികവും വാങ്ങുന്ന ശമ്പളവും താരതമ്യം ചെയ്ത് പുരോഗതി വിലയിരുത്തുന്ന സമീപനത്തിന് താക്കീതായിരിക്കണം ഭാവിയിലും അലീഗഡിന്റെ സന്ദേശം. അറിവ് നേടല്‍ തുടര്‍ പ്രക്രിയയും, മാറ്റത്തിനുള്ള ആഹ്വാനവുമായിരിക്കെ പ്രത്യേകിച്ച് ഇവിടെ നന്മയുടെ പക്ഷം ചേരാന്‍ ആളുകളെ സജ്ജരാക്കുക പ്രഥമ ബാധ്യതയാണ്. ആവശ്യങ്ങളിന്‍മേല്‍ അനുഭാവത്തോടെ തീരുമാനമെടുക്കാന്‍ ആര്‍ജ്ജവമുള്ള തലമുറയെ വളര്‍ത്തല്‍ അന്നത്തെ പോലെ ഇന്നും അലീഗഡിന്റെ ബാധ്യതയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപ്പുറം നില്‍ക്കുന്നു ഇത്തരത്തില്‍ ആ മഹത് സ്ഥാപനത്തിന്റെ നേട്ടവും തേടലും. കേരളക്കര അത് ആവശ്യപ്പെടുന്നുണ്ട്. ഒരു ഉടച്ചുവാര്‍ക്കലിനെ പറ്റി വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ താത്പര്യത്തോടെ സംസാരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. അത് ആവശ്യമാണ്. അറിവ് നേടിയ മനുഷ്യരെയും ചിഹ്നങ്ങളെയും അതിന്റെ ദേശത്തിന്റെ അതിര്‍ത്തിപറഞ്ഞ് തളച്ചിട്ട് ആ മാതൃകാവാര്‍ക്കല്‍ ഉണ്ടാക്കാമെന്ന് ആരും കരുതേണ്ടതില്ല. ചരിത്രത്തിന്റെ ഏതു ഘട്ടത്തിലും വിജ്ഞാനം തേടിപ്പോയവരുടെയും നേടിയവരുടെയും കഥകള്‍ നമുക്ക് കാണാനും പഠിക്കാനുമാകും.
വിദ്യാഭ്യാസം ഒരു വിപണന ചരക്കല്ല. അങ്ങനെയാകണം എന്നു വിചാരിക്കുന്നവര്‍ അധികമുള്ള നാടാകുമ്പോള്‍, മാറ്റി പറയിപ്പിക്കാന്‍ ശബ്ദമുയര്‍ത്തണം. അതു കൊടിയുടെ നിറം നോക്കിയാകരുത്. ഈ പഠന കേന്ദ്രം സ്ഥാപിതമാകുമ്പോള്‍, സ്മരണയില്‍ വരുന്നത്, ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശമാണ്. പ്രസ്തുത നിര്‍ദ്ദേശമനുസരിച്ചാണ് സര്‍വകലാശാലാ കാമ്പസ് കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത്.
വാര്‍ത്താവിനിമയ രംഗത്തെ വിസ്ഫോടനം മൂലം, വിജ്ഞാന രംഗത്ത് അനിതരസാധാരണമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കളാകുവാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് പുരോഗതി ഉണ്ടാകില്ല. ജീവിതത്തിന്റെ ഇരുണ്ട മൂലകളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ആയിരങ്ങള്‍ക്ക് തുണയായിരിക്കണം ഈ പഠന കേന്ദ്രം. അറിവിന്റെ കൂമ്പാരവും കൂടാരവും നമുക്കിടയിലേക്ക് വരുമ്പോള്‍ അതില്‍ നിന്ന് സത്ഫലം സ്വീകരിക്കുവാന്‍ നാം തയാറായോ എന്ന് പരിശോധിക്കണം.
പ്രാഥമിക തലത്തില്‍തന്നെ മികവുകാട്ടിയാലേ തുടര്‍ന്നും അതേ രീതിയില്‍ ജ്വലിച്ചുനില്‍ക്കാന്‍ കഴിയൂ. പ്രാഥമിക വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിച്ച് പരിഹാരം ഉണ്ടാക്കിവരികയാണ്. സമൂഹത്തെ ന്യായത്തോടും ധര്‍മ്മത്തോടും ബന്ധിപ്പിച്ചു നിര്‍ത്തുവാന്‍ നമുക്ക് ബാധ്യതയുണ്ട്. അതിന് ആദ്യം വേണ്ടത് നാം ധര്‍മ്മ ശക്തിയായി നിലകൊള്ളുക എന്നതാണ്. വര്‍ത്തമാനകാലത്തെ ചില പ്രവണതകള്‍ നമ്മെ നൊമ്പരപ്പെടുത്തുന്നുവെങ്കില്‍, അതിനൊരു പരിഹാരം കൂടിയാകണം ഈ കാമ്പസ്.
അലീഗഡ് കാമ്പസ് വരുന്നതോടെ വിദ്യാഭ്യാസ രംഗത്ത് എല്ലാമായി എന്ന് കരുതരുത്. സ്ഥാപനത്തെ ജീവസ്സുറ്റതാക്കണം. അലീഗഡിന്റെ നാളിതുവരെയുള്ള സല്‍പേരിന് ശക്തി കൂട്ടത്തക്ക നിലയില്‍ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടണം. ശരിയായ സ്വഭാവരൂപവല്‍കരണവും സാധ്യമാകണം.
നമ്മുടെ വിദ്യാഭ്യാസ ദുര്‍ബലതയ്ക്ക് പരിഹാരമായി സര്‍ക്കാര്‍ കനിഞ്ഞരുളിയ ഈ സര്‍വകലാശാല വ്യക്തിപരമായി എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു. ഒരിക്കല്‍ ഞാനും ഈ കലാലയത്തില്‍ നിന്ന് അറിവ് നുകര്‍ന്നിട്ടുണ്ട്. അത് എന്നും എന്നെ അഭിമാന പുളകിതനാക്കുന്നു. എന്നെ രൂപപ്പെടുത്തുന്നതില്‍ അലീഗഡ് നിര്‍വഹിച്ച പങ്ക് വളരെ വലുതാണ്. അന്നൊന്നും എന്റെ മണ്ണില്‍ ഈ സര്‍വകലാശാല പ്രത്യക്ഷപ്പെടുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. ഇപ്പോള്‍ ദൈവേച്ഛയാല്‍ അതു സാധ്യമായിരിക്കുന്നു. അതേ ദൈവേച്ഛയാല്‍ തന്നെ പ്രസ്തുത വകുപ്പ് കേരളത്തില്‍ കൈകാര്യം ചെയ്യാനുള്ള അവസരവും കൈവന്നിരിക്കുന്നു. അതില്‍ അഭിമാനവും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷവുമുണ്ട്.
അലീഗഡിന്റെ സ്ഥാപക നേതാവ് സ്വപ്നം കാണാത്തത്ര വളര്‍ച്ചയാണ് ആ സ്ഥാപനത്തിന് ഉണ്ടായിട്ടുള്ളത്. അത് കേരള മണ്ണിനെ ആസ്പദമാക്കിയും വരും തലമുറ ശരിവയ്ക്കണം. അതിനാല്‍ ഇതിന്റെ പരിരക്ഷ നാം ഏറ്റെടുക്കണം. കേരളത്തിലെ സുമനസുകളും വിദ്യാഭ്യാസ പ്രേമികളും നമുക്ക് കൂട്ടായിട്ടുണ്ടാകാമെന്ന് ന്യായമായും പ്രത്യാശിക്കാം.
നളന്ദയും തക്ഷശിലയും പോലെ, ഓക്സ്ഫോര്‍ഡും കേംബ്രിഡ്ജും പോലെ, ശാന്തിനികേതനം പോലെ, പുരാതന കൊര്‍ദോവ പോലെ, നാളെകള്‍ താല്‍പര്യ പൂര്‍വ്വം കൊണ്ടാടപ്പെടുന്ന ഒരു സര്‍വകലാശാല, സേവനം പരിപോഷിപ്പിക്കാന്‍ കേരളത്തിലേക്ക് കരങ്ങള്‍ നീട്ടുന്ന ഈ ദിനം അവിസ്മരണീയം തന്നെ. ഈ ആവശ്യം ഉയര്‍ത്തിപ്പിടിച്ചവരുടെ ആശയ സ്വീകാര്യതയ്ക്കുള്ള അംഗീകാരം കൂടിയാണിത്. ഏതു മതിലിനേയും ഏത് സൂപ്പര്‍ കമ്പ്യൂട്ടറിനേയും അതിലംഘിക്കാന്‍ കരുത്തുള്ള മനുഷ്യമനസിന് ലയിക്കാനുള്ള സ്ഥലമാകണം കേരളം. ഇവിടെ വിദ്യാലയങ്ങള്‍ ഉണ്ടാകണം. ആതുരാലയങ്ങള്‍ നിര്‍മ്മിക്കപ്പെടണം. ദേവാലയങ്ങള്‍ ഉയരണം. ഒപ്പം വിജ്ഞാനത്തിന്റെ ഗോപുരങ്ങളും

നവയൗവ്വനം നൈതിക രാഷ്ട്രീയത്തിന് (അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ)







"ആകാശം പഴയത്. നക്ഷത്രങ്ങള്‍ പഴയത്. എനിക്ക് വേണ്ടത് ഒരു പുതിയ ലോകമാണ്'” ഇഖ്ബാലിന്റെ ഏറെ പ്രസിദ്ധമായ കവിതാശകലമാണിത്. ജീര്‍ണ്ണിച്ച് പുഴുക്കുത്തേറ്റ സാമൂഹിക ഘടനയെ പിഴുതെറിയാനും മൂല്യബോധപുഷ്കലമായ ഒരു നൂതന വ്യവസ്ഥിതിയെ പുനഃസൃഷ്ടിക്കാനുമുള്ള ആഹ്വാനമാണ് കവിയുടെ വരികളിലുള്ളത്. നവ ലോകസൃഷ്ടിക്കുവേണ്ടി ലോകവ്യാപകമായി നടക്കുന്ന എല്ലാ പോരാട്ടങ്ങളുടെയും കുന്തമുനകളായി തീരുന്നത് എല്ലാ രാജ്യങ്ങളിലെയും യുവതയാണ്. ക്ഷുഭിത യൗവ്വനത്തിന്റെ ഇരമ്പലുകളാണ് ഇന്നെവിടെയും കേള്‍ക്കാന്‍ കഴിയുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന എല്ലാ ദേശീയ വിമോചന സമരങ്ങളുടെയും അമരത്ത് കണ്ടത് ചോരതുടിക്കും ചെറുകൈകളാണ്. ഈ യുവതയുടെ നേതൃത്വത്തില്‍ ഇന്ന് പശ്ചിമേഷ്യയുടെ പരമ്പരാഗത മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള മുന്നേറ്റത്തെയും ആ മുന്നേറ്റത്തിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ പട്ടാള സ്വോധിപത്യ ഭരണകൂടങ്ങള്‍ കടപുഴകുന്നതും നാം കണ്ട് കൊണ്ടിരിക്കുന്നു. 
ലോക ജനസംഖ്യയില്‍ 35 ശതമാനവും യുവരക്തമാണ്. 15 മുതല്‍ 24 വരെ പ്രായമായവരുടെ എണ്ണം 250 ദശലക്ഷമാണ്. അപരിമേയമായ യുവ ശക്തിയാണത്. കൃത്യമായ ആസൂത്രണത്തിലൂടെ ഈ ശക്തിയെ മെരുക്കിയെടുത്താല്‍ രാഷ്ട്ര പുനര്‍നിര്‍മാണ യജ്ഞത്തിലെ ഒരു മഹാസംഭാവനയായിരിക്കുമത്. സാമൂഹിക വിരുദ്ധ ശക്തികളും ഉന്നം വെക്കുന്നത് യുവ ജനതയെയാണ്. അവരുടെ വിടുവായത്തങ്ങളില്‍ കുരുങ്ങി സ്വയം ചാവേറുകളാവാനും അരയില്‍ സ്ഫോടകവസ്തുക്കള്‍ കെട്ടിവെച്ച് സ്വയം പൊട്ടിത്തെറിക്കാനും തയാറാവുന്ന ചെറുപ്പക്കാരെയും നാം കാണുന്നു. ആ ഭീകരവാദ ഗ്രൂപ്പില്‍പെട്ടുപോയ യുവാക്കളുടെ വിമോചനവും യഥാര്‍ത്ഥ യുവജന സംഘടനാ പ്രവര്‍ത്തകന്റെ അജണ്ടയില്‍പ്പെടുന്നുണ്ട്. 
കേരളത്തില്‍ മുസ്ലിം യൂത്ത്ലീഗിന്റെ പ്രവര്‍ത്തനം വിവേകശാലികളായ യുവജനങ്ങളുടെ കൂട്ടായ്മ രൂപപ്പെടുത്തുവാനാണ് ഇതപര്യന്തം വിനിയോഗിച്ചിട്ടുള്ളത്. യുവാക്കളില്‍ നൈതികബോധം വളര്‍ത്തിയെടുക്കാനുള്ള കര്‍മ്മ പദ്ധതികള്‍ യൂത്ത്ലീഗ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ നാം “നവയൗവനം നൈതിക രാഷ്ട്രീയത്തിന്” എന്ന പ്രമേയം തന്നെ ചര്‍ച്ച ചെയ്തത്. ""വ്യക്തി ജീവിതത്തിലെ വിശുദ്ധി'' എന്ന യൂത്ത് ലീഗിന്റെ ചരല്‍കുന്ന് പ്രമേയത്തിന്റെ തുടര്‍ച്ചയാണിത്.
പൊതുജീവിതത്തില്‍ നിന്ന് നൈതിക മൂല്യങ്ങള്‍ അനുദിനം ചോര്‍ന്ന് കൊണ്ടിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാല അനുഭവം. ശത കോടികളുടെ അഴിമതി കഥകളും നഗ്നമായ സ്വജന പക്ഷപാതവും പൊതുമുതല്‍ ധൂര്‍ത്തടിച്ച് കൊണ്ടുള്ള ആര്‍ഭാട ജീവിതവും ഭരണകൂടത്തിന്റ അകത്തളങ്ങളില്‍ നടക്കുന്നു എന്നത് സത്യമാണെങ്കില്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് ധാര്‍മ്മിക ബോധം കൈമോശം വന്നിരിക്കുന്നതിന്റെ തെളിവാണത്. ഗാന്ധിജിയുടെ നാട്ടില്‍ ഇത് സംഭവിച്ച് കൂടാത്തതാണ്. ചമ്പാരനിലെ നീലം കൃഷിക്കാരോട് അനുഭാവം പ്രകടിപ്പിക്കാന്‍ ജീവിതം മുഴുവന്‍ കുപ്പായമിടാതെ ജീവിച്ച ഗാന്ധിജി തീവണ്ടിയില്‍ എന്തിന് അങ്ങ് മൂന്നാംക്ലാസില്‍ യാത്ര ചെയ്യുന്നു എന്ന് ചോദിച്ചപ്പോള്‍ നാലാം ക്ലാസ് ഇല്ലാത്തത് കൊണ്ട് എന്ന് മറുപടി പറഞ്ഞ ഗാന്ധിജി. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും നമ്മുടെ ഭരണാധികാരികള്‍ക്ക് ഇന്ന് അന്യമായിരിക്കുന്നു.
അരാഷ്ട്രീയതാവാദത്തില്‍ നിന്നും തീവ്രവാദ ചിന്തകളില്‍ നിന്നും കേരളീയ യുവത്വത്തെ മോചിപ്പിക്കുവാന്‍ യൂത്ത്ലീഗ് നടത്തിയ നിതാന്ത പരിശ്രമങ്ങള്‍ എല്ലാവിഭാഗം ജനങ്ങളുടെയും പ്രശംസപിടിച്ച് പറ്റിയിട്ടുണ്ട്. അതോടൊപ്പം ജനവിരുദ്ധ ഭരണകൂടങ്ങളുടെ നയ വൈകല്യങ്ങള്‍ തിരുത്തിക്കാനാവശ്യമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളും യൂത്ത്ലീഗ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് കുപ്രസിദ്ധമായ മതമില്ലാത്ത ജീവന്‍ സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് യൂത്ത്ലീഗ് നടത്തിയ രൂക്ഷമായ സമരം ഒരു ഉദാഹരണം മാത്രം.
ചെങ്ങറയില്‍ നീതി നിഷേധിക്കപ്പെട്ട ദളിത് കര്‍ഷകര്‍ മണ്ണിന് വേണ്ടി മാസങ്ങളോളം നടത്തിയ സമരത്തില്‍ യൂത്ത്ലീഗ് കക്ഷിചേര്‍ന്നു. ഓണക്കാലത്ത് യൂത്ത്ലീഗ് ഒരു ലോറി നിറയെ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് ചെങ്ങറ സഹോദരങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുകയുണ്ടായി. പശ്ചിമ ബംഗാളില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നന്ദിഗ്രാമില്‍ നിന്നും സിന്ധൂരില്‍ നിന്നും നൂറ്കണക്കിന് കൃഷിക്കാരെ കിടപ്പാടങ്ങളില്‍ നിന്ന് ഒഴിപ്പിക്കുകയും അവരുടെ ഭൂമി വ്യവസായ ഭീമന്‍മാര്‍ക്ക് ഏല്‍പിച്ച് കൊടുക്കുകയും ചെയ്തതിനെതിരായി അലയടിച്ച പ്രക്ഷോഭത്തോട് യൂത്ത്ലീഗ് എെക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യൂത്ത്ലീഗിന്റെ ഒരു പ്രതിനിധി സംഘം നന്ദിഗ്രാം സന്ദര്‍ശിക്കുകയും പീഡിത കര്‍ഷകരെ സമാശ്വസിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ദേശീയതലത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജെ.എന്‍.യു, ജാമിഅ മില്ലിയ, അലീഗഡ്, ഹംദര്‍ദ്, ഡല്‍ഹി യൂണിവേഴ്സിറ്റികളിലെ പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തിയ നാഷണല്‍ യൂത്ത് മീറ്റ് ഏറെ ശ്രദ്ധേയമായി. കേരളത്തില്‍ പൊതുവിലും മലബാറില്‍ വിശേഷിച്ചും മുസ്ലിം ലീഗ് പ്രസ്ഥാനം സമുദായത്തിന് നേടിക്കൊടുത്തത് ഇതര സംസ്ഥാന പ്രതിനിധികളില്‍ ആവേശമുണര്‍ത്തി. 
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ലീഗ് നടത്തിയ പ്രക്ഷോഭം പ്രസിദ്ധമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് യൂത്ത്ലീഗ് ധനസഹായം നല്‍കുകയും ചെയ്തു. ഇപ്പോള്‍ സജീവമായ മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തിലും യൂത്ത്ലീഗ് മുന്‍പന്തിയിലുണ്ട്. സാമൂഹിക പരിവര്‍ത്തനത്തിന്റെ പാതയിലും യൂത്ത്ലീഗിന് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. മുസ്ലിംസമുദായത്തില്‍ നിലനില്‍ക്കുന്ന വിവാഹധൂര്‍ത്ത്, സ്ത്രീധനം മുതലായ സാമൂഹിക അനാചാരങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ യൂത്ത്ലീഗ് പ്രതിജ്ഞാബദ്ധമാണ്. മുസ്ലിം സാമൂഹിക പ്രവര്‍ത്തകന്‍മാരുടെ അറിവിലേക്കായി ഒരു ചെറിയ സ്ഥിതിവിവര കണക്കിവിടെവെക്കുന്നു. കേരളത്തില്‍ ഒരു ശരാശരി ഹിന്ദുവിവാഹത്തിന് 120176 രൂപയും ക്രിസ്ത്യന്‍ വിവാഹത്തിന് 149253 രൂപയും ചെലവാകുtേമ്പാള്‍ ശരാശരി മുസ്ലിം വിവാഹത്തിന് 166643 രൂപ ചെലവാകുന്നു എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഹിന്ദുക്കളെക്കാളും ക്രിസ്ത്യാനികളെക്കാളും സാമ്പത്തികമായി പിന്നാക്കമാണ് മുസ്ലിംകള്‍ എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു എന്ന കാര്യം പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്.
നിലവിലുള്ള മുസ്ലിം യൂത്ത്ലീഗിന്റെ സംസ്ഥാന കമ്മിറ്റി 2007ല്‍ വന്നതാണ്. അതിന്റെ കാലാവധി ഈ വര്‍ഷം അവസാനിക്കുന്നു. നിര്‍ലോഭമായ സഹകരണം നല്‍കി ഞങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രക്ഷോഭ സമരങ്ങളില്‍ ആപത്ശങ്കയില്ലാതെ പങ്കെടുത്ത് യൂത്ത്ലീഗ് പ്രസ്ഥാനത്തിന്റെ അന്തസ്സ് ഉയര്‍ത്തുകയും ചെയ്ത എല്ലാ പ്രവര്‍ത്തകരോടുമുള്ള അളവറ്റ കടപ്പാട്

ന്യൂനപക്ഷങ്ങള്‍; പ്രതീക്ഷയുടെ കിരണങ്ങള്‍ (പി.കെ കുഞ്ഞാലിക്കുട്ടി )
















പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളുടെ അവസരസമത്വത്തിനായി ശബ്ദിക്കുന്ന ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റേത്. ആധുനിക ഭരണസംവിധാനങ്ങളില്‍ സമാനതകളില്ലാത്തവിധം മെച്ചപ്പെട്ടതാണ് ജനാധിപത്യപ്രക്രിയ. എല്ലാ ജനവിഭാഗങ്ങള്‍ക്കും ജാതിമതഭാഷാസംസ്കാരവംശഭേദമില്ലാത്ത തുല്യതയാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. എന്നിരിക്കിലും ഇന്ത്യയില്‍ ലഭ്യമായ സൗകര്യങ്ങളുടെ വിതരണത്തില്‍ ചിലവിഭാഗങ്ങള്‍ക്ക് അര്‍ഹമായത് കിട്ടാതെ പോകുന്നുണ്ട്. രാഷ്ട്രീയവും ഭൗതികവുമായ കാരണങ്ങളാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടുപോയ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആരോഗ്യകരമായ ചുവടുവെപ്പുകള്‍ നടത്തിക്കൊണ്ടേയിരിക്കുന്ന രാഷ്ട്രം കൂടിയാണ് ഇന്ത്യ. പൂര്‍ണതോതില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിജയം കാണാത്തത് രാജ്യത്തിന്റെ ആകെയുള്ള വികാസത്തിനും വിഘാതമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ന്യൂനപക്ഷപിന്നാക്ക ജനവിഭാഗങ്ങളുടെ ഭൗതികജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ ആവിഷ്കരിച്ചുതുടങ്ങിയത്.
സാര്‍വദേശീയമാനമാണ് ന്യൂനപക്ഷാവകാശങ്ങള്‍ക്കുള്ളത്. എെക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിലടക്കം ന്യൂനപക്ഷവിഭാഗങ്ങളുടെ ഉന്നമനത്തിന് ഭരണകൂടം ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്നുണ്ട്. 1992 ഡിസംബര്‍ 18 ലെ എെക്യരാഷ്ട്ര സഭാ പ്രഖ്യാപനം ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അധികാരാവകാശങ്ങളെക്കുറിച്ചുള്ള ഒരു സുപ്രധാന ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്. 
ആഗോളതലത്തില്‍ നിന്ന് ഒട്ടും ഭിന്നമായിരുന്നില്ല ഇന്ത്യയുടെ സമീപനവും. ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സ്വാതന്ത്രyാനന്തരകാലം മുതല്‍ക്കുള്ള നമ്മുടെ ഭരണാധികാരികള്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. സൗഹാര്‍ദത്തിലധിഷ്ഠിതമായ സമീപനത്തിലൂടെ ഇതര ജനവിഭാഗങ്ങളുടെ ജീവിത നിലവാരത്തിന് സമാനമായ നിലയിലേക്ക് ന്യൂനപക്ഷങ്ങളേയും എത്തിക്കാനാണ് ഭരണകൂടം ശ്രമിച്ചത്. അത്തരം ശ്രമങ്ങള്‍ ഫലവത്തായെന്ന് ഇന്നും പറയാന്‍ കഴിയാത്തത് ദു:ഖസത്യമായി അവശേഷിക്കുന്നുണ്ട്. അത്രമേല്‍ പരിതാപകരമായിരിക്കണം ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്നുവേണം, എടുത്ത നടപടികള്‍ മതിയാവാതെ വന്നു എന്നതില്‍ നിന്നും അനുമാനിക്കാന്‍. 
1978 ഫെബ്രുവരി 22 നാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ രൂപീകൃതമാകുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുന്ന നടപടികളുടെ ഭാഗമായുണ്ടായ പ്രധാനനടപടിയായിരുന്നു ഇത്. ഒരു രാജ്യത്തിന്റെ വികസന സങ്കല്‍പം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ആ രാജ്യത്തെ എല്ലാജനവിഭാഗങ്ങളും രാജ്യം പ്രതിനിധാനം ചെയ്യുന്ന വികസന ധാരയില്‍ പങ്കാളികളായിരിക്കണം എന്ന യു.എന്‍ പ്രഖ്യാപനം ദേശീയ ന്യൂനപക്ഷകമ്മീഷന്റെ രൂപീകരണ വേളയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി വിഭാഗങ്ങളെയാണ് ഇന്ത്യയില്‍ ന്യൂനപക്ഷ മത വിഭാഗങ്ങളായി പരിഗണിക്കുന്നത്.
ഒരു പതിറ്റാണ്ടായി ഇന്ത്യയില്‍ ന്യൂനപക്ഷത്തിന്റെ, പ്രത്യേകിച്ച് രാജ്യത്തെ ഏറ്റവും പ്രധാന ന്യൂനപക്ഷ മതവിഭാഗമായ മുസ്ലിംകളുടെ സാമൂഹികാവസ്ഥയെക്കുറിച്ച് ശ്രദ്ധേയമായ പഠനങ്ങളും കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഉണ്ടായിട്ടുണ്ട്. എസ്.സി/ എസ്.ടി വിഭാഗങ്ങളുടേതിനേക്കാള്‍ ദയനീയമാണ് രാജ്യത്തെ മുസ്ലിംകളുടെ പൊതു അവസ്ഥയെന്ന കണ്ടെത്തലുകളാണ് ഇത്തരം പഠനങ്ങളിലൂടെയും റിപ്പോര്‍ട്ടുകളിലൂടെയും പുറത്തുവന്നത്. വിദ്യാഭ്യാസ ഉദ്യോഗമേഖലകളിലെയും സാക്ഷരതാ നിരക്കിന്റെയും കാര്യത്തില്‍ അതിദയനീയമാം വണ്ണം ദേശീയശരാശരിയില്‍ നിന്നകലെയാണ് മുസ്ലിംകള്‍. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കേണ്ടത് രാജ്യത്തിന്റെ മൊത്തം വികാസത്തിനു തന്നെ അത്യന്താപേക്ഷിതമാണ്.
2007 ല്‍ പുറത്തുവന്ന ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് രാജ്യത്തെ മുസ്ലിംകളുടെ സമാനതകളില്ലാത്ത പിന്നോക്കാവസ്ഥ കണ്ടെത്തിയത്. ഇത്തരമൊരു അസന്തുലിതാവസ്ഥ ദുരീകരിക്കാനാണ് ഒന്നാം യു.പി.എ സര്‍ക്കാര്‍ സുപ്രധാനമായ ചില പദ്ധതികള്‍ ആവിഷ്കരിച്ചത്. പ്രധാനമന്ത്രിയുടെ 15 ഇന പരിപാടികളും ന്യൂനപക്ഷകേന്ദ്രീകൃത ജില്ലകളിലെ ബഹുമുഖ വികസന പദ്ധതികളും നിരവധി സ്കോളര്‍ഷിപ്പുകളും വിദ്യാഭ്യാസ ആനുകൂല്യങ്ങളുമൊക്കെ ഇതിന്റെ ഭാഗമായാണ് നടപ്പിലായത്. മുസ്ലിംകള്‍ക്ക് ഉദ്യോഗതലത്തില്‍ സംവരണം നല്‍കണമെന്ന് ദേശീയതലത്തില്‍ തന്നെ ശക്തമായ ആവശ്യം ഉയര്‍ന്നതും കേന്ദ്രസര്‍ക്കാര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചതുമൊക്കെ വളരെയേറെ ആശാവഹമാണ്.
എല്ലാ മതജാതി വിഭാഗങ്ങളും സഹോദരങ്ങളെപ്പോലെ ഇഴുകിചേര്‍ന്നു ജീവിക്കുന്ന ലോകത്തിനാകെ മാതൃകയായ അനിതരസാധാരണമായ ഒരു സാമൂഹിക സാഹചര്യമാണ് കേരളത്തിലുള്ളത്. ഇതര വിഭാഗങ്ങളുമായുള്ള ആരോഗ്യകരമായ സഹവര്‍ത്തിത്വം കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പൊതുവിലുള്ള ഉന്നമനത്തിന് സഹായകമായിട്ടുണ്ട്. എല്ലാമായെന്നല്ല, തമ്മില്‍ ഭേദം എന്ന നിലയിലാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പൊതു അവസ്ഥ. വിദ്യാഭ്യാസഉദ്യോഗ മേഖലകളിലെ സംവരണത്തിന്റെയടക്കം കാര്യങ്ങളില്‍ കേരളം ആരോഗ്യകരമായ കീഴ്വഴക്കങ്ങളാണ് സൃഷ്ടിച്ചത്.
ദേശീയതലത്തില്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ ആവിഷ്കരിച്ചതും രണ്ടാം യു.പി.എ സര്‍ക്കാര്‍ തുടരുന്നതുമായ ന്യൂനപക്ഷ ക്ഷേമ നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ശാസ്ത്രീയമായ സമീപനമായിരുന്നില്ല കേരളം സ്വീകരിച്ച് പോന്നത്. കേന്ദ്രഫണ്ടുകള്‍ പാഴാകുന്ന അവസ്ഥപോലുമുണ്ടായിരുന്നു. പദ്ധതികള്‍ തയാറാക്കുന്നതിലും സമയക്രമം പാലിക്കുന്നതിലും വീഴ്ചകളുണ്ടായി. പുതിയൊരുപദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നതു കാരണമുള്ള മനുഷ്യസഹജമായ വീഴ്ചകളാണിതെന്ന ന്യായീകരണങ്ങളും നിരത്തപ്പെട്ടിട്ടുണ്ട് എന്നത് കാണാതിരിക്കുന്നില്ല. 
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിനെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിനുള്ള നോഡല്‍ ഏജന്‍സിയായി പ്രഖ്യാപിച്ചു എന്നതാണ് ചുരുങ്ങിയ കാലയളവിലെ വലിയ നേട്ടം. ന്യൂനപക്ഷ ജനവിഭാഗത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് ഉപകരിക്കുന്ന ന്യൂനപക്ഷക്ഷേമ ധനകാര്യവികസനകോര്‍പറേഷന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളെല്ലാമെടുത്തു. പലിശ സംവിധാനത്തോട് വിമുഖതയുള്ളവരാണ് മദ്രസാധ്യാപകരെന്നതിനാല്‍, മുഴുവന്‍ പേരുടെയും പ്രാതിനിധ്യം ഉറപ്പാക്കാന്‍ മദ്രസാധ്യാപക ക്ഷേമനിധി പലിശ രഹിതമാക്കി. ക്ഷേമനിധി ആനുകൂല്യം ഇനിമുതല്‍ ട്രഷറിവഴിയാകും വിതരണം ചെയ്യുക. ഇതിന്റെ ഭാഗമായി കോഴിക്കോട് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം ട്രഷറിയിലേക്ക് മാറ്റിയിട്ടുണ്ട്. ന്യൂനപക്ഷകമ്മീഷന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. മത്സരപരീക്ഷകള്‍ക്ക് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ ആധുനിക നിലവാരത്തിലുള്ള കോച്ചിംഗ് സെന്ററുകള്‍ പല ജില്ലകളിലും ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തു. പ്രധാനമന്ത്രിയുടെ 15 ഇന പരിപാടികളുടെ നടത്തിപ്പിനായി സംസ്ഥാനജില്ലാതലക്രമീകരണങ്ങള്‍ നടപ്പിലാക്കി. വയനാട്ടിലെ ബഹുമുഖവികസന പദ്ധതിക്കുള്ള ആദ്യഗഡുതുക പൂര്‍ണമായും കൈമാറാനായെന്നു മാത്രമല്ല സച്ചാര്‍ശുപാര്‍ശകള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ഇതിനകം കര്‍മപദ്ധതികള്‍ ആവഷ്കരിക്കാനുമായി.
പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്കു പുറമേ ഒരു വര്‍ഷ കര്‍മപരിപാടികളും തയാറാക്കി. ഇവയില്‍ പലതും യാഥാര്‍ത്ഥ്യത്തോടടുക്കുകയാണ്. വിവാഹമോചിതരും കഴിഞ്ഞ അഞ്ചുവര്‍ഷമായി പുനര്‍വിവാഹിതരല്ലാത്തവരും സര്‍ക്കാര്‍ സര്‍വീസിലോ അല്ലാതെയോ സ്ഥിരവരുമാനക്കാരായ ആണ്‍മക്കള്‍ ഇല്ലാത്തവരും സ്വന്തമായി കിടപ്പാടം ഇല്ലാത്തവരുമായ വനിതകളുടെ പുനരധിവാസത്തിന് വീടുകളോ പാര്‍പ്പിട സമുച്ചയങ്ങളോ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ഇതിനായി സ്വീകരിക്കും. പദ്ധതി നടത്തിപ്പിന് സഹായിക്കുന്നവര്‍ക്ക് നികുതി ഇളവുകള്‍ നല്‍കാനും ആലോചിക്കുന്നു. ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന്റെ റീജിയണല്‍ ഓഫീസ് മലബാര്‍ മേഖലയില്‍ തുടങ്ങാനും തീരുമാനമെടുത്തു. ക്ഷേമപദ്ധതികള്‍ ഗുണഭോക്താക്കളിലെത്തിക്കാന്‍ ന്യൂനപക്ഷക്ഷേമ പ്രൊമോട്ടര്‍മാരെ നിയമിക്കാനും ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. ന്യൂനപക്ഷകേന്ദ്രീകൃത ബ്ലോക്കുകളില്‍ എം.എസ്.ഡി.പി പദ്ധതി വ്യാപിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് പദ്ധതിതയാറാക്കി സമര്‍പ്പിക്കും. തീരദേശമേഖലകളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നടപ്പിലാക്കിവരുന്ന ആരോഗ്യ ശുചിത്വപദ്ധതി ന്യൂനപക്ഷകേന്ദ്രീകൃതമായ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ന്യൂനപക്ഷവനിതകളുടെ സ്വയം സഹായകസംഘടകള്‍ രൂപീകരിച്ച് കുടുംബശ്രീമാതൃകയില്‍ അവര്‍ക്ക് ആവശ്യമായ തൊഴില്‍ പരിശീലനവും സാമ്പത്തിക സഹായവും ലഭ്യമാക്കാനും ഒരു വര്‍ഷ കര്‍മപരിപാടിയിലൂടെ ലക്ഷ്യമിടുന്നു. ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്കുകളില്‍ എം.എസ്.ഡി.പി പദ്ധതി വ്യാപിക്കുന്നതിനായി ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിച്ച് ജീവനക്കാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
ന്യൂനപക്ഷവിഭാഗങ്ങള്‍ക്കു മാത്രമല്ല ഇതരവിഭാഗങ്ങള്‍ക്കും സാമൂഹിക സുരക്ഷിതത്വത്തിനുവേണ്ടിയുള്ള മുഴുവന്‍ കരുതല്‍ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും. ആ ദിശയിലുള്ള സുപ്രധാനമായ പല പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമന്വയത്തിന്റെ പാതയിലൂടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സഹായം ആവശ്യമുള്ള മുഴുവന്‍ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പരിഗണന ഉറപ്പാക്കും.
ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യം നല്‍കുന്ന ഭരണഘടനാപരമായ അവകാശങ്ങളും സാമൂഹിക പരിഗണനയും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഡിസംബര്‍ 18 ദേശീയ ന്യൂനപക്ഷ അവകാശദിനമായി ആചരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. സമന്വയവും സഹവര്‍ത്തിത്വവും വികസനത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്നും ഈ ദിവസം നമ്മെ ഓര്‍മിപ്പിക്കുന്നു.