Search On Blog

x

2012, ജനുവരി 13, വെള്ളിയാഴ്‌ച

വി.എസ്സിനെ പ്രതിരോധിക്കാതെ കോടിയേരി; സദാചാരം ചൂടന്‍ ചര്‍ച്ച


വി.എസ്സിനെ പ്രതിരോധിക്കാതെ കോടിയേരി; സദാചാരം ചൂടന്‍ ചര്‍ച്ച 
തൃശ്ശൂര്‍: സി.പി.എം. ജില്ലാസമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദനെതിരായി ഉയര്‍ന്ന വിമര്‍ശങ്ങളെ ഒരു പരിധിവരെ ന്യായീകരിച്ച് പോളിറ്റ്ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നു. ടി.വി. രാജേഷിനെതിരായ വിമര്‍ശത്തിന് മറുപടി നല്‍കാന്‍ ഏറെ സമയം ചെലവാക്കി. നേരത്തെ ചര്‍ച്ചയില്‍ കോടിയേരിയെയും എ.കെ. ബാലനെയും വേദിയിലിരുത്തി പ്രതിനിധികള്‍ വിമര്‍ശിച്ചു.
സദാചാരവിരുദ്ധ നടപടികള്‍ സമ്മേളനത്തില്‍ ചൂടന്‍ ചര്‍ച്ചയാഴി
സമ്മേളനത്തില്‍ വി.എസ്സിനെ പിണറായിപക്ഷം ശക്തമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രകമ്മിറ്റിയംഗമെന്ന നിലയില്‍ വി.എസ്സിനെ മറുപടിപ്രസംഗത്തില്‍ കോടിയേരി പ്രതിരോധിക്കേണ്ടതാണ്. എന്നാല്‍, മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വി.എസ്. എടുത്തത് തെറ്റായ നിലപാടാണെന്നും പിന്നീട് തിരുത്തിയെന്നും കോടിയേരി പറഞ്ഞു. അരുണ്‍കുമാറിനെതിരായ ആരോപണത്തില്‍ പാര്‍ട്ടി അറിഞ്ഞുള്ള നിയമനങ്ങളെക്കുറിച്ചേ പറയേണ്ടതുള്ളൂവെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. വി.എസ്സിനെതിരായ മറ്റ് വിമര്‍ശങ്ങള്‍ക്കൊന്നും അദ്ദേഹം മറുപടി പറഞ്ഞില്ല.
ടി.വി. രാജേഷിന്റെ കരച്ചിലിനെ ന്യായീകരിക്കാന്‍ ഏറെ സമയമെടുത്ത അദ്ദേഹം മണ്ഡലത്തിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഉദ്ഘാടനത്തിനു വന്ന എ.കെ. ബാലനും കാട്ടൂരില്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനു വന്ന കോടിയേരിയും യു.ഡി.എഫ് എം.എല്‍.എ. തോമസ് ഉണ്ണിയാടനെ പുകഴ്ത്തി സംസാരിച്ചതാണ് വിമര്‍ശത്തിനിടയാക്കിയത്. അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇതുസംബന്ധിച്ച പത്രറിപ്പോര്‍ട്ടുകള്‍ യു.ഡി.എഫ്. പ്രചാരണവിഷയമാക്കി. മന്ത്രിമാരാകുമ്പോള്‍ പാര്‍ട്ടിക്കതീതമായി ഉണ്ടാക്കുന്ന ഇത്തരം കൂട്ടുകെട്ടുകള്‍ പാവം പാര്‍ട്ടിപ്രവര്‍ത്തകരുടെ വയറ്റത്തടിക്കുന്ന ഏര്‍പ്പാടാണെന്ന് രണ്ട് നേതാക്കളും വേദിയിലിരിക്കെ വിമര്‍ശമുയര്‍ന്നു.
ആഗോളീകരണത്തിനെതിരെ ലോകമെങ്ങും തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍, ഇന്ത്യയിലെ പാര്‍ട്ടിക്ക് കാഴ്ചക്കാരുടെ റോളാണെന്ന് ചാലക്കുടി, മാള ഏരിയകളില്‍നിന്ന് വിമര്‍ശമുണ്ടായി. തൃശ്ശൂരിലെ ചണ്ടിപ്പുലി കോള്‍പ്പാടം നികത്തുന്നതിനെതിരായ സമരത്തില്‍ പാര്‍ട്ടി എടുത്ത നിലപാടിനെ പുഴയ്ക്കലില്‍നിന്നുള്ള കെ.എസ്.കെ.ടി.യു. നേതാവ് വിമര്‍ശിച്ചു. നിയമവിരുദ്ധമായി പാടം നികത്തിയപ്പോള്‍ ആദ്യം സമരം തുടങ്ങിയത് കെ.എസ്.കെ.ടി.യു.വാണ്. എന്നാല്‍, സമരം മുന്നോട്ടു കൊണ്ടുപോകുന്നത് പാര്‍ട്ടി വിലക്കി. പിന്നീട്, സിപിഐ എം.എല്‍.എ.യായ വി.എസ്. സുനില്‍കുമാര്‍ പ്രശ്‌നം ഏറ്റെടുക്കുകയും പാടത്തിട്ട മണ്ണ് നെല്‍വയല്‍ സംരക്ഷണനിയമപ്രകാരം തിരിച്ചെടുപ്പിക്കുകയും ചെയ്തു. ഇവിടെ കര്‍ഷകതാത്പര്യം സംരക്ഷിക്കാന്‍ പാര്‍ട്ടിക്കായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മണലൂരില്‍ ബേബി ജോണിനെ മത്സരിക്കാന്‍ നിയോഗിച്ചപ്പോള്‍, ജില്ലാ സെക്രട്ടറിയായി വരേണ്ട എന്‍.ആര്‍. ബാലനെ വടക്കാഞ്ചേരിയില്‍ തോല്‍ക്കാനയച്ചത് മനഃപൂര്‍വ്വമായിരുന്നുവെന്ന് ചേര്‍പ്പില്‍നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. മുരളി പെരുനെല്ലിയായിരുന്നു മണലൂരില്‍ മത്സരിച്ചതെങ്കില്‍ 10000 വോട്ടിന് ജയിക്കുമായിരുന്നുവെന്നാണ് അവിടെനിന്നുള്ള പ്രതിനിധി പറഞ്ഞത്. ചാവക്കാട്ടുനിന്നുള്ള പ്രതിനിധി ബേബി ജോണിനെ ന്യായീകരിച്ചു. ജില്ലാ സെക്രട്ടറിയെ തോല്‍പ്പിക്കാന്‍ ആസൂത്രിതമായ നീക്കം നടന്നുവെന്നും ഇതിനെതിരെ അന്വേഷണം നടത്തണമെന്നുമായിരുന്നു ആവശ്യം. രണ്ട് നിലപാടും തള്ളിക്കൊണ്ട്, ബേബി ജോണ്‍ ഉചിതനായ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി പ്രചാരണത്തിന് ഉണ്ടായിരുന്നുവെന്നുമാണ് എ.സി. മൊയ്തീന്‍ മറുപടി നല്‍കിയത്. ടി. ശശിധരന്‍ തിരുത്താന്‍ തയ്യാറാകാത്തതിനാലാണ് അദ്ദേഹത്തെ മേല്‍ക്കമ്മിറ്റിയിലേക്ക് എടുക്കാത്തതെന്നും മൊയ്തീന്‍ പറഞ്ഞു. ലോക്കല്‍ സമ്മേളന പ്രതിനിധിയാക്കാനുള്ള തീരുമാനത്തെ ശശിധരന്‍ ധിക്കരിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
പി. ശശിക്കും ഗോപി കോട്ടമുറിക്കലിനും എതിരായ നടപടി ചര്‍ച്ചയില്‍ വന്നു. ശശിക്കെതിരായ ആരോപണം എന്താണെന്ന് കൃത്യമായി വെളിപ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നു. ഇങ്ങനെ പോയാല്‍ സ്ത്രീകള്‍ പാര്‍ട്ടിയില്‍ വരാന്‍ മടിക്കുമെന്നാണ് കുന്നംകുളത്തുനിന്നുള്ള ഒരു വനിതാ അംഗം ചര്‍ച്ചയില്‍ പറഞ്ഞത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ