Search On Blog

x

2012, ജനുവരി 2, തിങ്കളാഴ്‌ച

വാര്‍ഡ് സഭയില്‍ അംഗമായി മന്ത്രിയെത്തി; രാജസ്ഥാനില്‍നിന്ന് നിരീക്ഷകരും



വാര്‍ഡ് സഭയില്‍ അംഗമായി മന്ത്രിയെത്തി; രാജസ്ഥാനില്‍നിന്ന് നിരീക്ഷകരും 
പങ്കെടുക്കാന്‍ പഞ്ചായത്ത് വകുപ്പ് മന്ത്രി എം. കെ മുനീറും കാര്യങ്ങള്‍ പഠിക്കാന്‍ രാജസ്ഥാനില്‍ നിന്നുള്ള സംഘവുമെത്തിയതോടെ നഗരസഭയിലെ തിരുത്തിയാട് ഡിവിഷനിലെ വാര്‍ഡ് സഭയ്ക്ക് മുമ്പെങ്ങുമില്ലാത്ത ഗൗരവം. ഞായറാഴ്ച തിരുത്തിയാട് ലയണ്‍സ്ഹാളില്‍ നടന്ന വാര്‍ഡ്‌സഭയിലാണ് മന്ത്രി മുനീര്‍ പങ്കെടുത്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം വാര്‍ഡുകളിലെ ഗ്രാമസഭയില്‍ പങ്കെടുത്ത് ഗ്രാമസഭകളിലെ പങ്കാളിത്തം കൂട്ടാന്‍ നടത്തുന്ന പ്രചാരണപരിപാടികളുടെ ഭാഗമായാണ് മന്ത്രി മുനീര്‍ തന്റെ വാര്‍ഡായ തിരുത്തിയാട് വാര്‍ഡ് സഭയിലെത്തിയത്. അദ്ദേഹം സഭയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് രാജസ്ഥാനില്‍ നിന്നുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘമെത്തിയത്. മന്ത്രി മുനീര്‍, കൗണ്‍സിലര്‍ ഒ. എം ഭരദ്വാജ് എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു.
യു.എന്‍.ഡി.പി. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആദേശ് ചതുര്‍വേദിയുടെ നേതൃത്വത്തില്‍ സീക്കര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് റീത്ത, ഹനുമാന്‍ഗഢ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശോഭ എന്നിവരുള്‍പ്പെടെ 18 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട സംഘം കിലയില്‍ പരിശീലനത്തിനെത്തിയതാണ്. പഞ്ചായത്ത് രാജ് സംവിധാനത്തിന് കേരളമാണ് മികച്ച മാതൃകയെന്ന് ആദേശ് ചതുര്‍വേദി പറഞ്ഞു. മന്ത്രിമാരുള്‍പ്പെടെ ഗ്രാമസഭയില്‍ പങ്കെടുക്കുന്നത് മികച്ച മാതൃകയാണ്. തങ്ങളുടെ നാട്ടില്‍ മന്ത്രിമാര്‍ഉദ്ഘാടനത്തിനുമാത്രമാണെത്തുന്നത്. സ്ത്രീശാക്തീകരണത്തിന് കുടുംബശ്രീയോളം മികച്ച മാതൃകയില്ല. കുടുംബശ്രീ രാജസ്ഥാനിലും നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണമന്ത്രി മഹീന്ദ്രജിത് മല്‍വിയും ഇക്കാര്യങ്ങള്‍ പഠിക്കാനായി തിങ്കളാഴ്ച കേരളത്തിലെത്തുന്നുണ്ട്.

ഗ്രാമസഭകള്‍ നടത്തുന്നതിനുള്ള പരിശീലനം വാര്‍ഡുകള്‍ തോറും നല്‍കിവരുന്നതായി മന്ത്രി മുനീര്‍ പറഞ്ഞു. 38 ലക്ഷം പേര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കും. ഗ്രാമസഭയില്‍ പങ്കാളിത്തം കൂട്ടുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി താന്‍ നടത്തുന്ന ഗ്രാമയാത്ര ജനവരി 26 ന് തൃശ്ശൂരില്‍ തുടങ്ങും. 140 മണ്ഡലങ്ങളിലും ഓരോ ഗ്രാമസഭയില്‍ പങ്കെടുക്കും. അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ