Search On Blog

x

2012, ജനുവരി 2, തിങ്കളാഴ്‌ച

ബിനീഷ് കോടിയേരിക്ക് പാസ്‌പോര്‍ട്ട്: കേസുകള്‍ മറച്ചുവെച്ചതിനെക്കുറിച്ച് അന്വേഷണം




കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ മകന്‍ ബിനീഷ് കോടിയേരിക്ക് പാസ്‌പോര്‍ട്ട് നല്‍കാനായി ക്രിമിനല്‍കേസ് മറച്ചുവെച്ച് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിനെക്കുറിച്ച് അന്വേഷണം നടത്തുന്നു.
18 കേസുകളില്‍ പ്രതിയായ ബിനീഷിന് പാസ്‌പോര്‍ട്ട് നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്‌സ് കോണ്‍ഗ്രസ് ജോയിന്റ് സെക്രട്ടറി വി.കെ.രാജു ലോകായുക്തയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കണമെന്ന് ലോകയുക്ത ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഡി.ജി.പിയുടെ നിര്‍ദ്ദേശാനുസരണം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തി. തുടര്‍ന്ന്‌വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി. കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബിനീഷിനെതിരായ 18 കേസുകളില്‍ ഒരെണ്ണം മാത്രമാണ് ഒഴിവാക്കപ്പെട്ടിട്ടുള്ളതെന്ന് മനോജ് എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള 17 കേസുകളില്‍ എട്ടെണ്ണം ക്രിമിനല്‍ കേസുകളാണ്. ഈ വസ്തുത നിലവിലിരിക്കെ ക്രിമിനല്‍കേസുകളൊന്നുമില്ലെന്നും പാസ്‌പോര്‍ട്ട് നല്‍കാമെന്നും അറിയിച്ച് പോലീസ് നല്‍കിയ റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്നും ഇതില്‍ വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2007 ഫിബ്രവരിയിലാണ് ബിനീഷ് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് പാസ്‌പോര്‍ട്ട് നേടിയത്.

കണ്ണൂര്‍ എസ്.പി. ആയിരുന്ന മാത്യു പോളിക്കാര്‍പ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിനീഷിന് പാസ്‌പോര്‍ട്ട് നല്‍കിയത്. കണ്ണൂരില്‍ ബിനീഷിനെതിരെ ഒരു കേസും നിലവിലുണ്ടായിരുന്നില്ല. ഇതാണ് എസ്.പി.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും ബിനീഷ് താമസിച്ചിട്ടുണ്ടോ ഏതെങ്കിലും സ്റ്റേഷനില്‍ ഇദ്ദേഹത്തിനെതിരെ കേസുകള്‍ നിലവിലുണ്ടോ എന്നീ കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്നതാണ് പോലീസിന്റെ വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നത്. സ്‌പെഷല്‍ ബ്രാഞ്ചാണ് ഇതില്‍ അന്വേഷണം നടത്തേണ്ടത്. കേസിന്റെ വിവരം അറിയിക്കണമെന്ന് കാണിച്ച് പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നല്‍കുന്ന എസ്.പി ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് കത്ത് നല്‍കാറുണ്ട്. ബിനീഷിന്റെ കാര്യത്തില്‍ അതുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. ചില കേസുകളില്‍ ജാമ്യമില്ലാ വാറന്റ് നിലനില്‍ക്കെ ബിനീഷ് വിദേശയാത്ര നടത്താനിടയായതും കേസിന്റെ ഗൗരവം കൂട്ടുന്നുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ബിനീഷിനെതിരെയുള്ള കേസുകള്‍ പത്രങ്ങളില്‍ വാര്‍ത്തയായിട്ടും ഇക്കാര്യം മറച്ചുവെച്ചതാണ് ഗുരുതരമായ കുറ്റം. തനിക്കെതിരായ കേസുകള്‍ മറച്ചുവെച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ബിനീഷിനെതിരെയും അന്വേഷണമുണ്ടായേക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ