Search On Blog

x

2012 ജനുവരി 13, വെള്ളിയാഴ്‌ച

കൊച്ചി ബിനാലെക്ക് ഫണ്ടനുവദിച്ചതില്‍ വന്‍ ക്രമക്കേട്

കൊച്ചി ബിനാലെക്ക് ഫണ്ടനുവദിച്ചതില്‍ വന്‍ ക്രമക്കേട് 
കൊച്ചി ബിനാലെ എന്ന പേരില്‍ സംഘടിപ്പിച്ച ലോക ചിത്രപ്രദര്‍ശനത്തിനു വേണ്ടി സ്വകാര്യ ട്രസ്റ്റിന് ഫണ്ട് അനുവദിച്ചതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി സൂചന. ചിത്രപ്രദര്‍ശനം നടത്താന്‍ സര്‍ക്കാരിന്റെ കീഴില്‍ ലളിതകലാ അക്കാദമി പോലുള്ള സ്ഥാപനങ്ങളുണ്ടായിട്ടും കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ എന്ന സ്വകാര്യ ട്രസ്റ്റിന് ഇടതു സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. 2010 ആഗസ്റ്റ് ഒമ്പതിനാണ് 73.2 കോടി ചെലവ് വരുന്ന കൊച്ചിബിനാലെക്കുള്ള അപേക്ഷ ട്രസ്റ്റ് സര്‍ക്കാറിന് നല്‍കിയത്. കേരള ചിത്രകലയെ ലോകത്തിന് പരിചയപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
അപേക്ഷ നല്‍കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2010 ഒക്ടോബറില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന എം.എ. ബേബി ട്രസ്റ്റിന്റെ അപേക്ഷ മന്ത്രിസഭയുടെ അനുമതിക്ക് മുമ്പാകെ വെക്കുകയും മന്ത്രിസഭാ യോഗം ഭേദഗതി കൂടാതെ അതു പാസാക്കുകയും ചെയ്തു. തുടര്‍ന്ന് ബിനാലെയുടെ വേദിയായ ദര്‍ബാര്‍ഹാള്‍ നവീകരണത്തിനും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി അഞ്ചു കോടി രൂപ സര്‍ക്കാര്‍ ട്രസ്റ്റിന് ഗ്രാന്റായി നല്‍കി. 2010 ഡിസംബര്‍ മൂന്നിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളയമ്പലം ട്രഷറി വഴിയാണ് പണം കൈമാറിയത്. അന്നത്തെ ലളിതകലാ അക്കാദമി സെക്രട്ടറിയും ഇതിന് കരു നീക്കിയതായി ആരോപണമുണ്ട്. ദര്‍ബാര്‍ ഹാള്‍ നവീകരണത്തില്‍ അഴിമതി നടന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

അബു ദാബി തളിപ്പറമ്പ മുനിസിപ്പല്‍ കെ എം സി സി നടത്തുന്ന 'ശിഹാബ്‌ തങ്ങള്‍ മനാസില്‍' പദ്ധതി യുടെ ആദ്യ അഞ്ചു വീടുകളുടെ അവസാന മിനുക്കു പണികള്‍ ആരംഭിച്ചു. മാര്‍ച് ആദ്യ വാരത്തോടെ അഞ്ചു പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ കൈമാറുന്നു


അബു ദാബി തളിപ്പറമ്പ മുനിസിപ്പല്‍ കെ എം സി സി നടത്തുന്ന 'ശിഹാബ്‌ തങ്ങള്‍ മനാസില്‍' പദ്ധതി യുടെ ആദ്യ അഞ്ചു വീടുകളുടെ അവസാന മിനുക്കു പണികള്‍ ആരംഭിച്ചു. മാര്‍ച് ആദ്യ വാരത്തോടെ അഞ്ചു പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ കൈമാറുന്നു

യൂത്ത്‌ലീഗ് കുന്തിപ്പുഴയ്ക്കുമീതെ മനുഷ്യപാലം തീര്‍ത്തു



കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കുന്തിപ്പുഴപ്പാലം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കുന്തിപ്പുഴയ്ക്കുമീതെ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മനുഷ്യപാലം തീര്‍ത്തു.
യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍ ഹുസൈന്‍കളത്തില്‍, അര്‍സല്‍ എരേരത്ത്, റഷീദ് ആലായില്‍, യൂസഫ്പാക്കത്ത്, പി.കെ.ഹംസക്കുട്ടി, ഹുസൈന്‍ കോളശ്ശീരി, റഷീദ് മുത്തനില്‍, ടി.കെ.ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പാലത്തില്‍ കിടന്നു.
ഞായറാഴ്ച വൈകീട്ടോടെയാണ് പ്രവര്‍ത്തകര്‍ കുന്തിപ്പുഴപ്പാലത്തില്‍ക്കിടന്ന് മനുഷ്യപാലം തീര്‍ത്ത് പ്രതിജ്ഞ ചെയ്തത്.തുടര്‍ന്നുനടന്ന സമ്മേളനം വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, എം.പി.ബാപ്പുഹാജി, അഡ്വ. ടി.എ.സിദ്ദിഖ്, കെ.പി.എസ്. പയ്യനെടം, പി.അഹമ്മദ് അഷ്‌റഫ്, ഇ.പി.ഹസ്സന്‍, ടി.എ.സലാം, കെ.മുഹമ്മദാലി, അഡ്വ. നാസര്‍ കൊമ്പത്ത്, റഷീദ് ആലായിന്‍, ഹുസൈന്‍ കോളശ്ശീരി, റഷീദ് മുത്തനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2012 ജനുവരി 2, തിങ്കളാഴ്‌ച

കരുതലോടെ പുതു ചുവടുകള്‍ (പി.കെ. ഫിറോസ്)



































മുഹമ്മദ് ബുവനീസി എന്ന ടുണീഷ്യന്‍ യുവാവ് തന്റെ ആത്മഹത്യയിലൂടെ പടച്ചു വിട്ട പ്രതിഷേധ കൊടുങ്കാറ്റ് സ്വേ്ഛാധിപത്യത്തിന്റെ സിംഹാസനങ്ങള്‍ തകര്‍ത്തെറിയുന്നതിന്റെ കാഴ്ചകള്‍ സമ്മാനിച്ചു കൊണ്ടാണ് 2011 വിട പറഞ്ഞത്. അതിനവര്‍ ഉപയോഗപ്പെടുത്തിയത് ആധുനികതയുടെ മുദ്രകളായ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകളായിരുന്നു. പുതിയ ലോകത്തിന്റെ സാദ്ധ്യതകളും സങ്കേതങ്ങളും ഉപയോഗപ്പെടുത്തി നവസമൂഹത്തെ രൂപപ്പെടുത്താനും മുന്നോട്ട് നയിക്കാനും എം.എസ്.എഫ് ആഗ്രഹിക്കുന്നു. അതിനായി ഇന്നലെ മുതല്‍ 7 വരെ സംസ്ഥാന വ്യാപകമായി എം.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആചരിക്കുകയാണ്.
കരിയറിസത്തിന്റെയും അരാഷ്ട്രീയതയുടെയും ഉപഭോഗഭ്രമത്തില്‍ വിദ്യാര്‍ത്ഥിത്വം തന്നെ നഷ്ടപ്പെട്ട് പോകുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ ചുവടുകള്‍ പിഴച്ച് പോകുന്നു. വിദ്യാര്‍ത്ഥിയുടെ ചുവട് പിഴക്കുക എന്നാല്‍ ഒരു സമൂഹം പിറകോട്ട് നടക്കുക എന്നതിന് തുല്യമാണ്. പേടിപ്പെടുത്തുന്ന ധൈഷണിക നിശ്ചലാവസ്ഥയിലും ക്രൂരമായ സാമൂഹിക അനീതികളിലും പെട്ട് ഉഴലുന്ന പുതിയ കാലത്തോടുള്ള ഒരുണര്‍ത്തുപാട്ടോ ആഹ്വാനമോ ആയാണ് മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് കാമ്പയിനുമായി വരുന്നത്. നവ സമൂഹത്തിന് ധീരമായ കാല്‍വെപ്പ് എന്ന ലളിതമായ മുദ്രാവാക്യമാണ് കേരളത്തിലെ ഓരോ വിദ്യര്‍ത്ഥിയോടും ഹൃദയപൂര്‍വ്വം ഞങ്ങള്‍ക്ക് പറയാനുള്ളത്. അഭിമാനകരമായ ചരിത്രത്തിന്റെ അകമ്പടിയോടെ പ്രതീക്ഷാ നിര്‍ഭരമായ ഭാവിയെ സ്വപ്നം കണ്ടാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ മെമ്പര്‍ഷിപ്പുമായി മലയാളി വിദ്യാര്‍ത്ഥിത്വത്തിന് മുന്നിലേക്ക് കടന്നു വരുന്നത്. മനുഷ്യര്‍ക്ക് നന്മ കൊണ്ടു വരാനുള്ള ഏത് ശ്രമവും, മനുഷ്യരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഏത് യത്നവും രാഷ്ട്രീയ പ്രവര്‍ത്തനമാണ്. എം.എസ്.എഫ് ഇത് തിരിച്ചറിയുന്നു. ഈ തിരിച്ചറിവിന്റെ തീച്ചൂടിലേക്ക് കേരളീയ പൊതു സമൂഹത്തെ ഞങ്ങള്‍ ക്ഷണിക്കുന്നു.
എം.എസ്.എഫ് എന്ന വിദ്യാര്‍ത്ഥി സംഘനയുടെ ചരിത്രം കേരളീയ സമൂഹത്തിനു മുമ്പാകെയുണ്ട്. ഞങ്ങള്‍ സാമൂഹിക നീതിയിലും നവോത്ഥാന പോരാട്ടങ്ങളിലും വിശ്വസിക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ വഴിയല്ല. ഉപജാപങ്ങളുടെ ജീര്‍ണ്ണതയിലേക്ക് ഞങ്ങളില്ല. ചരിത്രപരമായ കാരണങ്ങളാല്‍ പല മണ്ഡലങ്ങളിലും പിന്നോക്കം പോയ ന്യൂനപക്ഷ ജന വിഭാഗങ്ങളെ പ്രത്യേകിച്ച് മുസ്ലിം സമൂഹത്തെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളില്‍ ഉയര്‍ത്തിക്കൊണ്ടു വരികയും അതുവഴി സാമൂഹിക അസമത്വത്തെ തടയുകയും ജനാധിപത്യവല്‍ക്കരണത്തെ ഊര്‍ജ്ജിതപ്പെടുത്തുകയുമാണ് ഞങ്ങളുടെ അജണ്ട. ഇത്തരം അജണ്ടകള്‍ക്കായി എം.എസ്.എഫ് നടത്തിയ ഇടപെടലുകള്‍ ചരിത്രത്തിന്റെ ഭാഗമാണ്്. പാഠശാലകളില്‍ കൂട്ടംചേര്‍ന്ന് പുതിയ ലക്ഷ്യം നിര്‍മ്മിക്കാനും അതിന് എരിവ് പകരാന്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനും ഒരുപാട് സംഘങ്ങളെ കാണാം. പക്ഷെ, പാഠശാലകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എം.എസ്.എഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നോക്കത്തില്‍ നിന്ന് പതിയെ പതിയെ രക്ഷപ്പെട്ട് വരുന്ന സമുദായത്തില്‍, പുതിയ കൂട്ടായ്മകള്‍ രൂപപ്പെടുത്തി തമ്മിലടിക്കാനും ധാര്‍മ്മികതയെ കുറിച്ച് പറഞ്ഞ് അധാര്‍മ്മിക പോരാട്ടങ്ങള്‍ സമുദായ വേദികള്‍ കെട്ടിപ്പൊക്കാനും ഏറെ സംഘങ്ങളുണ്ട്. പക്ഷേ, പിന്നാക്കത്തില്‍ നിന്ന് കരകയറാന്‍ സാധിക്കാതെ കേഴുകയായിരുന്ന സമുദായത്തിന് ആത്മവിശ്വാസവും അവസരവും നല്‍കാന്‍ എം.എസ്.എഫ് മാത്രമാണുണ്ടായിരുന്നത്. ദിശയറിയാത്ത കോലാഹല പ്രവര്‍ത്തനങ്ങളുമായി കലപിലകൂടുന്ന വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ക്കിടയില്‍ നിര്‍മ്മാണത്തെക്കുറിച്ച് മാത്രമാണ് എം.എസ്.എഫ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഓരോ വിദ്യാര്‍ത്ഥിയുടെയും ഓരോ ചലനവും നിര്‍മ്മാണാത്മകമായിരിക്കണമെന്ന് എം.എസ്.എഫ് ഓര്‍മ്മപ്പെടുത്തുന്നു. സംസ്കൃതിയുടെ പുതിയ കൊര്‍ദോവകള്‍ തീര്‍ക്കാന്‍ നമുക്കാവുമെന്ന ആത്മ വിശ്വാസമാണ് നിസ്വ വിശുദ്ധമായ ഈ ഹരിതശുഭ ദ്വിവര്‍ണ്ണ പതാക പ്രസരിപ്പിക്കുന്നത്.
വിദ്യാഭ്യാസത്തിനൊപ്പം വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും കാമ്പ് നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥം മറന്നുപോകുമ്പോള്‍ കമ്പോളവല്‍ക്കരണത്തിന്റെ നീരാളിപ്പിടുത്തത്തിന്റെ കാഠിന്യമാണ് നാം അനുഭവിച്ചറിയുന്നത്. പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗം മാത്രമായി തൊഴിലും തൊഴില്‍ നേടാനുള്ള മാര്‍ഗ്ഗം മാത്രമായി വിദ്യാഭ്യാസവും മാറുമ്പോള്‍ വിദ്യ വെറും അഭ്യാസം മാത്രമായി മാറുകയാണ്. മികച്ച വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന് പറയുമ്പോള്‍ തന്നെ മികച്ച വിദ്യാഭ്യാസത്തിന്റെ കോലളവ് സാമ്പത്തിക താല്‍പര്യത്തിലേക്ക് നീങ്ങുകയാണ്. മികച്ച തൊഴില്‍ സാധ്യതയൊരുക്കുന്ന കോഴ്സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാര്‍ക്ക് നല്‍കുമ്പോള്‍ മികച്ച പൗരന്‍മാരെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന മഹത്തായ വിദ്യാഭ്യാസ പ്രക്രിയ അസ്തമിക്കുകയാണ്. സീറ്റുകള്‍ ലേലം വിളിച്ച് വില്‍ക്കുന്ന സ്ഥാപന മേധാവികള്‍ക്കൊപ്പം കുട്ടികള്‍ക്ക് മൂല്യവത്തായവിദ്യാഭ്യാസം നല്‍കാന്‍ മടിക്കുന്ന രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാഭ്യാസ കച്ചവടക്കാര്‍ എന്ന് വിളിച്ചാല്‍ അധികമാകില്ല.?
ചുറ്റുപാടില്‍ നിന്നും വ്യക്തിത്വം രൂപപ്പെടുത്താന്‍ പുതിയ തലമുറയോട് പറയാന്‍ ആര്‍ക്കും ധൈര്യമില്ല. അതിനാല്‍ തന്നെ മൂല്യബോധത്തിലൂന്നിയ കരുത്തുറ്റ വ്യക്തിത്വം രൂപപ്പെടുത്താന്‍ ചില ശക്തമായ ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമാണ്. ആ ഓര്‍മ്മപ്പെടുത്തലാണ് എം.എസ്.എഫ് നിര്‍വ്വഹിക്കുന്നത്. പുത്തന്‍സാങ്കേതിക വിദ്യകളും മാധ്യമങ്ങളും പുതിയ തലമുറയുടെ അജണ്ടകള്‍ നിര്‍ണ്ണയിക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്നു തെന്നിമാറി സ്വന്തം പാത രൂപപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ വിയര്‍ക്കേണ്ട അവസ്ഥയാണ്. അത്തരം വിയര്‍പ്പുകണങ്ങളില്‍ നിന്നു മാത്രമേ നന്മയുടെ ലോകം രൂപപ്പെടുകയുള്ളൂ.
ഇയര്‍ഫോണുകള്‍ ചെവിയില്‍ തിരുകി അവനവന്റെ ലോകത്ത് കൂടുകെട്ടി താമസിക്കുന്ന വിദ്യാര്‍ത്ഥി സമൂഹം, എല്ലാം ഉപഭോഗം ചെയ്യുന്ന സ്വാര്‍ത്ഥതയുടെ ഭീതിതമായ അരാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന്റെ വലയിലാണ് ഇന്നുള്ളത്. അത് കൊണ്ടാണ് മാനുഷിക ദുരന്തങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തപ്പെടേണ്ട കാഴ്ചകള്‍ മാത്രമായി മാറുന്നത്. വംഗനാട്ടില്‍ നിന്ന് ഉറ്റവരെ തേടി കടന്നു വന്ന പെണ്‍കുട്ടിയെ കീറിപ്പറിച്ചെറിയുന്ന കാമ ഭ്രാന്തന്‍മാരായി ചെറുപ്പക്കാര്‍ മാറുന്നത്. ഒറ്റക്കയ്യന്‍മാരാല്‍ മാനഭംഗം ചെയ്യപ്പെട്ട് ദുരിതങ്ങളുടെ പാളത്തില്‍ തല പിളര്‍ന്നു വീഴുന്ന നമ്മുടെ പാവം സഹോദരിമാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാകാതെ, നിസ്വാര്‍ത്ഥതയുടെ ബോഗികളില്‍ അവനവന്റെ വീടെത്താനുള്ള ഓട്ടത്തിലാണ്. ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്. എഫ്.എം ചാനലിലൂടെ കാമുകീ കാമുകന്റെ പരിണാമമായ ഗേള്‍ ഫ്രണ്ടിനെക്കുറിച്ചും ബോയ് ഫ്രണ്ടിനെക്കുറിച്ചും വര്‍ണ്ണിക്കാനാണ് റേഡിയോ ജോക്കികള്‍ ആവശ്യപ്പെടുന്നത്. അയലത്തെ ഭര്‍ത്താവിനെ സൂക്ഷമമായി നിരീക്ഷിച്ച് മാര്‍ക്കിടാനാണ് ഒരു ചാനല്‍ ആവശ്യപ്പെടുന്നത്. ചാനല്‍ പാട്ടു മത്സരത്തില്‍ മത്സരാര്‍ത്ഥി മഞ്ഞ ചുരിദാര്‍ ധരിച്ചാല്‍ കൂടുതല്‍ സൗന്ദര്യമുണ്ടാകുമായിരുന്നു എന്നാണ് വിധി നിര്‍ണ്ണയിക്കാന്‍ ചുമതലപ്പെടുത്തിയ ആള്‍ പറയുന്നത്. ഇതൊരു പുതിയ സംസ്കാരം രൂപപെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
അരുതാത്തത് മാത്രമാണ് വാര്‍ത്തകളില്‍ നിറയുന്നത്. മാധ്യമ സദാചാരം എന്നത് പത്രപ്രവര്‍ത്തന പാഠപുസ്തകങ്ങളില്‍ എഴുതി വെക്കാനുള്ള തമശ മാത്രമായി ചുരുങ്ങുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഈ കെടുകാലത്തിന്റെ ഇരുട്ടിന്റെ മീതെ വെളിച്ചത്തിന്റെ മിന്നാമിനുങ്ങുകള്‍ പറന്നു തുടങ്ങുന്നുണ്ട്. അമേരിക്കന്‍ അനുകൂല ഏകാധിപതി ഹുസ്നി മുബാറക്കിന്റെ ഭരണം തഹരീല്‍ സ്ക്വയറിലെ ദശ ലക്ഷക്കണക്കിന് മനുഷ്യരുടെ ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് തകര്‍ന്നു വീണുകഴിഞ്ഞു. ടുണീഷ്യ മുതല്‍ ലിബിയ വരെ ഏകാധിപത്യങ്ങള്‍ക്ക് എതിരായ ജനാധിപത്യ ബോധത്തിന്റെ ഉജ്ജ്വലവും സമ്മോഹനവുമായ വികാസങ്ങളാണ് കാണാന്‍ കഴിയുന്നത്. ആഗോളീകരണത്തിന്റെ വിഴുപ്പ് ഭാണ്ടം ചുമക്കുന്നവര്‍ എന്ന് സമൂഹം വിലയിരുത്തുന്ന ആധുനിക യുവത്വം സടകുടഞ്ഞെഴുന്നേറ്റപ്പോള്‍ തകര്‍ന്നു വീണത് നീണ്ട കാലത്തെ അക്രമ പരമ്പരകള്‍ കൊണ്ട് പടുത്തുയര്‍ത്തപ്പെട്ട സ്വേ്ഛാധിപത്യത്തിന്റെ കോട്ടകളായിരുന്നു. യുവസമൂഹത്തിന്റെ ആര്‍ജ്ജവത്തില്‍ എം.എസ്.എഫിന് ഇപ്പോഴും വിശ്വാസമുണ്ട്. നമ്മുടെ സമൂഹത്തെ, വിദ്യാര്‍ത്ഥികളെ, ന്യൂനപക്ഷങ്ങളെ മുന്നിലേക്ക് നയിക്കണമെന്ന് ഞങ്ങള്‍ ആശിക്കുന്നു. അറിവിന്റെ, നീതി ബോധത്തിന്റെ, സര്‍ഗ്ഗാത്മക സമരങ്ങളുടെ, പ്രാര്‍ത്ഥനയുടെ കരുത്തേറിയ ഈ വഴിയില്‍ നമുക്കൊരുമിച്ച് പ്രയത്നിക്കാം. ഈ പുതുവര്‍ഷാരംഭത്തില്‍ നന്മയുടെ വിളക്കുമരങ്ങളില്‍ തിരി തെളിയിക്കാന്‍ എം.എസ്.എഫില്‍ അംഗമാവാന്‍ ഓരോ വിദ്യാര്‍ത്ഥിയും വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു; അഭ്യര്‍ത്ഥിക്കുന്നു.

ആ മഹാ സംരംഭത്തിന്‍
സംഘഗാനത്തില്‍ ചേര്‍ന്ന്
നമുക്കനുഭവിക്കാം
പണ്ടില്ലാത്തൊരഭിമാനം
ഈടുവെപ്പുകളെല്ലാം
പോകിലും പുതിയൊരു
നാടുനമ്മുടേതാവും
അസംഖ്യം തോഴന്‍മാരും
(വൈലോപ്പിള്ളിയുടെ യുഗ പരിവര്‍ത്തനം)
എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ വിജിലന്‍സ് കേസില്‍ പ്രതിയാക്കും.


ബന്ധുവിന് അനധികൃതമായി ഭൂമി നല്‍കാന്‍ ശ്രമിച്ചുവെന്ന കേസിലാണിത്. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഇതിനു നിയമോപദേശം തേടിയിരുന്നു. ഇതുവരെ നടന്ന പ്രാഥമിക പരിശോധനകളില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കുന്നതില്‍ നിയമപരമായി തടസമില്ലെന്നാണ് നിയമോപദേശം ലഭിച്ചതെന്നു സൂചന.

വിജിലന്‍സ് പ്രത്യേക കോടതിയില്‍ അന്വേഷണ ഏജന്‍സി ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആവശ്യമാണെന്ന് കോടതിയെ അറിയിക്കും. തുടര്‍ന്നാകും വിഎസിനെ പ്രതിചേര്‍ത്ത് അന്വേഷണം. പ്രാഥമിക പരിശോധന നടത്തിയ പ്രത്യേക സംഘമായിരിക്കും അന്വേഷണവും നടത്തുക.

അച്യുതാനന്ദന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസും ചീഫ് സെക്രട്ടറി പി.പ്രഭാകരനും കേസില്‍ പ്രതിയാകും. ലാന്‍ഡ് അസൈന്‍മെന്‍റ് കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന കാസര്‍ഗോഡ് ജില്ലാ കലക്റ്ററും പ്രധാന പ്രതിയാകും. റവന്യൂ മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിതാ പി. ഹരന്‍ എന്നിവരെ പ്രതിചേര്‍ക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

വിമുക്തഭടന്മാര്‍ക്കു ഭൂമിപതിച്ചു നല്‍കുന്ന നടപടി അവസാനിച്ചിട്ടും അന്നത്തെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണു ഭൂമി നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചത്. കാസര്‍ഗോഡ് ജില്ലാ കലക്റ്ററും ലാന്‍ഡ് റവന്യൂ കമ്മിഷണറും ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്‍ ശക്തമായ താക്കീതു നല്‍കുകയായിരുന്നു.

വിഎസിന്‍റെ ബന്ധുവായ ടി.കെ. സോമന്‍ 1977ല്‍ ഭൂമിയില്ലെന്നു കാണിച്ചു സര്‍ക്കാരിനു നല്‍കിയ അപ്പീലില്‍ ഭൂമി നല്‍കാന്‍ തീരുമാനിച്ചിരുന്നു. അന്ന് അനുവദിച്ച ഭൂമി ഏറ്റെടുക്കാന്‍ സോമന്‍ തയാറായില്ല. ഇതുമായി ബന്ധപ്പെട്ടു പിന്നീട് കേസുകള്‍ വന്നപ്പോള്‍ 77ലെ നടപടി അസാധുവാക്കി. ഭൂമി നല്‍കേണ്ടതില്ലെന്ന തീരുമാനവുമെടുത്തു. 30 വര്‍ഷം മുന്‍പ് അസാധുവായ നടപടികള്‍ തിരുത്താന്‍ വിഎസ് മുഖ്യമന്ത്രിയായ ശേഷമാണു സോമന്‍ നടപടികള്‍ തുടങ്ങിയത്.

വിഎസിന്‍റെ വല്യച്ഛന്‍റെ മകളുടെ മകനാണു സോമന്‍. സോമനു സ്വന്തമായി സ്ഥലമില്ലെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയില്ല. ആലപ്പുഴയില്‍ സ്ഥിരതാമസമാക്കിയ സോമന് അവിടെ സ്ഥലമുണ്ടോ എന്നു പരിശോധിക്കണമെന്നും കാസര്‍ഗോഡ് നിന്ന് ഇത്തരമൊരു പരിശോധന അസാധ്യമാണെന്നും കാസര്‍ഗോഡ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചാണു സോമന് കൈമാറ്റാവകാശത്തോടെ സ്ഥലം നല്‍കിയത്.

ഭൂമിക്കു വില്‍പ്പനാവകാശം ആവശ്യമാണെങ്കില്‍ റവന്യൂ വകുപ്പിന് അപേക്ഷ നല്‍കണം. സോമന്‍ അപേക്ഷ നല്‍കിയതു മുഖ്യമന്ത്രിക്കായിരുന്നു. അപേക്ഷ ലഭിച്ചാല്‍ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിക്കു കൈമാറുകയും വേണം. പക്ഷേ, സോമന്‍റെ അപേക്ഷ റവന്യൂ വകുപ്പിനോ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കോ കൈമാറിയിരുന്നില്ല.

അടിയന്തരമായി അനുകൂല നടപടി വേണമെന്നാവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കാണു ഫയല്‍ മുഖ്യമന്ത്രി നല്‍കിയത്. ഇന്നത്തെ സാഹചര്യത്തില്‍ പത്തു കോടിയിലധികം രൂപ വിലവരുന്ന സ്ഥലമാണു സൗജന്യമായി നല്‍കിയത്. ഇതു വിവാദമായപ്പോള്‍ അന്നത്തെ റവന്യൂ മന്ത്രി ഇടപെട്ട് റദ്ദാക്കി.

ബിനീഷ് കോടിയേരിക്ക് പാസ്‌പോര്‍ട്ട്: കേസുകള്‍ മറച്ചുവെച്ചതിനെക്കുറിച്ച് അന്വേഷണം




കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ മകന്‍ ബിനീഷ് കോടിയേരിക്ക് പാസ്‌പോര്‍ട്ട് നല്‍കാനായി ക്രിമിനല്‍കേസ് മറച്ചുവെച്ച് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിനെക്കുറിച്ച് അന്വേഷണം നടത്തുന്നു.
18 കേസുകളില്‍ പ്രതിയായ ബിനീഷിന് പാസ്‌പോര്‍ട്ട് നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്‌സ് കോണ്‍ഗ്രസ് ജോയിന്റ് സെക്രട്ടറി വി.കെ.രാജു ലോകായുക്തയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കണമെന്ന് ലോകയുക്ത ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഡി.ജി.പിയുടെ നിര്‍ദ്ദേശാനുസരണം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തി. തുടര്‍ന്ന്‌വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി. കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബിനീഷിനെതിരായ 18 കേസുകളില്‍ ഒരെണ്ണം മാത്രമാണ് ഒഴിവാക്കപ്പെട്ടിട്ടുള്ളതെന്ന് മനോജ് എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള 17 കേസുകളില്‍ എട്ടെണ്ണം ക്രിമിനല്‍ കേസുകളാണ്. ഈ വസ്തുത നിലവിലിരിക്കെ ക്രിമിനല്‍കേസുകളൊന്നുമില്ലെന്നും പാസ്‌പോര്‍ട്ട് നല്‍കാമെന്നും അറിയിച്ച് പോലീസ് നല്‍കിയ റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്നും ഇതില്‍ വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2007 ഫിബ്രവരിയിലാണ് ബിനീഷ് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് പാസ്‌പോര്‍ട്ട് നേടിയത്.

കണ്ണൂര്‍ എസ്.പി. ആയിരുന്ന മാത്യു പോളിക്കാര്‍പ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിനീഷിന് പാസ്‌പോര്‍ട്ട് നല്‍കിയത്. കണ്ണൂരില്‍ ബിനീഷിനെതിരെ ഒരു കേസും നിലവിലുണ്ടായിരുന്നില്ല. ഇതാണ് എസ്.പി.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും ബിനീഷ് താമസിച്ചിട്ടുണ്ടോ ഏതെങ്കിലും സ്റ്റേഷനില്‍ ഇദ്ദേഹത്തിനെതിരെ കേസുകള്‍ നിലവിലുണ്ടോ എന്നീ കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്നതാണ് പോലീസിന്റെ വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നത്. സ്‌പെഷല്‍ ബ്രാഞ്ചാണ് ഇതില്‍ അന്വേഷണം നടത്തേണ്ടത്. കേസിന്റെ വിവരം അറിയിക്കണമെന്ന് കാണിച്ച് പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നല്‍കുന്ന എസ്.പി ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് കത്ത് നല്‍കാറുണ്ട്. ബിനീഷിന്റെ കാര്യത്തില്‍ അതുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. ചില കേസുകളില്‍ ജാമ്യമില്ലാ വാറന്റ് നിലനില്‍ക്കെ ബിനീഷ് വിദേശയാത്ര നടത്താനിടയായതും കേസിന്റെ ഗൗരവം കൂട്ടുന്നുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ബിനീഷിനെതിരെയുള്ള കേസുകള്‍ പത്രങ്ങളില്‍ വാര്‍ത്തയായിട്ടും ഇക്കാര്യം മറച്ചുവെച്ചതാണ് ഗുരുതരമായ കുറ്റം. തനിക്കെതിരായ കേസുകള്‍ മറച്ചുവെച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ബിനീഷിനെതിരെയും അന്വേഷണമുണ്ടായേക്കും.

കാസര്‍ക്കോട് ജില്ലാ കെ.എം.സി.സി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിച്ചു


കാസര്‍ക്കോട് ജില്ലാ കെ.എം.സി.സിയുടെ പ്രവര്‍ത്തക സമിതിയോഗം ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന് കെ.എം.സി.സിയുടെ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ.അഹമ്മദ് ബല്ലാ കടപ്പുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ പാറക്കാട് മുഹമ്മദ് ഹാജിയ്ക്ക് ആദ്യത്തെ അംഗത്വം നല്‍കി. 
യോഗം അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സമീര്‍, എ.ഹക്കീം ഹാജി, കാസിം കല്ലൂരാവി, അബ്ദുല്‍ റഹ്മാന്‍ ചേക്കു, ഇല്യാസ് ബേക്കല്‍, അസീസ് കീഴൂര്‍, സുലൈമാന്‍ കാനക്കൊട്, മുഹമ്മദ് പാണംലം, സമീര്‍ കാസര്‍ക്കോഡ്, സഫ്‌വാന്‍ ടെലംബാടി, ഇ.കെ.മൊയ്തീന്‍ കുഞ്ഞി, ഹനീഫ് നയനാര്‍മൂല തുടങ്ങിയവര്‍ സംസാരിച്ചു. ജന.സെക്രട്ടറി അഷ്‌റഫ് കീഴൂര്‍ സ്വാഗതവും സെക്രട്ടറി റഫീഖ് കാക്കടവ് നന്ദിയും പറഞ്ഞു.