Search On Blog

x

2012, ജനുവരി 2, തിങ്കളാഴ്‌ച

ന്യൂനപക്ഷങ്ങളെ സി.പി.എമ്മിലേക്ക് അടുപ്പിക്കാന്‍ ലീഗിനെ വിമര്‍ശിച്ചിട്ട് കാര്യമില്ല: കെ.പി.എ മജീദ്സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുസ്ലിംലീഗിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ കേരള ജനത തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സമ്പന്ന വിഭാഗം മതനേതൃത്വത്തെയും മതനേതൃത്വം വഴി മതന്യൂനപക്ഷങ്ങളെയും വര്‍ഗ്ഗീയമായി സംഘടിപ്പിക്കുകയാണെന്ന സി.പി.എം നേതൃത്വത്തിന്റെ പ്രസ്ഥാവന പഴയ പല്ലവി മാത്രമാണ്. അത് ആരും വിശ്വസിക്കാന്‍ പോകുന്നില്ലെന്നും മജീദ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്നലെവരെ മുസ്ലിംലീഗിനെ കറകളഞ്ഞ വര്‍ഗീയ പ്രസ്ഥാനം എന്നാക്ഷേപിച്ച സി.പി.എം നേതാക്കള്‍ ഇപ്പോള്‍ മുസ്ലിംലീഗിന്റേത് പട്ടില്‍പൊതിഞ്ഞ വര്‍ഗ്ഗീയതയാണെന്നാണ് പറയുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ മതതീവ്രവാദത്തിന്റെ വിത്ത് വളര്‍ത്താന്‍ ശ്രമിച്ചവരെ മുസ്ലിംലീഗ് എന്നും ഒറ്റപ്പെടുത്താനേ ശ്രമിച്ചിട്ടുള്ളൂ. അത്തരക്കാരെ കൂട്ടുപിടിച്ച് പാര്‍ലമെന്റ്, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ലീഗിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ച സി.പി.എം നിലപാട് ആരും മറന്നിട്ടില്ല.
ഇത്തരം നിലപാടുകള്‍ക്കെതിരായി സി.പി.എം സമ്മേളനങ്ങളില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ മറച്ച് വെക്കാനാണ് ലീഗിനെതിരെ ആരോപണവുമായി മുന്നോട്ട് വരുന്നത്. മുസ്ലിംലീഗ് ഒരു കാലത്തും മതവിശ്വാസത്തെ രാഷ്ട്രീയാധികാരത്തിന് വേണ്ടി വിനിയോഗിച്ച പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി വര്‍ഗ രാഷ്ട്രീയം ഉപേക്ഷിച്ച് സമ്പന്ന വര്‍ഗത്തിന്റെ കൈകളിലേക്കും ബഹുരാഷ്ട്ര കുത്തകക്കാരുടെ ചൊല്‍പ്പടിയിലേക്കും സി.പി.എം നേതൃത്വവും കഴിഞ്ഞ സര്‍ക്കാരും മാറി എന്ന വിമര്‍ശനം സി.പി.എം അണികള്‍ക്കിടയില്‍ ശക്തമാണ്. സി.പി.എമ്മിന്റെ ന്യൂനപക്ഷ ജനവിഭാഗങ്ങളോടുള്ള സമീപനത്തിന്റെ ഏറ്റവും വലിയ തെളിവാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ബംഗാളിലെ മുസ്ലിംകളെ ഇന്ത്യയിലെതന്നെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗമാക്കി മാറ്റിയത് 34 വര്‍ഷത്തെ സി.പി.എം ഭരണമാണ്.
മതവിശ്വാസത്തോട് ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് പറയുന്ന സി.പി.എം. നേതൃത്വം കണ്ണൂരിലെ സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ പള്ളി നിര്‍മ്മാണത്തെ എതിര്‍ക്കുന്നതും ആരാധനാ സ്വാതന്ത്രyം തടയുന്നതും ബാങ്ക് വിളി തടയുന്നതും നിത്യസംഭവമായിരിക്കുകയാണ്. രാഷ്ട്രീയ സംഘട്ടനങ്ങളുടെ മറവില്‍ സി.പി.എം നടത്തുന്നതൊക്കെ മുസ്ലിം ആരാധനാലയങ്ങള്‍ക്കും മുസ്ലിംകളുടെ കച്ചവട സ്ഥാപനങ്ങള്‍ക്കും എതിരായിട്ടുള്ള അക്രമമാണ്. വര്‍ഗീയ ഫാസിസ്റ്റ് സംഘടനകളെ തോല്‍പ്പിക്കുന്ന വിധത്തിലാണ് സി.പി.എം അവിടെ ന്യൂനപക്ഷങ്ങളോട് പെരുമാറുന്നത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ ചില മുസ്ലിം സന്നദ്ധ സംഘടനകള്‍ പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ചുനല്‍കുന്ന വീടിന്റെ പ്രവൃത്തി പോലും ന്യൂനപക്ഷ വോട്ടുകള്‍ വര്‍ദ്ധിക്കുമെന്ന കാരണത്താല്‍ തടയപ്പെട്ടിരിക്കുകയാണ്. പലിശരഹിത ബാങ്കിംഗ് സമ്പ്രദായത്തെക്കുറിച്ച് മുസ്ലിംലീഗിനോ മതസംഘടനകള്‍ക്കോ സി.പി.എമ്മിന്റെ ഉപദേശമോ നിര്‍ദ്ദേശമോ ആവശ്യമില്ല. എല്ലാ മതസംഘടനകളും എതിര്‍ത്തിട്ടും മദ്രസാ അധ്യാപകരുടെ ക്ഷേമനിധിയിലെ പണം പലിശയോടുകൂടി ബാങ്കില്‍ നിക്ഷേപിക്കാന്‍ ഇടത് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം മാറ്റി പലിശരഹിത നിക്ഷേപം എന്ന തീരുമാനം എടുത്തത് മുസ്ലിംലീഗിന്റെ കൂടി അഭിപ്രായം മാനിച്ചാണ്.
പാവപ്പെട്ട ജനങ്ങള്‍ക്കിടയില്‍ മുസ്ലിംലീഗ് നടത്തിക്കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും യു.ഡി.എഫ് സര്‍ക്കാര്‍ ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിന്ന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും കണ്ട് വിറളിപിടിച്ചാണ് സി.പി.എം ന്യൂനപക്ഷ സ്നേഹത്തിന്റെ പുതിയ കഥകളുമായി രംഗത്ത് വന്നിരിക്കുന്നത്. മതവിശ്വാസത്തെ രാഷ്ട്രീയ അധികാരത്തിന് വേണ്ടി മുസ്ലിംലീഗ് ദുരുപയോഗം ചെയ്യുന്നുവെന്ന് ആക്ഷേപിക്കുന്ന സി.പി.എം, പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി കാറല്‍മാര്‍ക്സിനൊപ്പം യേശുക്രിസ്തുവിന്റെ പടം വെച്ചത് എന്ത് നിലപാടിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.
മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനും പാണക്കാട് കുടുംബത്തിനും എതിരായി ചില സി.പി.എം നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതാണ്.
തീകൊള്ളികൊണ്ട് തലചൊറിയുന്നത് അപകടമാണെന്ന് സി.പി.എം. ഓര്‍ക്കണമെന്നും മജീദ്
പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ